നക്ഷത്രങ്ങളാണ് കുട്ടികള്‍-12
അച്ഛന്‍ കടുത്ത കടബാധ്യതയെത്തുടര്‍ന്ന് ജയിലിലാവുകയും അമ്മ മരണപ്പെടുകയും ചെയ്തതോടെ ആ കുട്ടിക്ക് ഒമ്പതാം വയസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു.അത്യന്തം ശോച്യാവസ്ഥയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരു അനാഥാലയത്തിലായി പിന്നീട് വാസം. തുടര്‍ന്ന്, ദരിദ്ര കുടുംബങ്ങളിലെ കുട്ടികളോടൊപ്പം ലണ്ടനിലെ ചേരികളിലൊന്നില്‍ പൊറുതി മുട്ടിയ ജീവിതം. അവിടെ നിന്ന് മുതിര്‍ന്നവരോടൊപ്പം തൊഴിലെടുക്കാന്‍ ഷൂ പോളിഷ് ചെയ്യുന്ന ഫാക്ടറിയിലേക്ക് നിര്‍ബന്ധിതമായ കൂടുമാറ്റം.
ആഹ്ലാദരഹിതമായ ബാല്യമായിരുന്നെങ്കിലും ആ കുട്ടിയില്‍ സര്‍ഗാത്മകത നാമ്പു നീട്ടുന്നുണ്ടായിരുന്നു. സാഹിത്യത്തോടുള്ള അഭിവാഞ്ച ആ കുഞ്ഞു മനസ്സില്‍ അദൃശ്യമായി ചിറകടിക്കുന്നുണ്ടായിരുന്നു. കൂട്ടുകാര്‍ അറിയാതിരിക്കാനും അറിഞ്ഞു കഴിഞ്ഞാല്‍ പരിഹാസം കേള്‍ക്കാതിരിക്കാനുമായി അവന്‍ പക്ഷേ , എല്ലാം അമര്‍ത്തിയൊതുക്കി വെച്ചു. നാം inhibition എന്ന് വിളിക്കുന്ന ആ പ്രവണത. എങ്കിലും, അവന്‍ നിസ്സംഗനായില്ല. ഒളിഞ്ഞു മാറിയിരുന്നു കഥകളെഴുതി.
ഒരു ദിവസം താനെഴുതിയ കഥകളിലൊന്ന് ആരുമറിയാതെ അവന്‍ ഒരു പത്രാധിപര്‍ക്ക് അയച്ചു കൊടുത്തു. ദിവസങ്ങള്‍ കഴിഞ്ഞു അവന് പത്രാധിപരില്‍ നിന്നും മറുപടി കിട്ടി, കഥ നന്നായി എന്നും മാസികയില്‍ ഉടനെ പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു പത്രാധിപരുടെ കത്ത്. കഥയിലെ ഭാഷാചാതുരിയെയും ഭാവനാ മികവിനെയും നല്ല പോലെ പ്രശംസിക്കുകയും ചെയ്തിരുന്നു.
വൈകാതെ ആ കഥ പ്രസിദ്ധീകൃതമായി. വീണ്ടും വീണ്ടും അവന്‍ കഥകളെഴുതി. ചേരിയിലെ ദാരിദ്ര്യക്കുണ്ടില്‍ നിന്ന് ബ്‌ളാക്കിംഗ് ഫാക്ടറിയിലേക്ക് ബാല്യകാലം പറിച്ചു നടാന്‍ നിര്‍ബന്ധിതനായ ആ കുട്ടിയാണ് പില്‍ക്കാലത്ത് ലോകപ്രശസ്തനായി മാറിയ ചാള്‍സ് ഡിക്കെന്‍സ്. വിക്ടോറിയന്‍ കാലഘട്ടത്തിലെ പ്രതിഭാധനനായ ഇംഗ്ലീഷ് നോവലിസ്റ്റ്. ചാള്‍സ് ഡിക്കെന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്, എ ക്രിസ്മസ് കരോള്‍, ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്, ബ്‌ളീക്ക് ഹൗസ്, എ ടൈല്‍ ഓഫ് ടു സിറ്റീസ് തുടങ്ങിയ കൃതികള്‍ വായിക്കാത്തവര്‍ നമ്മില്‍ വിരളമായിരിക്കും.
അന്ന് ആ പത്രാധിപരുടെ മറുപടിക്കത്ത് കിട്ടിയില്ലായിരുന്നെങ്കില്‍, പ്രശംസാവാചകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍, താന്‍ എഴുതിയ കഥ പ്രസിദ്ധീകൃതമായില്ലായിരുന്നെങ്കില്‍ ലോകത്തിന്, ഒരു പക്ഷേ ചാള്‍സ് ഡിക്കെന്‍സ് എന്ന അനശ്വര പ്രതിഭ നഷ്ടപ്പെടുമായിരുന്നു. 1812 ഫെബ്രുവരി 7 ന് ജനിച്ച് 1870 ജൂണ്‍ 9 ന് ഇഹലോകത്തോട് വിട പറഞ്ഞ ചാള്‍സ് ഡിക്കെന്‍സില്‍ മരണം വരെ പ്രോജ്വലിച്ചു നിന്ന സാഹിത്യ പ്രതിഭാത്വത്തെ വാക്കുകള്‍ കൊണ്ടാവിഷ്‌ക്കരിക്കാന്‍ നിരൂപകര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. ദൈവമേ, ഏതൊക്കെ ചേരിയിലും ചാളയിലും കുടിലിലും പിന്‍ബെഞ്ചിലുമാണ് ആരാലും തിരിച്ചറിയപ്പെടാതെ കിടക്കുന്ന പ്രതിഭാശാലികളുള്ളത് എന്ന് ചാള്‍സ് ഡിക്കെന്‍സിന്റെ ജീവചരിത്രം വായിച്ചപ്പോള്‍ ഈ കുറിപ്പുകാരന്‍ സജല നയനങ്ങളോടെ
ഓര്‍ത്തു പോയിട്ടുണ്ട്. കുട്ടിയെ മനസ്സിലാക്കുക കുട്ടിയെ ആദരിക്കുക (Understand the child Respect the child ) എന്ന മഹത്തായ ആശയത്തിന് അടിവരയിട്ടു പോയ സന്ദര്‍ഭമാണത്.
