വിശ്വാസം-ലേഖനങ്ങള്‍

അഭിപ്രായ ഭിന്നത: സ്വഹാബാക്കളെ മാതൃകയാക്കാം

തിരുനബി (സ)ക്ക് ശേഷം ഇസ് ലാമിക സമൂഹത്തിന് തങ്ങളുടെ കര്‍മരംഗത്ത് വിധികള്‍ തേടാന്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയുമാണ് ഏക അവലംബം. സത്യസന്ധരും പ്രവാചകന്റെ അധ്യാപനങ്ങള്‍ നേരിട്ട് ശ്രവിച്ച അദ്ദേഹത്തിന്റെ അനുചരന്‍മാരെയും ഒരു പരിധി വരെ നമുക്ക് മാതൃകയാക്കാനുമാവും. എങ്കില്‍ തന്നെയും ഇസ് ലാമിക വിധികളില്‍ എല്ലാ സ്വാഹാബാക്കളും  പലപ്പോഴും ഏകോപിച്ച അഭിപ്രായം പുലര്‍ത്തിയവരായിരുന്നില്ല.

ഒരേ വിഷയത്തില്‍ തന്നെ സ്വഹാബാക്കള്‍ക്ക് വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു. ഉദാഹരണമായി ഖലീഫ ഉമറുബ്‌നുല്‍ ഖത്താബി(റ)ന്റേതായി ഉദ്ധരിക്കപ്പെടുന്ന ഒരു അഭിപ്രായം ഇങ്ങനെ: ‘യാത്രക്കാരന് ജനാബത്ത് ഉണ്ടാവുകയും ശൂചീകരണത്തിന് വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താല്‍ വെള്ളം കാണുന്നത് വരെ അയാള്‍ തയമ്മും ചെയ്യാന്‍ പാടില്ല.’ ഇതനുസരിച്ച് വെള്ളം കാണാതിരിക്കുന്നേടത്തോളം അയാള്‍ നമസ്‌കരിക്കേണ്ടതില്ലെന്നാണ് മനസ്സിലാവുന്നത്. ആ അവസ്ഥ പത്ത് വര്‍ഷം തുടര്‍ന്നാലും.
ഇബ്‌നു മസ്ഊദ് (റ) ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു.  എന്നാല്‍ ഈ രണ്ടു പേരുടെയും അഭിപ്രായങ്ങളെ സ്വഹാബികളില്‍ പലരും പിന്തുണച്ചിരുന്നില്ല. സൂറത്തുന്നിസാഇലെ 43-ാം വചനമാണ് തങ്ങളുടെ ന്യായത്തിന് ളിവായി അവരുദ്ധരിച്ചത്: ‘നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കിലൊരുവന്‍ വിസര്‍ജിച്ചുവരുകയോ സ്ത്രീയെ സ്പര്‍ശിക്കുകയോ ചെയ്തു, എന്നിട്ട് വെള്ളം കിട്ടിയില്ല, എങ്കില്‍ അപ്പോള്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിച്ചുകൊള്ളുക. അതില്‍ കൈകൊണ്ട് അടിച്ച് മുഖവും കൈകളും തടവുക. അല്ലാഹു നിങ്ങളുടെ ജീവിതം ക്‌ളേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം (അന്നിസാഅ്: 43)
‘ലാമസ്തുമുന്നിസാഅ’ എന്നതിന് അധിക പണ്ഡിതന്‍മാരും ആശയം പറയുന്നത് അത് സ്ത്രീപുരുഷ സംസര്‍ഗമാണെന്നാണ്. അഥവാ ജനാബത്ത് ഉണ്ടായ സമയത്തും തയ്യമ്മും ചെയ്യാം എന്നാണ് ഖുര്‍ആന്റെ പ്രസ്താവന.
