കുടുംബം-ലേഖനങ്ങള്‍

‘അമ്മായിയമ്മ’യുടെ മനഃശാസ്ത്രം

അമ്മായിയമ്മ എന്നത് ശ്രവണമാത്രയില്‍തന്നെ മോശം പ്രതിഛായയാണ് കേള്‍വിക്കാരിലുളവാക്കുന്നത്. ലോകത്തെവിടെയും മരുമകളുടെ ജീവിതത്തില്‍ വില്ലനായാണ് അവര്‍ കടന്നുവരുന്നത്. വാസ്തവത്തില്‍ അവയിലധികവും അതിശയോക്തികളാണ് . പക്ഷേ, ആ അതിശയോക്തികളെ തലയാട്ടിസമ്മതിക്കാന്‍ ഒരു സ്ത്രീയും മടികാട്ടാറുമില്ല. എല്ലാ സഹോദരിമാരോടും ഒരുകാര്യമാണ് ഇത്തരുണത്തില്‍ എനിക്കുണര്‍ത്താനുള്ളത്. അതായത്, നിങ്ങളും ഒരിക്കല്‍ ആ റോള്‍ സ്വീകരിക്കേണ്ടവരാണ്. അതിനാല്‍ അമ്മായിയമ്മമാരുടെ പറയപ്പെടുന്ന ‘കുറ്റകൃത്യ’ത്തിന് മാപ്പുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് വേണ്ടത്. ഈ വിഷയം ഒരു പുരുഷന്‍എഴുതുന്നതില്‍ പൊരുത്തമില്ലായ്മ കാണുന്നവരുണ്ടാകാം. എന്നാല്‍ അയാള്‍ മകനോ , ഭര്‍ത്താവോ, മരുമകനോ ആണെങ്കില്‍ അഭിപ്രായം പറയുന്നതില്‍ പൊരുത്തക്കേടൊന്നുമില്ല. അതുകൊണ്ടുതന്നെ അമ്മായിയമ്മ- മരുമകള്‍ ബന്ധം സങ്കീര്‍ണമായ ഒന്നാണ് എന്ന വിധിയെഴുത്ത് തിരുത്തപ്പെടുമെന്നുതന്നെയാണ് എന്റെ വിശ്വാസം. ഈ വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ കിട്ടണമെങ്കില്‍ സ്വജീവിതത്തിലെ വിലപ്പെട്ട സമയം ചെലവഴിച്ചേ മതിയാകൂ. അതിനാല്‍ വായനക്കാരന് ആലോചനാമൃതമാകുംവിധം ചില കാര്യങ്ങള്‍ കുറിക്കുകയാണ്.

ഈ വിഷയത്തില്‍ ഞാന്‍ സ്ഥിതിവിവരക്കണക്കുകളെ അവലംബിച്ചിട്ടില്ല. എല്ലാവര്‍ക്കും മരുമകളോടും അവരുടെ മാതാവിനോടും അളവറ്റ സഹതാപമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പാകിസ്താനിലെ വിവാഹങ്ങളില്‍(നാട്ടാചാര-മാമൂലുകള്‍ പറിച്ചെറിയാന്‍ കഴിയാത്തവിധം ശക്തമാണവിടം) വരനും വധുവും അലങ്കരിച്ച കാറില്‍ യാത്രതിരിക്കുംമുമ്പ് വളരെ ശ്രദ്ധേയമായ ഒരു മുഹൂര്‍ത്തമുണ്ടാകാറുണ്ട്. അതായത്, വധുവും മാതാവും കെട്ടിപ്പിടിച്ച് വിതുമ്പുന്ന കാഴ്ചയാണത്. അപ്പോള്‍ അമ്മായിയമ്മ ‘പേടിക്കേണ്ട, അവള്‍ ഇനി എന്നോടൊപ്പമുണ്ടാവുമല്ലോ’ എന്ന മട്ടില്‍ വധൂമാതാവിനെ തോളില്‍തട്ടി ആശ്വസിപ്പിക്കും. അതോടെ വധൂമാതാവിന്റെ വിതുമ്പല്‍ തേങ്ങിക്കരച്ചിലായിമാറുന്നു. വധുവായി താനും ഒരു കാലത്ത് അമ്മായിയമ്മയുടെ പീഡനമനുഭവിച്ചതിന്റെ ഓര്‍മകള്‍ അപ്പോഴും അവരെ വേട്ടയാടുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുംപോലെ. ഇതെല്ലാം കണ്ട് കാഴ്ചക്കാരെല്ലാം ആ വധുവിന്റെയും മാതാവിന്റെയും അവസ്ഥയില്‍ സഹതാപം പ്രകടിപ്പിക്കും. ഇനിയങ്ങോട്ടുള്ള ജീവിതത്തിന്റെ ഓരോ എപ്പിസോഡിലും അവര്‍ ദുരന്തനായികമാരാണല്ലോ എന്ന പൊതുബോധം ഒന്നുകൂടി തിടംവെക്കുകയായി.

