മകന്റെയും മരുമകളുടെയും വൈവാഹികജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുകൂട്ടരുടെയും മാതാക്കള്‍ താല്‍പര്യംകാട്ടുമെന്ന് നമുക്കൊരിക്കലും സങ്കല്‍പിക്കാനേ കഴിയില്ല. ആണ്‍മക്കള്‍ തങ്ങളുടെ പ്രയാസങ്ങളെ തുറന്ന് വെളിപ്പെടുത്തുമെങ്കില്‍ അവരുടെ വിഷമതകള്‍ സ്വയമേറ്റെടുത്ത് എല്ലാം സമര്‍പ്പിക്കാനും അവരെ കരകയറ്റാനും മാതാക്കള്‍ തയ്യാറാകും. എന്നാല്‍ അധികയുവാക്കളും തുറന്ന ആശയവിനിമയം നടത്തുന്നതില്‍ പലപ്പോഴും വമ്പിച്ച തോല്‍വിയാണെന്ന് പറയാതെ വയ്യ. അവര്‍ വിവേകംപുലര്‍ത്താതെ ഒന്നുകില്‍ മാതാവിന്റെയോ അല്ലെങ്കില്‍ ഭാര്യയുടെയോ പക്ഷംപിടിച്ചുകളയും. അതോടെ മറുപക്ഷത്തെ എതിര്‍പ്പിനും അതൃപ്തിക്കും കാഠിന്യമേറുകയായി. ബുദ്ധിശൂന്യമായ ഈ നിലപാട് ഇന്നത്തെ പുതുതലമുറ യുവാക്കളില്‍ കൂടുതലാണ്. അതിനാല്‍ മാതാവിനും മരുമകള്‍ക്കുമിടയില്‍ തിടംവെക്കുന്ന അതൃപ്തിയെ യഥാസമയം കണ്ടെത്താനോ തിരിച്ചറിഞ്ഞ് പരിഹാരംചെയ്യാനോ ശ്രമിക്കാതെ അവര്‍ ദേഷ്യപ്പെടുകയുംചെയ്യുന്നു.
ഇത്രയും കുറിച്ചതുകാണുമ്പോള്‍ ചിലരെങ്കിലും കരുതുക, പ്രശ്‌നപരിഹാരാര്‍ഥമുള്ള കുറുക്കുവഴികള്‍ ഇവിടെ ചൂണ്ടിക്കാട്ടുമെന്നായിരിക്കും. അങ്ങനെ എളുപ്പത്തില്‍ പരിഹാരം കണ്ടെത്താവുന്ന വിഷയമായിരുന്നുവെങ്കില്‍ ഇത്തരം ചര്‍ച്ചയ്ക്കുതന്നെ ഞാന്‍ മുതിരില്ലായിരുന്നു. ഒരു വ്യക്തിയുടെ ജീവിതപരിസരവും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പങ്കാളിയുടെ സ്വഭാവവും പ്രതികരണരീതിയും വ്യത്യസ്തമായതുകൊണ്ട് പൊതുവായി ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് മാത്രം. ഇരുകൂട്ടര്‍ക്കുമിടയിലുള്ള അസംതൃപ്താവസ്ഥ കൈകാര്യംചെയ്യാനും ബന്ധങ്ങള്‍ സുഗമമായി മുന്നോട്ടുനീക്കാനും ബന്ധപ്പെട്ട കക്ഷികള്‍ തന്നെ വ്യവഹാരശൈലികള്‍ രൂപപ്പെടുത്തുകയേ മാര്‍ഗമുള്ളൂ.
അമ്മായിയപ്പനെ സംബന്ധിച്ചിടത്തോളം ശ്രദ്ധിക്കാനുള്ളത് കുടുംബാംഗങ്ങള്‍ക്കിടയില്‍ പക്ഷപാതമില്ലാതെ നിലകൊള്ളുക എന്നതാണ്. കുടുംബാംഗങ്ങളും പുതുതായി വന്നയാളും നേരിടുന്നതും കടന്നുപോകേണ്ടതുമായ വെല്ലുവിളികള്‍ അദ്ദേഹം തിരിച്ചറിയുകതന്നെ വേണം. അതിന്, കുടുംബത്തില്‍ സൗഹാര്‍ദ്ദവും പരസ്പരധാരണയും ഉറപ്പാക്കാന്‍ വേണ്ടി മധ്യവര്‍ത്തിയെപ്പോലെ പ്രവര്‍ത്തിക്കുക. ജഡ്ജിയും ദണ്ഡകനുമാകാതിരിക്കുക.
