സമൂഹത്തിലേക്ക് മൂന്നുപ്രവാചകന്മാരെ അയച്ച സംഭവത്തെ പ്രതിപാദിക്കുന്ന വഹ്യ് അല്ലാഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബിക്ക് ആശ്വാസമെന്നോണം നല്കപ്പെട്ടതാണ്. അടിച്ചമര്‍ത്തലിന്റെയും ഇസ്ലാമോഫോബിയയുടെയും മൂര്‍ധന്യത്തില്‍ മുഹമ്മദ് നബിയും കൂട്ടരും മക്കയില്‍ കഠിനമായ പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന അവസ്ഥാവിശേഷമായിരുന്നു അപ്പോഴുണ്ടായിരുന്നത്. ജനങ്ങളിലേക്ക് അല്ലാഹുവിന്റെ സന്ദേശം എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ആ ദൈവദൂതന്മാരുടെ കഥ പറഞ്ഞശേഷം അന്നാട്ടിലെ ജനങ്ങളുടെ പ്രതികരണത്തിന് അവരുടെ മറുപടിയെന്തെന്ന് തുടര്‍ന്ന് പ്രതിപാദിക്കുകയാണ് .
17. وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ
”സന്ദേശം വ്യക്തമായി എത്തിച്ചുതരുന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നും ഞങ്ങള്‍ക്കില്ല.”
ദൈവദൂതന്മാരെ നുണയന്മാരെന്ന് ആക്ഷേപിച്ച് വന്യമായി നിഷേധിക്കുകയായിരുന്നു ആ നാട്ടുകാര്‍ ചെയ്തത്. എന്നാല്‍ ആ ആക്ഷേപമൊന്നും ദൈവദൂതന്മാരെ പിന്നോട്ടടിപ്പിച്ചില്ല. അവര്‍ തങ്ങളുടെ സത്യപ്രബോധനവുമായി മുന്നോട്ടുപോയി. ‘നിങ്ങളിലേക്കുള്ള സത്യദൂതന്മാരാണ് ഞങ്ങളെന്ന് നിയോഗിച്ച ദൈവത്തിന് നന്നായറിയാം’ അതായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ഒരുപടികൂടി കടന്ന് ‘സന്ദേശം വ്യക്തമായി എത്തിച്ചുതരുന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നും ഞങ്ങള്‍ക്കില്ല.’ എന്നവര്‍ വ്യക്തമാക്കുകയുംചെയ്തു. ഇവിടെ, സന്ദേശം എന്നതിന്റെ ഉദ്ദേശ്യം ഇമാം ഇബ്നു കഥീര്‍ വിവരിക്കുന്നത് തങ്ങള്‍ എന്തുകാര്യവുമായാണ് അയക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം ജനങ്ങളെ അറിയിക്കുകയെന്നതാണ്. ആ സന്ദേശം നിങ്ങള്‍ പിന്‍പറ്റുന്ന പക്ഷം നിങ്ങള്‍ക്ക് ഇഹ-പര ലോകങ്ങളില്‍ സമാധാനം ലഭിക്കും. ഇനി അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനുദ്ദേശിക്കുന്നില്ലെങ്കില് അതിന്റെ അനന്തരഫലത്തിനായി കാത്തുകൊള്‍ക!
സന്ദേശം വളരെ വ്യക്തമായ രീതിയില്‍ നല്‍കുക എന്ന് പറഞ്ഞാല്‍ യാതൊരുവിധ മറയോ വളച്ചുകെട്ടോ ഇല്ലാതെ തികച്ചും സത്യസന്ധമായി എത്തിക്കുകയെന്നാണ്. ‘സന്ദേശം സത്യവും(ഹഖ്) വ്യാജോക്തി(ബാത്വില്)യും തമ്മില്‍ വേര്തിരിച്ചറിയാനാകുംവിധം സുവ്യക്തമാണെ’ന്ന് ഇമാം റാസി അഭിപ്രായപ്പെടുന്നു.
