അനുഷ്ഠാനം-ലേഖനങ്ങള്‍

സാമൂഹികാചാരങ്ങളെ മാറ്റിയെടുക്കേണ്ട വിധം

വിവാഹം, സന്തോഷദിനങ്ങള്‍, ചേലാകര്‍മം, വീട്കൂടല്‍, പുതുവസ്ത്രം ധരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം ചടങ്ങുകളും ആചാരങ്ങളും നിലനിന്നിരുന്ന സമൂഹത്തിലേക്കാണ് ഇസ്‌ലാം കടന്ന് വന്നത്. അവയോട് ഇസ്‌ലാം സ്വീകരിച്ച അടിസ്ഥാനപരമായ നിലപാട് താഴെ പറയുന്നതായിരുന്നു.

  1. ആചാരങ്ങളെ പരിശോധിച്ച് അവയെ നല്ലത്, ചീത്ത എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചു. ആചാരത്തിന്റെയും, സമ്പ്രദായത്തിന്റെയും പഴക്കം, അവക്ക് സമൂഹത്തിലുള്ള സ്ഥാനം തുടങ്ങിയവ മനസ്സിലാക്കിയതിന് ശേഷമായിരുന്നു ഇത്. ജനങ്ങള്‍ പതിവാക്കിയ കാര്യത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താന്‍ വളരെ പ്രയാസകരമാണ് എന്നത് തന്നെയാണ് കാരണം.
  2. ഉന്നതമായ ആചാരങ്ങളെയും ചടങ്ങുകളെയും പിന്തുണക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക. അയല്‍വാസി, അതിഥി, ദരിദ്രന്‍, ആവശ്യക്കാരന്‍, ബന്ധു, അപരിചിതന്‍, ദുര്‍ബലന്‍ തുടങ്ങിയവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവ അവക്ക് ഉദാഹരണങ്ങളാണ്. അവയില്‍ തന്നെ ചില ആചാരങ്ങളുടെ ഘടനയും മറ്റും പുനരാവിഷ്‌കരിക്കുകയും ചെയ്യുകയുണ്ടായി.
  3. മോശപ്പെട്ട ആചാരങ്ങളോട് യുദ്ധം ചെയ്യുകയും, സമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് അവക്ക് ബദല്‍ സമര്‍പിക്കുകയും ചെയ്തു. ക്രമപ്രവൃദ്ധമായാണ് ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചത്. യമനിലേക്ക് അയക്കപ്പെട്ട മുആദ് ബിന്‍ ജബലിന്റെ ചരിത്രത്തില്‍ നാം കണ്ടത് ഈ യാഥാര്‍ത്ഥ്യമാണ്.

എല്ലാകാലത്തും, എല്ലാ സമൂഹങ്ങളിലും സംഘട്ടനം നടന്നിട്ടുള്ളത് ഇസ്‌ലാമിക മൂല്യങ്ങളും തിരുത്തലിന് വിസ്സമതിച്ച ചരിത്രപരമായ സമ്പ്രദായങ്ങളും തമ്മിലായിരുന്നു. മൂല്യങ്ങളാല്‍ ഒറ്റയടിക്ക് സ്വാധീനിക്കപ്പെട്ട സമ്പൂര്‍ണ സമൂഹം എവിടെയും രൂപപ്പെട്ടിട്ടില്ല.
തിരുമേനി(സ) പറയുന്നു: ‘ജാഹിലിയ്യത്തില്‍ നിന്ന് അനന്തരമെടുത്ത നാല് കാര്യങ്ങള്‍ എന്റെ ഉമ്മത്തില്‍ ഉണ്ട്. അവരത് ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല. തറവാടിത്തത്തിന്റെ പേരിലുള്ള ദുരഭിമാനം, കുടുംബ പാരമ്പര്യത്തെ അധിക്ഷേപിക്കല്‍, നക്ഷത്രങ്ങളോട് മഴതേടല്‍, മരണപ്പെട്ടവരുടെ പേരില്‍ ആര്‍ത്തട്ടഹസിക്കല്‍ എന്നിവയാണ് അവ’.