എന്റെ ജീവിതാനുഭവം മുന്‍നിര്‍ത്തി പറയട്ടെ, ഭാവിജീവിതത്തില്‍ മാതാവടക്കം കുടുംബാംഗങ്ങളില്‍നിന്നുണ്ടാകുന്ന പെരുമാറ്റത്തെക്കുറിച്ച ചെറിയചിത്രവും അതിനെ നേരിടാനുള്ള ആത്മവിശ്വാസവും പുതിയ ജീവിതപങ്കാളിക്ക് പകര്‍ന്നുകൊടുക്കാന്‍ നിങ്ങള്‍ നവവരന്‍മാര്‍ക്ക് കഴിയണം. മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ നയതന്ത്രശൈലി കൈക്കൊള്ളാന്‍ ഇണയെ പ്രേരിപ്പിക്കണം. അതേസമയം, നിങ്ങള്‍ എപ്പോഴും മാതാവിന്റെ പക്ഷമാണെന്ന് അവരില്‍ തെറ്റുധാരണയുണ്ടാക്കുംവിധം നിലപാടുകള്‍ സ്വീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തന്നോട് മോശമായി പെരുമാറുന്നവനാണ് ജീവിതപങ്കാളിയെന്ന് പെണ്‍കുട്ടിക്ക് തോന്നരുത്. ആദ്യത്തെ സ്ത്രീയില്‍നിന്ന് മറ്റൊരു സ്ത്രീയിലേക്ക് ക്രമാനുഗതവും സന്തുലിതവും ആയ പകര്‍ച്ചയേ ഉണ്ടാകാന്‍ പാടുള്ളൂ. താല്‍പര്യവും ശ്രദ്ധയും മാതാവില്‍നിന്ന് ഒരു സുപ്രഭാതത്തില്‍ ഭാര്യയിലേക്ക് തിരിയുന്നത് ആര്‍ക്കും സഹിക്കാനാവില്ല. മാതാവിന് ജീവിതത്തില്‍ പ്രാധാന്യമേറെയുണ്ടെന്ന യാഥാര്‍ഥ്യം പങ്കാളിയെക്കൂടി ബോധ്യപ്പെടുത്തുംവിധമായിരിക്കണം ഇടപെടേണ്ടത്. എല്ലാറ്റിനുമുപരി, ആ രണ്ടുസ്ത്രീകളും സൗഹൃദത്തിന്റെ പാശത്താല്‍ പരസ്പരം ബന്ധിതരാകുംവിധം പെരുമാറുക. സന്തോഷമോ സങ്കടമോ ഉണ്ടാക്കുന്ന വാര്‍ത്തകളെന്തായാലും അത് മാതാവിനെ ആദ്യമറിയിക്കുകയും അവ്വിഷയത്തില്‍ മാതാവില്‍ നിന്ന് ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയുംചെയ്യുക. അത് നിങ്ങളെക്കുറിച്ച് മാതാവില്‍ അഭിമാനബോധവും ആത്മവിശ്വാസവും ഉണ്ടാക്കും. മാത്രമല്ല, മരുമകളോട് അനിഷ്ടം വെച്ചുപുലര്‍ത്തുന്നത് ഒഴിവാക്കുകയുംചെയ്യും. അപ്രകാരം തന്നെ അമ്മായിമ്മയുമായി നല്ല ബന്ധം സൃഷ്ടിക്കാന്‍ ഭാര്യ ചെയ്യുന്ന എല്ലാകാര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പിശുക്കു കാണിക്കരുത്. അക്കാര്യത്തില്‍ പിന്തുണയറിയിക്കുംവിധം അഭിനന്ദനവാക്കുകളും സമ്മാനങ്ങളും ചൊരിയാന്‍ കഴിവിന്റെ പരമാവധി ശ്രദ്ധിക്കണം. ഭാര്യ എല്ലാ ത്യാഗവും സഹിക്കുകയും എന്നാല്‍ നിങ്ങളില്‍നിന്ന് യാതൊരു പിന്തുണയും കിട്ടുന്നില്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടാകുകയും ചെയ്താല്‍ ദാമ്പത്യം തകര്‍ന്നുപോകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ഭാര്യയുമായി ഏറ്റവും നല്ല ആശയവിനിമയം ഉണ്ടായേ മതിയാകൂ. വിഷമസന്ധികളില്‍ തല മണലില്‍ഒളിപ്പിക്കുന്ന ഒട്ടകപ്പക്ഷിനയം നിങ്ങളെ രക്ഷിക്കില്ല. രണ്ടിലൊരാളുടെ മാത്രം ഭാഷ്യം കേള്‍ക്കുകയും മറ്റെയാളില്‍ അപരാധം ചാര്‍ത്തുകയും ചെയ്യുന്നത് പ്രശ്‌നങ്ങളെ ഗുരുതരാവസ്ഥയിലെത്തിക്കുകയേയുള്ളൂ.
