സ്മാര്‍ട്ട് ക്ലാസ്സ്‌

പഠനത്തിന്റെ മാറിയ നിര്‍വചനങ്ങള്‍

വിദ്യാഭ്യാസലക്ഷ്യങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിലും പഠനം, ബോധനം, മൂല്യനിര്‍ണയം തുടങ്ങിയ ആശയങ്ങളെ ജ്ഞാനനിര്‍മിതി വാദത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് വിശകലനം നടത്തുന്നതിലും 2005 ലെ ദേശീയപാഠ്യപദ്ധതി രൂപരേഖ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. താഴെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ ഈയൊരഭിപ്രായത്തെ സാധൂകരിക്കുന്നു.
1. അറിവിനെ സ്‌കൂളിന് പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തണം.
2. മനഃപാഠം പഠിക്കുന്ന രീതി ഒഴിവാക്കണം.
3. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് പഠനപ്രവര്‍ത്തനത്തെ വികസിപ്പിക്കണം.
4. പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതാക്കുകയും ക്ലാസുമുറിയിലെ പഠനാനുഭവങ്ങളുമായി അവയെ ഉദ്ഗ്രഥിക്കുകയും വേണം.
5. രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തില്‍ പരസ്പരം താല്‍പര്യമെടുക്കുന്നതും വ്യത്യാസങ്ങള്‍ക്കതീതവുമായ ഒരു സ്വത്വം വളര്‍ത്തിക്കൊണ്ടുവരണം.
പഠനം, പഠനാനുഭവം, അറിവ,് തിരിച്ചറിവ്, അറിവിന്റെ പ്രയോഗം എന്നിവയെ കൃത്യമായി നിര്‍വചിക്കുന്നതിനും ലളിതമായ ഉദാഹരണങ്ങളും സാധ്യമായ വിശദീകരണങ്ങളും നല്‍കി ബോധ്യപ്പെടുത്തുന്നതിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വിജയിച്ചു എന്നുവേണം കരുതാന്‍.
‘അറിയല്‍ ‘ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? ‘അതെനിക്കറിയാം ‘ എന്ന് ഒരാള്‍ പറയുമ്പോള്‍ എന്താണതുകൊണ്ട് ലക്ഷ്യമാക്കുന്നത്?

ഏതെങ്കിലും ഭാഷാവ്യവഹാരത്തിലൂടെയോ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിലൂടെയോ പരിസരത്തെപ്പറ്റിയോ വസ്തുപ്രതിഭാസങ്ങളെപ്പറ്റിയോ ലോകത്തെപ്പറ്റിയോ മനസ്സിലാക്കുക എന്നാണ് ‘അറിയല്‍’ എന്നതിന്റെ അര്‍ഥം. പഠനത്തെ ഒരു ആശയപ്രജനനപ്രക്രിയ (Generative process) എന്ന് പറഞ്ഞാലും തെറ്റില്ല. ചെറുപ്പം മുതലേ കുട്ടികള്‍ പഠനം എന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നുണ്ട്. മറ്റുള്ളവരോട് ഇടപഴകിയും മൂര്‍ത്തവസ്തുക്കളുമായി സംവദിച്ചുമൊക്കെയാണ് ഈ പഠനം നടക്കുന്നത് . ഭാഷയും ചിന്തയും പ്രവൃത്തിയുമൊക്കെ ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നു എന്നത് ഒരു വിസ്മയമായി തോന്നാം. കുട്ടികള്‍ പ്രായമാകുന്നതോടെ അനുഭവങ്ങളോടൊപ്പം ഭാഷാശേഷിയും ചിന്താശേഷിയും വളരുകയും പഠനം വികസിക്കുകയുംചെയ്യും.

ഓരോ കുട്ടിയും ചിന്തിക്കുകയും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു എന്നും ഓരോ കുട്ടിക്കും അവരുടെതായ ബുദ്ധിവൈഭവം ഉണ്ട് എന്നും വിശ്വസിക്കുന്നവരാണ് നാം. എങ്കിലും എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഒരു അന്തരീക്ഷം ക്ലാസുമുറിയില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയാതെ പോവുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും എത്തിപ്പിടിക്കാവുന്ന അയവുള്ള ഒരു പാഠ്യപദ്ധതി ലഭ്യമാക്കുകയും കുട്ടികളുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ലാസുമുറിയിലെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയുമാണ് വേണ്ടത്.

എങ്ങനെയാണ് കുട്ടി അറിവ് നിര്‍മിക്കുന്നത് ?

