നക്ഷത്രങ്ങളാണ് കുട്ടികള്‍ – 33
വിഖ്യാത ശില്‍പിയും ചിന്തകനും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു ലൊറാഡൊ സഡോക്ക് ടഫ്റ്റ്. ( Lorado Zadok Taft) 1860-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ടഫ്റ്റ് 1936-ല്‍ ചിക്കാഗോയില്‍ വെച്ചാണ് മരണപ്പെട്ടത്. ഇല്ലിനോയിസ് ഇന്റസ്ട്രിയല്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയെടുത്ത ശേഷം പാരീസിലേക്ക് പോവുകയും അവിടെ നിന്നും ശില്‍പകലയില്‍ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു. ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ചിക്കാഗോയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഇന്സ്റ്റിറ്റിയൂട്ടില്‍ വര്‍ഷങ്ങളോളം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രകൃതിയെ അത്യഗാധമായി പ്രണയിച്ചിരുന്ന അനുഗൃഹീത കലാകാരനായിരുന്നു ടഫ്റ്റ്.
ഒരു വൈകുന്നേരം കുടുംബത്തോടൊപ്പം കായല്‍ക്കരയില്‍ നിന്ന് സൂര്യാസ്തമയത്തിന്റെ വിസ്മയജന്യമായ ആ ചാരുത ആസ്വദിക്കുകയായിരുന്നു ടഫ്റ്റ്. വീട്ടുജോലികളില്‍ സഹായിക്കാറുള്ള പെണ്‍കുട്ടിയും കുടുംബാംഗങ്ങളോടൊപ്പം അവിടെയുണ്ടായിരുന്നു.
‘ നോക്കു, ഇന്നത്തെ സൂര്യാസ്തമയത്തിന് എന്ത് ചന്തം! അല്ലേ ‘ ടഫ്റ്റ് ആ പെണ്‍കുട്ടിയോട് പറഞ്ഞു.
‘ ഞാന്‍ ഒന്നു വീട്ടില്‍ പോയിട്ട് വരാം ‘ അവള്‍ ധിറുതിയില്‍ പോകാനൊരുങ്ങി.
‘ സൂര്യാസ്തമയം കാണാന്‍ നില്‍ക്കാതെ നീയിപ്പോള്‍ വീട്ടിലേക്ക് പോകുന്നോ ‘
‘ അതെ, വീട്ടുകാരെയും സൂര്യാസ്തമയം കാണിച്ചുകൊടുക്കാന്‍ ‘
‘ അതവര്‍ കണ്ടിട്ടുണ്ടാകും ‘
‘ ഒരിക്കലുമില്ല. ആരെങ്കിലും കാണിച്ചു കൊടുത്താലേ അവരത് കാണു ‘ ആ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ വാക്കുകളില്‍ ഒളിഞ്ഞു കിടക്കുന്ന സങ്കീര്‍ണമായ ജീവിത സമസ്യകള്‍ ടഫ്റ്റിനെ അസ്വസ്ഥനാക്കി. ആരെങ്കിലും കാണിച്ചു കൊടുത്താല്‍ മാത്രം പ്രകൃതി വിസ്മയങ്ങള്‍ കാണുന്നവര്‍. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍. സ്വയം കാണാനും കേള്‍ക്കാനും ശ്രമിക്കാത്തതു കൊണ്ട് പലതും നഷ്ടപ്പെടുന്നവര്‍.
കുട്ടികളിലേക്ക് വരുമ്പോഴും ഏതാണ്ടിതേ അവസ്ഥയുണ്ട്. കുട്ടികളുടെ സവിശേഷതകള്‍, വ്യത്യസ്തതകള്‍, ആവശ്യങ്ങള്‍, അവകാശങ്ങള്‍, പ്രശ്‌നങ്ങള്‍…കുട്ടികളില്‍ നിലീനമായിട്ടുള്ള ജന്മദത്തമായ സിദ്ധികള്‍. ക്ഷമതകള്‍….
