കുടുംബ ജീവിതം-Q&A

ശാരീരികപ്രശ്‌നങ്ങള്‍ ഭാവിപങ്കാളിയോട് വെളിപ്പെടുത്തണോ?

ചോ: ജീവിതപങ്കാളികള്‍ എല്ലാം വിശ്വസ്തതയോടെ പങ്കുവെക്കുന്ന ബലിഷ്ഠമായ കരാറാണല്ലോ വിവാഹം. അതിനാല്‍ ജീവിതപങ്കാളികളിരുവരും  വഞ്ചനാത്മകമായ രഹസ്യങ്ങളില്ലാതെ കഴിയേണ്ടവരാണല്ലോ. അതനുസരിച്ച് ശരീരഭാഗങ്ങളിലുള്ള മറുക് , മറ്റുപാടുകള്‍ എന്നിവയെ സംബന്ധിച്ച് പങ്കാളിയോട് പറയേണ്ടതില്ലേ?

———————–

ഉത്തരം: നിസ്സാരമെന്ന ഗണത്തില്‍ മറ്റുള്ളവര്‍ പെടുത്തിയേക്കാവുന്ന ഇത്തരംസംശയങ്ങള്‍ ഉന്നയിച്ചതിന് അഭിനന്ദനങ്ങള്‍. ജീവിതപങ്കാളികള്‍ തമ്മിലുള്ള ലൈംഗികാകര്‍ഷണത്തിന് തടസ്സംസൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ ശാരീരികവൈകല്യങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് ഭാവിപങ്കാളിയോട് വെളിപെടുത്താം.

എന്നാല്‍ ശാരീരികമായോ മാനസികമായോ യാതൊരുപ്രശ്‌നവുംസൃഷ്ടിക്കാത്ത ബാഹ്യശരീരപ്രകൃതികളെ (ഉദാ: മറുക്, കാക്കപ്പുള്ളി, മുറിപ്പാട്…) പറ്റി വെളിപ്പെടുത്തേണ്ടതില്ല. പലപ്പോഴും അത്തരം നിസ്സാരകാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് വലിയസംശയങ്ങള്‍ വെച്ചുപുലര്‍ത്താനാണ് വഴിയൊരുക്കുക.

അസ്മ ബിന്‍ത് അബൂബക്‌റില്‍നിന്ന് റിപോര്‍ട്ടുചെയ്യുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം: ഒരിക്കല്‍ ഒരു യുവതി നബി(സ)യുടെ അടുക്കല്‍വന്ന് ഇപ്രകാരംചോദിച്ചു: ‘അല്ലയോ അല്ലാഹുവിന്റെ റസൂലേ, എന്റെ മകള്‍ക്ക് മുമ്പ് മുണ്ടിനീര് ഉണ്ടായതുകാരണമായി മുടികൊഴിച്ചിലുണ്ടായി. ഇപ്പോള്‍ ഞാനവള്‍ക്ക് വിവാഹമാലോചിക്കുന്നു. അവള്‍ക്ക് തലയില്‍ വെപ്പുമുടി(വിഗ്)പിടിപ്പിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?. അപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം മൊഴിഞ്ഞു: ‘മുടി കൃത്രിമമായി പിടിപ്പിക്കുന്നവളെയും അതിനായി ആവശ്യപ്പെടുന്നവളെയും അല്ലാഹു ശപിച്ചിരിക്കുന്നു.”(മുസ്‌ലിം)

മേല്‍ഹദീഥ് ഭാവിപങ്കാളിയോട് വെളിപ്പെടുത്തേണ്ട ബാഹ്യശരീരന്യൂനതയുടെ സ്വഭാവം വരച്ചുകാട്ടുന്നു. ഭാവിപങ്കാളിക്ക് മുടികൊഴിഞ്ഞ  ആളെ ഇഷ്ടമല്ലെങ്കില്‍ ആ വസ്തുത ഒളിപ്പിക്കുന്നത് വഞ്ചനയായിരിക്കും. അത് മുന്‍കൂട്ടി അറിയിക്കുന്നത് കക്ഷിക്ക് പങ്കാളിയെ വേണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതിന് സഹായിക്കും.

താങ്കളുടെവിഷയത്തില്‍  മറുക്  ദാമ്പത്യത്തെ ബാധിക്കുന്ന വിഷയമായേക്കും എന്ന് ഭയന്നാല്‍മാത്രം അക്കാര്യം പറഞ്ഞാല്‍ മതി. എന്നാല്‍ സാധാരണനിലക്ക്  അവയൊന്നും ശാരീരികവൈകല്യങ്ങളില്‍ പെട്ടവയല്ലാത്തതുകൊണ്ട് അതെപ്പറ്റി പറയേണ്ടതില്ല.

ഈ വിഷയത്തില്‍ ഡോ. അബ്ദുല്‍ ഫത്താഹ് ഇദ്‌രീസ് നല്‍കുന്ന മറുപടി ഇതോടൊപ്പം ചേര്‍ക്കുന്നു: ഭാവിപങ്കാളി ഏതെങ്കിലും രോഗങ്ങളാല്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അക്കാര്യം  വെളിപ്പെടുത്തേണ്ടതുണ്ട്. കാരണം അത്തരം രോഗങ്ങളുള്ളവരെ വിവാഹംകഴിക്കേണ്ടെന്ന് തീരുമാനമുള്ള ആള്‍ക്ക് അതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയും.  ജീവിതപങ്കാളികളാകാന്‍ ഉദ്ദേശിക്കുന്നവര്‍ അത്തരംവിഷയങ്ങളില്‍ യാതൊന്നും മറച്ചുവെക്കരുതെന്ന് നബി(സ) പ്രത്യേകം നിര്‍ദ്ദേശിച്ചിരിക്കുന്നു. മുഗീറത്തുബ്‌നുശുഅ്ബയില്‍നിന്ന് നിവേദനം. അദ്ദേഹം അന്‍സ്വാറുകളില്‍പെട്ട യുവതിയുമായി വിവാഹാലോചന നടത്തി. ഇതറിഞ്ഞ നബി(സ) അദ്ദേഹത്തോട് പെണ്‍കുട്ടിയെ കണ്ടിരുന്നോ എന്ന് ചോദിച്ചു. ഇല്ലയെന്നായിരുന്നു മറുപടി. അപ്പോള്‍ നബി(സ) പറഞ്ഞു:’നീ പോയി അവളെ കാണുക. കാരണം , അന്‍സ്വാരികളില്‍ ചിലര്‍ക്ക് കണ്ണിന് ചില പ്രശ്‌നങ്ങളുണ്ട്.'(നസാഈ)  ആ പ്രശ്‌നത്തെപ്പറ്റി ചില പണ്ഡിതര്‍ പറയുന്നത് കാഴ്ച ശക്തിക്കുറവ് ആണെന്നാണ്.

അതിനാല്‍ വിവാഹമാലോചിക്കുന്നവര്‍ തങ്ങള്‍ക്കുള്ള പാരമ്പര്യ-പാരമ്പര്യേതര രോഗങ്ങളെപ്പറ്റി ഭാവിപങ്കാളിയോട് വെളിപ്പെടുത്തണം. വിവാഹശേഷം വഞ്ചനയെന്ന അര്‍ഥത്തില്‍ ഗുരുതരവിഷയമാകാതിരിക്കാന്‍ അത് അനിവാര്യമാണ്.

 

Topics