സ്ത്രീക്ക് സ്വയമേവ ഗര്‍ഭം അവസാനിപ്പിക്കാമോ?
—————————-
ചോ: ഇസ്‌ലാമില്‍ ഒരു സ്ത്രീക്ക് സ്വയമേവ ഗര്‍ഭം അവസാനിപ്പിക്കാനാകുമോ? ഈ ഉദ്ദേശ്യാര്‍ഥം അവള്‍ തന്റെ അണ്ഡാശയക്കുഴലുകള്‍ എന്നെന്നേക്കുമായി ബന്ധിച്ചുവെക്കുന്നതിന് കുഴപ്പമുണ്ടോ?
ഉത്തരം: വിവാഹത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ് മനുഷ്യവംശത്തിന്റെ നൈരന്തര്യം നിലനിറുത്തുകയെന്നത്. ആണുംപെണ്ണുമായി ഏറെ സന്താനങ്ങളുണ്ടാകണമെന്ന് ഇസ്‌ലാം അതിയായി താല്‍പര്യപ്പെടുന്നു. അതിനാല്‍തന്നെ പ്രസവം അവസാനിപ്പിക്കാന്‍ തന്റെ അണ്ഡാശയക്കുഴലുകള്‍ ബന്ധിക്കുന്നത് സ്ത്രീക്ക് അനുവദനീയമല്ല. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റംവരുത്തുന്ന പ്രവര്‍ത്തനത്തില്‍ ഒന്നായി അത് വിലയിരുത്തപ്പെടാവുന്നതാണ്.
അതേസമയം ഉഭയകക്ഷിസമ്മതപ്രകാരം താല്‍ക്കാലികമായ സംവിധാനം എന്ന നിലക്ക് ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിക്കുന്നതില്‍ വിരോധമില്ല. എന്നിരുന്നാലും ആരോഗ്യപരമായ കാരണങ്ങളാല്‍ അതിന് നിയന്ത്രണംവരുത്തുന്നത് ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, നാളികള്‍ ബന്ധിച്ചുകൊണ്ടുള്ള ഗര്‍ഭനിരോധം സുരക്ഷിതമാണെന്ന് സംശയാതീതമായി എന്ന് തെളിയിക്കപ്പെടുന്നുവോ അന്നത് അനുവദനീയമായിരിക്കും.
അതേസമയം സ്ത്രീയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗര്‍ഭനിരോധനമല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലായെന്ന് ആരോഗ്യരംഗത്തെ വിദഗ്ധസമിതി നിര്‍ദ്ദേശിച്ചാല്‍ അതനുസരിച്ച് പ്രസ്തുതമാര്‍ഗം സ്വീകരിക്കാം.
മുഹമ്മദ് സ്വാലിഹ് മുനജ്ജിദ് ഇപ്രകാരം അഭിപ്രായപ്പെടുന്നു:
മൂന്നുസംഗതികള്‍ ഇതില്‍ പ്രധാനമാണ്.
1. കുട്ടിയെപ്രസവിക്കുകയെന്നത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും അവകാശമാണ്. കുട്ടികളെ വേണമെന്ന ആവശ്യത്തില്‍നിന്ന് ഏതെങ്കിലും ഒരു കക്ഷിക്ക് ഏകപക്ഷീയമായി പിന്‍മാറാനാകില്ല.
2. ഗര്‍ഭധാരണത്തെ ശാശ്വതമായി അവസാനിപ്പിക്കുന്ന യാതൊരുനടപടിയും സ്വീകരിക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമല്ല. അതേസമയം കുട്ടികളുടെയും മാതാവിന്റെയും ആരോഗ്യം പരിഗണിച്ച് പിന്തിച്ചുനിര്‍ത്താന്‍ ഗര്‍ഭനിരോധനോപാധികള്‍ നടത്താവുന്നതാണ്.
3. വിശ്വാസി തന്റെ ശരീരത്തെ അപകടപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന യാതൊരു നടപടിയും സ്വീകരിക്കാന്‍പാടില്ലെന്ന് പ്രവാചകന്‍ കല്‍പിച്ചിരിക്കുന്നു.’ആത്മപീഡയും അന്യപീഡയും പാടില്ലാത്തതാകുന്നു’
Add Comment