അറിവ് നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ആണ് പഠനം എന്ന് നാം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അറിവ് നിര്‍മാണമെന്നത് അത്ര ലളിതമായി ക്ലാസുമുറിയില്‍ നടക്കാവുന്ന ഒരു കാര്യമാണോ എന്ന്. അറിവിനെ പരീക്ഷണശാലയോടും ഗ്രന്ഥാലയത്തോടുമൊക്കെ ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുമ്പോഴാണ് ഈയൊരപകടം സംഭവിക്കുന്നത്. കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ വിഷയം കുറെക്കൂടി ലളിതമാകും. ചെറിയൊരുദാഹരണം പറയാം.

നാലാംക്ലാസിലെ സയന്‍സ് അധ്യാപിക വിവിധതരം സസ്യങ്ങളുടെ ഇലകള്‍ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. പൂക്കള്‍ക്കായി വളര്‍ത്തുന്നവ, അലങ്കാരത്തിനായി വളര്‍ത്തുന്നവ, പഴങ്ങള്‍ക്കോ, പച്ചക്കറികള്‍ക്കോ, ഔഷധങ്ങള്‍ക്കോ വേണ്ടി വളര്‍ത്തുന്നവ അങ്ങനെ വിവിധങ്ങളായ സസ്യങ്ങളുടെ ഇലകള്‍ അക്കൂട്ടത്തിലുണ്ട്. കുട്ടികള്‍ക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ ഇലകള്‍.
ഇലകള്‍ എടുത്ത് പരിശോധിക്കാനും മണത്ത് നോക്കാനും താരതമ്യം ചെയ്യാനും അധ്യാപിക കുട്ടികള്‍ക്ക് അവസരം കൊടുക്കുന്നു. അവരെ ഗ്രൂപ്പുകളാക്കുന്നു. ഓരോ സെറ്റ് ഇലകള്‍ ഓരോ ഗ്രൂപ്പിനും നല്‍കുന്നു. ഗ്രൂപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ അധ്യാപിക നിര്‍ണയിച്ചുനല്‍കുന്നു.
ഓരോ ഇലയും പരിശോധിച്ച് ഏത് ചെടിയുടേതാണെന്ന് തിരിച്ചറിയുക.
ഓരോന്നിന്റെയും പ്രയോജനങ്ങള്‍ തിട്ടപ്പെടുത്തുക.
വീടുകളില്‍ കൂടുതലായി വളരുന്നവയെയും അപൂര്‍വമായി വളരുന്നവയെയും വേര്‍തിരിക്കുക.

കയ്യിലുള്ള അനുഭവങ്ങളും അറിവുകളും പരസ്പരം ബന്ധിപ്പിച്ച് കുട്ടികള്‍ ചര്‍ച്ചയാരംഭിക്കുന്നു. ഈ വിവരങ്ങള്‍ കൈമാറി അപരിചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന പഠനപരിമിതികളെ മറികടക്കാന്‍ അധ്യാപിക കുട്ടികളെ ഇടക്കിടെ സഹായിക്കുന്നു.
ഒടുവില്‍ തങ്ങള്‍ കണ്ടെത്തിയ ആശയങ്ങള്‍ ഗ്രൂപ്പുകള്‍ പങ്കുവെക്കുന്നു. ധാരണകള്‍ മെച്ചപ്പെടുത്തുകയും വ്യക്തമായ ആശയരൂപീകരണം നടത്തുകയുംചെയ്യുന്നു.

അധ്യാപിക ‘വിവിധതരം സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും’ എന്നൊരു പാഠഭാഗം വായിച്ചുകേള്‍പ്പിക്കുന്നതും ഇത്തരമൊരു പഠനപ്രവര്‍ത്തനം നടത്തുന്നതും തമ്മില്‍ വ്യത്യാസങ്ങളില്ലേ? ആദ്യത്തേതില്‍ അധ്യാപിക ഏകപക്ഷീയമായി വിജ്ഞാനം അടിച്ചേല്‍പിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തേത് കുട്ടികള്‍ തന്നെ നടത്തുന്ന അന്വേഷണാത്മക പഠനപ്രവര്‍ത്തനമാണ്. ഏതൊരു അന്വേഷണാത്മക പഠനപ്രവര്‍ത്തനവും അറിവ് നിര്‍മാണത്തിലേക്കാണ് ഒടുവില്‍ എത്തിച്ചേരുന്നത്. അധ്യാപികയ്ക്ക് കൃത്യമായി പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാനും സ്വയം വിലയിരുത്തി മെച്ചപ്പെടുത്താനും കുട്ടികള്‍ക്ക് അവസരമൊരുക്കാനും കഴിഞ്ഞാലേ ഇതൊക്കെ സാധ്യമാവൂ.

