ശൈഖ് അഹ്മദ് കുട്ടി
ചോദ്യം: മകന്‍ തന്റെ പിതാവിന്റെ ഇച്ഛപ്രകാരം ഭാര്യയെ ത്വലാഖ് ചൊല്ലേണ്ടതുണ്ടോ ? പിതാവിനിഷ്ടമില്ലായിരുന്നു എന്ന കാരണത്താല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ എന്ന സ്വഹാബി തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലിയതായി കേട്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും നാരായവേര് അവളായിരുന്നുവത്രെ. എന്താണ് താങ്കളുടെ അഭിപ്രായം ?
ഉത്തരം: ഇസ്‌ലാമില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ഉത്തരവാദിത്വങ്ങളും കടമകളുമുണ്ട്. രക്ഷിതാക്കള്‍, കുട്ടികള്‍, കുടുംബങ്ങള്‍, അയല്‍വാസികള്‍, വ്യക്തികള്‍, ദേശവാസികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ ഊടുംപാവും നിര്‍ണയിക്കുന്ന വിവിധഘടകങ്ങള്‍ തമ്മിലുള്ള സന്തുലിതത്വം സ്ഥാപിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ആ അടിസ്ഥാനങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഒരുവ്യക്തിയുടെമേല്‍ മാതാപിതാക്കള്‍ക്ക് അവകാശങ്ങളുള്ളതുപോലെ ജീവിതപങ്കാളിക്കും അവകാശങ്ങളുണ്ട്.
ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് വിരുദ്ധമായി വിശ്വസിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലാത്ത ഭാര്യയെ ഒരാള്‍ തന്റെ രക്ഷിതാക്കളുടെയോ ബന്ധുക്കളുടെയോ താല്‍പര്യം മുന്‍നിര്‍ത്തി ത്വലാഖ് ചെയ്യുന്നത് ഇസ്‌ലാമികവിരുദ്ധമാണ്. ഇനി ഒരാളുടെ ഭാര്യ അതീവഗുരുതരമായ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അവളുമായുള്ള ബന്ധംവേര്‍പെടുത്താന്‍ മകനോട് നിര്‍ദ്ദേശിക്കാം.
ഉമറുബ്‌നുല്‍ഖത്ത്വാബിന്റെയും മകന്റെയും സംഭവം പൊതുതത്ത്വമായി സ്വീകരിക്കാനാകില്ല. ഉമര്‍(റ) നിസ്സ്വാര്‍ഥനും നീതിമാനും സാത്വികനും അനുകരണീയനുമായ വ്യക്തിത്വമായിരുന്നു. അങ്ങനെയുള്ള ആ സ്വഹാബിപ്രമുഖന്‍ സ്വന്തംമകനോട് ജീവിതപങ്കാളിയെ ത്വലാഖ് ചൊല്ലണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ദീനിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാവാനേ തരമുള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്. അതിനാല്‍, ഭൗതികതാല്‍പര്യം മുന്‍നിര്‍ത്തി തങ്ങളുടെ മക്കളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കാന്‍ രക്ഷിതാക്കള്‍ അതിനെ തെളിവായെടുക്കരുത്.
ഒരിക്കല്‍ ഇമാം അഹ്മദ് ബ്‌നു ഹമ്പലിനോട് ആരോ ഒരാള്‍ ചോദിച്ചു: ‘എന്റെ പിതാവിന്റെ അഭീഷ്ടപ്രകാരം ഞാനെന്റെ ഭാര്യയെ മൊഴിചൊല്ലട്ടേ?’ ഇമാം പ്രതിവചിച്ചു: ‘ഒരിക്കലും പാടില്ല.’ അപ്പോള്‍ ആഗതന്‍ ചോദിച്ചു: ‘അപ്പോള്‍ ഉമര്‍(റ) തന്റെ മകനോട് ഭാര്യയെ വിവാഹമോചനംചെയ്യാന്‍ ആവശ്യപ്പെട്ടതോ’. അതിന് ഇമാമിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘താങ്കളുടെ പിതാവ് ഭയഭക്തിയിലും സത്യസന്ധതയിലും ഉമര്‍(റ)ന്റെ വിതാനത്തിലേക്കെത്തുമ്പോള്‍ താങ്കള്‍ക്കും പിതാവിനെ അനുസരിക്കാം’.
അതിനാല്‍ ഭൗതികതാല്‍പര്യങ്ങള്‍ ഒട്ടുംതന്നെയില്ലാതെ കുടുംബത്തിന്റെ ദീനിഅടിത്തറ പരിരക്ഷിക്കേണ്ട സാഹചര്യത്തില്‍ മാത്രമേ മാതാപിതാക്കള്‍ മക്കളോട് ജീവിതപങ്കാളിയെ വിവാഹമോചനം ചെയ്യാന്‍ നിര്‍ദ്ദേശിക്കാവൂ. അപ്പോള്‍ മാത്രമേ വ്യക്തികള്‍ക്ക് മാതാപിതാക്കളെ പ്രസ്തുതവിഷയത്തില്‍ അനുസരിക്കേണ്ട ബാധ്യതയുള്ളൂ.
Add Comment