ഖുര്‍ആന്‍-പഠനങ്ങള്‍

സത്യവിശ്വാസി ആര്‍ജ്ജവമുള്ളവന്‍ (യാസീന്‍ പഠനം – 9)

ലോകത്ത് എന്നും തലയെടുപ്പോടെ ഉയര്‍ന്നുനിന്ന എല്ലാ ദേശരാഷ്ട്രനിര്‍മിതികള്‍ക്കും പിന്നില്‍ മഹത്തായ ആശയാദര്‍ശങ്ങളെ നെഞ്ചേറ്റിയ മഹാരഥന്‍മാരുടെ പ്രയത്‌നങ്ങളും നേതൃപാടവവും ഉണ്ടായിരുന്നു. മുസ്‌ലിംസമൂഹത്തിനും ഇസ്‌ലാമികലോകത്തിനും ഉണ്ടായിരുന്നതുപോലെ ക്രാന്തിദര്‍ശിത്വമുള്ള നേതാക്കളോ ആശയാടിത്തറയുള്ള ആദര്‍ശമോ മറ്റൊരു സമൂഹത്തിനോ ജനതയ്‌ക്കോ ഉണ്ടായിരുന്നില്ല. പട്ടണവാസികളെക്കുറിച്ച അരപ്പേജ് വരുന്ന ചരിത്രപ്രതിപാദനത്തിലൂടെ അത്തരത്തിലുള്ള ഒരു നേതാവിന്റെ ചിത്രമാണ് അല്ലാഹു മനുഷ്യസമൂഹത്തിന് നല്‍കുന്നത്.

പട്ടണവാസികളില്‍നിന്ന് പ്രബോധകരായ ആ ദൈവദൂതന്‍മാര്‍ക്ക് നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ അതില്‍ വിശദീകരിക്കുന്നു. ആദ്യം ദൈവദൂതന്‍മാരെ അന്നാട്ടുകാര്‍ നിശബ്ദരാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അത് ശാരീരികമായി കൈയ്യേറ്റംചെയ്യുന്നതിലേക്കെത്തി. അതോടെ അതിനെ പ്രതിരോധിക്കാനും എതിരാളികളുടെ ആത്മവീര്യം ചോര്‍ത്താനും മറ്റൊരു വിശ്വാസി രംഗത്തെത്തി.

20. وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ

‘ ആ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: ”എന്റെ ജനമേ, നിങ്ങള്‍ ഈ ദൈവദൂതന്മാരെ പിന്‍പറ്റുക ‘.

