ഖുര്‍ആന്‍ ചിന്തകള്‍ ദൃശ്യകലാവിരുന്ന് -7
മനുഷ്യജീവിതത്തില്‍ ശാരീരികമായും മാനസികമായും മാറ്റം സംഭവിക്കുന്ന ഒരു ഘട്ടമാണ് വാര്‍ധക്യം. ആരോഗ്യ പരിരക്ഷയ്‌ക്കൊപ്പം വൈകാരിക പിന്തുണയും കിട്ടേണ്ട ഘട്ടം. പേശികളുടെ ബലക്ഷയം, കാഴ്ചമങ്ങല്‍ ഇവയെല്ലാം തന്നെ അതിനെ അടയാളപ്പെടുത്തുന്നു. വൈകാരിക പിന്തുണക്ക് ഏറെ പ്രാധാന്യമുള്ള ഘട്ടമാണ് വാര്‍ധക്യം. അത് സ്വന്തം മക്കളില്‍ നിന്നും കിട്ടാതെ വരുമ്പോഴാണവര്‍ ഏകാന്തതയുടെ തീഷ്ണതയും ഒറ്റപ്പെടലിന്റെ ഭാരവും അനുഭവിക്കുന്നത്. ശരിക്കും വാര്‍ധക്യം എന്നുള്ളത് ശൈശവത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്. ശൈശവത്തിന്റെ പ്രിയങ്കരമായ നിഷ്‌കളങ്കതയില്ലാതെ ! വൃദ്ധന്‍, അതുവരെ താന്‍ ആര്‍ജിച്ചതില്‍ നിന്നെല്ലാം പിറകോട്ട് നടക്കുകയാണ്.. കഴിഞ്ഞതും പഠിച്ചതുമൊക്കെയും അയാള്‍ മറക്കുന്നു.. അയാളുടെ നാഡീ ഞരമ്പുകള്‍ ദുര്‍ബലമാകുന്നു.. ചിന്താശക്തി ക്ഷയിക്കുന്നു.. സഹന ശേഷി കുറയുന്നു.. ആ വൃദ്ധന്റെ ചാപല്യങ്ങളോട് മക്കള്‍ക്ക് വെറുപ്പാണ് തോന്നുക.! അങ്ങേയറ്റത്തെ കാരുണ്യം നമ്മുടെ മനസ്സിലില്ലെങ്കില്‍ അതിനോട് നമുക്ക് പരിഹാസമാണ് തോന്നുക.! അവരുടെ ചുക്കിച്ചുളിഞ്ഞ തൊലിയും വളഞ്ഞ നട്ടെല്ലും പല്ലില്ലാത്ത മോണകളും മക്കളെ അസ്വസ്ഥപ്പെടുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്..!
മാതാപിതാക്കള്‍ വാര്‍ധക്യം പ്രാപിച്ചാല്‍ എങ്ങനെ വര്‍ത്തിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വളരെ സുന്ദരവും സുമോഹനവുമായി സൂറത്തുല്‍: ഇസ്‌റാഇന്റെ 23-24 വചനങ്ങളില്‍ ആവിഷ്‌കരിക്കുന്നത് കാണാം..!
” وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوۤا۟ إِلَّاۤ إِیَّاهُ وَبِٱلۡوَ ٰلِدَیۡنِ إِحۡسَـٰنًاۚ إِمَّا یَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَاۤ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَاۤ أُفࣲّ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلࣰا كَرِیمࣰا”
‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.’
“وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّیَانِی صَغِیرࣰا”
‘കാരുണ്യത്തോടെ എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.’