നവവധുവിനോട് പറയാനുള്ളത് ഇതാണ്: തനിക്ക് ഒട്ടുംതന്നെ പരിചയമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചുറച്ച് സ്വഭവനം വിട്ടുപോന്നവളാണ് നിങ്ങള്‍. പുതിയ ഒരു കുടുംബാന്തരീക്ഷത്തിലാണ് നിങ്ങള്‍ കഴിഞ്ഞുകൂടാന്‍ പോകുന്നത്. ഭാരിച്ച ഉത്തരവാദിത്വമാണത് എന്നതിനാല്‍തന്നെ അല്ലാഹുവിങ്കല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലാര്‍ഹയുമാണ് നിങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍, സമാധാനഭവനത്തിന്റെ ശില്‍പി, ഭാവിതലമുറയുടെ അധ്യാപിക എന്നിങ്ങനെ വിവിധ സ്ത്രീധര്‍മങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ഇന്നത്തെ ദാമ്പത്യങ്ങള്‍ മുന്നോട്ടുപോകുന്നത്. അതിനാല്‍ സ്ത്രീകളുടെ അധ്വാനപരിശ്രമങ്ങള്‍ യാതൊരു മൂല്യവുംകല്‍പിക്കപ്പെടാതെ അവഗണിക്കപ്പെടുന്നു. സത്യത്തില്‍ സ്ത്രീകള്‍ക്കാണ് വീട്ടുഭരണം മുന്നോട്ടുകൊണ്ടുപോകാനും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഊഷ്മളബന്ധം കാത്തുസൂക്ഷിക്കാനും ക്ഷമയോടെ കുട്ടികളെ വളര്‍ത്താനും കഴിയുന്നത്.
ഇനി എന്റെ ജീവിതത്തെ കുറിച്ചുപറയട്ടെ. ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും പ്രാധാന്യം എന്നെ കൂടുതല്‍ ഓര്‍മിപ്പിക്കുന്നത് എന്റെ ഭാര്യയാണ്. അക്കാര്യത്തില്‍ ഞാനവരോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പ്രായമേറിയ എന്റെ വല്യുമ്മയെ സ്ഥിരമായി സന്ദര്‍ശിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും അതിനായി ഒരുക്കുന്നതും അവരാണ്. ഗാര്‍ഹികകൃത്യാന്തരബാഹുല്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ ക്ഷേമാന്വേഷണങ്ങള്‍ക്കും ഇടയില്‍ അക്കാര്യത്തെക്കുറിച്ച ബോധം അവര്‍ കാത്തുസൂക്ഷിക്കുന്നുവെന്നാണ് അതെല്ലാം തെളിയിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ എന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഏറ്റവും ആദരിക്കപ്പെടുന്നവളും