എല്ലാ സമൂഹങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. ഇവയില്‍ നിന്ന് അല്‍പം സവിശേഷമായത് പ്രവാചകന്‍(സ)യുടെ സമൂഹം തന്നെയായിരുന്നു. പ്രവാചകന്റെ സാന്നിധ്യം തന്നെയായിരുന്നു ആ സമൂഹത്തെ ഉത്തമരാക്കിയത്. അദ്ദേഹത്തിന്റെ വ്യക്തിത്വവും, ദിവ്യബോധനം അവലംബിച്ചുള്ള തീരുമാനങ്ങളും സമൂഹത്തിന് മുന്നില്‍ അനുധാവനം ചെയ്യേണ്ട മഹത്തായ മാതൃക സമര്‍പിച്ചു. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ തിരുമേനി(സ) വാര്‍ത്തെടുത്ത പ്രസ്തുത സമൂഹത്തെ അതിജയിക്കുന്ന മറ്റൊരു സമൂഹം ചരിത്രത്തില്‍ എവിടെയും രൂപപ്പെടുകയുമില്ല. ആ പൈതൃകം പിന്‍ തലമുറകള്‍ അനന്തരമെടുത്തേക്കാമെങ്കിലും ആദ്യതലമുറയുടെ പൂര്‍ണതയും , ആവേശവും അതിലുണ്ടായിരിക്കണമെന്നില്ല.

മുസ്‌ലിം ഉമ്മത്തിന്റെ പരിഷ്‌കരണവും ഉന്നമനവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സംസ്‌കരണ പാഠശാലകള്‍ ഈ മനോഹരമായ ആശയം ഗ്രഹിക്കേണ്ടതുണ്ട്. കാര്യങ്ങളെ കൂട്ടിക്കുഴക്കുകയോ, വിവിധ ഘട്ടങ്ങളെ വിസ്മരിക്കുകയോ, മനുഷ്യ പ്രകൃതിയെക്കുറിച്ച് അജ്ഞത നടിക്കുകയോ ചെയ്യരുത്.
നാട്ടാചാരങ്ങള്‍ക്ക് ഇസ്‌ലാമിക ശരീഅത്തില്‍ സ്ഥാനമുണ്ട്. അവ മനുഷ്യ മനസ്സിലും, ഹൃദയത്തിലും -എത്ര വലിയ പണ്ഡിതനോ, കര്‍മശാസ്ത്ര വിശാരദനോ ആണെങ്കിലും- പ്രതിഷ്ഠിക്കപ്പെട്ടിട്ടുമുണ്ട്.

എങ്ങനെയാണ് ഒരു സമൂഹം ഒരേ സമയം സുസ്ഥിരവും, പരിവര്‍ത്തനോന്‍മുഖവുമാവുക? സമ്പ്രദായത്തോട് ചേര്‍ന്ന് നില്‍ക്കുകയെന്നത് സുസ്ഥിരതയെയാണ് കുറിക്കുന്നത്. ഈ രണ്ട് അവസ്ഥകള്‍ക്കുമിടയില്‍ ബാഹ്യമായ അന്തരം നിലനില്‍ക്കുമ്പോള്‍ തന്നെ, അവ രണ്ടും മനുഷ്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

അസ്ത്വിത്വത്തെക്കുറിക്കുന്ന മഹത്തായ പാരമ്പര്യങ്ങളില്‍ മാറ്റങ്ങള്‍ക്കുള്ള വിശാലതയോടെ നിലകൊള്ളുകയാണ് വേണ്ടത്. പ്രസ്തുത സമീപനമാണ് ജപ്പാനിലെയും, ചൈനയിലെയും, കൊറിയയിലെയും സമൂഹങ്ങളെ തങ്ങളുടെ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ നാഗരിക-വിവര മുന്നേറ്റത്തിന് പ്രാപ്തമാക്കിയത്.

ഡോ. സല്‍മാന്‍ ഫഹദ് ഔദഃ

Topics