വാര്‍ധക്യത്തിന്റെ മഹിമയും മഹത്വവും ചിത്രീകരിക്കുന്ന മനോഹരമായ രണ്ട് സൂക്തങ്ങള്‍.! ശൈശവസ്മൃതികള്‍ ഇളക്കിവിട്ടു കൊണ്ടും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും വികാരങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ടും വചനങ്ങള്‍ അതിന്റെ സുതാര്യമായ നിഴലുകള്‍ വായനക്കാരന്റെ ഭാവനയില്‍ കോറിയിടുന്നു…! ‘ അവരില്‍ ഒരാളോ ഇരുവരോ നിന്റെയടുക്കല്‍ വാര്‍ധക്യം പ്രാപിച്ചാല്‍ വെറുപ്പിന്റെ വാക്ക് നീ പറഞ്ഞുപോകരുത്’ വിശുദ്ധ ഖുര്‍ആനിന്റെ ശാസനയാണിത്. വാര്‍ധക്യത്തിന് അതിന്റേതായ മഹത്വമുണ്ട്.’നിന്റെയടുക്കല്‍’ എന്ന പ്രയോഗം വാര്‍ധക്യത്തിന്റെ ബലഹീനതയിലുണ്ടാകുന്ന അഭയാന്വേഷണത്തെയാണ് ദ്യോതിപ്പിക്കുന്നത്.! മക്കളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് പ്രയാസവും ഞ്ഞെരുക്കവും നിന്ദ്യവും അമാന്യമായ സമീപനവും ഉണ്ടാവരുത്.! പിന്നീട് സൂക്തം ‘കാരുണ്യത്തിന്റെ ചിറകുകള്‍ വിനയപൂര്‍വ്വം നീ അവര്‍ക്ക് താഴ്ത്തി കൊടുക്കുക’ എന്ന് ശാസിക്കുന്നു. എനിക്ക് തോന്നുന്നു ഇവിടെ വചന ബോധനം ഹൃദയങ്ങളുടെ ശാദ്വലതലങ്ങളിലേക്ക് ഇരച്ച് കയറുന്നു…വിനയത്തില്‍ നിന്ന് അടര്‍ന്ന് വീഴുന്ന കാരുണ്യം…ആ വിനയത്തിനാകട്ടെ അടക്കത്തിന്റെയും അനുസരണത്തിന്റെയും ചിറകുകള്‍… റാഞ്ചാന്‍ വരുന്ന പരുന്തില്‍ നിന്നും ഒരമ്മ തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് തന്റെ തൂവല്‍സ്പര്‍ശത്തിനടിയില്‍ ഒളിപ്പിക്കുന്ന തള്ളക്കോഴിയെ പോലെ ആയിരുന്നു നമ്മുടെ മാതാപിതാക്കള്‍…! അതുകൊണ്ട് സ്‌നേഹവായ്പ്പും പരിചരണവുമാണവര്‍ക്കിന്നാവിശ്യം.. അവസാനം മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന പ്രാര്‍ത്ഥനയോടെ സൂക്തം അവസാനിക്കുന്നു.!
വാര്‍ധക്യത്തിന്റെ അവശതയെ,വിവശതയെ, അതിന്റെ ഏകാന്തതയെ, നിസ്സഹായതയെ, മനഃചാപല്യങ്ങളേ, മനഃപ്രയാസങ്ങളെ , മൗന നൊമ്പരങ്ങളെ ഹൃദ്യമായ നിലയില്‍ ഒരു ശാസനയോടു കൂടി സൂക്തം മനോഹരമായി വരച്ചിടുന്നു..!വാര്‍ധക്യത്തിന്റെ വേദനകളും യാതനകളും ഒരു നിമിഷം മനുഷ്യഭാവനയെ ഒപ്പിയെടുക്കുന്നു..! അനുവാചകന്റെ മനസ്സ് നിറയ്ക്കുന്ന സമൂര്‍ത്തമായ മുഹൂര്‍ത്തം..! ഓരോ മനുഷ്യ ശരീരത്തിലും ഒരു ശസ്ത്രക്രിയക്കും മായ്ച്ചുകളയാന്‍ പറ്റാത്ത വിധത്തിലുള്ള അത്ഭുതമായി പൊക്കിള്‍ക്കുഴിയെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു. മായാത്ത മുദ്രയായി അതിനെ പതിപ്പിച്ചിരിക്കുന്നു.! മാതൃത്വത്തിന്റെയും വാര്‍ധക്യത്തിന്റെയും തേട്ടമായി അതിനെ അടയാളപ്പെടുത്തിയിരിക്കുന്നു..!വാര്‍ധക്യത്തിന്റെ അശക്തിയും അവശതയും എന്റെ തൂലികയെ തളര്‍ത്തുന്നു.!
(തുടരും)
ഹാഫിള് സല്‍മാനുല്‍ ഫാരിസി
Add Comment