സ്‌നേഹിക്കപ്പെടുന്നവളുമാണ്. ദൗര്‍ഭാഗ്യവശാല്‍, പടിഞ്ഞാറന്‍രാജ്യങ്ങളിലെ കുടുംബാംഗങ്ങള്‍ വളര്‍ന്നുവരുന്ന പശ്ചാത്തലം തികച്ചും വ്യത്യസ്തമായതിനാല്‍ ഇത്തരം മൂല്യങ്ങളും കാഴ്ചപ്പാടുകളും അവര്‍ക്ക് വിനഷ്ടമാകുന്നു. അതിനാല്‍ കൂട്ടുകുടുംബത്തില്‍ കടന്നുചെല്ലുമ്പോള്‍ ഒരു വീട് എങ്ങനെ പടുത്തുയര്‍ത്തണമെന്നറിയാതെ അവര്‍ കുഴങ്ങുന്നു. താനും ഭര്‍ത്താവും എന്നതുമാത്രമാണ് അവരുടെ മുന്‍ഗണനാവിഷയം. അവര്‍ക്ക് കൂട്ടുകാരും കുടുംബാംഗങ്ങളും നല്‍കിയ ഉപദേശം ഇത്രമാത്രമായിരിക്കും: ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഓടിക്കയറാന്‍ പാകത്തില്‍ ചാഞ്ഞമരമെന്നോണം നിന്നുകൊടുക്കരുത്. ശരിയാണ്, എല്ലാവര്‍ക്കും പണിയെടുത്തുകൊടുക്കുന്ന അടിമയായി നിന്നുകൊടുക്കരുതെന്നുതന്നെയാണ് നമ്മുടെയും അഭിപ്രായം. എന്നാല്‍ ഭര്‍തൃവീട്ടുകാരെയും ബന്ധുക്കളെയും ഗൗരവത്തിലെടുത്തുകൊണ്ടുതന്നെ പുതിയ അംഗം എന്നനിലയില്‍ തന്റേതായ സ്ഥാനം ആ വീട്ടില്‍ ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ഇസ്‌ലാമികമൂല്യങ്ങളും പെരുമാറ്റച്ചട്ടങ്ങളും കൊണ്ട് വിദ്യാസമ്പന്നമായ കുടുംബത്തിലേക്കാണ് വിവാഹിതയായി കടന്നുചെല്ലുന്നതെങ്കില്‍ തീര്‍ച്ചയായും അവിടെയുള്ളവര്‍ അവളോട് ഏറ്റവും നല്ലനിലയിലായിരിക്കും പെരുമാറുക എന്ന കാര്യത്തില്‍ സംശയമില്ല. കഠിനാധ്വാനവും വിട്ടുവീഴ്ചയുമാണ് ദാമ്പത്യം വിജയിക്കുന്നതിനു പിന്നിലെ രഹസ്യം. ഭര്‍തൃവീട്ടിലെ മറ്റംഗങ്ങളുമായി ഭര്‍ത്താവിന്റെ സ്‌നേഹബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന് എല്ലാ വിധ പിന്തുണയും അദ്ദേഹത്തിന് നല്‍കിക്കൊണ്ടും അതുവഴി ആ കുടുംബത്തിലെ സവിശേഷവ്യക്തിയായിത്തീരാനുമാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. ചുരുക്കത്തില്‍ സമുദായത്തെ ശാക്തീകരിക്കുന്ന പ്രവൃത്തികളുടെ കാര്യത്തില്‍ ഗാലറിയില്‍നിന്നും ആരുടെയും പ്രോത്സാഹനമോ ആര്‍പ്പുവിളികളോ നിങ്ങള്‍ക്കായി ഉണ്ടാവില്ലെന്ന് തിരിച്ചറിയുക.