ആളുകള്‍ ആ മൂന്ന് ദൈവദൂതന്‍മാരെയും വളഞ്ഞ് കൊന്നുകളയാനൊരുമ്പെടുന്നത് കണ്ട് പട്ടണത്തിന്റെ ഒരറ്റത്തുനിന്ന് ധീരനായ ഒരാള്‍ ഓടിയെത്തി. മരപ്പണിവിദഗ്ധനായ ആ വിശ്വാസി ഹബീബ് ബിന്‍ മുറാഅ അല്‍ന്നജ്ജാര്‍ ആയിരുന്നു. അദ്ദേഹം കുഷ്ഠരോഗത്താല്‍ പ്രയാസമനുഭവിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. ആ രോഗത്തിന്റെ തീഷ്ണാവസ്ഥ അറിയാവുന്ന ആര്‍ക്കും ഒഴികഴിവ് പറയാനാകും. എന്നാല്‍ ദൈവദൂതന്‍മാരെ നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ ഒരുമ്പെട്ടപ്പോള്‍ ആ മനുഷ്യന്‍ നിശബ്ദനായി വെറുതെയിരുന്നില്ല. അദ്ദേഹം സമൂഹത്തില്‍ ഉന്നതനൊന്നുമല്ലായിരുന്നു. സമ്പത്തുമുണ്ടായിരുന്നില്ല. ചെറുപ്പക്കാരനുമായിരുന്നില്ല. പക്ഷേ, അതുകൊണ്ടൊന്നും പിന്‍മാറാന്‍ സന്നദ്ധനായിരുന്നില്ല അദ്ദേഹം. അദ്ദേഹം ആ ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് അവരെ പിന്തിരിപ്പിക്കാന്‍ ഒച്ചയിട്ടു. എന്നിട്ട് പറഞ്ഞു. ‘എന്റെ നാട്ടുകാരേ, ആ ദൈവദൂതന്‍മാര്‍ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്.’
ആ മനുഷ്യന്‍ പട്ടണപ്രാന്തത്തിലുള്ള ഒരു വീട്ടില്‍ ഏകാന്തനായി താമസിച്ചുവരികയായിരുന്നു. ഇമാം ഖുര്‍ത്വുബിയുടെ വിവരണമനുസരിച്ച് ഏതാണ്ട് 70 വര്‍ഷത്തോളം വിഗ്രഹങ്ങളെ ആരാധിച്ച് സാധാരണജീവിതം നയിക്കുകയായിരുന്നുവേ്രത അയാള്‍. എന്നാല്‍ നിത്യവൃത്തിക്കായി അദ്ദേഹം അങ്ങേയറ്റം ബുദ്ധിമുട്ടി . ദൈവദൂതന്‍മാര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരോട് തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്ന രോഗം അവര്‍ അപ്പോള്‍ അല്ലാഹുവിന്റെ അനുമതിയാല്‍ സുഖപ്പെടുത്തി. അത്രയും നാള്‍ തന്റെ ആരാധനാമൂര്‍ത്തികളോട് പ്രാര്‍ഥിച്ചിട്ടും ഫലമില്ലാതിരുന്ന സംഗതിയില്‍ ആ ദൈവദൂതന്‍മാര്‍ പരിഹാരമുണ്ടാക്കിയതോടെ അവര്‍ യഥാര്‍ഥസത്യദൂതന്‍മാരാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അല്ലാഹുവിന്റെ മഹത്ത്വവും നന്‍മതിന്‍മകള്‍ മനുഷ്യന് വിധിക്കുന്നതിന്റെ യുക്തിയും അവനെ ആരാധിക്കുകയും കീഴൊതുങ്ങുകയുംചെയ്യാന്‍ പ്രേരിപ്പിക്കുംവിധം വിശ്വാസികളുടെ ഹൃദയങ്ങളെ കീഴടക്കുകയാണ്.
വിശ്വാസിയായ ആ മനുഷ്യന്‍ സംഭവസ്ഥലത്തെത്തും മുമ്പേതന്നെ മൂന്ന് ദൈവദൂതന്‍മാരും കൊല്ലപ്പെട്ടുവെന്ന് ചിലര്‍ വാദിക്കുന്നുണ്ടെന്ന് പണ്ഡിതനായ സഅ്ദ് ബ്‌നു ജുബൈര്‍ പറയുന്നു. മരപ്പണിക്കാരനായ ആ വിശ്വാസി (ഹബീബ് ബിന്‍ മുറാഅ) നാട്ടില്‍ യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരനായിരുന്നു. എത്രത്തോളമെന്നുവെച്ചാല്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ ‘റസ്സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിണറ്റിലേക്ക് ആളുകള്‍ അദ്ദേഹത്തെ വലിച്ചെറിയുകയായിരുന്നു. അവിടെ കിണറുകളെ അങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ഖുര്‍ആന്‍ ആ ജനതയെ ‘അസ്ഹാബുര്‍റസ്സ്’ എന്ന് വിശേഷിപ്പിച്ചത്. മുഹമ്മദ് നബി വിവരിച്ചത് കാണുക:
‘യാസീന്‍ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വിശ്വാസി ഹബീബ് അല്‍നജ്ജാര്‍, ‘അല്ലാഹുവാണ് തന്റെ നാഥന്‍ എന്ന് പറഞ്ഞതിന് അയാളെ കൊല്ലുകയാണോ?’ എന്ന് ചോദിച്ച ഫറോവയുടെ സമൂഹത്തിലെ വിശ്വാസി, അബൂബക്ര്‍ സിദ്ദീഖ് എന്നിവരെല്ലാം ദീനിനെ സത്യപ്പെടുത്തിയവരാണ്. അവരില്‍ ഉത്തമന്‍ അബൂബക്‌റാണ്'(ഇമാം അല്‍ഖുര്‍ത്വുബിയുടെ ഉദ്ധരണിയില്‍നിന്ന്).