പൊതുവെ എല്ലാ മാതാക്കളും തങ്ങളുടെ സന്താനങ്ങള്‍ക്കായി നിരുപാധികം എല്ലാം സമര്‍പിക്കുന്നവരാണ്. ശൈശവത്തില്‍ ഉറക്കമിളച്ചുപോലും അവരെ പരിചരിക്കുന്നു. അവരെ കുളിപ്പിച്ച് വൃത്തിയാക്കുന്നു, അവര്‍ക്ക് ഭക്ഷണം പാചകംചെയ്തുകൊടുക്കുന്നു, അവരെയൂട്ടുന്നു, അസുഖബാധിതരായിരിക്കുമ്പോള്‍ ശുശ്രൂഷിക്കുന്നു, മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു, പഠനകാര്യത്തില്‍ സഹായിക്കുന്നു, ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ എല്ലാ അര്‍ഥത്തിലും പിന്തുണയുമായി കൂടെ നില്‍ക്കുന്നു. പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം വരന്റെ മാതാവാണ് രണ്ട് അമ്മായിയമ്മമാരില്‍ ‘ഏറ്റവും ഭാഗ്യം സിദ്ധിച്ചവള്‍’. എന്നാല്‍ തന്നോടൊപ്പം രണ്ട് ദശാബ്ദം ചെലവഴിച്ച മകന്റെ ജീവിതത്തിലേക്ക് മറ്റൊരുവള്‍ കടന്നുവരുന്ന കാഴ്ച മാതൃഹൃദയത്തിന്റെ ഒരു കോണില്‍ ‘നീറ്റലു’ണ്ടാക്കുന്നുവെന്ന സത്യം തിരിച്ചറിയുന്നില്ല. അവന്റെ ജീവിതത്തിലെ ഏതൊരു വാര്‍ത്തയും തനിക്കാണാദ്യം ലഭിച്ചിരുന്നതെന്നും ഇനിമുതല്‍ അതുണ്ടാവുകയില്ലെന്നും അവര്‍ മനസ്സിലാക്കുന്നു. ജീവിതത്തിലെ ഭാവിപദ്ധതികളെ സംബന്ധിച്ച മകന്റെ കൂടിയാലോചനകളില്‍ തന്നെ ഉള്‍പ്പെടുത്തുകയില്ലെന്ന് അവര്‍ വേദനയോടെഅറിയുന്നു. അതിനെല്ലാം കാരണമാകുന്നത് പുതിയ ആ പെണ്‍കുട്ടിയാണ്.

തനിക്ക് ഈ മകനെ ലഭിച്ചത് താന്‍ മറ്റൊരു മാതാവിന്റെ മകന്റെ ജീവിതത്തിലേക്ക് കടന്നുചെന്നപ്പോഴാണെന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണ് ആ മാതാവ് ഇങ്ങനെയെല്ലാം ചിന്തിക്കുന്നതെന്നത് മറ്റൊരു സത്യം. അതിനാല്‍ തന്റെ നഷ്ടബോധം, പരമ്പരാഗതനടപടികളുടെ ഭാഗമാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മകളെ വേര്‍പിരിഞ്ഞ മാതാവിനും സമാനമായ നഷ്ടബോധമില്ലേയെന്ന് ചിലര്‍ സമീകരിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പ്രായോഗികതലത്തില്‍ രണ്ടുമാതാക്കളുടെയും അവസ്ഥകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് സമ്മതിക്കാതെ തരമില്ല.

രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയുംപുതിയൊരു യൂണിറ്റായി കുടുംബജീവിതം ആരംഭിക്കുന്നത് താന്താങ്ങളുടെ കുടുംബങ്ങളില്‍നിന്നും വേര്‍പെട്ടുകൊണ്ടാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ ആ കൂടിച്ചേരല്‍ രണ്ട് കുടുംബങ്ങള്‍ക്കും ‘നഷ്ട’മാണ് ഉണ്ടാകുന്നത്. സാധാരണനിലക്ക് പറഞ്ഞാല്‍ പെണ്‍കുട്ടിയുടെ അസാന്നിധ്യം നിഴലിക്കുന്ന വീട്ടുകാര്‍ക്ക് ആണ് ആ നഷ്ടം പ്രകടമായി അറിയാനാകുക.പുതിയ വീട്ടില്‍ തങ്ങളുടെ മകള്‍ എങ്ങനെ കഴിയുന്നുണ്ടാകും എന്ന ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാവുന്നത് വധൂഗൃഹത്തിലാണ്. അതിനാല്‍ മകളുടെ പുതിയ വീട്ടിലേക്കുള്ള യാത്രാവേളയില്‍ ആ മാതാപിതാക്കള്‍ കണ്ണീര്‍ പൊഴിക്കുക സ്വാഭാവികം. ഈ നഷ്ടവുമായി തങ്ങള്‍ ഇനി പൊരുത്തപ്പെടാന്‍ ശ്രമിക്കും എന്നാണ് ആ കരച്ചിലിന്റെ അര്‍ഥം.

വരന്റെ മാതാവാകട്ടെ, പൂര്‍ണമായും മറ്റൊരവസ്ഥയിലായിരിക്കും. മാതാവിന്റെ സ്വാധീനം ഇല്ലാതെ പുതിയ ഉത്തരവാദിത്വങ്ങളുമായി ജീവിതം ആരംഭിക്കുന്ന പുതുനാരിയുമായി വ്യവഹാരങ്ങള്‍ നടത്തുകയെന്നതാണ് അതില്‍ പ്രധാനം. തന്റെ കുടുംബത്തില്‍ ഒരുനാള്‍ കടന്നുവന്ന അപരിചിതയുമായി ഏറ്റവും നല്ല ബന്ധം സൃഷ്ടിച്ചെടുക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച വേപഥുകള്‍ക്കിടയിലാണ് ഈ ‘അപരിചിത’യുമായുള്ള ബന്ധത്തിന്റെ തീരത്തേക്ക് അവര്‍ക്ക് തോണിയടുപ്പിക്കേണ്ടതെന്ന കാര്യം വിസ്മരിക്കാവതല്ല. സ്വന്തം വീട്ടില്‍ അതുവരെ തനിക്ക് മകന്റെയടുത്തേക്ക് കടന്നുചെല്ലാന്‍ സര്‍വസ്വാതന്ത്ര്യവുമുണ്ടായിരുന്നതാണെന്നും എന്നാല്‍ അതെല്ലാം പുതിയ സാഹചര്യത്തില്‍ മാറിയിരിക്കുന്നുവെന്ന് ആ അമ്മായിയമ്മ മനസ്സിലാക്കിയേ മതിയാവൂ.