‘വ്യക്തമായ സന്ദേശം’ ഈ വാക്കുകള്‍ നമ്മെ ചിലത് ഓര്‍മപ്പെടുത്തുന്നുണ്ട്: ‘അവിശ്വാസികളുടെ വിശ്വാസധാരണകളില്നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇസ്ലാമിന്റെ സന്ദേശമെന്നും അതെത്തിച്ചുകൊടുക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും അതിനായി ആളുകളെ വശീകരിക്കുംവിധം തങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നുമാണ് ആ വ്യക്തമായ സന്ദേശം. ഈ സന്ദേശം സ്വീകരിക്കുക എന്നതാണ് ഏവരുടെയും മേല്‍ ചുമത്തപ്പെട്ടിട്ടുള്ള ഉത്തരവാദിത്വം.
ഇസ്ലാമിനെതിരെ രോഷംകൊള്ളുന്ന ജനസമൂഹത്തോട് ദൈവദൂതന്മാരുടെ പ്രതികരണത്തിന്റെ രീതിശാസ്ത്രമെന്തെന്ന് പ്രതിപാദിക്കുന്നതിലൂടെ ഖുര്‍ആന്‍ നമുക്ക് നല്കുന്ന സന്ദേശം ഇതാണ്: ആവശ്യമെങ്കില്‍ യുക്തിസഹമായ രീതിയില്‍ സംവാദത്തിലേര്‍പ്പെടുന്നതിന് ഒരു വിശ്വാസി ഒരിക്കലും ഭയപ്പെടേണ്ടതില്ല. ദൈവദൂതന്മാര് തങ്ങള്‍ക്കെതിരെ ഉന്നയിച്ച ‘നുണയന്മാര്’ എന്ന ആരോപണത്തിന് മറുപടി നല്‍കുന്നതിന് പകരം സത്യസന്ദേശം നല്‍കാനാണ് ശ്രമിച്ചത്. ഇത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. കാരണം വിശ്വാസികള്‍ സംവാദത്തിലേര്പ്പെടുന്നതിന്റെ ശൈലി യുക്തിസഹമായിരിക്കണം. അവരൊരിക്കലും എതിരാളികളുടെ ആരോപണങ്ങളുടെ ചതിക്കുഴിയില്‍ വീഴരുത്. നാം മുറുകെപ്പിടിക്കുന്ന നമ്മുടെ വിശ്വാസാദര്‍ശം സുവ്യക്തമാണെന്ന് ബുദ്ധിശാലികള്‍ക്ക് ബോധ്യപ്പെടുന്ന വസ്തുതയാണ്. അതിനാല്‍ തന്നെ ആ ആദര്‍ശത്തെ പ്രതിഫലിപ്പിക്കുന്ന സ്വഭാവമായിരിക്കണം നാം പ്രകടിപ്പിക്കേണ്ടത്.
ആ ഗ്രാമവാസികളും ദൈവദൂതന്മാരും തമ്മിലുള്ള സംഭാഷണം ഏതുദിശയിലേക്കാണ് നീങ്ങുന്നതെന്ന കാര്യം ഏതൊരാള്‍ക്കും മനസ്സിലാകുമായിരുന്നു. ഇരുകൂട്ടരും ഏറ്റുമുട്ടലിന്റെ വക്കിലോളമെത്തുന്ന സാഹചര്യത്തിലും പ്രവാചകന്മാര് തങ്ങളുടെ സന്ദേശപ്രചാരണത്തില്‍നിന്ന് പിന്‍വാങ്ങാനോ കീഴടങ്ങാനോ ഒരുക്കമായിരുന്നില്ല. അതാണ് പ്രവാചകന് മുഹമ്മദ് നബി (സ) പറഞ്ഞത്: ‘ആര് ജനങ്ങളുടെ എതിര്‍പ്പിനെ വകവെക്കാതെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നുവോ അയാള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുംവിധം ഉയര്‍ന്ന വിതാനത്തില്‍ പ്രതിഷ്ഠിക്കപ്പെടും. ആരെങ്കിലും ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ അല്ലാഹുവിന്റെ കോപത്തെ ക്ഷണിച്ചുവരുത്തുകയാണെങ്കില് ജനങ്ങള്‍ അവനോട് ദേഷ്യപ്പെടും വിധം അല്ലാഹുവിന്റെ കോപം അവനില്‍ വന്നുഭവിക്കും.'(ഇബ്നുഹിബ്ബാന്‍)
18. قَالُوا إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ
ആ ജനം പറഞ്ഞു: ”തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.”