ആ വിശ്വാസിയായ മരപ്പണിക്കാരന്‍ ഓടിവന്നത് ദൈവദൂതന്‍മാരെ മരണത്തില്‍നിന്ന് രക്ഷിക്കാനല്ല, മറിച്ച് പ്രബോധനത്തിന്റെ ജ്വാല കെടാതെ സൂക്ഷിക്കാനായിരുന്നു. അദ്ദേഹം സത്യത്തോടുള്ള പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചത് ഏവരെയും ആശ്ചര്യപ്പെടുത്തി. ആ ദൈവദൂതന്‍മാരില്‍ താന്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് ചുറ്റുമുള്ള ആള്‍ക്കൂട്ടത്തോട് അദ്ദേഹം വെളിപ്പെടുത്തി. ആ ദൂതന്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സത്യമെന്ന് ബോധ്യമായത് സ്വീകരിക്കാന്‍ കാട്ടിയ ആ ധൈര്യവും ചങ്കൂറ്റവും അതിലൂടെ ജനങ്ങള്‍ കണ്ടറിയുകയായിരുന്നു.
ഈ സൂക്തങ്ങളിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയെയും അനുയായികളെയും ആശ്വസിപ്പിക്കുകയാണ് അല്ലാഹു. നിങ്ങള്‍ പ്രതീക്ഷിക്കാത്തവിധത്തിലുള്ള സഹായം വൈകാതെ തന്നെ നിങ്ങള്‍ക്ക് ലഭിക്കുകതന്നെചെയ്യും. അതിന്റെ തെളിവെന്നോണം ആ കടുത്ത പരീക്ഷണനാളുകളില്‍ ‘മദീന’ എന്ന് പുനര്‍നാമകരണംചെയ്യപ്പെട്ട് യസ്‌രിബ് മുസ്‌ലിംകളുടെ ആദ്യരാഷ്ട്രം ആയിത്തീര്‍ന്നു. ദൈവദൂതന്‍മാരുടെ കഥ പ്രവാചകന്‍ തിരുമേനിയെ ആശ്വസിപ്പിക്കാനായിരുന്നു. അതേസമയം ആ മരപ്പണിക്കാരനായ വിശ്വാസിയെ സംബന്ധിച്ച പ്രതിപാദനം, തങ്ങള്‍ ഒറ്റക്കല്ലെന്നും കൂടുതല്‍ ആത്മവിശ്വാസം പകരും വിധം ആളുകള്‍ ഈ സത്യദീനിലേക്ക് കൂട്ടത്തോടെ കടന്നുവരികതന്നെ ചെയ്യും എന്ന വസ്തുത നബിയുടെ അനുയായികളെ ബോധ്യപ്പെടുത്താനായിരുന്നു.

