ഞാനറിഞ്ഞ ഇസ്‌ലാം

അന്തരാളങ്ങളില്‍ സമാധാനത്തിന്റെ തിരിനാളം കത്തിച്ചുനിര്‍ത്താന്‍ നിങ്ങള്‍ ഇസ് ലാമിനെ പഠിക്കുക: താനിയ

(ഒരു കനേഡിയന്‍ യുവതിയുടെ ഇസ് ലാം സ്വീകരണം)

കുട്ടിക്കാലം മുതല്‍ക്കേ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കാര്യമായ മതബോധമൊന്നുമില്ലാത്ത ക്രിസ്ത്യാനിയായിരുന്നു എന്റെ അമ്മ. പലകാര്യങ്ങളിലും അമ്മയുമായി യോജിച്ചുപോകാത്തതുകൊണ്ട് പലപ്പോഴും തെരുവില്‍ കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. അങ്ങനെയിരിക്കെ ചില സന്നദ്ധസേവകര്‍ എന്നെ കണ്ടെത്തി ജുവനൈല്‍ഹോമില്‍ പാര്‍പ്പിച്ചു.

ഇതിനകം മൂന്ന് ജുവനൈല്‍ ഹോമുകളില്‍ താമസിച്ചിട്ടുള്ള ഞാന്‍ അവസാനത്തെ കേന്ദ്രത്തില്‍ ആറുവര്‍ഷത്തോളം താമസിച്ചു. ആ ഘട്ടത്തില്‍ തികച്ചും ഏകാകിയായിരുന്നു ഞാന്‍. അമ്മയില്ല, അപ്പനില്ല, കൂട്ടുകാരില്ല, പ്രിയപ്പെട്ടവരെന്ന് പറയാന്‍ ആരുമില്ല . ഒരു പക്ഷേ അതാണെന്നുതോന്നുന്നു എന്റെ അന്വേഷണത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. 

എന്നില്‍ എന്തെങ്കിലും ധാര്‍മികസദാചാരമൂല്യങ്ങളൊന്നും അമ്മ നട്ടുപിടിപ്പിച്ചിരുന്നില്ല. എന്റെ കഷ്ടപ്പാടുകള്‍ക്ക് ക്രിസ്തുവിലൂടെ പരിഹാരംകണ്ടെത്താമെന്ന് ഞാന്‍ ആശ്വസിച്ചു. അടുത്തുള്ള പെന്തകോസ്റ്റല്‍ ചര്‍ച്ചില്‍ എല്ലാ ഞായറാഴ്ചയും പോകാന്‍തുടങ്ങി.  വീട്ടില്‍നിന്ന് എനിക്ക്  ലഭിക്കാതിരുന്ന ആത്മീയ വിദ്യാഭ്യാസം കിട്ടിയത് അവിടെനിന്നാണ്. ചര്‍ച്ചില്‍ പോകുമ്പോഴൊക്കെ എന്റെ സംശയനിവാരണവും ഞാന്‍ വരുത്തിയിരുന്നു. ജീസസിനെക്കുറിച്ചൊക്കെ അന്വേഷിച്ചു. പക്ഷേ പാസ്റ്ററില്‍നിന്ന് അതിന് ലഭിച്ച മറുപടികളൊക്കെ മുട്ടയുടെ ഘടനപോലെയാണ് തോന്നിച്ചത്. കോഴിമുട്ടയ്ക്ക് പുറന്തോട്,വെള്ളക്കരു,മഞ്ഞക്കരും എന്നിവയുള്ളതുപോലെ. അതില്‍ഏതെങ്കിലുമൊന്ന് ഇല്ലാതായാല്‍ മുട്ടതന്നെ രൂപംകൊള്ളില്ലല്ലോ. അതുപോലെ പിതാവ്,പുത്രന്‍ ,പരിശുദ്ധാത്മാവ് ഇവ മൂന്നുംചേര്‍ന്നതാണ്  ദൈവം എന്ന് പഠിപ്പിക്കപ്പെട്ടു. ആ ദൈവസങ്കല്‍പത്തില്‍  എന്തൊക്കെയോ നഷ്ടപ്പെടുന്നതായി ഞാന്‍ മനസ്സിലാക്കി. 

