നമസ്‌കാരം-Q&A

‘സുബ്ഹ് നമസ്കാരത്തില്‍ ചിട്ട പുലര്‍ത്താന്‍ സാധിക്കുന്നില്ല’

വര്‍ഷങ്ങളായി ഞാന്‍ നേരിടുന്ന പ്രശ്നം സുബ്ഹ് നമസ്കാരത്തില്‍ ചിട്ട പുലര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ്. എല്ലാ നമസ്കാരവും പള്ളിയില്‍ ജമാഅത്തായി ഞാന്‍ നിര്‍വഹിക്കാറുണ്ട്. സുബ്ഹ് ഒഴികെ. ഇതു മൂലം വല്ലാത്ത മാനസിക പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യക്കും സുബ്ഹി നമസ്കാരം അതിന്റെ സമയത്തു നിര്‍വ്വഹിക്കാന്‍ സാധിക്കാറില്ല.

———————

ഉത്തരം: സൈനബുല് ഗസ്സാലി

അഞ്ചു നേരത്തെ നമസ്കാരം ഒരു മുസ്ലിമിനെ സംബന്ധിച്ചടത്തോളം പരീക്ഷണമാണ്. പിശാചിനോടും ദേഹേഛയോടും അവന്‍ സമരം ചെയ്യുന്നത് നമസ്കാരത്തിലൂടെയാണ്. നമസ്കാരം ഭംഗിയായി നിര്‍വഹിക്കുമ്പോഴേ ഒരാള്‍ക്ക് സമാധാനമുണ്ടാവൂ. ജീവിതത്തില്‍, ജോലിയില്‍, കുടുംബത്തില്‍ സൌഭാഗ്യമുണ്ടാവൂ.

ഒരു മുസ്ലിമിന് സുബ്ഹി നമസ്കാരം അയാളുടെ ദിവസത്തിന്റെ ഉദ്ഘാടനമത്രെ. അതു നിര്‍വ്വഹിച്ചാല്‍ ബറകത്തും സൌഭാഗ്യവും വെളിച്ചവും ലഭിക്കും. ഇല്ലെങ്കില്‍ നിങ്ങളുടെ കത്തില്‍ പറഞ്ഞതുപോലെ മാനസിക പ്രയാസവും. ഒരു മുസ്ലിം കിടന്നുറങ്ങുമ്പോള്‍ പിശാച് അവന്ന് മൂന്ന് കെട്ടുകളിടും. അവന്‍ സുബ്ഹി നമസ്കാരത്തിന് ഉണരാതിരിക്കാന്‍. ഉണര്‍ന്നാല്‍ ഒരു കെട്ടഴിയും. പിന്നീട് ‘വുദു’ എടുത്താല്‍ അടുത്ത കെട്ടുമഴിയും. ശേഷം രണ്ടുറകഅത്ത് സുന്നത്ത് നമസ്കരിക്കുന്നതോടെ മൂന്നാമത്തെ കെട്ടുമഴിയും.

നേരത്തെ ഉറങ്ങുക എന്ന പ്രവാചകന്റെ സുന്നത്ത് മുറുകെ പിടിക്കലാണ് സുബ്ഹി നമസ്കാരത്തില്‍ ചിട്ട പുലര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗം. “ഇശാക്ക് ശേഷം സംസാരിച്ചിരിക്കരുത്” എന്ന് അവിടുന്ന് (സ) ഉപദേശിച്ചിരിക്കുന്നു. നേരത്തെ ഉറങ്ങിയാല്‍ നേരത്തെ എഴുന്നേല്‍ക്കാന്‍ കഴിയും. എഴുന്നേല്‍ക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍. അതോടൊപ്പം നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക. അങ്ങനെയാവുമ്പോള്‍ ആരാധനകള്‍ മുറപ്രകാരം നിര്‍വ്വഹിക്കാന്‍ വേണ്ട പ്രചോദനം ലഭിക്കും. ബാങ്ക് കേള്‍ക്കുന്നതോടെ മുസ്ലിം പുരുഷനും സ്ത്രീയും ഉടന്‍ എഴുന്നേല്‍ക്കുകയാണ് വേണ്ടത്.

Topics