ഭാഷാമുത്തുകള്‍

‘പട്ടണവാസികളെ’ ചുറ്റിപ്പറ്റിയുള്ള പ്രതിപാദനത്തില്‍ ഖുര്‍ആന്‍ ‘നഗര'(മിന്‍ അഖ്‌സ്വല്‍ മദീനത്തി)ത്തിന്റെ ഒരറ്റത്തുനിന്ന് വന്ന ധീരനായ മനുഷ്യനെ പരാമര്‍ശിക്കുന്നു. സാധാരണയായി മദീന അഥവാ നഗരം എന്നത് ‘ഖര്‍യഃ’ അഥവാ പട്ടണത്തേക്കാള്‍ വലുതായിരിക്കും. ഇവിടെ ഈ പട്ടണം നഗരമെന്ന് വിശേഷിപ്പിക്കപ്പെടാവുന്നവിധം വലുതായതുകൊണ്ടായിരിക്കാം അതിന് പുറത്തുള്ള വിദൂരദിക്കില്‍നിന്ന് അതായത് പ്രാന്തപ്രദേശത്തുനിന്ന് ആ വിശ്വാസി വന്നു എന്ന് പരാമര്‍ശം നടത്തിയത്. കൂടാതെ വിശ്വാസി എന്ന അര്‍ഥത്തില്‍ മുഅ്മിന്‍ എന്ന് പറയാതെ ‘റജുല്‍’ എന്ന് ഉപയോഗിച്ചത് ശ്രദ്ധിക്കുക. പൗരുഷത്തിന്റെ സമസ്തഗുണങ്ങളും ഒത്തുചേര്‍ന്ന മനുഷ്യന്‍ എന്നത് സൂചിപ്പിക്കാനാണ് അത്. ആ നാട്ടുകാരില്‍ എല്ലാംകൊണ്ടും ആണൊരുത്തനായിരുന്നു അയാള്‍ എന്ന് അല്ലാഹു അതിലൂടെ വിശേഷിപ്പിക്കുകയാണെന്ന് ചുരുക്കം.

വിവേകമുത്തുകള്‍

ഇബ്‌നു അബ്ബാസ് (റ)ന്റെ വീക്ഷണത്തില്‍ ഹബീബ് അല്‍ നജ്ജാറിന്റെ ശരീരമാസകലം കുഷ്ഠരോഗവ്രണമായിരുന്നുവത്രെ. അദ്ദേഹം ഊന്നുവടിയുടെ സഹായത്തോടെ തിടുക്കത്തില്‍ വരികയായിരുന്നുവെന്ന് ചിലര്‍ പറയുന്നു. അതെന്തായാലും ആരെയും കൂസാത്ത ആ വിശ്വാസിയുടെ ആര്‍ജ്ജവത്തെ നമ്മുടെ ജീവിതത്തില്‍ പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടത്.
ചെറിയ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രബോധനമാര്‍ഗത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയല്ലേ നമ്മുടെ സ്വഭാവമെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. സമ്മേളനങ്ങളിലും സംവാദങ്ങളിലും ചെറിയ തലവേദനയുടെയും മറ്റും കാരണം പറഞ്ഞ് അവസാനനിമിഷം പിന്‍വാങ്ങുന്ന എത്രയോ പ്രഭാഷകരുണ്ട് നമ്മുടെ കൂട്ടത്തില്‍! അത്തരത്തില്‍ പ്രബോധനപരമായ പ്രഭാഷണ-പരിശീലനപരിപാടികളില്‍നിന്ന് രക്ഷപ്പെടുന്നത് പ്രതിബദ്ധതയുടെയും ധൈര്യത്തിന്റെയും പോരായ്മയെയാണ് ചൂണ്ടിക്കാട്ടുന്നത്.
നഗരത്തിന്റെ വിദൂരദിക്കില്‍നിന്ന് ആ വിശ്വാസി വന്നുവെന്ന വസ്തുത ആ ദൈവദൂതന്‍മാരുടെ പ്രബോധനം എത്രയോ അകലങ്ങളിലേക്ക് എത്തിയിരുന്നുവെന്ന് വെളിവാക്കുന്നുണ്ട്. സത്യസന്ദേശം എത്തിക്കാന്‍ ആ ദൈവദൂതന്‍മാര്‍ അശ്രാന്തപരിശ്രമം നടത്തിയിരുന്നുവെന്നാണതിനര്‍ഥം.