പിന്നീട് എല്ലാറ്റില്‍നിന്നും അകലംപാലിച്ച ഞാന്‍ ഹൈസ്‌കൂള്‍ കാലഘട്ടത്തിനൊടുവില്‍ ചര്‍ച്ചുമായി വീണ്ടും ബന്ധം പുനരാരംഭിച്ചു. കൗമാരത്തിന്റെ ആദ്യകാലങ്ങളില്‍ ചര്‍ച്ചിലൊന്നും പോയിരുന്നില്ല. അന്ന് കൂട്ടുകാരും കളിതമാശകളുമായി നേരംപോക്കുകയായിരുന്നു. എങ്കിലും പലനടപടികളെയും ചോദ്യംചെയ്യാന്‍ ഞാന്‍ ധൈര്യംകാണിച്ചിരുന്നു.

ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരു മുസ്‌ലിംകുട്ടിയുമായി ഞാന്‍ പരിചയത്തിലായി. അവനോട് ഞാന്‍ക്രൈസ്തവതയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവനാകട്ടെ ,എന്നോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചു. ക്രൈസ്തവതയെക്കുറിച്ച ചില സംഗതികള്‍ പറയുമ്പോള്‍ അവന്‍ അതിനെ നിഷേധിക്കുകയും അതങ്ങനെയല്ല, ഇപ്രകാരമാണ് എന്നൊക്കെ വിശദീകരണംനല്‍കിയിരുന്നതും ഇപ്പോഴുമെനിക്ക് ഓര്‍മയുണ്ട്.

ആരുടെയെങ്കിലും അഭിപ്രായത്തിലൂടെ മുന്നോട്ടുപോകുന്നതിനുപകരം സ്വന്തമായി കാര്യങ്ങള്‍ കണ്ടെത്തണമെന്ന് ഞാന്‍ തീരുമാനിച്ചു. മതത്തെപ്പറ്റി പഠിക്കാന്‍ ഞാന്‍ ലൈബ്രറികളെ ആശ്രയിച്ചു. ഇസ്‌ലാമുംക്രൈസ്തവതയും ഒക്കെ അതില്‍ കയറിവന്നു. 

ഇസ്‌ലാമിനെക്കുറിച്ച് അന്ന് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന മോശംസംഗതികളെക്കുറിച്ച് എനിക്കത്രയൊന്നും അറിയില്ലായിരുന്നു. അതിനാല്‍ ഖുര്‍ആന്റെ ആശയങ്ങളിലൂടെ കടന്നുപോയപ്പോള്‍ കുട്ടിക്കാലംമുതല്‍ക്കേ എന്റെ മനസ്സിനെ മഥിച്ചിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്ന് എനിക്ക് ബോധ്യമായി. ജീവിതത്തിന് വ്യക്തമായ ദിശാബോധം അതോടെ വന്നുതുടങ്ങി.

ഞാനൊരു അസന്ദിഗ്ധാവസ്ഥയിലേക്ക് പതിക്കുകയായിരുന്നു. എനിക്ക് ഒട്ടും തന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇപ്പോഴെന്താണ് ചെയ്യേണ്ടതെന്നോ, എന്താണ്  ശരി എന്താണ് തെറ്റ്  എന്നൊന്നും എനിക്ക് തീര്‍ച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. അന്നുവരെ ദൈവമെന്തെന്ന് അറിയാതെ എന്തെങ്കിലും ഒന്നിന്റെ നേര്‍ക്ക്  കൈകൂപ്പി നില്‍ക്കാറായിരുന്നുപതിവ്. അങ്ങനെയുള്ള ദൈവം എന്റെ ഹൃദയത്തിലോ പുറത്തോ ജീവിച്ചിരുന്നുമില്ല.