വിവാഹിതനായ മകന്റെ താല്‍പര്യവും കൂറും മറ്റൊരാളോട് ആയിരിക്കുന്നുവെന്ന് ആ മാതാവ് തിരിച്ചറിയണം. മാതാവിന് എല്ലായ്‌പ്പോഴും മധുരത്തിന്റെ ഒരുപങ്ക് ലഭിക്കും എന്ന് സമൂഹം തെറ്റുധരിപ്പിച്ചിരിക്കുന്നത് തിരുത്തേണ്ട സമയമായി. തന്റെ മകളുടെ അകാലത്തെ ‘വിരഹ’ത്താല്‍ വധുമാതാവിനുണ്ടാകുന്ന വിഷമത്തേക്കാള്‍ വലുതായിരിക്കും , ദിവസവും കണ്ടുകൊണ്ടിരുന്ന മകനെ പൂര്‍ണാര്‍ഥത്തില്‍ തനിക്ക് കിട്ടുന്നില്ലെന്നതിന്റെ പേരിലുള്ള അമ്മായിയമ്മയുടെ മനോവേദന. വിവാഹത്തിന്റെ ആദ്യനാളുകളില്‍ വരന്‍ തന്റെ പങ്കാളിയോടാണ് അടുപ്പവും താല്‍പര്യവും പ്രകടിപ്പിക്കുക. അത് തികച്ചും സ്വാഭാവികമാണ് താനും. മകന്‍ മരുമകളുമൊത്ത് ചുറ്റിക്കറങ്ങിയും അല്ലാതെയും കൂടുതല്‍ സമയം ചെലവിടുന്നതിന്റെ പേരില്‍ മാതാവിന് അവനെ കാണാനോ അവനുമായി വര്‍ത്തമാനംപറയാനോ അവസരംകിട്ടാതാകുന്നു എന്ന് ചുരുക്കം. വിവാഹത്തിനുമുമ്പ് ഓഫീസിലോ കമ്പനിയിലോ ഉള്ള ബോസിന്റെ പെരുമാറ്റം, വഴിയിലെ ഗതാഗതക്കുരുക്ക് തുടങ്ങി പലകാര്യങ്ങളെ സംബന്ധിച്ചും മാതാവുമായി സംസാരിച്ചിരുന്ന മകന്‍ അതെല്ലാം ഒരു സലാമിലോ ‘ഉമ്മാ, പ്രത്യേകിച്ച് വിശേഷമൊന്നുമില്ലല്ലോ ‘എന്ന കുശലാന്വേഷണത്തിലോ ചുരുക്കുന്നത് മാതാവിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. അതാണ് അവരുടെ അസ്വസ്ഥതയ്ക്കുപിന്നിലെ പ്രധാനകാരണം.

