നക്ഷത്രങ്ങളാണ് കുട്ടികള്‍-19
2020 മെയ് 25 ഒരു കറുത്ത ദിവസമാണ്. വിശ്വമഖിലം കൊവിഡ് 19 മഹാരിയോട് പല്ലും നഖവും ഉപയോഗിച്ച് പൊരുതിക്കൊണ്ടിരിക്കുമ്പോഴാണ് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് അമേരിക്കയില്‍ ആ കിരാത സംഭവം അരങ്ങേറിയത്.അഞ്ച് കുട്ടികളുടെ പിതാവായ ആഫ്‌റോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന നാല്‍പ്പത്താറുകാരനെ തൊലി വെളുത്ത വംശവെറിയനായ പൊലീസ് ഓഫീസര്‍
ഡിറേക് ചൊവിന്‍ ( Direk Chauv-in ) എട്ട് മിനിട്ട് നാല്‍പത്താറ് സെക്കന്റ് നേരം കഴുത്തിന്‍മേല്‍ ചവിട്ടി നിന്നു ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുത്തിയ സംഭവം. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് താണുകേണ് പറഞ്ഞിട്ടും ആ വെളുത്ത ഭ്രാന്തന്റെ മനസ്സലിഞ്ഞില്ല. ശ്വാസം കിട്ടാതെ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന തൊലികറുത്ത ആ പാവം അമേരിക്കയുടെ തെരുവുകളിലൊന്നില്‍ കിടന്നു പിടഞ്ഞു മരിച്ചു. ലോകത്തിന്റെ പലഭാഗത്തും കൊവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ നൂറു കണക്കിനാളുകള്‍ പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ജോര്‍ജ് ഫ്‌ളോയ്ഡും ശ്വാസം കിട്ടാതെ മരിച്ചത്. ഫ്‌ളോയ്ഡ് മരണപ്പെട്ടു പോയെങ്കിലും ആ രക്തസാക്ഷിയുടെ അവസാന വാക്കുകള്‍ ലോകത്തിന്റെ ശ്രവണപുടങ്ങളില്‍ ഇപ്പോഴും അലയടിക്കുന്നുണ്ട്. I can’t breathe( എനിക്ക് ശ്വാസം കിട്ടുന്നില്ല). വര്‍ഷങ്ങള്‍ക്കു മുന്‍പ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറുടെ വായില്‍നിന്നുതിര്‍ന്നു വീണ ആ വിപ്‌ളവ മന്ത്രം കണക്കെ. I have a dream ( എനിക്കൊരു സ്വപ്നമുണ്ട്).
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ രക്തസാക്ഷിത്വം ലോകമറിഞ്ഞതും അമേരിക്കന്‍ തെരുവുകളില്‍ തൊലി വെളുത്തവരുടെ വംശീയ ധാര്‍ഷ്ട്യത്തിനെതിരെ
വിമോചനപ്പോരാട്ടത്തിന്റെ തീപ്പന്തമുയര്‍ത്താന്‍ മര്‍ദ്ദിതരെ സജ്ജമാക്കിയതും ഒരു വീഡിയോ ആയിരുന്നു എന്നത് നാമോര്‍ക്കണം. കണ്ടവര്‍ കണ്ടവര്‍ വംശവെറിയെ ശപിച്ചു പോയ നിമിഷങ്ങള്‍. ഏതെങ്കിലും ഒരു പത്രപ്രവര്‍ത്തകനായിരുന്നില്ല ജോര്‍ജ് ഫ്‌ളോയ്ഡിന്റെ അന്ത്യദിന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. പതിനേഴ് കാരനായ ഡാര്‍നെല്ല ഫ്രേസിയാര്‍ ആയിരുന്നു സധൈര്യം, സസൂക്ഷ്മം സ്വന്തം സെല്‍ഫോണില്‍ ആ ദൃശ്യം പകര്‍ത്തിയത്.