എന്റെ ദൈവമേ എനിക്ക് ഉത്തരംനല്‍കൂ എന്ന് മന്ത്രിക്കുന്ന മനസ്സുമായി തെരുവീഥികളില്‍ നടന്നു. എന്നെ ശരിയായ പാതയിലൂടെ നയിക്കേണമേ, ഞാന്‍ സ്വയം നശിച്ചവളാണ് എന്നെ രക്ഷിക്കേണമേ എന്നായിരുന്നു സദാപ്രാര്‍ഥിച്ചുകൊണ്ടിരുന്നത്. എനിക്ക് ജീവിക്കണമെന്ന് തോന്നിയില്ല. പക്ഷേ ആത്മഹത്യചെയ്യാന്‍ ഉദ്ദേശിച്ചതുമില്ല. അപ്പോഴും ഏത് ദൈവത്തെയാണ് വിളിക്കേണ്ടതെന്നറിയില്ലായിരുന്നു. ക്രിസ്ത്യാനികളുടെ ദൈവത്തെ വിളിക്കണോ അതോ ഇസ്‌ലാമിന്റെ ദൈവത്തെ വിളിക്കണോ?

അല്ലാഹുവിന് സ്തുതി. രണ്ടുദിവസംകഴിഞ്ഞപ്പോള്‍ എനിക്ക് സ്രഷ്ടാവില്‍നിന്നുത്തരം ലഭിച്ചു. ആ സമയത്ത് പതിനൊന്നാം ഗ്രേഡില്‍ ഗണിതശാസ്ത്രക്ലാസിലിരുന്ന് പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. വിശ്വാസത്തിന്റെ എല്ലാറ്റിനെയും നിരാകരിച്ചുകൊണ്ടിരുന്ന എന്നിലേക്ക് നിര്‍വചിക്കാനാകത്തവിധം എന്തൊക്കെയോ തള്ളിക്കയറിവന്നു. ഞാന്‍ വായിച്ചിരുന്ന പുസ്തകങ്ങളില്‍നിന്ന് നേരത്തെ പഠിച്ചുവെച്ചിരുന്ന ശഹാദത്ത് കലിമ ഞാന്‍ ചൊല്ലി. മുഹമ്മദ് നബിയെപ്പറ്റിപഠിച്ചതും വായിച്ചതും എല്ലാം എന്റെ മനോമുകുരത്തിലേക്ക് ഇരച്ചുകയറിവന്നു.

എന്റെ നയനങ്ങള്‍ സജലങ്ങളായി. എന്റെ ഹൃദയം സന്തോഷത്താല്‍ തുടികൊട്ടി. ആഹ്ലാദഭരിതയായി ഞാന്‍ ക്ലാസില്‍നിന്നിറങ്ങി ഓടി. ‘താനിയ നീ എങ്ങോട്ടാണീ പോകുന്നത്’ എന്ന് ടീച്ചര്‍ പിറകില്‍നിന്ന് ചോദിക്കുന്നുണ്ടായിരുന്നു. അതിന് മറുപടി പറയാനുതകുന്ന ഭാഷ എന്നിലപ്പോഴുണ്ടായിരുന്നില്ല. എന്താണ് പറയേണ്ടതെന്നെനിക്കറിയില്ലായിരുന്നു എന്നതാണ് വാസ്തവം.

ഞാന്‍ നേരെ വാഷ്‌ബേസിനടുത്തേക്ക് ചെന്നു. വുദു എന്തെന്നൊന്നും എനിക്കറിയില്ലെങ്കിലും മുഖത്തേക്ക് വെള്ളം തെറിപ്പിച്ചുകൊണ്ടിരുന്നു. സ്വയം വൃത്തിയാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റേതായ വുദുവായിരിക്കാം ഞാന്‍ ഉണ്ടാക്കിയതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ‘അതെ, ഞാനത് കണ്ടുപിടിച്ചു.’ അപ്പോഴുംതുടര്‍ന്നുകൊണ്ടിരുന്ന മുഖംകഴുകല്‍ ഹിജാബ് ധരിച്ച ഒരുപെണ്‍കുട്ടി അടുത്തുവന്നപ്പോഴാണ് അവസാനിച്ചത്. ‘നിങ്ങള്‍ മുസ്‌ലിമാണോ’ ഞാനവരോട് ചോദിച്ചു. അതെയെന്ന് മറുപടി പറഞ്ഞ അവരോട് ഞാന്‍ പറഞ്ഞു:’ഞാനും ഒരു മുസ്‌ലിമാണെന്ന് തോന്നുന്നു. എനിക്ക് നിങ്ങളോട് സംസാരിക്കണം.’

