സ്മാര്‍ട്ട് ക്ലാസ്സ്‌

നിങ്ങളുടെ ശാഠ്യങ്ങളല്ല കുട്ടികള്‍

നക്ഷത്രങ്ങളാണ് കുട്ടികള്‍-11

കുട്ടികളെ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കാന്‍ നമുക്ക് കഴിയണം. അവരുടെ ജിജ്ഞാസയോട് ധനാത്മകമായി പ്രതികരിക്കാന്‍ നാം ശ്രമിക്കണം.ജിജ്ഞാസ കുട്ടിക്കകത്ത് പ്രകൃതി നിക്ഷേപിച്ചിട്ടുള്ള ജൈവചോദനയാണ്.ബൗദ്ധിക വികാസം സാധ്യമാക്കാന്‍ ഏറെ സഹായിക്കുന്നത് കുട്ടിയിലെ ജിജ്ഞാസാപരതയെ ഉദ്ദീപിപ്പിക്കലാണ്. എറണാകുളം ജില്ലയിലെ, കലൂര്‍ ഭവന്‍സ് സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുന്ന ഗ്രിഗറി കുര്യന്‍ വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് മരണപ്പെടുന്നതിനു മുമ്പ് അദ്ദേഹത്തിന് ഒരു കത്തയച്ച സംഭവമുണ്ട്.

‘ എനിക്കൊരു ശാസ്ത്രജ്ഞനാകണം. ഞാനെന്താണ് ചെയ്യേണ്ടത്’? ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.
എട്ടാം ക്ലാസ്സ് കാരനായ ഒരു കുട്ടി മനസ്സില്‍ താലോലിക്കുന്ന സ്വപ്നമെന്താണെന്ന് നോക്കൂ. ഭാവിയില്‍ ഒരു ശാസ്ത്രജ്ഞനാവുക. എന്നിട്ടാ സ്വപ്നം പങ്കുവെക്കുന്നതോ, അങ്ങകലെ, ഒരു വിദൂര രാജ്യത്ത് വീല്‍ചെയറില്‍ ജീവിക്കുന്ന ഒരു മഹാശാസ്ത്രജ്ഞനോട്. നമ്മില്‍ ചിലരെങ്കിലും വിചാരിക്കും, എന്താ ഈ ചെക്കന് വട്ടാണോ എന്ന്. സ്റ്റീഫന്‍ ഹോക്കിങ് പോലുള്ള മഹാപ്രതിഭക്ക് കത്തെഴുതാന്‍ തോന്നിച്ച തൊലിക്കട്ടി!!

നമ്മുടെ തലതിരിഞ്ഞ പൊതുബോധമായിരുന്നില്ല പക്ഷേ, പ്രസ്തുത കത്ത് കിട്ടിയപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനുണ്ടായിരുന്നത്. ശാസ്ത്രജ്ഞനാകാന്‍ കൊതിക്കുന്ന ഒരു കൗമാരക്കാരന്റെ ജിജ്ഞാസക്ക് നേരെ ആ അത്ഭുത മനുഷ്യന്‍ വിനയം കൊണ്ട് തരളിതമായ മനസ്സ് തുറക്കുകയായിരുന്നു. ഗ്രിഗറി കുര്യന് അദ്ദേഹം മറുപടി അയച്ചു. വീല്‍ചെയറില്‍ കിടന്നുകൊണ്ട്.

You look at the stars,Not your lesg ( നീ നിന്റെ കാലുകളിലേക്ക് നോക്കാതെ, നക്ഷത്രങ്ങളെ നോക്കുക)

എത്ര ആവേശജന്യമായ മറുപടി! ഇങ്ങനെയാണ് ജിജ്ഞാസയെ ഉദ്ദീപിപ്പിക്കേണ്ടത്.