ദൈവദൂതന്മാര് തങ്ങളുടെ സന്ദേശപ്രചാരണം ത്വരിതപ്പെടുത്തിയതോടെ ഗ്രാമീണവാസികളുടെ എതിര്‍പ്പ് ശക്തിയാര്‍ജിച്ചു. ആക്ഷേപവും എതിര്‍പ്രചാരണവും കൊണ്ട് മതിയാക്കാതെ പിന്നീടങ്ങോട്ട് ശാരീരികമായി കൈകാര്യംചെയ്യുമെന്ന ഭീഷണി മുഴക്കാന്‍ തുടങ്ങി. നാടിന് കഷ്ടനഷ്ടങ്ങള്‍ വരുത്തിവെക്കുന്ന ദുഃശ്ശകുനങ്ങളാണ് ആ ദൈവദൂതന്മാരെന്ന് അവരെ കുറ്റപ്പെടുത്തി. ആ നാട്ടില്‍ മൂന്നുവര്‍ഷമായി മഴപെയ്യാതിരുന്നതിനെത്തുടര്ന്നാണ് നാട്ടുകാര്‍ ദൈവദൂതന്മാരെ ദുഃശ്ശകുനമായി കാണാന്‍ തുടങ്ങിയതെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. (സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും തുടങ്ങി രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ കുഴപ്പങ്ങളുടെയും കാരണക്കാര്‍ മുസ്ലിംകളാണെന്ന കുറ്റപ്പെടുത്തലുമായി ഇക്കാലത്ത് ചില രാഷ്ട്രങ്ങളിലെ വംശീയവാദികളും തീവ്രവലതുപക്ഷക്കാരും രംഗപ്രവേശം ചെയ്തിട്ടുള്ളത് നേരത്തേസൂചിപ്പിച്ച നിഷേധമനസ്സിന്റെതന്നെ ഭാഗമാണ്.) ഇത്തരം യുക്തിരഹിതമായ ദുരാരോപണങ്ങളുമായി ആ ഗ്രാമീണവാസികള്‍ മുന്നോട്ടുവന്നതിന്റെ പ്രചോദനം സത്യസന്ദേശത്തെ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയെന്നതായിരുന്നു. ‘നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.” സത്യത്തെ എതിര്‍ക്കാന്‍ കഴിയാതെ ഭീഷണിയും ഉന്മൂലനഭീഷണിയുമായി ആളുകള്‍ രഗത്തുവരുമെന്ന് അല്ലാഹു നമ്മെ ഉണര്‍ത്തുന്നു. ഒരാളെ ഏറ്റവും മൃഗീയമായി കൊല്ലുന്നതിന്റെ രൂപങ്ങളിലൊന്നാണ് കല്ലെറിഞ്ഞുകൊല്ലല്‍ എന്നതുകൊണ്ടാണ് എതിരാളികള്‍ അത്തരത്തില്‍ ഭീഷണി മുഴക്കുന്നത്.
എതിരാളികള്‍ ആക്ഷേപത്തിനപ്പുറം ശാരീരികമായ ഉന്മൂലനഭീഷണി മുഴക്കുന്നത് അവരില്‍ അല്ലാഹുവിന്റെ വിധി അടുത്തുകഴിഞ്ഞുവെന്നതിന്റെ ലക്ഷണമാണ്. യഥാര്‍ഥത്തില്‍, ദൈവദൂതന്മാര് കൊണ്ടുവന്ന സന്ദേശത്തിന്റെ ആദര്ശബലത്തെ നേരിടാനുള്ള ധൈഷണികകരുത്ത് ഇല്ലാത്തതിനാലാണ് ശാരീരികവെല്ലുവിളി നടത്തുന്നത്. ഈ സമകാലീനസാഹചര്യത്തിലും ഇസ്ലാമോഫോബിയയുടെ ആളുകള്‍ ഇസ്ലാമിന്റെ സന്ദേശത്തെ ചര്‍ച്ചചെയ്യാന്‍ തയ്യാറാകാതെ, ഏതോ ന്യൂനപക്ഷംവരുന്ന അവിവേകികളുടെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ചാടിവീഴുന്നത് നാം കാണുന്നു. അതായത്, മുസ്ലിം അക്രമാസക്തനായ തീവ്രവാദിയല്ലെങ്കിലും അവന്റെ വിശ്വാസം ക്രമേണ അവനെ അക്രമത്തിലേക്ക് നയിക്കുന്നുവെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണം കൊണ്ടുപിടിച്ച് നടത്തുന്നു.
മാധ്യമങ്ങളും അധികാരികളും രാഷ്ട്രീയപിണിയാളുകളും ആവര്‍ത്തിച്ചുനടത്തുന്ന ‘തീവ്രവാദി’ പ്രചാരണങ്ങള്‍ അതേപടി വിഴുങ്ങുന്നതിനുപകരം സത്യസന്ധമായ സംവാദത്തിന് തുറന്നവേദിയില്‍ ഇരിക്കാന്‍ പക്ഷേ അവര്‍ തയ്യാറല്ല. ‘ബുദ്ധിമാന്’മാരെന്നും ‘വികസനനായകരെ’ന്നും ‘നെഞ്ചൂക്കു’ള്ളവരെന്നും ‘മിതവാദി’കളെന്നും വിശേഷിപ്പിക്കപ്പെടുന്ന അത്തരക്കാരുടെ മുഖ്യവിനോദം മുസ്ലിംകളെ ‘സ്വഭാവഹത്യ’ നടത്തുകയെന്നതാണ്. അതോടെ കഥയറിയാത്ത സാധാരണക്കാരനും അതെല്ലാം വിശ്വസിക്കുന്നു. അല്ലാഹു അയച്ച ദൂതനാണ് മൂസായെന്നും അദ്ദേഹം ഭ്രാന്തനല്ലെന്നും ഈജിപ്തിലെ ഫറോവ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ മൂസാക്കെതിരെയുള്ള ആരോപണങ്ങള്‍ ഏശുന്നില്ലെന്ന് കണ്ട അയാള്‍ സന്മാര്ഗം സ്വീകരിച്ച മജീഷ്യന്മാരെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയെ ഭയന്ന് ദൈവദൂതന്മാര് സന്ദേശപ്രചാരണത്തില്‍നിന്ന് പിന്‍വാങ്ങിയേക്കും എന്ന മൂഢധാരണയായിരുന്നു അതിന് പിന്നില്‍.
19. قَالُوا طَائِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
ദൂതന്മാര് പറഞ്ഞു:”നിങ്ങളുടെ ദുശ്ശകുനം നിങ്ങളോടൊപ്പമുള്ളതു തന്നെയാണ്. നിങ്ങള്‍ക്ക് ഉദ്ബോധനം നല്കിയതിനാലാണോ ഇതൊക്കെ? എങ്കില്‍ നിങ്ങള്‍ വല്ലാതെ പരിധിവിട്ട ജനം തന്നെ.”