ആഴ്ചകളോ , മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന മാതാവിന്റെ മനസ്സിലെ കാലുഷ്യാവസ്ഥ നിങ്ങളില്‍ പലരും വിവാഹജീവിതത്തിന്റെ ഒരുഘട്ടത്തില്‍ അനുഭവിച്ചറിഞ്ഞവരാണ്. മനസ്സിലെ ഉത്കണ്ഠമൂലം കാര്യങ്ങളുടെ നിജസ്ഥിതി പോലും മനസ്സിലാക്കാനോ തിരിച്ചറിയാനോ അവര്‍ അശക്തരാകുന്നു. വീട്ടിലെ പുതിയ അംഗമാണ് അവരുടെ അസ്വസ്ഥതയ്ക്കുപിന്നിലെ മൂലകാരണമെന്നത് ഏതൊരാളും തിരിച്ചറിയും. മാതാവും മകനും തമ്മിലുള്ള ബന്ധം വളരെയേറെ ചുരുങ്ങിയിരിക്കുന്നുവെന്ന വാസ്തവം ആരും മുഖവിലക്കെടുക്കുന്നില്ല. അതേസമയം പുതിയ വധൂവരന്‍മാരാകട്ടെ, പരസ്പരം മനസ്സിലാക്കാനും പരിചയപ്പെടാനും പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാനുമുള്ള വ്യഗ്രതയിലായിരിക്കും. എന്നാല്‍ മരുമകളുടെ ഈ പരിശ്രമം കുടുംബത്തില്‍നിന്ന് ഭര്‍ത്താവിനെ വേര്‍പെടുത്താനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുകയാണ്. തെറ്റുസംഭവിച്ചതിനെത്തുടര്‍ന്ന് അവള്‍ സോറിപറയാതിരുന്നാല്‍ അമ്മായിയമ്മ അത് ധിക്കാരവും അനുസരണക്കേടുമായി കാണുന്നു. തുടരെയുള്ള ദിവസങ്ങളില്‍ ഭക്ഷണം ബാക്കിവന്നാല്‍ അത് ധൂര്‍ത്തടിക്കലായി. ഒരു കുട്ടിയെ നോക്കിവളര്‍ത്താന്‍ മരുമകള്‍ പ്രയാസപ്പെടുന്നത് കണ്ടാല്‍, താന്‍ യാതൊരു സൗകര്യങ്ങളുമില്ലാതിരുന്ന നാളുകളില്‍ ആറുമക്കളെ വളര്‍ത്തിയതിന്റെ വൈഭവത്തെക്കുറിച്ച് മേനിനടിക്കും. മരുമകളുടെ ഇത്തരം പെരുമാറ്റങ്ങളോടുള്ള വൈമുഖ്യം വാക്കുകളിലൂടെ പ്രകടിപ്പിച്ചില്ലെങ്കിലും മുഖഭാവം, മരുമകളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന രീതി, കണ്ണുകളിലേക്ക് നോക്കാതിരിക്കല്‍ തുടങ്ങി ശരീരഭാഷയിലൂടെ അത് വ്യക്തമായി ആര്‍ക്കും മനസ്സിലാകും.ഇതെല്ലാം കൂടിയാകുമ്പോള്‍ മരുമകള്‍ അമ്മായിയമ്മയില്‍നിന്ന് അകലം പാലിക്കുന്നു. അതോടെ മരുമകളെക്കുറിച്ച അമ്മായിയമ്മയുടെ തെറ്റുധാരണകള്‍ക്കും അപ്രിയത്തിനും തിടംവെക്കുന്നു.

അമ്മായിയമ്മ അങ്ങനെ സാഹചര്യങ്ങളുടെ ഇരയായി മാറുന്നു. ഇനിയും അമ്മായിയമ്മയാകാത്ത മരുമക്കള്‍ ഇതെല്ലാം വായിച്ച് എന്നോട് രോഷംകൊള്ളുന്നുണ്ടാകാം. മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടുകഎന്നത് മനുഷ്യന്‍ സ്വീകരിക്കുന്ന എളുപ്പവഴിയാണ്. അമ്മായിയമ്മ വില്ലത്തിയായി വരുന്ന പാകിസ്ഥാനി നാടകങ്ങള്‍ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. അതിലെല്ലാം മരുമകളുടെ ജീവിതത്തെ പ്രയാസപ്പെടുത്തുന്ന ഒരു കഥാപാത്രമാണ് അമ്മായിയമ്മ. മരുമകളാകട്ടെ, അമ്മായിയമ്മയുടെ നിര്‍ദ്ദയമായ പെരുമാറ്റങ്ങളെ ക്ഷമിച്ചും സഹിച്ചും അവസാനം അവരെ മാപ്പുപറയിക്കുന്ന ആവേശംജനിപ്പിക്കുന്ന കഥാപാത്രമാണ്. ആശയത്തെയോ വീക്ഷണങ്ങളെയോ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മാധ്യമമാണല്ലോ നാടകവും സിനിമയും. ആ നിലക്ക് ശക്തമായ അത്തരം മാധ്യമങ്ങളിലൂടെ അമ്മായിയമ്മയെ അപമാനിക്കുകയെന്നത് തികച്ചും നിരുത്തരവാദപരമായ കലാപ്രവര്‍ത്തനമാണെന്ന് പറയാതെ വയ്യ. കാരണം കുടിലബുദ്ധിക്കാരിയും, ധിക്കാരിയും , അഹംഭാവിയും മറ്റുമൊക്കെയുമായി ചിത്രീകരിക്കപ്പെടുന്ന അമ്മായിയമ്മയുടെ സ്വഭാവമാറ്റത്തിന്റെ കാരണമൊന്നും അവയിലൊന്നും അന്വേഷിക്കുന്നില്ല.