കറുത്തവര്‍ക്കെതിരെ വെളുത്തവര്‍ തുടരുന്ന വംശീയാക്രമണത്തിനെതിരെ ലോക മനസ്സാക്ഷിയുണര്‍ത്താന്‍ ഒരു വിമോചനപ്പോരാളിയായി
സ്വയം മാറുകയായിരുന്നു ഡാര്‍നെല്ല ഫ്രേസിയാര്‍എന്ന പതിനേഴുകാരന്‍. ഒരു മഹാ വിപ്‌ളവത്തിന്റെ കാഹളം മുഴക്കുകയായിരുന്നു ഒരു ദൃശ്യാവിഷ്‌ക്കാരത്തിലൂടെ ആ കൗമാരക്കാരന്‍ ചെയ്തത്. ഡാര്‍നെല്ലയുടെ ചിത്രമില്ലായിരുന്നങ്കില്‍ ലോകത്തിന്റെ പൊതുബോധ സിരകള്‍ ഇത്രകണ്ട് തിളക്കുമായിരുന്നില്ല.
സൃഷ്ട്യുന്‍മുഖമായ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്ക് നമ്മുടെ കുട്ടികളെ, പുതിയ തലമുറയെ എങ്ങനെ വഴിതിരിച്ചു വിടാന്‍ കഴിയും എന്ന് ചിന്തിക്കാന്‍ ഈ സംഭവം നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. സമൂഹത്തിന്റെ, പ്രത്യേകിച്ച് പാര്‍ശ്വവല്‍കൃതരുടെ നന്മ കാക്ഷിക്കുന്ന നല്ല മനസ്സുകളുടെ
ഉടമകളായി എപ്രകാരം നമ്മുടെ കുട്ടികളെ രൂപപ്പെടുത്താനാവും. അര്‍ഥപൂര്‍ണമായ സാമുഹീകരണ പ്രക്രിയയിലൂടെ മാത്രമേ കുട്ടികളില്‍ സാമുഹിക പ്രതിബദ്ധത എന്ന സ്വഭാവ ഗുണം വികസിച്ചു വരികയുള്ളൂ. വീടുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും സാമൂഹിക സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വഹിക്കാനാവുന്ന പങ്ക് വളരെ വലുതാണ്.
ഡാര്‍നെല്ല ഫ്രേസിയാര്‍ എന്ന കൗമാരക്കാരന്റെ ധീരത, സൂക്ഷ്മത, പ്രതിബദ്ധത, ആവിഷ്‌ക്കാര നിപുണത ഇവയെല്ലാം പെട്ടെന്നൊരു മുഹൂര്‍ത്തത്തില്‍ പൊട്ടി വിടര്‍ന്നതല്ല എന്ന് നമുക്കറിയാം. സക്രിയമായ ജീവിതാനുഭവങ്ങളുടെ ചടുലവും നിരന്തരവുമായ സാന്നിധ്യം അവനെ അനുഗമിച്ചിരിക്കണം.
ഭീരുക്കളോ വിമതരോ പ്രതിലോമകാരികളോ ആയി കുട്ടികള്‍ മാറിപ്പോകുന്നുണ്ടെങ്കില്‍ ജീവിത സാഹചര്യങ്ങളിലെ താളപ്പിഴകളാവും അതിന്റെ കാരണം.. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലായ്മ ഭയന്ന് ആത്മഹത്യ ചെയ്ത പത്താം ക്ലാസുകാരി ദേവികയും പരീക്ഷയിലെ കോപ്പിയടിയുടെ പേരില്‍ ജീവന്‍ നഷ്ടപ്പെടുത്തിയ ഡിഗ്രി വിദ്യാര്‍ത്ഥിനി അഞ്ജുവും നമുക്കിന്ന് നൊമ്പരങ്ങളാണ്. ആ രണ്ടു പെണ്‍കുട്ടികളും പഠനത്തില്‍ മിടുക്കികളായിരുന്നു എന്നാണ് അവരുടെ അധ്യാപകര്‍ പറയുന്നത്. പഠനത്തിലെ മിടുക്ക്, ജീവിതത്തിലുണ്ടായ ഒരു പ്രശ്‌നം പരിഹരിക്കുന്നതില്‍ അവരെ എന്തുകൊണ്ട് തുണച്ചില്ല എന്നത് മൗലികമായൊരു ചോദ്യമാണ്. പ്രശ്‌ന പരിഹാര ശേഷി വളര്‍ത്താനാ യിരിക്കണമല്ലൊ പഠനം. ജീവിതത്തെ നേരിടാനാകണം ജീവിതത്തില്‍ നിന്നും ഒളിച്ചോടാനല്ല വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തമാക്കേണ്ടത്.
കുട്ടികളില്‍ അപകര്‍ഷതാ ബോധം വളര്‍ന്നു വരാനിടയാകുന്ന സാഹചര്യം രക്ഷിതാക്കളും അധ്യാപകരും തിരിച്ചറിഞ്ഞു അതിന് തടയിടേണ്ടതുണ്ട്. നായാട്ടിനിറങ്ങിയ ഒരു വേട്ടക്കാരന് ഒരിക്കല്‍ ഒരു കഴുകന്റെ മുട്ട കിട്ടിയ കഥയുണ്ട്. അയാള്‍ വീട്ടില്‍ വന്ന്, വിരിയാന്‍ വച്ച കോഴിമുട്ടകളോടൊപ്പം കഴുകന്റെ മുട്ടയും വെച്ചു. കുറച്ചു ദിവസം കഴിഞ്ഞ്, കോഴിക്കുഞ്ഞുങ്ങളോടൊപ്പം കഴുകന്‍ കുഞ്ഞും മുട്ട വിരിഞ്ഞ് പുറത്തു വന്നു. തള്ളക്കോഴിയുടെ കരുതലില്‍ കോഴിക്കുഞ്ഞുങ്ങളോടൊപ്പം കഴുകന്‍ കുഞ്ഞും ചിക്കിയും പെറുക്കിയും വളര്‍ന്നു. ഒരു ദിവസം ആകാശത്ത് ഒരു കഴുകന്‍ വട്ടമിട്ടു പറക്കുന്നത് കഴുകന്‍കുഞ്ഞ് കണ്ടു. അതിനും അതുപോലെ പറക്കാന്‍ മോഹമുദിച്ചു. തള്ളക്കോഴി , പക്ഷേ അതിനെ നിരുത്സാഹപ്പെടുത്തി. നടക്കാത്ത കാര്യങ്ങള്‍ വെറുതെ മോഹിച്ചു നടക്കേണ്ടെന്നും പറഞ്ഞു ശാസിക്കുകയും ചെയ്തു. കഴുകന്‍ കുഞ്ഞ്, അങ്ങനെ കോഴിക്കുഞ്ഞുങ്ങളെ പ്പോലെ തന്നെ ജീവിച്ചു വന്നു. ഒരു ദിവസം യാദൃശ്ചികമായി അവിടെയെത്തിയ ഒരു പക്ഷി ശാസ്ത്രജ്ഞന്‍ കഴുകന്‍ കുഞ്ഞിനെ വേട്ടക്കാരനില്‍ നിന്ന് വിലകൊടുത്തു വാങ്ങി. അയാളതിനെ പറക്കാന്‍ പരിശീലിപ്പിച്ചു. ഉയരങ്ങളിലേക്ക് പറന്നുയരാന്‍ പ്രോത്സാഹിപ്പിച്ചു. ആകാശത്തിന്റെ അനന്തതയില്‍ വട്ടമിട്ടു പറക്കുന്ന കഴുകന്‍മാരെ കാണിച്ചു കൊടുത്തു. ഒടുവില്‍ കഴുകന്‍ കുഞ്ഞ് പറക്കാന്‍ പരിശീലിച്ചു. കഴുകന്റെ യഥാര്‍ത്ഥ സ്വത്വം അത് തിരിച്ചു പിടിച്ചു. പക്ഷിശാസ്ത്രജ്ഞന്റെ അടുത്ത് എത്തിയില്ലായിരുന്നെങ്കില്‍ കഴുകന്‍ കുഞ്ഞ് കോഴിക്കുഞ്ഞ് തന്നെയായി തന്നെയായികഴിയേണ്ടി വരുമായിരുന്നു.
കുട്ടികളുടെ ജീവിതത്തിലെപ്പോഴും അനുഭവങ്ങളുടെ സാന്നിധ്യമുണ്ടാകണമെന്നും സ്വത്വം തിരിച്ചറിയാന്‍ അവര്‍ക്ക് സാഹചര്യമൊരുക്കണമെന്നുമാണ് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത്( തുടരും).
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
Add Comment