എന്നാല്‍ ഇബ്‌നു മസ്ഊദ് (റ) തന്റെ അഭിപ്രായത്തിന് ന്യായം പറയുന്നത് ഇപ്രകാരമാണ്: ഇക്കാര്യത്തില്‍ നാം ഇളവ് നല്‍കിയാല്‍ ജനങ്ങള്‍ അതിനെ ചൂഷണം ചെയ്യും. കുറച്ച് തണുപ്പ് അനുഭപ്പെടുമ്പോഴേക്കും അവര്‍ തയമ്മും ചെയ്ത് വുദുവില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കും.
അതേസമയം, ഉമര്‍ (റ)വില്‍ നിന്നും ഇബ്‌നുമസ്ഊദി(റ)ല്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ അഭിപ്രായങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് വസ്തുത. മാത്രമല്ല, ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ക്കും പ്രവാചക ഹദീസുകള്‍ക്കും വിരുദ്ധമാണ്.
ഇവിടെ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഉമര്‍ (റ)വില്‍ നിന്ന വന്ന ഒരു അഭിപ്രായമായിട്ടുപോലും അധിക സ്വഹാബികളും അതിനെ തള്ളി. എന്നാല്‍ ആ സ്വഹാബികളില്‍ പെട്ട ഇബ്‌നുമസ്ഊദ് (റ) അനന്തരാവകാശത്തിലെ അനന്താരവകാശത്തിലെ ഔല്‍ [1] (അംശവര്‍ധന) വിഷയത്തില്‍ ഉമറിന്റെ അഭിപ്രായത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് എതിര് നിന്നില്ല. മരണ ശേഷം അവ്വിഷയത്തിലെ തന്റെ എതിരഭിപ്രായം ഇബ്‌നുമസ്ഊദ് (റ) പ്രകടിപ്പിക്കുകയും ചെയ്തു. അതിനെക്കുറിച്ച് പീന്നീട് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: ‘ഖലീഫ ഉമര്‍ (റ) മുസ് ലിം സമൂഹത്തിനെ മാന്യനായ വ്യക്തിയായിരുന്നല്ലോ. ആ ആദരവ് നിലനിര്‍ത്താനാണ് ഞാന്‍ അങ്ങനെ ചെയ്ത്.’
ഇവിടെ നാം ചിന്തിക്കേണ്ടത്, എങ്ങനെ സ്വാഹാബാക്കള്‍ക്ക് ഇപ്രകാരം രണ്ട് വിരുദ്ധ വശങ്ങളില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നാണ്. പറഞ്ഞത് എത്ര ഉയര്‍ന്ന ആളാണെങ്കിലും ഖുര്‍ആനും തിരചര്യക്കും വിരുദ്ധമായ പ്രസ്താവനകളെ തള്ളാനും പണ്ഡിതന്മാരുടെ ദുര്‍ബലവും പ്രബലമല്ലാത്തതുമായ പ്രസ്താവനകളുടെ പേരില്‍ (പണ്ഡിതന്മാര്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നേടത്തോളം കാലം) അവരുടെ പദവിയെ ഇടിച്ച് താഴ്ത്താതിരിക്കാനും സ്വാഹാബാക്കള്‍ക്ക് എങ്ങനെ കഴിഞ്ഞു ?
അപ്പോള്‍ മനസ്സിലാക്കേണ്ടത്, പണ്ഡിതന്മാര്‍ അവര്‍ ഏത്ര ശ്രേഷ്ഠരാണെങ്കിലും അവരില്‍നിന്നും ചിലപ്പോള്‍ ദുര്‍ബലമായ അഭിപ്രായങ്ങളും മറ്റും ഉണ്ടായേക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തിന്റെ ഇജിതിഹാദിന്റെ അടിസ്ഥാനത്തിലാണ് ഒരു വിധിയിലേക്കെത്തുന്നത്. എന്നാല്‍, യഥാവിധം പഠിക്കാതെയും മനനം ചെയ്യാതെയും ഒരാള്‍ ദുര്‍ബലമായ ഒരു വിധി പ്രസ്താവിക്കുന്നുവെങ്കില്‍ അത് സ്വീകരിക്കുകയോ അയാളെ മാനിക്കുകയോ ചെയ്യേണ്ടതുമില്ല.
മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കാം. കാഫിറില്‍ നിന്ന് മുസ് ലിം അനന്തരമെടുക്കുമോ എടുക്കുന്ന വിഷയത്തില്‍ മുആവിയ (റ)യുടെ ഇജ്തിഹാദ്, അനന്തരമെടുക്കുമെന്നാണ്. എന്നാല്‍ ഉസാമ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നത് പറയുന്നത് ഇപ്രകാരം: ‘കാഫിറില്‍ നിന്ന് മുസ് ലിമോ മുസ് ലിമില്‍ നിന്ന് കാഫിറോ അനന്തരമെടുക്കില്ല.’ ഈ ഹദീസും മുആവിയ (റ)യുടെ അഭിപ്രായവും വിരുദ്ധ വശങ്ങളിലാണ് നിലകൊള്ളുന്നത്. എന്നാല്‍ മുആവിയ (റ) തന്റെ അഭിപ്രായത്തിന് ന്യായവും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഒരാളില്‍ വിശ്വാസം എപ്പോഴും ഏറിയും കുറഞ്ഞുമിരിക്കാം.  ഇസ്‌ലാം സ്വീകരിച്ച, മുമ്പ് സത്യനിഷേധിയായ ഒരാള്‍ക്ക് ഇസ്‌ലാമിലേക്ക് എത്താത്ത അയാളുടെ കുടുംബക്കാരില്‍ നിന്ന് അനന്തരം ലഭിക്കില്ലെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ ഇസ്‌ലാം ആശ്ലേഷണം ഒഴിവാക്കിയേക്കും. അല്ലെങ്കില്‍ അനന്തരം കിട്ടുന്ന വരെയെങ്കിലും ഇസ് ലാം സ്വീകരിക്കാതിരിക്കും. ഇസ് ലാമിനെ പുല്‍കാനുള്ള അയാളുടെ ആഗ്രഹത്തെ കെടുത്തി കളയുന്ന ആ നിലപാട് ഉണ്ടാവാന്‍ പാടില്ലെന്നാണ് മുആവിയ ആഗ്രഹിച്ചത്.
ഇങ്ങനെ വിവിധ വിഷയങ്ങളില്‍ സ്വഹാബാക്കള്‍ പരസ്പരവിരുദ്ധ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങളില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായി; അവ പലതും ബാഹ്യമായ വിഷയങ്ങളിലാണെങ്കിലും. അതിലൊന്നാണ് പ്രവാചകന്‍ (സ) അല്ലാഹുവിനെ ദര്‍ശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അവര്‍ക്കിടയിലുണ്ടായ തര്‍ക്കം. ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് പ്രവാചകന്‍ (സ) അല്ലാഹുവിനെ സ്വന്തം കണ്ണ് കൊണ്ട് നേരിട്ട് കണ്ടിട്ടില്ലെന്നാണ്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നും മറ്റു ചിലരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നതനുസരിച്ച്, പ്രവാചകന്‍ അല്ലാഹുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ്.
കുടുംബക്കാരുടെ കരച്ചില്‍ മയ്യിത്തിന് ഖബ്‌റില്‍ ശിക്ഷക്ക് കാരണമാകുമോയെന്ന വിഷയത്തിലും സ്വാഹാബാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. കുടുംബക്കാരുടെ കരച്ചില്‍ മയ്യിത്തിന് ശിക്ഷ ലഭിക്കാന്‍ കാരണമാകുമെന്ന ആശയത്തിലുള്ള ഹദീസ് ഉമര്‍ (റ) ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രസ്തുത ഹദീസിനെ എന്നാല്‍ ആയിശ (റ) തിരുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു: പ്രവാചകന്‍ പറഞ്ഞത് ഇത്രമാത്രമാണ്: കാഫിറായ മയ്യിത്തിന് അവന്റെ കുടുംബക്കാരുടെ കരച്ചില്‍ കാരണമായി അല്ലാഹു ശിക്ഷ അധികരിപ്പിക്കും.  ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണല്ലോ : ‘യാതൊരുവനും മറ്റൊരുവന്റെ പാപഭാരം ചുമക്കുകയില്ല’ (അല്‍അന്‍ആം: 164).