കുട്ടിയോട് ആകാശത്തേക്ക്, അകലങ്ങളിലേക്ക്, ഉയരങ്ങളിലേക്ക് നോക്കാനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് നിര്‍ദ്ദേശിച്ചത്. ഉയര്‍ന്നു ചിന്തിച്ചും ഉന്നതമായ കാര്യങ്ങള്‍ വിചാരിച്ചും മുന്നോട്ടു പോയാലേ ശാസ്ത്രജ്ഞനാവുക എന്ന സ്വപ്നം പൂവണിയു എന്ന് ബോധ്യപ്പെടുത്തു കയായിരുന്നു ഹോക്കിങ്.

കുട്ടികളുടെ നല്ലതും ആശാസ്യവുമായ അഭിലാഷങ്ങളെ ഇങ്ങനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. മുതിര്‍ന്നവര്‍ക്ക് വിചിത്രമെന്ന് തോന്നുന്നത് അഭിലഷിക്കുന്ന കുട്ടികളുണ്ടാകാം. പക്ഷേ, നിരുത്സാഹപ്പെടുത്തരുത്. കുട്ടികള്‍ക്ക് താല്‍പ്പര്യമില്ലാത്തതും തങ്ങള്‍ക്ക് താല്‍പര്യമുള്ളതുമായ കാര്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളുമുണ്ട്. ‘ നിങ്ങള്‍ നിങ്ങളുടെ ശാഠ്യങ്ങള്‍ക്കനുസരിച്ച് കുട്ടികളെ വളര്‍ത്താന്‍ ശ്രമിക്കരുത്. നിങ്ങളുടെതല്ലാത്ത ഒരു കാലത്ത് ജീവിക്കാനാണ് അവരുടെ നിയോഗം ‘ എന്ന് മഹാനായ അലിയ്യുബ്‌നു അബീത്വാലിബ് അഭിപ്രായപ്പെട്ടത് ഇതിനോട് ചേര്‍ത്ത് വായിക്കാം.

ലോകത്തൊരിടത്തും കുട്ടികളെ ആരും പരദേശികളായി ഗണിക്കാറില്ല.കുട്ടികളുടെ കുസൃതികളും വികൃതികളും വാതോരാതെയുള്ള വര്‍ത്തമാനവും ക്ഷിപ്രായുസ്സായ മൗനവും അനുസരണക്കേടും പിണക്കവും വാശിയുമെല്ലാം മുതിര്‍ന്നവര്‍ക്കൊരു ഹരമാണ്.ഇപ്പറഞ്ഞതെല്ലാം അതിരുവിടുന്നതിനെയാണ് കൃത്യവിലോപപരമായ പെരുമാറ്റം ( dilinquency )എന്ന് ചില ശിശുമനശ്ശാസ്ത്രജ്ഞന്‍മാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരം പ്രവണത കാണിക്കാന്‍ തുടങ്ങിയാല്‍ രക്ഷിതാക്കള്‍ ഉദാസീനമായ നിലപാടെടുക്കരുത്. അങ്ങനെയെടുത്താല്‍ കുട്ടികളെ അത് വഷളാക്കും. സ്വഭാവ പെരുമാറ്റങ്ങളില്‍ അപചയം ശ്രദ്ധയില്‍ പെട്ടാല്‍ അതിനോട് സഹകരിക്കരുത്.
എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടികള്‍ മിടുക്കന്മാരും വിജയികളുമാകാനാണ്.ശിശു മനശ്ശാസ്ത്രത്തിന്റ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കാതെ കുട്ടികളുടെ ഭാവി ആസൂത്രണം ചെയ്യാന്‍ ശ്രമിച്ചാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ല. കുട്ടികളുടെ അഭിരുചികളോട് താദാത്മ്യപ്പെട്ടു കൊണ്ട് അവരെ വഴി കാണിക്കുകയും സ്വന്തം ജീവിത പരിസരം തിരിച്ചറിയാന്‍ അവരെ സഹായിക്കു കയുമാണ് വേണ്ടത്. കുട്ടികളുടേ സ്വഭാവ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ശ്രമിക്കുമ്പോഴേ അവരുടെ ശക്തി ദൗര്‍ബല്യങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിയൂ. പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ഇത്തരം തിരിച്ചറിവുകള്‍ നമ്മെ സഹായിക്കും.( തുടരും )

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്.

Topics