എന്നെ അവരുടെ വീട്ടിലേക്കാണ് ആ യുവതി കൊണ്ടുപോയത്. നിറഞ്ഞ ഹൃദയത്തോടെ അവരെന്നെ സ്വീകരിച്ചു.അവരെനിക്ക് വസ്ത്രങ്ങളും പുസ്തകങ്ങളും ഭക്ഷണവും അങ്ങനെയെല്ലാംതന്നു. പിന്നീട് എന്നെ അടുത്തുള്ള മസ്ജിദിലേക്ക് കൊണ്ടുപോയി. അവിടെനിന്നാണ് എനിക്ക് അടിത്തറ ഉണ്ടായത്.  ആ കുടുംബത്തോടൊപ്പം പള്ളിയില്‍വെച്ച് ശഹാദത്തുകലിമ ചൊല്ലി ഇസ്‌ലാംസ്വീകരിച്ചു.

ഇസ്‌ലാമിലെ ജീവിതം

എന്റെ ജീവിതം ആകെ മാറിമറിഞ്ഞു. ഇപ്പോള്‍ എനിക്ക് സ്വത്വബോധം കൈവന്നുകഴിഞ്ഞു. എനിക്കിപ്പോള്‍ പ്രിയപ്പെട്ടവരുണ്ട്. അത് കൂടുതല്‍ ആഴത്തിലുള്ളതാണ്. കറുത്തവര്‍ഗക്കാരനോടൊപ്പമായിരുന്നു വെള്ളക്കാരിയായ അമ്മ കഴിഞ്ഞിരുന്നത്. അവര്‍ കലഹിച്ചുപിരിഞ്ഞശേഷം ഞാന്‍ വളര്‍ന്നത് അമ്മയോടൊപ്പവും. എന്റെ തൊലിയുടെ വര്‍ണം വ്യത്യാസപ്പെട്ടത് അമ്മയുമായി വാഗ്വാദത്തിന് കാരണമായിരുന്നു. ആളുകള്‍ നിങ്ങള്‍ എവിടെനിന്നാണ് എന്ന് ചോദിക്കാറുണ്ടായിരുന്നു. ഞാന്‍ കാനഡക്കാരിയാണെന്ന് അവര്‍ക്കെല്ലാം മറുപടി കൊടുത്തിരുന്നത് അമ്മ അങ്ങനെ പറയാറുള്ളതുകൊണ്ടായിരുന്നു.

ഇപ്പോഴെനിക്ക് കൃത്യമായ ഉത്തരമുണ്ട്. ഇപ്പോള്‍ ഞാന്‍ ഇവിടെയാണെന്നും എവിടേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അറിയാം. എന്നെ സൃഷ്ടിച്ചവനിലേക്കുള്ള എന്റെ പ്രയാണം കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുവാന്‍ എനിക്ക് പ്രചോദനമേകുന്നു. പഠിക്കണമെന്ന ചിന്തയായിരുന്നല്ലോ എന്നെ ഇവിടംവരെയെത്തിച്ചത്. അന്തരാളങ്ങളില്‍ സമാധാനത്തിന്റെ തിരിനാളം കത്തിച്ചുനിര്‍ത്തണമെങ്കില്‍ നിങ്ങളും പഠിക്കണമെന്നാണ് ഞാന്‍ പറയുക. എന്റെ ഹൃദയവികാരങ്ങള്‍ നിങ്ങളുമായും പങ്കിടാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്. അല്ലാഹു എനിക്ക് നല്‍കിയ പ്രകാശം കണ്ടെത്തണമെന്നാണ് ഇസ്‌ലാമിനെ ഇനിയും അറിഞ്ഞിട്ടില്ലാത്ത സഹോദരങ്ങളെ ഉണര്‍ത്താനുള്ളത്.

Topics