ഈ അഭിപ്രായ വ്യത്യാസം പിന്നീടുള്ള കാലങ്ങളിലും തുടര്‍ന്നു. മാത്രമല്ല, അവയില്‍ പലതിനും അനുബന്ധങ്ങള്‍ ഉണ്ടാവുകയും അവ വീണ്ടും അഭിപ്രായാന്തരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എങ്കില്‍ തന്നെയും ഇതൊന്നും സ്വാഹാബാക്കള്‍ക്കിടയില്‍ ഒരു തരത്തിലുള്ള അസ്വാരസ്യത്തിനും വഴിവെച്ചില്ല. അഭിപ്രായങ്ങള്‍ ശര്‍ഇയായ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാവാതിരിക്കുകയോ, ദീനില്‍ പുതുതായി പലതും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാതിരിക്കുകയോ, ഒരാളോട് ശത്രുത പ്രഖ്യാപിക്കാന്‍ അവ കാരണമാവാതിരിക്കുകയോ ചെയ്യാത്ത കാലത്തോളം അവര്‍ക്കിടയില്‍ അത് പ്രയാസം സൃഷ്ടിച്ചില്ല.
ഇങ്ങനെയാണ് അവര്‍ കാര്യങ്ങളില്‍ സന്തുലന സമീപനം സ്വീകരിച്ചത്. അമീറുല്‍ മുഅ്മീനില്‍ ഉമര്‍ (റ) പറഞ്ഞതാണെങ്കില്‍ പോലും ദുര്‍ബലമോ ശര്‍ഇന് വിരുദ്ധമോ ആയ അഭിപ്രായങ്ങളെ സ്വഹാബാക്കള്‍ സ്വീകരിക്കില്ല. അതേ സമയം, അമീര്‍ മുഅ്മീനിനിനെ ജനങ്ങള്‍ അധിക്ഷേപിക്കുന്നത് ഇല്ലാതാക്കാന്‍ അവര്‍ അദ്ദേഹത്തിന്റെ പദവിയെ മാനിക്കുകയും ചെയ്തു.
അഥവാ, താന്‍ അംഗീകരിക്കുന്ന ഒരാളോട്, അല്ലെങ്കില്‍ അയാളുടെ അഭിപ്രായത്തോട് അമിതമായ ചായ്‌വ് പുലര്‍ത്തുന്നത് എതിരഭിപ്രായമുള്ളവരെ അവഗണിക്കാന്‍ ഒരിക്കലും കാരണമായിക്കൂടാ. അഭിപ്രായ വ്യത്യാസം മനുഷ്യസമൂഹത്തിന്റെ സ്വാഭാവികതയുടെ ഭാഗമാണ്. സമുദായത്തില്‍ അനിവാര്യമായും ഉണ്ടാവുന്ന പ്രതിഭാസമായാണ് അതിനെ മനസ്സിലാക്കേണ്ടത്. അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ മുഴുവന്‍ സമൂഹത്തെയും ഒരൊറ്റ നിലപാടില്‍ എത്തിക്കുക അസാധ്യമാണ്.
