വിശ്വാസം-ലേഖനങ്ങള്‍

അനുയായികളെയല്ല, കഴിവുറ്റ നേതാക്കളെയാണ് നമുക്കാവശ്യം

നേതൃപാടവമുള്ള, ക്രിയാത്മകമായ തലമുറയെ കെട്ടിപ്പടുക്കുകയെന്നത് എല്ലാ ഉന്നത സന്ദേശങ്ങളുടെയും സ്വപ്‌നമായിരുന്നു. ഉമ്മത്തിന്റെ നഷ്ടപ്പെട്ട് പോയ മഹത്ത്വം വീണ്ടെടുക്കണമെന്നാണ്  നിശ്ചയദാര്‍ഢ്യമുള്ളവര്‍ ആഗ്രഹിക്കുക. നേതാവ് പിറക്കുകയാണോ അതല്ല നിര്‍മിക്കപ്പെടുകയാണോ ചെയ്യുന്നതെന്ന ചര്‍ച്ച പണ്ടുമുതല്‍കേ സജീവമാണ്. ഔന്നത്യം തേടുന്ന, മാറ്റത്തിന് കൊതിക്കുന്ന നായകന്മാര്‍ എല്ലാ കാലത്തും ഈ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട് . നഷ്ടപ്പെട്ടുപോയ പൈതൃകം വീണ്ടെടുക്കാനും സന്മാര്‍ഗത്തിലേക്കും പ്രകാശത്തിലേക്കും മാനവരാശിയെ വഴി നടത്താനും യോഗ്യരായ നേതൃസംഘത്തെ രൂപപ്പെടുത്തുകയെന്നതായിരുന്നു ആ മഹത്തായ സ്വപ്‌നം.

നമ്മുടെ ശക്തിയും പ്രതാപവും തയ്യാറെടുപ്പുമല്ല വിജയം നേടിത്തരുന്നതെന്ന് അതിലേക്കുള്ള ചവിട്ടുപടികള്‍  വ്യക്തമാക്കുന്നു. മാനേജ്‌മെന്റ് മേഖലയിലെ ഉത്തരാധുനിക തത്ത്വങ്ങളും ഇക്കാര്യം അടിവരയിട്ട് സ്ഥാപിക്കുന്നു. തങ്ങളുടെ ചുറ്റുമുള്ള ജനസമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാന്‍വേണ്ട പരിഷ്‌കരണനടപടികളിലൂടെ നാഗരികത രൂപപ്പെടുത്തി ചരിത്രത്തില്‍ സ്വാധീനം നേടാന്‍തക്ക നേതൃഗുണങ്ങളുള്ളവര്‍ കേവലം രണ്ട് ശതമാനം മാത്രമാണ് സമൂഹത്തിലുള്ളതെന്ന് അതുമായി ബന്ധപ്പെട്ട പഠനം വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ കേവലം അനുയായികള്‍ മാത്രമാണ്. അവര്‍ക്ക് കാര്യമായ സ്വാധീനമില്ല. എന്നാല്‍ നാഗരിക നവോത്ഥാനത്തിന് നേതൃത്വം നല്‍കുന്നവരെ ആദരിക്കുകയും വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് ഇവരെന്ന് പഠനം സൂചിപ്പിക്കുന്നു. 

സമൂഹത്തിന്റെ നവോത്ഥാനകര്‍മം ഏറ്റെടുത്ത് നിര്‍വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏതാനും മഹാന്മാര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. എന്നാല്‍ അവരെ തേച്ചുമിനുക്കാനും, അവരുടെ കഴിവുകള്‍ പോഷിപ്പിക്കാനും ആവശ്യമായ പരിചരണത്തിന്റെ അഭാവമാണ് അവര്‍ക്ക് മുന്നില്‍ തടസ്സം സൃഷ്ടിച്ചത്. മഹാനായ ഉമര്‍(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘നേതാവുണ്ടായിരിക്കെ നേതാക്കന്മാരില്‍ ഒരാളെപ്പോലെയും നേതാവിന്റെ അഭാവത്തില്‍ നേതാവായും നിലകൊള്ളുന്ന ആളുകളെയാണ് എനിക്കാവശ്യം’. 