പ്രകൃതിയും പരിസരവുമായുള്ള നിരന്തര ഇടപെടലിലൂടെയും ഭാഷയിലൂടെയുമാണ് പഠനം നടക്കുന്നത്. വായിക്കാനും ചോദ്യങ്ങളുന്നയിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും സംവദിക്കാനും പ്രതികരിക്കാനും ഒക്കെ ഭാഷ ഉപയോഗിക്കുന്നതും തനതായ പഠനസന്ദര്‍ഭങ്ങളാണ്.
അറിവിന്റെ നിര്‍മാണത്തിന് തീവ്രമായ അനുഭവങ്ങളുടെ കൂട്ട്, ഭാഷാശേഷികള്‍, ചുറ്റുപാടുമായുള്ള പരസ്പരപ്രവര്‍ത്തനങ്ങള്‍ എന്നിവ വളരെ അത്യാവശ്യമാണ്. സ്‌കൂളിലേക്ക് ആദ്യമായി കടന്നുവരുന്ന കുട്ടിയോടൊപ്പം നിരവധി ധാരണകളും ആശയങ്ങളും ഒട്ടും കുറവില്ലാത്ത ഭാഷാസമ്പത്തും ഉണ്ടായിരിക്കും. പലരതരത്തിലുള്ള അറിവുകളും ഇതിനകം അവള്‍/ അവന്‍ നിര്‍മിച്ചിരിക്കും.

വീട്ടുമുറ്റത്തും കിടപ്പുമുറിയിലും അടുക്കളയിലുമെല്ലാം മലമൂത്രവിസര്‍ജ്ജനം ചെയ്തിരുന്ന കുട്ടി ഒരു പ്രായത്തിലെത്തുമ്പോള്‍ അക്കാര്യത്തിന് കക്കൂസ് തന്നെ തെരഞ്ഞെടുക്കുന്നത് യാന്ത്രികമായ ഒരു പരിശീലനത്തെത്തുടര്‍ന്നല്ലല്ലോ. പരിസരവുമായുള്ള പാരസ്പര്യം അവളില്‍ / അവനില്‍ രൂപപ്പെടുത്തിയ ഒരു തിരിച്ചറിവുതന്നെയാണ് അതിന്റെ കാരണം. താഴെകിടക്കുന്ന ഭക്ഷ്യസാധനങ്ങള്‍ പെറുക്കിയെടുത്ത് തിന്നുമായിരുന്ന കുട്ടി ഒരു പ്രായത്തില്‍ അവ ‘ചീത്ത’യാണ് എന്ന് വിശ്വസിച്ച് വര്‍ജിക്കുന്നതിന്റെ പിന്നിലും പരിശീലനമല്ല തിരിച്ചറിവുതന്നെയാണ്.
ഇത്തരംകുട്ടികളാണ് ക്ലാസുമുറിയിലേക്ക് എത്തുന്നത് നാമോര്‍ക്കണം. അവരോടൊപ്പം നൈസര്‍ഗികമായ കുറെ അറിവുകളുമുണ്ടാകും. സ്‌കൂള്‍ അനുഭവങ്ങള്‍ അതിനുമേല്‍ കുറെക്കൂടി ആഴത്തിലുള്ള അറിവ് നിര്‍മിക്കാനുള്ള അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

ഭാഷയും ഭാഷാവിദ്യാഭ്യാസവും

ഭാഷയെക്കുറിച്ചും ഭാഷാവിദ്യാഭ്യാസത്തെക്കുറിച്ചും ദീര്‍ഘവും ശ്രദ്ധേയവുമായ ചില വിശകലനങ്ങള്‍ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തുന്നുണ്ട്. മിക്കകുട്ടികളും വിദ്യാലയങ്ങളിലെത്തുന്നതിന് മുമ്പുതന്നെ ഒരുവിധം ചിട്ടപ്പെടുത്തപ്പെട്ട ഭാഷയെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുകയും ഔചിത്യപൂര്‍വം അത് പ്രയോഗിക്കുകയും ചെയ്യുന്നതായി നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. ചില കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പുതന്നെ രണ്ടോ മൂന്നോ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ് ആര്‍ജിക്കുന്നു.