ഞാനിത് പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അനുബന്ധ വിഷയങ്ങളില്‍ പോലും സമുദായത്തെ മുഴുവന്‍ ഒരഭിപ്രായത്തില്‍ ഏകീകരിക്കാന്‍ കഴിയുമെന്ന്  ചിലര്‍ പറഞ്ഞതായി ഞാന്‍ കേട്ടിരുന്നു. നബിവചനങ്ങളെല്ലാം സൂക്ഷമ പരിശോധന നടത്തി സ്വഹീഹായ ഹദീസുകള്‍ മാത്രം സ്വീകരിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നാവും അവരുദ്ദേശിക്കുന്നത്. എന്നാല്‍ മനസ്സിലാക്കുക, അവിടെയും പ്രശ്‌നം നിലനില്‍ക്കുന്നു. എല്ലാ പണ്ഡിതന്‍മാരും എല്ലാ ഹദീസുകളും സ്വഹീഹായി പരിഗണിച്ചുകൊള്ളണമെന്നില്ല. ഓരോരുത്തരുടെ അടുക്കലും സ്വഹീഹിന്റെ മാനദണ്ഡങ്ങളിലും റിപ്പോര്‍ട്ടുകളെ അംഗീകരിക്കുന്നതിലും മാറ്റം വരാം.  ഹദീസ്‌നിദാന ശാസ്ത്രത്തിന്റെ വിവിധ മാനദണ്ഡങ്ങള്‍ ഓരോ പണ്ഡിതന്‍മാരുടെ അടുക്കലും വ്യത്യസ്തമായിരിക്കും. ഇതൊക്കെ നിലനില്‍ക്കെ എങ്ങനെയാണ് സ്വഹീഹായ ഹദീസുകളെ മാത്രം സമാഹരിക്കുക ?
ചുരുക്കത്തില്‍, സമുദായത്തിന്റെ ഭാവി നന്മയുടെ ഭാഗമായോ പ്രകൃതിയുടെ ഭാഗമായോ അഭിപ്രായ വ്യത്യാസത്തെ മനസ്സിലാക്കുന്നതാവും ഏറ്റവും ഉചിതം. അപ്രകാരം എതിര്‍ നിലപാട് സ്വീകരിക്കുന്നവരെ അടിച്ചിരുത്താനോ അവ തീര്‍ത്തും തള്ളേണ്ടതാണെന്ന് പ്രഖ്യാപിക്കനോ മുതിരാതെ സ്വഹാബാക്കളുടെ മാതൃക പിന്തുടര്‍ന്ന് മുന്നോട്ട് പോവുന്നതാണ്  ഇസ് ലാമിക സമൂഹത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും കൂടുതല്‍ ഗുണകരമാവുക.[1]. ദായധനത്തിന്റെ സാങ്കേതികഭാഷയില്‍ ‘ഔല്‍’ എന്ന് പറയുന്നത് നിര്‍ണിത ഓഹരിക്കാരുടെ അംശങ്ങള്‍ വര്‍ധിപ്പിക്കുകയും അവരുടെ വിഹിതത്തിന്റെ പരിമാണത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതിനാണ്. ഖലീഫാ ഉമറി (റ)ന്റെ കാലത്ത് വന്ന ഒരു കേസാണ്, ആദ്യമായി ഇസ് ലാമില്‍ ഔല്‍ സങ്കേതം ഉപയോഗിച്ച് കൈകാര്യം ചെയ്യപ്പെട്ടതെന്ന് ഉദ്ധരിക്കപ്പെടുന്നു ഭര്‍ത്താവും രണ്ടു സഹോദരികളും അനന്തരാവകാശികളായ  ഒരു കേസ് വന്നപ്പോള്‍ അദ്ദേഹം സ്വഹാബത്തിനോട് പറഞ്ഞു: ഞാന്‍ ആദ്യം ഭര്‍ത്താവിന് കൊടുത്താല്‍ സഹോദരികള്‍ക്ക് അവരുടെ അവകാശ വിഹിതം ലഭിക്കുകയില്ല. അതുകൊണ്ട് എന്നെ ഉപദേശിക്കുക. അപ്പോള്‍ അബ്ബാസു ബ്‌നു അബ്ദില്‍ മുത്തലിബ്  ഔല്‍ ഉപദേശിച്ചു. (വിവര്‍ത്തകകുറിപ്പ്)

ഡോ.സല്‍മാന്‍ ബിന്‍ ഫഹദ് അല്‍ഔദ

വിവ: എസ്. എ ജലീല്‍

Topics