കാലങ്ങളായി നമ്മുടെ മനസ്സില്‍ നിന്ന് അപ്രത്യക്ഷമായ ഒരു വികാരമായിരുന്നു ഇത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉമ്മത്തിന്റെ പൈതൃകം തിരിച്ചുപിടിക്കാനും, ത്യാഗത്തിന്റെ ആത്മാവിനെ അനുയായികളില്‍ സന്നിവേശിപ്പിക്കാനും പരിഷ്‌കര്‍ത്താക്കളും മറ്റും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് ശേഷം നേതൃപാടവമുള്ളവരെ വളര്‍ത്തിയെടുക്കുന്നതില്‍ തങ്ങള്‍ക്ക് ഭീമാബദ്ധം പിണഞ്ഞിരിക്കുന്നുവെന്ന് അവര്‍ തിരിച്ചറിയുന്നു. മുസ്‌ലിം യുവാക്കളിലെ നേതൃഗുണങ്ങള്‍ വളര്‍ത്താനും പരിപോഷിപ്പിക്കാനും സാധിച്ചില്ലെന്നതും, വ്യക്തികളുടെ നേതൃഗുണം അപ്രത്യക്ഷമായെന്നതും അവയില്‍പെടുന്നവയാണ്. കാരണം നേതൃത്വം എന്ന് കേള്‍ക്കുമ്പോള്‍ അധികാരം, അധികാരമോഹം തുടങ്ങിയ കാഴ്ചപ്പാടുകളാണ് ആളുകളുടെ മനസ്സിലേക്ക് കടന്നുവരുന്നത്. ദൈവിക സന്ദേശം വഹിക്കാന്‍ മാത്രം സത്യസന്ധതയും ആത്മാര്‍ത്ഥതയും നമുക്ക് ഉണ്ടായിട്ടില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. നേതൃത്വം, നേതൃപാടവം എന്നിവയെ പോസിറ്റീവായി സമീപിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. തല്‍ഫലമായി വ്യക്തികള്‍ക്കിടയിലെ മാത്സര്യബുദ്ധി അണഞ്ഞുപോവുകയും അവരെല്ലാം കേവലം അനുയായികളായി തന്നെ നിലകൊള്ളുന്നതില്‍ സംതൃപ്തരാവുകയുമായിരുന്നു.

 നാഗരികകാലം മുതല്‍ സ്വീകരിച്ചുവരുന്ന നേതൃസങ്കല്‍പങ്ങളും രീതിശാസ്ത്രങ്ങളും ഇപ്പോഴും പിന്തുടരുന്നുവെന്നതാണ് മറ്റൊരു പരാജയം. അതിനാല്‍ തന്നെ പരിശീലന പരിപാടികള്‍ പരിഷ്‌കരിക്കാനോ, ഉത്തരാധുനികഭരണനയസൂത്രങ്ങളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനോ സാധിക്കുകയുണ്ടായില്ല. നേതൃത്വം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ യുവാക്കള്‍ക്ക് അവസരം കൊടുക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ചിലപ്പോഴൊക്കെ മധ്യവയസ്‌കര്‍ നേതൃത്വത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന അവസ്ഥാവിശേഷവും ഇതിന് കാരണമാകാറുണ്ട്. 

അനുയോജ്യമായ നേതൃവ്യക്തിത്വങ്ങളെ പാര്‍ട്ടി പക്ഷപാതിത്വങ്ങള്‍ ഇല്ലാതെ ആത്മാര്‍ത്ഥതയോട് കൂടി വളര്‍ത്തിയെടുക്കാന്‍ പറ്റിയ പരിപാലന കേന്ദ്രങ്ങളുടെ അഭാവം വലിയ പ്രശ്‌നമായിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഉന്നതമായ ലക്ഷ്യം വെക്കുന്ന നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്റെ പാഠശാലയില്‍ രൂപപ്പെട്ട നേതൃത്വങ്ങള്‍ ഈ ഉമ്മത്തിന്റെ ആദ്യതലമുറയെ സജീവമാക്കിയതുപോലെ പിന്‍തലമുറയെയും സജീവമാക്കിയേക്കാം. 

ധൈഷണികമായ വിടവും, ആത്മീയമായ ദാരിദ്ര്യവും ഉപരിപ്ലവമായ വിവരവുമാണ് നമ്മുടെ യുവാക്കളെ നയിച്ചുകൊണ്ടിരിക്കുന്നത്. ഉള്ള് പൊള്ളയായ കേവലം പ്രതീകങ്ങള്‍ മാത്രമാണ് അവര്‍. ജീവിതത്തെ രൂപപ്പെടുത്തുന്നതിലോ, ലക്ഷ്യം നിര്‍ണയിക്കുന്നതിലോ അവര്‍ക്ക് യാതൊരു സ്വാധീനവുമില്ല. ഈ ഭീകരമായ വിടവ് നികത്തുന്നതിലായിരിക്കണം മുസ്‌ലിം ഉമ്മത്തിലെ പരിഷ്‌കര്‍ത്താക്കളും നേതാക്കളും ശ്രദ്ധയൂന്നേണ്ടത്. ഈ പ്രശ്‌നത്തിന് അര്‍ഹമായ പരിഗണന നല്‍കാനും, കഴിവുറ്റ മഹനീയനേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുംവിധം ഗൗരവതരമായ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അവര്‍ ശ്രമിച്ചേ മതിയാകൂ. 

Topics