പ്രശസ്ത ഗോളശാസ്ത്രജ്ഞനായ അലി മണിക് ഫാന്‍ മകളോടും പേരക്കുട്ടികളോടുമൊപ്പം എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ തമാസിച്ചിരുന്ന കാലം. മണിക് ഫാനെ നേരില്‍ കണ്ട് പരിചയപ്പെടാനായി ഈ ലേഖകന്‍ ഒരിക്കല്‍ താമസസ്ഥലത്ത് ചെന്നപ്പോള്‍ ഏറെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ അവരുടെ ഉമ്മയോട് മനോഹരമായി ഇംഗ്ലീഷില്‍ സംസാരിക്കുന്നു. ‘ഇവര്‍ക്കെവിടുന്നാണ് ഇത്ര നല്ല ഇംഗ്ലീഷ് കിട്ടിയത്’ കൗതുകത്തോടെ ഞാന്‍ തിരക്കി.
‘സാറിന് അവര്‍ അറബിയില്‍ സംസാരിക്കുന്നത് കേള്‍ക്കണോ?’ എന്നായിരുന്നു അത്ഭുതപ്പെടുത്തുമാറ് ആ ഉമ്മയുടെ മറുപടി. ആ വീട്ടില്‍ ഇംഗ്ലീഷും അറബിയിലുമൊക്കെയായിരുന്നുവത്രെ മുഖ്യമായ സംസാരഭാഷ.
കുട്ടികള്‍ക്ക് മാതൃഭാഷയെ കൂടാതെ വേറെയും ഭാഷകള്‍ സ്വായത്തമാക്കാനും ആ ഭാഷയില്‍ ആശയവിനിമയം നടത്താനും കഴിയുമെന്നതിന് വേറെയും ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും.

അറിവ് നിര്‍മിക്കപ്പെടുന്നത് ഭാഷയെന്ന മാധ്യമത്തിലൂടെയാണ്. ജീവിക്കുന്ന സാമൂഹികപരിസരവും സാംസ്‌കാരികപരിസരവുമായി ഭാഷയ്ക്ക് ബന്ധമുള്ളതുപോലെ വ്യക്തിയുടെ ചിന്തയുമായും സ്വത്വവുമായും അതിന് ബന്ധമുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ മാത്രമല്ല ഏത് ഭാഷയുടെ കാര്യത്തിലും ഇതൊരു വസ്തുതയാണ്. അതുകൊണ്ട് കുട്ടിക്ക് വശമുള്ളതും ആഭിമുഖ്യമുള്ളതും കുട്ടിക്ക് വൈകാരികമായി അടുപ്പമുള്ളതുമായ ഒരു ഭാഷയെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് അവളുടെ/ അവന്റെ ചിന്തയെയും സ്വത്വത്തെയും നിഷേധിക്കുന്നതിന് തുല്യമായിരിക്കും. വിദ്യാഭ്യാസപ്രക്രിയയില്‍ കുട്ടികള്‍ ആര്‍ജിച്ച ഭാഷാശേഷികള്‍ക്ക് അനല്‍പമായ പങ്കാണ് വഹിക്കാനുള്ളത്. അക്കാദമിക ജ്ഞാനത്തിന്റെ വികാസത്തിനും ഭാഷാശേഷികളുടെ വികാസം അനിവാര്യമാണ്.

ഭാഷാക്ലാസ്മുറിയില്‍ മാത്രം പരിമിതമല്ല ഭാഷ എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഏത് വിഷയം പഠിക്കുമ്പോഴും അവിടെ മാധ്യമമായി ഉപയോഗിക്കപ്പെടുന്നത് ഭാഷ തന്നെയാണ്. ഗണിതപ്രക്രിയകള്‍ ചെയ്യുന്ന കുട്ടിക്ക് തന്റെ ഗണിതാശയം പങ്കുവെക്കാന്‍ ഏതെങ്കിലും ഭാഷതന്നെ വേണ്ടതുണ്ട്. അടിസ്ഥാനശാസ്ത്രവുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപോര്‍ട്ട് എഴുതുമ്പോഴും ഭാഷതന്നെ ആശ്രയം. സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി നടത്തിയ പഠനയാത്രയുടെ വിവരണമെഴുതുമ്പോഴും ഭാഷ ഉപയോഗിക്കാതെ തരമില്ല. അപ്പോള്‍ ഭാഷ, സ്‌കൂളിലെ പാഠ്യവിഷയങ്ങളിലും വ്യാപിച്ചുകിടക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സംസാരം, ശ്രവണം, വായന, എഴുത്ത് എന്നിവയിലെ പ്രാവീണ്യം സ്‌കൂള്‍ വിജയത്തിലെ ഒരു പ്രധാനഘടകമാണ്. യഥാര്‍ഥത്തില്‍ കുട്ടികളുടെ ഭാഷാവികാസത്തിന്റെ ഭാവി ഭാഷാധ്യാപകരുടെ കൈയില്‍ മാത്രമല്ല, മറ്റ് അധ്യാപകരുടെ കൈകളിലും അര്‍പ്പിതമാണ്.

Topics