ഇവയൊന്നും സൂക്ഷ്മമായി നോക്കിക്കാണാന്‍ പലര്‍ക്കും ക്ഷമയില്ല. സമയമില്ല. താല്‍പര്യമില്ല.അതുകൊണ്ടു തന്നെ എത്രയോ കുട്ടികള്‍ എത്തേണ്ടിടത്ത് എത്താതെയും നേടേണ്ടത് നേടാനാകാതെയും ജീവിതത്തില്‍ പരാജയം ഏറ്റുവാങ്ങുന്നു.
കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതിന്റെ ആശങ്കയിലാണ് നാമെല്ലാം. ആഗ്രഹിച്ചത് കിട്ടാത്തതിന്, അച്ഛനോ അമ്മയോ വഴക്ക് പറഞ്ഞതിന്, ചേട്ടനോ ചേച്ചിയോ കളിയാക്കിയതിന്, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്, ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്നതിന്, കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയില്ല എന്ന തോന്നലിന്….നമ്മുടെ കുട്ടികള്‍ ജീവന്‍ നഷ്ടപ്പെടുത്തുന്നു എന്ന് വരുമ്പോള്‍ എന്തിനാണ് നമ്മുടെ വിദ്യാഭ്യാസം, എന്തിന് വേണ്ടി നമ്മുടെ വിദ്യാലയങ്ങള്‍ എന്ന് ചിന്തിച്ചു പോകുന്നു. വിദ്യാഭ്യാസം ജീവിക്കാന്‍ വേണ്ടിയുള്ള പരിശീലനമല്ല , ജീവിതം തന്നെയാണ് വിദ്യാഭ്യാസമെന്ന് തിരുത്തിപ്പറഞ്ഞ ജോണ്‍ ഡ്യൂയിയെ ഇവിടെ ഓര്‍ത്തു പോകുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നടുവില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കേണ്ട നമ്മുടെ കുട്ടികള്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നു എന്ന് കേള്‍ക്കേണ്ടി വരുന്നത് രോഗാതുരമായ ഒരു സാമൂഹിക ഘടനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചികിത്സിക്കേണ്ടത് രോഗിയെയല്ല വൈദ്യരെയാണ് എന്നിടത്താണ് കാര്യം.
നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ വിദ്യാര്‍ഥി ആത്മഹത്യാ നിരക്ക് ഭയപ്പെടുത്തുന്നതാണ്.ഓരോ ദിവസവും ചുരുങ്ങിയത് 28 ആത്മഹത്യകള്‍ ഈ ഗണത്തില്‍ സംഭവിക്കുന്നതായിട്ടാണ് കണക്ക്. 2014-2019 കാലയളവില്‍ രാജ്യത്തെ പത്ത് ഐ.ഐ.റ്റികളില്‍ നിന്നുള്ള 27 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2013- 2017 കാലയളവില്‍ രാജസ്ഥാനിലെ കോട്ടയിലുള്ള പരിശീലന കേന്ദ്രത്തില്‍ 58 വിദ്യാര്‍ത്ഥികളാണ് ദുരൂഹതകളുയര്‍ത്തി ആത്മഹത്യ ചെയ്തത്. കേരളത്തില്‍ , അടുത്ത ദിവസം ഒരു രണ്ടാം വര്‍ഷ എം.ബി.ബി.എസ് . വിദ്യാര്‍ത്ഥിനി ക്വാറന്റൈനില്‍ കഴിയവേ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാലാ തലം വരെ, ടെക്‌നോളജി ഇന്സ്റ്റിറ്റിയൂട്ട് മുതല്‍ മെഡിക്കല്‍ കോളേജ് വരെ വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ട് ആത്മഹത്യയിലേക്ക് തള്ളപ്പെടുന്നു എന്നത് മനഃശ്ശാസ്ത്രജ്ഞന്‍മാരെപ്പോലും കുഴക്കുന്ന ഒരു പ്രഹേളികയായി മാറിയിട്ടുണ്ട്.