ബാല്യത്തില്‍ കുട്ടികള്‍ ദുസ്വഭാവങ്ങള്‍ കാണിച്ചെന്നുവരും . മുതിര്‍ന്നവരെ ശുണ്ഠി പിടിപ്പിക്കുന്ന പ്രവണതകള്‍ കാണിച്ചെന്നുമിരിക്കും.അതിനൊക്കെ പഴിയും ശിക്ഷയും കിട്ടും എന്നറിയാത്തതു കൊണ്ടല്ല കുട്ടികളില്‍ നിന്നതുണ്ടാകുന്നത്. കുട്ടിക്കാലത്തിന്റെ പ്രത്യേകതയാണത്.രക്ഷിതാക്കളുടെയോ അദ്ധ്യാപകരുടെയോ നോട്ടക്കുറവും ശ്രദ്ധയില്ലായ്മയും വളഞ്ഞ വഴിയിലൂടെ നടക്കാന്‍ കുട്ടികളെ കൂടുതല്‍ പ്രേരിപ്പിക്കും.തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന തോന്നല്‍ കുട്ടികളില്‍ സദാ ഉണ്ടായിരിക്കണം.പലപ്പോഴും ശ്രദ്ധയാകര്‍ഷിക്കാനാണ് ചില കുട്ടികള്‍ വേലത്തരങ്ങള്‍ ചെയ്യുന്നത് എന്ന കാര്യമാണ് അതിശയകരം. വേലത്തരങ്ങള്‍ കാട്ടിയാലേ കുട്ടികളെ ശ്രദ്ധിക്കൂ എന്ന് തീരുമാനിച്ചു കഴിഞ്ഞ രക്ഷിതാക്കളുമുണ്ട്.പല വീടുകളിലും മിതസ്വഭാവികളായ കുട്ടികള്‍ അവഗണിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയും. കാരണം, ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കുന്ന വേലത്തരങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടാകാറില്ല. ഇതേ, കുട്ടികള്‍ ഏതെങ്കിലും ഘട്ടത്തില്‍ ദ്വേഷ്യം പിടിക്കുകയോ അക്രമാസക്തരാവുകയോ ചെയ്തു എന്ന് വിചാരിക്കുക രക്ഷിതാക്കളോ അധ്യാപകരോ ഉടനെ ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യും.
കുട്ടികള്‍ പൊതുവെ പ്രശ്‌നക്കാരായി മാറാന്‍ മുതിര്‍ന്നവരുടെ ഇത്തരം ഉദാസീനനയം സഹായകമാവുന്നു എന്ന് ശിശു മനശ്ശാസ്ത്രജ്ഞന്‍മാര്‍ ആശങ്കപ്പെട്ടിട്ടുണ്ട്.ലോകത്ത് എവിടെയുമുണ്ടാകും സ്വഭാവപരമായ അപചയം കാണിക്കുന്ന കുട്ടികള്‍. ഏറ്റക്കുറച്ചിലുകളും രൂപഭേദങ്ങളും കണ്ടേക്കാം. അപചയങ്ങള്‍ക്കിടയാക്കുന്ന ഘടകങ്ങള്‍ക്കും വ്യത്യാസമുണ്ടാകും. നുണ പറയുന്ന പ്രവണത കുട്ടികളില്‍ കാണാറുണ്ട്. നുണ ആവര്‍ത്തിക്കുക, നുണയില്‍ ഉറച്ചു നില്‍ക്കുക തുടങ്ങിയ സ്വഭാവവും ചിലരില്‍ പ്രകടമാണ്. ചിലപ്പോള്‍ അനുകരണമാകാം, കാര്യസാധ്യത്തിനാകാം, വാശി തീര്‍ക്കാനാകാം. മുതിര്‍ന്നവരെപ്പോലെ ബോധപൂര്‍വമായിട്ടല്ല കുട്ടികള്‍ നുണ പറയുന്നത്. അസന്തുലിതമായ ഒരു സാഹചര്യത്തെ മറികടക്കാന്‍ ഒരെളുപ്പ വഴി എന്ന തരത്തില്‍ നുണ പറയുകയും അതിലൂടെ ഒരുതരം സുരക്ഷാ ബോധം അനുഭവിക്കുകയുമാണ് കുട്ടികള്‍. നുണയും കളവും ജീവിത ശൈലിയാക്കി മാറ്റിയ മുതിര്‍ന്നവര്‍ക്കിടയില്‍ കുട്ടികളെ എങ്ങനെ നുണമുക്തരാക്കാന്‍ കഴിയും എന്നത് ധാര്‍മിക വല്‍ക്കരണം എന്ന മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന സങ്കീര്‍ണമായ ഒരു വിഷയമാണ്. അതും നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.( തുടരും )
ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment