ഖുര്‍ആന്‍-ലേഖനങ്ങള്‍

ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ട്

ഖുര്‍ആന്‍ ചിന്തകള്‍ :ദൃശ്യകലാവിരുന്ന് ഭാഗം-8

പടച്ച റബ്ബിന്റെ ഒരത്ഭുത പ്രതിഭാസമാണ് ചന്ദ്രന്‍. മനുഷ്യമനസ്സിന് പൂര്‍ണ്ണമായും കുളിരേകുന്ന കാഴ്ചയാണ് പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്‍ എന്നുള്ളത്.! ഓരോ രാത്രിയും ചന്ദ്രനോടൊത്തുള്ള ജീവിതം മനഷ്യമനസ്സില്‍ അഗാധവും സുന്ദരവും സമ്പന്നവുമായ വിചാരങ്ങള്‍ സൃഷ്ടിക്കും. പൂര്‍ണ്ണമായ ഒരു ‘ചന്ദ്രവട്ട’മെങ്കിലും(ഒരു മാസം) അതിനോടൊത്തു ജീവിക്കുന്ന ഒരു മനുഷ്യന് ഹൃദയത്തിന്‍മേല്‍ അത് ചെലുത്തുന്ന സ്വാധീനങ്ങളെ ഭേദിച്ച് രക്ഷപ്പെടാനാവില്ല.! നിലാവ് പുതച്ച ആ മൃദുലഗാത്രത്തെ തൊടാന്‍ ആരാണ് കൊതിക്കാത്തത്.!? പകലില്‍ നമ്മെ വേര്‍പിരിയുന്ന അമ്പിളി രാത്രി പൂര്‍വ്വോപരി സുന്ദരിയായി തിരിച്ചു വരുന്നു..! അങ്ങനെ രാത്രിയുടെ രാജ്ഞിയായി അവള്‍ ഏവരിലും പ്രഭ ചൊരിയുന്നു..! ചന്ദ്രന്റെ ഈ സുന്ദരമായ പ്രത്യക്ഷപ്പെടല്‍ ഇരുട്ട് തളം കെട്ടുന്ന മനുഷ്യമനസ്സുകളില്‍ പ്രതീക്ഷയുടെ നിലാവ് വാരിവിതറുന്നു.! അവന്റെ അധരപുടങ്ങളില്‍ അത് ചുംബിക്കുന്നു..! സൗന്ദര്യവും ആസ്വാദനവും ആവിഷ്‌കാരവും സമന്വയിച്ച മനുഷ്യബുദ്ധി ഇത് തിരിച്ചറിയേണ്ടതാണ്.!

വിശുദ്ധഖുര്‍ആന്‍ പല സ്ഥലങ്ങളിലായി ചന്ദ്രനെക്കുറിച്ച് പ്രതിപാദിക്കുന്നത് കാണാം. റബ്ബ് എത്ര മനോഹരമായാണ് അത് പരാമര്‍ശിക്കുന്നത്. സുന്ദരവും മോഹനവുമായ ആവിഷ്‌കരമാണത്. ഒരൊറ്റ ഉദാഹരണം നോക്കാം; സൂറത്തു: യാസീന്റെ 39ാം വചനം മനോജ്ഞമായാണത് ചിത്രീകരിക്കുന്നത്.

“وَٱلۡقَمَرَ قَدَّرۡنَـٰهُ مَنَازِلَ حَتَّىٰ عَادَ كَٱلۡعُرۡجُونِ ٱلۡقَدِیمِ”

‘ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.’

വിഹായസ്സിനെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഖുര്‍ആന്‍ പറഞ്ഞ ചന്ദ്രന്റെ ഈ വൃദ്ധിക്ഷയങ്ങള്‍ ദര്‍ശിക്കാനാകും. ബാലചന്ദ്രനായി ( ഹിലാല്‍) പിറന്ന് രാത്രിതോറും വലുതായി വലുതായി ഒടുവില്‍ കണ്‍കുളിര്‍മയുള്ള പൂര്‍ണ്ണ ചന്ദ്രനായിത്തീര്‍ന്ന് പിന്നീട് വീണ്ടും ക്ഷയിച്ച് ഏറ്റവുമൊടുവില്‍, ഈത്തപ്പനയുടെ ഉണങ്ങിയ തണ്ടു പോലുള്ള ആ ‘ പഴയ ‘ ബാലചന്ദ്രനായി മാറുന്ന രംഗം മനോഹരമായി വിശുദ്ധ ഖുര്‍ആന്‍ ആവിഷ്‌കരിക്കുകയാണിവിടെ.! ‘പഴയ’ എന്ന പ്രയോഗം ഇവിടെ വളരെ ചിന്തനീയവും ശ്രദ്ധേയവുമാണ്.! ചന്ദ്രന്‍ അതിന്റെ ആദ്യരാവുകളിലും അന്ത്യരാവുകളിലും ബാലചന്ദ്രന്‍ ( ഹിലാല്‍) രൂപത്തിലായിരിക്കും. അതവാ, പാതി മുറിഞ്ഞായിരിക്കും.! പക്ഷെ ആദ്യരാവുകളില്‍ അതിന്റെ മുഖത്ത് യുവത്വത്തിന്റെ തിളക്കവും പ്രസരിപ്പും കാണാം..! അന്ത്യ രാവിലോ; വാര്‍ദ്ധക്യത്തിന്റെ തളര്‍ച്ചയും വാട്ടവും..! ‘ഈത്തപ്പനയുടെ പഴയ തണ്ടുപോലെ’ എന്ന വിശുദ്ധഖുര്‍ആന്റെ അത്ഭുതകരമായ ഈ പ്രയോഗം സോദ്ദേശ്യപരവും സാര്‍ത്ഥകവും തന്നെ…! ഇതിന്റെ ശാസ്ത്രീയ രഹസ്യങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. നഗ്‌നദൃഷ്ടി കൊണ്ടുള്ള വെറും കാഴ്ചക്ക് തന്നെ ഹൃദയങ്ങളെ ചലിപ്പിക്കാനും ചിന്തയെ ഉത്തേജിപ്പിക്കാനും കഴിയും.! ഓരോ ഗ്രഹങ്ങള്‍ക്കും മറ്റേതിനെ മറികടക്കാന്‍ കഴിയില്ല.! കടുകിട തെറ്റാത്ത കിറുകൃത്യമായ സഞ്ചാരപഥങ്ങളാണ് ഓരോന്നിനും ദൈവം നിശ്ചയിച്ചു കൊടുത്തിരിക്കുന്നത്.! പക്ഷേ ഇതെല്ലാം തന്നെ വളരെ പ്രിയങ്കരമായിട്ടായിരിക്കും വിശുദ്ധ ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്.! മനുഷ്യഭാവനയെ സ്പര്‍ശിക്കും വിധമായിരിക്കും ആവിഷ്‌കരിക്കുന്നത്..!

(തുടരും)

ഹാഫിള് സല്‍മാനുല്‍ ഫാരിസി

Topics