ജീവിതത്തെക്കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് ഒരു ദര്‍ശനമില്ലാതെ ( Philosophy of Life) പോകുന്നതാണ് പ്രശ്‌നം. ഒരു തരം ഭൗതിക ചിന്തയിലേക്കും ലൗകിക ഉന്മാദത്തിലേക്കും മറ്റുള്ളവരാല്‍ നമ്മുടെ കുട്ടികള്‍ വലിച്ചിഴക്കപ്പെടുകയാണ്. ജീവിതത്തെക്കുറിച്ചുള്ള ഒരു ദര്‍ശനത്തിന്റെ അഭാവത്തില്‍ വൈകാരികമായ ഒരു ശൂന്യത ഇതിനിടയില്‍ കുട്ടികളുടെ മനസ്സുകളില്‍ രൂപപ്പെട്ടു വരുന്നത് ആരും കാണാതെ പോവുന്നു. ആത്മവിനാശകരമായ ചില മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്ത് ഈ ശൂന്യത നികത്താന്‍ വിദ്യാര്‍ത്ഥികള്‍ സ്വയം മുന്നോട്ടു വരുന്നു എന്നതാണ് കൂടുതല്‍ അപകടകരം. ചിലപ്പോളവര്‍ നിരാശക്കടിപ്പെട്ട് ആത്മഹത്യാ മുനമ്പിലെത്തുന്നു.അല്ലെങ്കില്‍ അക്രമോല്‍സുകരായി നിയമം കയ്യിലെടുക്കുന്നു.അതല്ലെങ്കില്‍ ലഹരി മരുന്നുകള്‍ക്കോ അധമ വിനോദങ്ങള്‍ക്കോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കോ ഇരകളാകുന്നു. ആത്മ വിനാശകരമായ ഇത്തരം അപചയങ്ങളില്‍ പെട്ടുപോകുന്നതില്‍ നിന്ന് പുതു തലമുറയെ രക്ഷപ്പെടുത്താന്‍ വിദ്യാഭ്യാസത്തെ എങ്ങനെ യൊരുപാധിയാക്കാന്‍ കഴിയും എന്ന ചിന്ത ഗൗരവത്തില്‍ നടക്കേണ്ടതുണ്ട്.
ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പകച്ചു നില്‍ക്കുകയാണ്. ആര്‍ജവത്തോടെ അവയെ നേരിടാനുള്ള ജീവിത നൈപുണികള്‍ അവരുടെ പക്കലില്ല.ഉയര്‍ന്ന മാര്‍ക്കും ഗ്രേഡും മെരിറ്റ് സര്‍ട്ടിഫിക്കറ്റും ഒക്കെ അവര്‍ക്കുണ്ട്. പ്രശ്‌ന പരിഹാര ശേഷി കുട്ടികള്‍ ആര്‍ജിക്കേണ്ടതുണ്ട് എന്നിടത്ത് രക്ഷകര്‍ത്താക്കള്‍ക്കും പിടിപാടില്ല. വ്യത്യസ്ത തരം തൊഴില്‍ പരിശീലനം നല്‍കുന്ന ഒരു സ്‌കൂളില്‍ അധ്യാപക-രക്ഷാകര്‍തൃ യോഗം നടക്കുമ്പോള്‍ ഒരമ്മ ഏറെ പ്രക്ഷുബ്ധയായി ഒരു അധ്യാപികയോട് കല്‍പിച്ചുവത്രെ: എന്റെ മകളെ തയ്യല്‍ പരിശീലനത്തില്‍ നിന്നും ഒഴിവാക്കണം. അവളുടെ കയ്യില്‍ സൂചി തറച്ചു കയറുമെന്ന പേടി എനിക്കുണ്ട്
പേടി അമ്മക്കാണ്. കുട്ടിക്കല്ല.തയ്യല്‍ പരിശീലിച്ചാല്‍ കയ്യില്‍ സൂചി തറക്കുമത്രെ. പച്ചക്കറി അരിഞ്ഞാല്‍ കൈ മുറിയും. അതുകൊണ്ട് കത്തിയെടുക്കരുത്. പാചകം ചെയ്താല്‍ ദേഹം പൊള്ളും.അതുകൊണ്ട് അടുപ്പിനടുത്തേക്ക് ചെല്ലരുത്. വായിലും മൂക്കിലും കാതിലും വെള്ളം പോകും അതു കൊണ്ട് ശരീരത്തില്‍ വെള്ളമൊഴിച്ച് സ്വയം കുളിക്കരുത്…ജീവിത യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിയുന്നതില്‍ നിന്ന് കുട്ടികളെയിങ്ങനെ അതിസൂക്ഷ്മതയുടെ പേരില്‍ അകറ്റി നിര്‍ത്തിയാല്‍ എങ്ങിനെയാണവര്‍ ജീവിത നൈപുണികളാര്‍ജിക്കുക?
കുട്ടികള്‍ അഭിമുഖീകരിക്കുന്ന വൈകാരിക അസന്തുലിതാവസ്ഥകളെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകരില്‍ ചിലരും പരാജയപ്പെടുന്നുണ്ട്. വേണ്ടത്ര പരിജ്ഞാനവും പരിശീലനവും കിട്ടാത്തതാണ് കാരണം. പഠിപ്പിക്കുന്ന വിഷയങ്ങളില്‍ വൈദഗ്ദ്ധ്യമുണ്ടായതു കൊണ്ടു മാത്രം കാര്യമില്ല. ഭരണ നിര്‍വഹണ മികവ് നോക്കി നിയമിക്കപ്പെടുന്ന ചില പ്രധാനാദ്ധ്യാപകര്‍ , അച്ചടക്കത്തിന്റെയും പഠന നേട്ടത്തിന്റെയും പേരില്‍ കുട്ടികളില്‍ തീവ്രമായ വൈകാരിക പിരിമുറുക്കം സൃഷ്ടിക്കുന്നുമുണ്ട്. കുട്ടികളുടെ മസ്തിഷ്‌ക പരവും ജനിതക പരവുമായ ക്രമരാഹിത്യങ്ങളെ വേണ്ട വിധം മനസ്സിലാക്കാത്തതു കൊണ്ട് രക്ഷകര്‍ത്താക്കളുണ്ടാക്കുന്ന പൊല്ലാപ്പും ചെറുതല്ല.
കുട്ടികളുടെ ബഹുമുഖ ശാക്തീകരണമായിരിക്കണം നമ്മുടെ ലക്ഷ്യം.അവരുടെ വ്യക്തിത്വത്തിന്റെ സമതുലിതമായ വികാസം ബൗദ്ധിക മികവാര്‍ജിച്ചതു (Intelligent Quotient- IQ)കൊണ്ട് സാധ്യമാവില്ല. ഒപ്പം വൈകാരിക സിദ്ധി മാനവും ( Emotional Quotietn – EQ)സാമൂഹിക സിദ്ധി മാനവും ( Social Quotient SQ) വിപത്ത് പരിഹാര സിദ്ധി മാനവും ( Adversity Quotient AQ) അവരിലെത്രത്തോളമുണ്ട് എന്ന അന്വേഷണവും ആവശ്യമാണ്. പതറിപ്പോകാത്ത മനസ്സോടെ ഒരു പ്രശ്‌നത്തെ നേരിടുകയും അത് മറികടക്കുകയും ചെയ്തു കൊണ്ട് ജീവിതത്തിന്റെ പൂര്‍വാവസ്ഥയിലെത്താന്‍ സഹായിക്കുന്ന ശേഷിയാണ് വിപത്ത് പരിഹാര സിദ്ധി. ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമായി വന്നിട്ടുള്ള ഒരു ശേഷിയാണിത്.
അതെ, ജീവിതത്തെ പ്രതീക്ഷയോടെ കാണുന്നവരായി നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരണം(തുടരും).
ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment