ഖുര്‍ആന്‍-പഠനങ്ങള്‍

നിഷേധികളുടെ ആരോപണങ്ങളെ ഭയക്കേണ്ടതില്ല (യാസീന്‍ പഠനം – 7)

പ്രവാചകന്‍ മുഹമ്മദ് (സ)യെ ആശ്വസിപ്പിക്കാന്‍ സഹായിക്കുംവിധം മനോഹരമായ ഒരു ആഖ്യാനമാണ് ഖുര്‍ആനിലൂടെ അല്ലാഹു നല്‍കിയത്. മക്കയില്‍ അദ്ദേഹവും അനുയായികളും കടുത്ത പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. പട്ടണവാസികള്‍ക്ക് സന്‍മാര്‍ഗം തെളിക്കാനെത്തിയ മൂന്നു സന്ദേശവാഹകരോട് അന്നാട്ടുകാര്‍ എങ്ങനെ പ്രതികരിച്ചുവെന്ന വിവരണത്തിലൂടെ പ്രവാചകനോട് വിഷമിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയാണ്.

قَالُوا مَا أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَا أَنزَلَ الرَّحْمَـٰنُ مِن شَيْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ ﴿١٥

ക്വാലൂ മാ അന്‍തും… ഇന്‍ അന്‍തും ഇല്ലാ തുകദ്ദിബൂന്‍
‘ആ ജനം പറഞ്ഞു: ”നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. പരമദയാലുവായ ദൈവം ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണ്.”(യാസീന്‍ 15)
അവിശ്വാസികള്‍ എല്ലാകാലത്തും വെച്ചുപുലര്‍ത്തുന്ന നിഷേധഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണിത്. തങ്ങളെപ്പോലെ അങ്ങാടികളില്‍ നടക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന മനുഷ്യര്‍മാത്രമാണ് ദൈവദൂതന്‍മാരെന്നത് ചൂണ്ടിക്കാട്ടിയാണ് നിഷേധത്തിന് ന്യായം ചമച്ചത്. ‘പകല്‍ ഓഫീസില്‍ പോകുകയും സായാഹ്നങ്ങളില്‍ മാളുകള്‍ സന്ദര്‍ശിച്ച് ഷോപിങ് നടത്തുകയും ചെയ്യുന്ന ആളുകളെപ്പോലെ’ എന്നായിരിക്കും ഇക്കാലത്തെ അതിന്റെ ആധുനിക ഭാഷ്യം. യുക്തിരഹിതമായ മറ്റൊരു ആവശ്യവും അവര്‍ മുന്നോട്ടുവെച്ചിരുന്നു. അതായത്, ത്വബ്‌രിയുടെ നിരീക്ഷണമനുസരിച്ച്, ദൈവദൂതര്‍ മലക്കുകളായിരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ദൈവദൂതന്‍മാര്‍ എന്തുവിഷയത്തിലാണ് തങ്ങളെക്കാള്‍ നന്‍മയും മേന്‍മയും അവകാശപ്പെടുന്നത് എന്നായിരുന്നു ആ നിഷേധികള്‍ ചോദിച്ചുകൊണ്ടിരുന്നതെന്ന് ഇമാം സഅ്ദി ഇതെപ്പറ്റി അഭിപ്രായപ്പെടുന്നു.
‘നിങ്ങള്‍ കളവാണ് പറയുന്നത് ‘എന്നായിരുന്നു അവരുടെ ആക്രോശം. ദൈവദൂതന്‍മാര്‍ എന്തോ നിഗൂഢലക്ഷ്യവുമായാണ് വന്നിട്ടുള്ളതെന്ന് ആളുകളെ തെറ്റുധരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.
ഏതൊരു ജനതയിലും പ്രവാചകന്‍മാര്‍ വന്നാല്‍ അന്നാട്ടിലെ പ്രമാണിമാരുടെ നേതൃത്വത്തില്‍ ഒരുവിഭാഗം അവര്‍ക്കെതിരെ രംഗത്തുവരുമെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മക്കയില്‍ മുഹമ്മദ് നബി വന്നപ്പോഴും അതുതന്നെ സംഭവിച്ചു. ഖുറൈശിപ്രമുഖര്‍ അദ്ദേഹത്തിനെതിരെ സംഘടിതമായി രംഗത്തുവന്നു. അവരുടെ നിഷേധത്തിന് അല്ലാഹു മറുപടി നല്‍കിയത് ഇങ്ങനെ : ‘നാം മലക്കിനെ നിയോഗിക്കുകയാണെങ്കില്‍ തന്നെ മനുഷ്യരൂപത്തിലാണ് അയക്കുക. അങ്ങനെ അവരിപ്പോഴുള്ള ആശയക്കുഴപ്പം അപ്പോഴും നാമവരിലുണ്ടാക്കുമായിരുന്നു’ (അല്‍അന്‍ആം 9).
മലക്കുകള്‍ അദൃശ്യരൂപികളായതുകൊണ്ട് മനുഷ്യരൂപത്തിലായിരിക്കും അവര്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുക. അപ്പോഴും ആളുകള്‍ നിഷേധമനസ്സോടെ ദൂതന്‍മാരെ സാധാരണമനുഷ്യരെന്നായിരിക്കും പറയുക. അതുകൊണ്ടാണ് മലക്കുകള്‍ വന്നാലും നിഷേധികളില്‍ ആശയക്കുഴപ്പം മാത്രമേ വര്‍ധിക്കുകയുള്ളൂ എന്ന് ഖുര്‍ആന്‍ പറഞ്ഞത്.
പ്രവാചകന്‍മാരോട് നിഷേധികളായ ആളുകള്‍ പ്രതികരിച്ച ശൈലിയെപ്പറ്റി ചിന്തനീയമായ ചില നിരീക്ഷണങ്ങളുണ്ട്. ദൈവദൂതന്‍ യുക്തിസഹമായി സമര്‍പ്പിച്ച സന്ദേശം എന്തെന്ന് ശ്രദ്ധിക്കുന്നതിനുപകരം പുകമറ സൃഷ്ടിച്ച് മറ്റുള്ളവരെ തെറ്റുധരിപ്പിക്കുന്നതിലൂടെ ഇസ്‌ലാമിന്റെ ഉത്കൃഷ്ടസന്ദേശത്തിനുമുമ്പില്‍ പരാജയം സമ്മതിച്ചിരിക്കുകയാണ് നിഷേധികള്‍. ഇക്കാലത്ത് പ്രവാചകന്‍ മുഹമ്മദുനബി(സ)കൊണ്ടുവന്ന സന്ദേശങ്ങളെ വെല്ലുവിളിക്കാന്‍ കരുത്തുറ്റ ഒരു ദര്‍ശനവും ലോകത്തില്ല. ദര്‍ശനത്തെ മുന്‍നിര്‍ത്തി സംവാദത്തിനുതയ്യാറാകുന്നതിനുപകരം മുഹമ്മദ് നബിയുടെ അനുയായികളെ വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരെന്നും തീവ്രവാദികളെന്നും ഭീകരവാദികളെന്നും മുദ്രകുത്തി അപമാനിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ദൈവദൂതന്‍ കൊണ്ടുവന്ന സന്ദേശങ്ങളെയും ചിന്തകളെയും വെല്ലാന്‍കഴിയുന്ന എന്തെങ്കിലും സമര്‍പ്പിക്കാന്‍ നിഷേധികളേ നിങ്ങള്‍ക്കുകഴിയില്ലേ?
തങ്ങളുടെ മുന്‍ഗാമികളെപ്പോലെ പട്ടണവാസികളും ദൈവദൂതന്റെ സന്ദേശങ്ങള്‍ തള്ളിക്കളഞ്ഞു. പില്‍ക്കാലജനതയിലും അത്തരക്കാരുണ്ടായിട്ടുണ്ട്. കാലഘട്ടവും ജനതയും ഏതുമാകട്ടെ, സത്യത്തെ തള്ളിപ്പറയുന്നവര്‍ സ്വീകരിക്കുന്ന വാദവും ശൈലിയും ഒന്നുതന്നെയായിരുന്നു. യുക്തിരഹിതവും ആക്രമണോത്സുകവും ധിക്കാരംനിറഞ്ഞതുമായ നടപടികളിലൂടെ അക്ഷമരായി ദൂതനെതിരെ സംശയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന വാദങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. അവരുടെ ഈ ശൈലിയെ ഖുര്‍ആന്‍ തുറന്നുകാട്ടുന്നതോടൊപ്പം അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ദൂതന്‍മാരിലൂടെ വിശ്വാസികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എങ്ങനെയാണ് ആ ദൈവദൂതന്‍മാര്‍ പ്രസ്തുത നടപടിയോട് പ്രതികരിച്ചതെന്ന് നോക്കുക

قَالُوا رَبُّنَا يَعْلَمُ إِنَّا إِلَيْكُمْ لَمُرْسَلُونَ ﴿١٦

അവര്‍ പറഞ്ഞു: ”ഞങ്ങളുടെ നാഥന്നറിയാം; ഉറപ്പായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കയക്കപ്പെട്ട ദൈവദൂതന്മാരാണെന്ന്.