അടുത്ത ലേഖനത്തില്‍ ആ മനുഷ്യന്റെ പരിണതിയെന്തായിരുന്നുവെന്നത് അറിയും. അദ്ദേഹത്തിന്റെ സത്യമാര്‍ഗത്തിലേക്കുള്ള കടന്നുവരവ് എക്കാലത്തും ലോകം സ്മരിക്കുംവിധം ഖുര്‍ആനില്‍ രേഖപ്പെടുത്തപ്പെട്ടു. അദ്ദേഹം അതിലൂടെ സ്വര്‍ഗസ്ഥനായി. നബി പത്‌നി ഖദീജ(റ)യുടെ ബന്ധുവും ക്രൈസ്തവപണ്ഡിതനുമായിരുന്ന വറഖത്ബ്‌നു നൗഫലിന്റെതും സമാനമായ ധീരതയുടെ ചരിത്രമാണ്. മുഹമ്മദ്‌നബിക്ക് ദിവ്യവെളിപാടുണ്ടായതിനെക്കുറിച്ചറിഞ്ഞപ്പോള്‍ അതിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ആ മാര്‍ഗത്തില്‍ കടുത്ത പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുമെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നബിയുടെ കൂടെനിലയുറപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തെക്കുറിച്ച് തിരുമേനി പറഞ്ഞു:’വറഖത്തുബ്‌നു നൗഫലിനെക്കുറിച്ച് മോശമായി സംസാരിക്കരുത്. സ്വര്‍ഗത്തില്‍ അദ്ദേഹത്തിന് രണ്ടുതോട്ടങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ കണ്ടിരിക്കുന്നു'(സ്വഹീഹ് ജാമിഉസ്സ്വഗീര്‍ 6/1534 നമ്പര്‍ 7197)

ഈ അനുഗ്രഹങ്ങള്‍ ഹബീബിനും വറഖത്തുബ്‌നു നൗഫലിനും മാത്രമല്ല, ഈ ഉമ്മത്തിലെ എല്ലാവര്‍ക്കും നേടാനാകും. സത്യദീന്‍ അതിന്റെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ എല്ലാ വിധ ആക്ഷേപങ്ങളെയും മര്‍ദ്ദനപീഡനമുറകളെയും വകവെയ്ക്കാതെ അതിനുവേണ്ടി നിലകൊള്ളുന്ന , അല്ലാഹുവിന് അങ്ങേയറ്റം ഇഷ്ടപ്പെട്ട ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ നമുക്കത് സ്വായത്തമാക്കാം. ഒരു പക്ഷേ അത് ചെറിയ ഒരു സംഗതിയാകാം. പക്ഷേ അല്ലാഹുവിന്റെ പ്രീതി നേടിയെടുത്തുകൊണ്ട് പരലോകത്ത് ഉന്നതവിജയം കരസ്ഥമാക്കാന്‍ അതിലൂടെ കഴിയും. ഇന്ന് ഏറ്റവും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത്തരമാളുകള്‍ രംഗപ്രവേശം ചെയ്യും. നബി(സ) നമ്മോട് പറയുന്നു:
‘ ..അങ്ങനെ നിങ്ങളിലൊരാള്‍ നരകവാസികളുടെ എല്ലാ ദുഷ്‌വൃത്തികളും ചെയ്തിട്ടുണ്ടാകും. അതുവഴി അയാള്‍ക്കും നരകത്തിനും ഇടയ്ക്ക് ഒരു ചാണ്‍ അകലമേ ഉണ്ടാകുകയുള്ളൂ. അങ്ങനെയിരിക്കെ അയാള്‍ സ്വര്‍ഗസ്ഥരുടെതിന് സമാനമായ പ്രവൃത്തികള്‍ ചെയ്യുകയും അക്കാരണത്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുംചെയ്യും ‘

Topics