കുടുംബ ജീവിതം-Q&A

വിവാഹത്തിന് തൊട്ടുടനെ കുട്ടികള്‍ വേണ്ടെന്നുവെച്ചാല്‍ ?

ചോ: വിവാഹത്തെത്തുടര്‍ന്നുള്ള ആദ്യരണ്ടുവര്‍ഷങ്ങള്‍ പരസ്പരം ആനന്ദം നുകരാനായി നവദമ്പതികള്‍ കുട്ടികള്‍ വേണ്ടെന്നുവെക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമാണോ ? ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിലും ഏകപക്ഷീയമാണെങ്കിലും ഇതിന് അനുവാദമുണ്ടോ?

—————–

ഉത്തരം: ഇസ്‌ലാം വിവാഹംകഴിക്കാനും അതിലൂടെ വംശവര്‍ധനവുണ്ടാകാനുമാണ് പ്രോത്സാഹിപ്പിക്കുന്നത്. നബിതിരുമേനി (സ) പറഞ്ഞു:’നിങ്ങള്‍ വിവാഹംകഴിക്കുകയും പ്രജനനംനടത്തുകയുംചെയ്യുവിന്‍’. സന്താനങ്ങളെ ഉല്പാദിപ്പിക്കുകയെന്നത് വിവാഹജീവിതത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ദൈവികമായ വരദാനമാണ് സന്താനങ്ങള്‍ . അവ നമുക്ക് സന്തോഷത്തോടെ സ്വീകരിക്കാന്‍ കഴിയേണ്ടതാണല്ലോ.

കുട്ടികള്‍ ഭാരമാണെന്ന ചിന്താഗതിയെ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. പട്ടിയെയും പൂച്ചയെയും ഓമനിച്ചവളര്‍ത്തുന്നത് ജീവിതംആസ്വദിക്കാനുള്ളതെന്ന കാഴ്ചപ്പാടിന്റെ ലക്ഷണമാണ്. വിശ്വാസികള്‍ക്ക് അത്തരത്തിലുള്ള ജീവിതകാഴ്ചപ്പാട് ഒരിക്കലും ഉണ്ടായിക്കൂടാ.

മേല്‍വിവരിച്ചതനുസരിച്ച് നിലവിലെസാഹചര്യത്തില്‍ കുട്ടികള്‍ ഉണ്ടാകുന്നത് ഭാരമാകുമെന്നും അത് ജീവിതആസ്വാദനത്തെ ബാധിക്കുമെന്നും ആരെങ്കിലും വിചാരിക്കുന്നുവെങ്കില്‍ അതിനുവേണ്ടി കുടുംബാസൂത്രണം സ്വീകരിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതേസമയംതന്നെ അളവിനേക്കാള്‍ ഗുണനിലവാരം ഇസ്‌ലാം പരിഗണിക്കുന്നുവെന്ന തത്ത്വം മുന്‍നിര്‍ത്തി കുടുംബാസൂത്രണം സ്വീകരിക്കാവുന്നതാണ്. അതിനുള്ള നിബന്ധനകള്‍ താഴെകുറിക്കുന്നു:

1. ദമ്പതികളിരുവരും വിദ്യാര്‍ഥികളാണെങ്കില്‍ കുട്ടികളുണ്ടാകുന്നത് പഠനത്തെ ബാധിക്കുമെന്നും കുട്ടിയോടുള്ള തങ്ങളുടെ ബാധ്യതയില്‍ വീഴ്ചവരുത്തുമെന്നും ആശങ്കിക്കുക.

2. കുട്ടിയെ പരിപാലിച്ചുവളര്‍ത്താനുള്ള പക്വതയെത്താതിരിക്കുക.(ചെറുപ്രായം)

3. ദമ്പതികളിലൊരാള്‍ ആരോഗ്യപരമായി വളരെ ദുര്‍ബലാവസ്ഥയില്‍ പെട്ടിരിക്കെ, അത് വീണ്ടെടുക്കുന്ന ഘട്ടത്തില്‍ കുട്ടികളാകാം എന്നുചിന്തിക്കുന്നഘട്ടത്തില്‍

4. അങ്ങേയറ്റം ദുര്‍ബലരും പ്രായാധിക്യത്തിലെത്തിയവരുമായ മാതാപിതാക്കള്‍ ഉണ്ടായിരിക്കെ അവരുടെ ശുശ്രൂഷയ്ക്ക് തന്നെ മതിയായ സമയം ഇല്ലാതിരിക്കുകയും വിശ്രമം കിട്ടാതാവുകയുംചെയ്താല്‍.

5. ദമ്പതികളിരുവരും പരസ്പരം മനസ്സിലാക്കുവാനും അങ്ങനെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി ഏറ്റെടുക്കുന്നതിന് പ്രാപ്തരാകാനും ആഗ്രഹിക്കുന്നുവെങ്കില്‍

6. ഓരോകുട്ടികളുണ്ടാകുമ്പോഴും അവര്‍ക്ക് മതിയായ പരിചരണവും ശുശ്രൂഷയും ഉറപ്പുവരുത്തണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍

7. ആരോഗ്യപരമായ കാരണങ്ങളാല്‍ ഭാര്യക്ക് തല്‍ക്കാലം ഗര്‍ഭം ധരിക്കാനാകില്ലെങ്കില്‍.

ഇനി താങ്കളുന്നയിച്ച മറ്റൊരുപ്രശ്‌നത്തിന് മറുപടിയിതാണ്. കുട്ടികളുണ്ടാവുക ഭാര്യയുടെയും ഭര്‍ത്താവിന്റെയും അവകാശമായതിനാല്‍ രണ്ടാലൊരുകക്ഷിക്ക് ഏകപക്ഷീയമായി ഗര്‍ഭനിരോധനത്തിന് അനുവാദമില്ല. ഉഭയകക്ഷിസമ്മതപ്രകാരം മാത്രമേ ആസൂത്രണഉപാധികള്‍ സ്വീകരിക്കാന്‍ പാടുള്ളൂ. ഭാര്യയുടെ ആരോഗ്യം അപകടത്തിലാകുമെന്നുകണ്ടാല്‍ മാത്രം ഏകപക്ഷീയമായി അതിന് വിധേയമാകാന്‍ ഇളവുണ്ട്. അത്തരമൊരുഘട്ടത്തില്‍ ഭാര്യക്ക് ഭര്‍ത്താവ് അറിയാതെ നിയന്ത്രണമാര്‍ഗം സ്വീകരിക്കാം.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

 

Topics