ഈ പ്രസ്താവനയിലൂടെ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അവനോടുള്ള ആശ്രിതത്വവും വ്യക്തമാകുന്നുണ്ട്. ‘നിങ്ങള്‍ ഞങ്ങളെ കള്ളന്‍മാരെന്നും നുണയന്‍മാരെന്നും മുദ്രകുത്താന്‍ ശ്രമിച്ചാല്‍പോലും ഞങ്ങള്‍ സത്യസന്ധരാണെന്ന കാര്യം ദൈവത്തിന് നന്നായറിയാം’. ഈ പ്രസ്താവനയെ മുന്‍സൂക്തത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ അവര്‍ എത്ര വിവേകപരമായാണ് സംവാദത്തിനും പ്രതികരണത്തിനും തയ്യാറാകുന്നതെന്ന് നമുക്ക് ബോധ്യപ്പെടും. ആക്ഷേപവും ആരോപണവും ഉയര്‍ത്തി സ്വയം അപഹാസ്യരും താഴ്ന്നവരും ആയി എതിരാളികള്‍ മാറിയപ്പോള്‍ ദൈവദൂതന്‍മാര്‍ സ്വയം നിന്ദിതരാകാന്‍ അവസരം നല്‍കിയില്ല. അവര്‍ക്ക് മറുപടി നല്‍കാതെ ചൂളിക്കൂടാന്‍ അവര്‍ തയ്യാറായില്ല.

പ്രബോധകരെന്ന നിലയില്‍ പട്ടണവാസികളോട് കുപിതരാകുകയോ അവരെ സംബന്ധിച്ച് നിരാശപ്പെടുകയോ അല്ല ദൈവദൂതന്‍മാര്‍ ചെയ്തതെന്ന് ഇമാം റാസി പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. അവര്‍ ഒരിക്കലും പരാജയപ്പെട്ടില്ലെന്നതാണ് വസ്തുത. യാതൊരു വിധപ്രകോപനങ്ങളും ഉണ്ടാക്കാത്തവിധം സൗമ്യമായിരുന്നു അവരുടെ മറുപടി:’ഞങ്ങള്‍ നിങ്ങളിലേക്കയപ്പെട്ട ദൂതന്‍മാരാണ്.’
നേരത്തേ അവര്‍ ഇക്കാര്യം ആ പട്ടണവാസികളോട് പറഞ്ഞിട്ടുള്ളതാണ്(യാസീന്‍ 14). ഇവിടെ ഖുര്‍ആന്‍ സൂക്തത്തില്‍ ഒരു ‘ലാം'(ലാമുത്തൗകീദ്) കൂടുതല്‍ വന്നിട്ടുള്ളതാണ് ഏക വ്യത്യാസം. വാസ്തവത്തില്‍ ഇസ്‌ലാമികസന്ദേശത്തോടുള്ള ആശങ്കകലര്‍ന്ന പട്ടണവാസികളുടെ പ്രതികരണം ദൈവദൂതന്‍മാരുടെ അവകാശവാദത്തെ ഊട്ടിയുറപ്പിക്കാനേ സഹായിച്ചുള്ളൂ.
ആളുകള്‍ കണ്ണുമടച്ച് വിശ്വസിക്കുന്ന എതിരാളികളുടെ വാദമുഖങ്ങളെ, ദൈവദൂതന്‍മാര്‍ പ്രതിരോധിച്ച രീതി ഉള്‍ക്കൊണ്ടുകൊണ്ട് സമകാലീനലോകത്തെ ഇസ്‌ലാമികവിരുദ്ധ, യുക്തിരഹിത പ്രചാരവേലകളെ സത്യത്തിന്റെ വാഹകരായ നാമും പ്രതിരോധിക്കേണ്ടതുണ്ട്. സ്രഷ്ടാവായ പ്രപഞ്ചനാഥന് കീഴൊതുങ്ങുന്നതിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യത്തെയും അവന്റെ അപാരമായ കാരുണ്യത്തെയും അനുഗ്രഹങ്ങളെയും ഒരിക്കലുമവസാനിക്കാത്ത പരലോകജീവിതത്തെയും ഇസ്‌ലാമിന്റെ ഉന്നതമൂല്യങ്ങളെയും അറിയിച്ചുകൊടുക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ പതിയേണ്ടത്. അങ്ങനെയായാല്‍ വളരെ ലളിതമായ ഇസ്‌ലാമിന്റെ സന്ദേശങ്ങളില്‍ ജനങ്ങള്‍ ആകൃഷ്ടരാവുകതന്നെ ചെയ്യും. പ്രലോഭനങ്ങളോ വഞ്ചനയോ തെറ്റുധരിപ്പിക്കലോ ഒന്നുമില്ലാതെ തന്നെ ദൈവദൂതന്‍മാര്‍ അത് ജനങ്ങളെ അറിയിച്ചുകൊടുത്തിട്ടുള്ളത് നാം കണ്ടുവല്ലോ. ദൈവികസന്ദേശംപ്രചരിപ്പിക്കുമ്പോള്‍ ഈ രീതിയിലുള്ള നടപടികള്‍ കൈക്കൊള്ളുന്നത് പ്രബോധനത്തെ സഹായിക്കും. സത്യസന്ധതയും സുതാര്യതയും സദ്‌പെരുമാറ്റവും ആളുകളെ സ്വാധീനിക്കാനും ഹൃദയങ്ങളെ കീഴടക്കാനും സഹായിക്കും.

അഹ്മദ് ഹമ്മൂദ

Topics