തങ്ങളുടെ മേല്‍ ആപതിച്ച ദുര്യോഗത്തിനും ദൗര്‍ഭാഗ്യങ്ങള്‍ക്കും ദൈവദൂതന്മാരെ കുറ്റപ്പെടുത്തുകയായിരുന്നു ആ ഗ്രാമവാസികള്‍. എന്നാല്‍ ‘ദുശ്ശകുനം നിങ്ങളുടെ കൂടെത്തന്നെയാണുള്ളതെ’ന്ന് അവരോട് ദൈവദൂതന്മാര് വ്യക്തമാക്കി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സത്യനിഷേധം മറയാക്കി സ്വന്തം കരങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാക്കിപത്രമായാണ് എല്ലാ ദൗര്‍ഭാഗ്യവും വിപത്തും വന്നുപതിക്കുന്നത് എന്ന് അവര്‍ തുറന്നടിച്ചു. പ്രപഞ്ചനാഥനോടും അവന്റെ ദൂതന്മാരോടും ധിക്കാരവും അക്രമവും കൈക്കൊള്ളുന്നതിന്റെ ഫലമായി ചില ദുരന്തങ്ങള്‍(പ്രകൃതിയിലുള്ളവ അടക്കം) മനുഷ്യരെ ബാധിക്കുമെന്ന കാര്യം ദൈവികനടപടിക്രമത്തിലുള്ളതാണ്. ഇത് നമ്മുടെ ദീനിന്റെ അടിസ്ഥാനതത്ത്വമാണ്. മറ്റു മതവിശ്വാസികളുടെതുപോലെ മുന്‍ഗാമികളുടെ നന്മ -തിന്മകള് അനന്തരസ്വത്തായി ലഭിക്കുമെന്ന വിശ്വാസം നമുക്കില്ല. അല്ലാഹു പറയുന്നു:” വല്ല നന്മയും വന്നുകിട്ടിയാല്‍ അവര്‍ പറയും: ”ഇത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.” വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയും: ”നീയാണിതിന് കാരണക്കാരന്‍.” പറയുക: ”എല്ലാം അല്ലാഹുവിങ്കല്‍ നിന്നു തന്നെ. ഈ ജനതക്കെന്തുപറ്റി? ഇവരൊരു കാര്യവും മനസ്സിലാക്കുന്നില്ലല്ലോ.”(അന്നിസാഅ് 78).
‘എങ്കില്‍ നിങ്ങള്‍ വല്ലാതെ പരിധിവിട്ട ജനം തന്നെ’ എന്ന ദൈവദൂതന്മാരുടെ പ്രസ്താവന കൃത്യമായ പ്രതികരണമാണ്. ആ ജനതയുടെ ദൗര്ഭാഗ്യങ്ങളില് പ്രവാചകന്മാരുടെ പങ്കുണ്ടെന്ന തോന്നല്‍ അസ്ഥാനത്താണ്. എന്നാല്‍ അവരുടെ ദുഷ്കൃത്യങ്ങളും മനസ്സിന്റെ ധിക്കാരനയവുമാണ് എല്ലാ വിപത്തുകളുടെയും ഹേതു.
ആത്യന്തികമായി എല്ലാം അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് സംഭവിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച അന്നിസാഅ് അധ്യായത്തിലെ സൂക്തം വെളിപ്പെടുത്തുന്നത്, അല്ലാഹുവിന് കീഴൊതുങ്ങുന്നതില്‍ വീഴ്ചവരുത്തുകയും കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന ആളുകള്‍ക്ക് ദുരന്തങ്ങളും ദൗര്‍ഭാഗ്യങ്ങളും ഈ ലോകത്തും അവന് വിധിയെഴുതിയിട്ടുണ്ട് എന്നാണ്. അല്ലാതെ അത് മറ്റുള്ള ആളുകളുടെ സാന്നിധ്യമോ മറ്റെന്തെങ്കിലും ആഭിചാരങ്ങളോ മൂലമോ ഉള്ള അനീതിയാണെന്ന് വൃഥാ തെറ്റുധരിക്കേണ്ടതില്ല. ഓരോ വ്യക്തിയും താന്‍ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുന്നതിലൂടെ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന ആത്യന്തികയാഥാര്ഥ്യമാണ് തിരിച്ചറിയേണ്ടത്.
Add Comment