നമസ്‌കാരം-Q&A

ആശുപത്രിയില്‍ ജോലിക്കിടെ നമസ്‌കാരം ?

ചോ: ഞാന്‍ ബിരുദവിദ്യാഭ്യാസത്തിനുശേഷം ഒരു ആശുപത്രിയില്‍ ന്യൂട്രീഷ്യനിസ്റ്റ് ആയി ട്രെയ്‌നിങ് നടത്തിക്കൊണ്ടിരിക്കുന്നു. ഏറെ പഠിക്കാനുണ്ടെന്ന് മാത്രമല്ല, പുരുഷന്‍മാരടക്കം വിവിധതരത്തിലുള്ള രോഗികളുമായി ഇടപഴകേണ്ടിവരുന്നുമുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ളുഹ്ര്‍, അസ്ര്‍, മഗ്‌രിബ് നമസ്‌കരിക്കാന്‍ അവസരം കിട്ടാറില്ല. പഠിച്ച കോഴ്‌സില്‍ കൂടുതല്‍ പ്രാവീണ്യം നേടാനാണ് എന്റെ ശ്രമം. അതേസമയം ഇത് ഒരു ജീവിതോപാധിയാക്കേണ്ട നിര്‍ബന്ധിതാവസ്ഥ എനിക്കില്ല. നമസ്‌കാരം മുടങ്ങുന്നതുകാരണം, ഞാനീ ജോലിയില്‍ തുടരണമോ ?

ഉത്തരം: പരിശീലനം താങ്കളുടെ കരിയര്‍ ഗ്രാഫുയര്‍ത്താന്‍ സഹായിക്കുമെങ്കില്‍ അധികൃതരുമായി സംസാരിച്ച് പത്തുമിനിട്ട് നമസ്‌കാരത്തിനായി കണ്ടെത്തേണ്ടതാണ്. ളുഹ്ര്‍, അസ്ര്‍ നമസ്‌കാരങ്ങള്‍ ജംആയി നമസ്‌കരിക്കാം. അതായത്, മേല്‍പറഞ്ഞ രണ്ടുസമയങ്ങളിലേതെങ്കിലും ഒന്നില്‍ പത്തുമിനിട്ട് കണ്ടെത്തി ആദ്യം ളുഹ്‌റും, തുടര്‍ന്ന് അസ്‌റും നമസ്‌കരിക്കുക. അതേ പോലെ മഗ്‌രിബും ഇശാഉം രണ്ടിലേതെങ്കിലും സമയത്ത് ഒരുമിച്ച് നമസ്‌കരിക്കാം.
താങ്കളുടെ ഉച്ചഭക്ഷണത്തിന്റെ സമയത്തില്‍നിന്ന് അല്‍പം മാറ്റിവെച്ചാല്‍ നമസ്‌കരിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ലഞ്ച് ബ്രേക്ക് , കോഫീ ടൈം ഇവ ഇല്ലാതെ ഒരു കോഴ്‌സും പരിപാടിയും ആരും നടത്താറില്ലല്ലോ.
ഒരു കാര്യം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു. നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കാന്‍ അവസരം കിട്ടുമെങ്കില്‍ അത്തരം ഘട്ടത്തില്‍ ജംഅ് ആക്കാവതല്ല.

Topics