‘ബുദ്ധിജീവികളും സാംസ്‌കാരികനായകരും’ സംസ്‌കാരം മാറ്റിത്തിരുത്താനും അമ്മായിയമ്മയില്‍നിന്ന് മരുമകളെ വിമോചിപ്പിക്കാനും ഉള്ള തിരക്കിലാണ്. മരുമക്കളെ ശാക്തീകരിക്കാനുള്ള വെമ്പലിലാണ്. അവരെ പീഡിപ്പിക്കുകയും കീഴൊതുക്കിവെക്കുകയും ചെയ്യുന്ന ദുശക്തികളെ കെട്ടുകെട്ടിക്കാനുള്ള പടയൊരുക്കം നടത്തുകയാണ്. എന്തുതന്നെയായാലും ഇത്തരം നീക്കങ്ങള്‍ നീതിപൂര്‍വമാണെന്ന് പറയാനാവില്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പെരുമാറ്റങ്ങള്‍ക്കുപിന്നിലെ കാരണങ്ങള്‍ അതോടെ ആവിയായിപ്പോകും എന്നവര്‍ അക്കൂട്ടര്‍ കരുതുന്നുണ്ടോ? തങ്ങള്‍ സദാ നിരീക്ഷണത്തിലും വിമര്‍ശനങ്ങളുടെ മുള്‍മുനയിലുമാണെന്ന് തിരിച്ചറിയുന്ന അമ്മായിയമ്മമാര്‍ അതെല്ലാം തിരുത്തി നല്ലവരാകുമെന്ന് വ്യാമോഹിക്കുന്നുണ്ടോ? ഇതെല്ലാം ക്രമേണ അമ്മായിയമ്മയുടെ മനസ്സില്‍ സംതൃപ്തി നിറയ്ക്കുമെന്ന് തോന്നുന്നുണ്ടോ?

മരുമക്കളെ ദ്രോഹിക്കുന്ന അമ്മായിയമ്മമാര്‍ അവരുടെ നീചവൃത്തികള്‍ തുടര്‍ന്നുപോയ്‌ക്കൊള്ളട്ടെ എന്നല്ല ഇപ്പറഞ്ഞതിന്റെയെല്ലാം അര്‍ഥം. അതൊരിക്കലും അനുവദിക്കാനാവില്ല. മറിച്ച്, അമ്മായിയമ്മമാരുടെ അത്തരം പെരുമാറ്റങ്ങള്‍ക്കുപിന്നിലെ ചേതോവികാരം എന്തെന്ന് ഒരു നിമിഷം നാം ചിന്തിക്കേണ്ടതുണ്ട് എന്ന് ഓര്‍മപ്പെടുത്തുകയാണ്. അവരുടെ അത്തരം പെരുമാറ്റങ്ങള്‍ക്ക് കാരണമായിത്തീരുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാകാം. ആര്‍ത്തവവിരാമം അതിലൊന്നാകാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. വളര്‍ന്നുവലുതായി കുടുംബജീവിതം നയിക്കുന്ന മക്കളെ എന്നും തന്റെ കുട്ടികളായി കാണുന്ന മാതൃമനോഭാവം മറ്റൊരു കാരണമാകാം. കുടുംബത്തിനായി തനിക്കൊന്നും ചെയ്യാനാവില്ലല്ലോ എന്ന ,മധ്യവയസ്സിലേക്കും വാര്‍ധക്യത്തിലേക്കും കടക്കുന്ന മനസ്സിന്റെ അകത്തളങ്ങളിലുടലെടുക്കുന്ന ഉത്കണ്ഠകളുടെയും നിരാശയുടെയും ഫലമാകാം അത്തരം പെരുമാറ്റങ്ങള്‍.

(തുടരും)

Topics