അമ്മായിയമ്മയോട് പറയട്ടെ, താങ്കള്‍ വളര്‍ത്തിപരിപാലിച്ച, താങ്കളോട് കൂടുതലിഷ്ടം കാണിച്ച മകനെ ഇനിയങ്ങോട്ട് കൂടുതല്‍ പരിചരിക്കുന്നതും സ്‌നേഹിക്കുന്നതും പൂര്‍ണസ്വാതന്ത്ര്യമെടുത്ത് പെരുമാറുന്നതും മരുമകളായിരിക്കും. വീട്ടിലെ ആ പുതിയ സ്ത്രീയുമായി അടുത്തബന്ധം സ്ഥാപിക്കുന്ന പരീക്ഷണഘട്ടത്തെയാണ് താങ്കള്‍ അഭിമുഖീകരിക്കുന്നത്. താങ്കളുടെ മകന്‍ അവളിലേക്ക് ചായും. അവളില്‍ ആശ്വാസംകണ്ടെത്തും. അവളുടെ ശ്രദ്ധയാകര്‍ഷിക്കുംവിധം അവളോടൊത്ത് കൂടുതല്‍ സമയം ചിലവിടുന്നത് അവനിഷ്ടപ്പെടും. താന്‍ വളര്‍ത്തിക്കൊണ്ടുവന്ന മകന്റെ സ്‌നേഹപരിലാളനകളും അധ്വാനപരിശ്രമങ്ങളും മറ്റൊരാള്‍ ആസ്വദിക്കുന്നുവെന്ന ചിന്ത താങ്കളില്‍ ഉണ്ടായേക്കാം. എന്നാല്‍ ആ വിഷയത്തില്‍ മരുമകളെ കുറ്റപ്പെടുത്തേണ്ടതില്ല. കാരണം, താങ്കളും ഇതുപോലെ ഒരുകാലത്ത് മരുമകളായി സദ്ഫലങ്ങള്‍ ആസ്വദിച്ചവരാണ്. മകന്‍ വിവാഹിതനാകുന്നതോടെ സ്‌നേഹംകുറഞ്ഞുപോകുമെന്നും താന്‍ അവഗണിക്കപ്പെടുമെന്നുമുള്ള ഭയാശങ്കകള്‍ സമൂഹമാണ് നിങ്ങളില്‍ കുത്തിവെച്ചത്. അത് സമ്മാനിക്കുന്നതാകട്ടെ,അനാവശ്യമായ ഉത്കണ്ഠകളും മാനസികസമ്മര്‍ദ്ദങ്ങളും. താങ്കള്‍ക്കുണ്ടായിരുന്ന ഉത്തരവാദിത്വത്തെക്കാള്‍ ഒട്ടും കുറവല്ല മരുമകളുടെയും ഉത്തരവാദിത്വം.അതിനാല്‍ മകന്റെ സ്‌നേഹത്തിന് വേണ്ടി അവളുമായി മത്സരത്തിലേര്‍പ്പെടേണ്ടതില്ല. കാരണം, മകന്റെ സ്‌നേഹം നേരത്തേതന്നെ താങ്കള്‍ക്കുള്ളതാണ്. മരുമകളുടെ വിശ്വാസം നേടിയെടുത്ത് ആ സ്‌നേഹത്തെക്കൂടി പിടിച്ചുപറ്റാനാണ് ഇനിയങ്ങോട്ട് ശ്രമിക്കേണ്ടത്. അതുവഴി മറ്റൊരു സന്താനവും കൂടി താങ്കളുടേതായിത്തീരുന്നു എന്ന് തിരിച്ചറിയുക. സംസ്‌കാരം, പശ്ചാത്തലം, അവബോധം എന്നീ കാര്യങ്ങളില്‍ തികച്ചും വൈവിധ്യമുള്ള കുടുംബത്തില്‍നിന്ന് വന്ന മരുമകള്‍ നന്നേ ചെറുപ്പമാണെന്നും തുടക്കക്കാരിയാണെന്നും ഓര്‍ക്കുക. ആ പരിചയക്കുറവ് സ്‌നേഹം പിടിച്ചുപറ്റാനുള്ള അവരുടെ ശ്രമങ്ങളില്‍ നിഴലിച്ചുകാണുക സ്വാഭാവികം. എന്നാല്‍ സ്‌നേഹബന്ധങ്ങളെ ഊട്ടിവളര്‍ത്തുംവിധം മണ്ണൊരുക്കാന്‍ അമ്മായിയമ്മയ്ക്ക് എളുപ്പം കഴിയും. അതിലൂടെ താങ്കളുടെ കുട്ടികള്‍ക്ക് സന്തോഷംനിറഞ്ഞുവഴിയുന്ന ഗൃഹാന്തരീക്ഷം നല്‍കാനാകും. അവിടെ സുരക്ഷിതത്വവും പ്രോത്സാഹനവും നല്‍കി മരുമകളെയും ചേര്‍ത്തുപിടിക്കാം. അതിനാല്‍ മരുമകളെ താങ്കളുടെ കുടുംബത്തിന്റെ ഭാഗമാക്കുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം. അതോടൊപ്പം അവളെ ഉത്തമ കുടുംബിനിയും മാതാവും ആക്കി പരിവര്‍ത്തിപ്പിക്കുകയും.