കുടുംബ ജീവിതം-Q&A

സ്വന്തം വീടില്ലാത്ത പ്രശ്നം ?

രണ്ടു വര്‍ഷം മുമ്പാണ്‌ എന്റെ വിവാഹം നടന്നത്‌. ഞങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ട്‌. അവളാണ്‌ ഇന്നെന്റെ എല്ലാമെല്ലാം. പക്ഷെ തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഭര്‍ത്താവ്‌ എന്നെ അവരുടെ വീട്ടില്‍ നിന്നു പുറത്താക്കി, എന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്‌. ചില പ്രശ്നങ്ങള്‍ കാരണമാണ്‌ വീട്ടില്‍ നിന്നു പോരേണ്ടി വന്നത്‌. നിന്ദ്യത സഹിക്കാന്‍ തയാറായില്ല എന്നതു മാത്രമല്ലാതെ മറ്റു തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ എന്റെ ചിലവിന്‌ അദ്ദേഹം ഒന്നും തരുന്നില്ല. കുട്ടിയുടെ ചിലവിലേക്ക്‌ നാമമാത്രമായ വല്ലതും തരും. അദ്ദേഹത്തിനാവട്ടെ ജോലിയും വരുമാനവുമൊക്കെയുണ്ടുതാനും.

എന്റെ എല്ലാ ക്ഷമയും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. കുട്ടിയോടുള്ള സ്നേഹം മാത്രമാണ്‌ കടുംകൈ ചെയ്യുന്നതില്‍ നിന്നു തടയുന്ന്‌. ഭര്‍ത്താവ്‌ നല്ലവനാണ്‌, പക്ഷെ സ്വന്തം കുടുംബക്കാരുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാത്ത ദുര്‍ബലനുമാണദ്ദേഹം.

ഉത്തരം: സൈനബുല് ഗസ്സാലി

വലിയ കുടുംബത്തില്‍ കഴിയുമ്പോള്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാവും. നവവധുവിന്‌ കുടുംബസാഹചര്യങ്ങളുമായി ഒത്തുപോവാന്‍ കഴിയാത്തതോ കുടുംബത്തിന്‌ നവവധുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതോ ആവാം പ്രശ്നഹേതു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയേണ്ടത്‌ ഭര്‍ത്താവിനാണ്‌. പ്രശ്നങ്ങളെ ഉറച്ചുനിന്നു നേരിടുവാനും ഇരുവിഭാഗത്തോടും സന്തുലിത സമീപനം സ്വീകരിക്കാനും അദ്ദേഹത്തിന്‌ കഴിയേണ്ടതുണ്ട്‌. ഭാര്യയോട്‌ അനീതി കാണിക്കരുത്‌. അതേയവസരം തന്റെ കുടുംബത്തെ പരിഗണിക്കുകയും വേണം. സ്വന്തമായി വീടുവെക്കുക എന്നത്‌ ഭാര്യയുടെ അവകാശമത്രെ. അതുണ്ടാക്കുവാന്‍ ഭര്‍ത്താവ്‌ ബാധ്യസ്ഥനാണ്‌. ചിലവിന്നു കൊടുക്കേണ്ടതും ഭര്‍ത്താവിന്റെ ബാധ്യത തന്നെ.

നിങ്ങളോടെനിക്ക്‌ ഉപദേശിക്കാനുള്ളത്‌ ഭര്‍ത്താവുമായി ഒരു തുറന്ന സംസാരത്തിനു വേദിയൊരുക്കുക എന്നാണ്‌. സ്നേഹത്തോടെ, ദാമ്പത്യ ജീവിതം തുടരാനും കുട്ടികളെ പോറ്റാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട്‌ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. പുതിയൊരു താമസസ്ഥലം സജ്ജീകരിക്കാന്‍ സമയം നിശ്ചയിക്കുക. അങ്ങോട്ടു മാറുന്നതുവരെ നിങ്ങളുടേയും കുട്ടിയുടേയും ചിലവ്‌ വഹിക്കണമെന്ന്‌ തുറന്നു പറയുക.

Topics