മദ്ഹബിന്റെ ഇമാമുകള്‍

ഇമാം ശാഫിഈ(റ)യും ഇമാം അഹ്മദ്ബ്‌നു ഹന്‍ബലും

‘ഞാന്‍ ബഗ്ദാദില്‍നിന്ന് പുറപ്പെട്ടു. അഹ്മദുബ്‌നു ഹന്‍ബലിനെക്കാള്‍ കര്‍മശാസ്ത്ര വിശാരദനും ഐഹിക വിരക്തിയുള്ളവനും ദൈവഭയമുള്ളവനും വിജ്ഞനുമായ ആരെയും ഞാന്‍ കണ്ടില്ല’- ഇമാം ശാഫിഈ.

ലോകത്തിന്റെ സൂര്യനായിരുന്നു ഇമാം ശാഫിഈ’- ഇമാം ഇബ്‌നു ഹന്‍ബല്‍.

അങ്ങേയറ്റത്തെ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും മാതൃകയാണ് ഇമാം ശാഫിഈയുടെയും ഇമാം ഹന്‍ബലിന്റെയും ജീവിതം പകര്‍ന്നുനല്‍കുന്നത്്. ഏകോദരസഹോദരന്‍മാരെ പോലെയായിരുന്നു ഇരുവരും. അവര്‍ പരസ്പരം ആദരിക്കുകയും അറിവിനെ വിലമതിക്കുകയും ചെയ്തു. അഹ്മദ്ബ്‌നു ഹന്‍ബലിന് രോഗമാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം മരണപ്പെട്ടാല്‍ അറിവ് നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് ഇമാം ശാഫിഈക്ക് അസുഖം പിടിപെട്ടിട്ടുണ്ട് ഒരിക്കല്‍. അത്രയും മാതൃകാപരമായ സഹവര്‍ത്തിത്വത്തിന്റെ ചരിത്രമാണ് ഈ ഇരു മദ്ഹബുകളുടെ ഇമാമുകള്‍ തമ്മിലുണ്ടായിരുന്നത്.

മുസ്‌നി ഉദ്ധരിക്കുന്നു: ‘ശാഫിഈ എന്നോട് പറഞ്ഞു: ബഗ്ദാദില് ഞാന്‍ ഒരു ചെറുപ്പക്കാരനെ പറഞ്ഞു. അദ്ദേഹം എന്നോട് ഇന്ന വ്യക്തി പറഞ്ഞു(എന്ന് പറഞ്ഞ് ഒരു ഹദീഥ് ഉദ്ധരിച്ചാല്‍) എന്ന് പറഞ്ഞാല്‍ താങ്കള്‍ പറഞ്ഞത് സത്യമാണെന്ന് ആളുകള്‍ സമ്മതിക്കും. ഞാന്‍ ചോദിച്ചു: ആരാണ് ആ വ്യക്തി? ശാഫിഈ പറഞ്ഞു: അതാണ് അഹ്മദ് ബ്‌നു ഹന്‍ബല്‍.’

ഇമാം ശാഫിഈക്ക് 45 വയസ്സുള്ളപ്പോഴാണ് ഇമാം അഹ്മദ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ആ സമയത്ത് ഇമാം അഹ്മദ്‌നും സഹചാരിയും അടുത്ത സുഹൃത്തും പണ്ഡിതനുമായ ഇസ് ഹാഖ് ബ്‌നു റാഹവൈഹിക്കും പ്രായം മുപ്പത് കവിഞ്ഞിരിക്കും. ഹി. 195-198 കാലത്തിലായിരുന്നു അത്. ബഗ്ദാദിലെ പണ്ഡിതന്‍മാര്‍ക്കിടയില്‍ അറിവിന് വേണ്ടി ദാഹിച്ചു നടന്നിരുന്ന ഇബ്‌നു ഹന്‍ബലിന് ഇമാം ശാഫിഈയുടെ ക്ലാസുകള്‍ വ്യത്യസ്ത അനുഭവമായിരുന്നു.

മക്കയിലായിരിക്കെ ഇമാം അഹ്മദ് ജ്ഞാനാന്വേഷകനായ ഇസ്ഹാഖ്ബ്‌നു റാഹവൈഹിയെ പരിചയപ്പെട്ടു. അവര്‍ വളരെ അടുത്ത സുഹൃത്തുക്കളായിത്തീര്‍ന്നു. ഇമാം ശാഫിഈയുടെ സദസ്സില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ തന്റെ സുഹൃത്ത് ഇബ്‌നു റാഹവൈഹിയെ ഇബ്‌നു ഹന്‍ബല്‍ നിര്‍ബന്ധിച്ചു. ഇതുപോലെ ഒരാളെ നമ്മള്‍ ദുന്‍യാവില്‍ കാണുകയില്ല എന്നും വളരെ ബുദ്ധികൂര്‍മതയുള്ള വ്യക്തിത്വമാണ് എന്നുമായിരുന്നു ഇബ്‌നു ഹന്‍ബല്‍ പറഞ്ഞത്. അങ്ങനെ രണ്ടുപേരും ഇമാം ശാഫിഈയുടെ സദസ്സിലെത്തി. സാധാരണ ഹദീഥ് പണ്ഡിതന്‍മാര്‍ സനദുകള്‍ ഉദ്ധരിച്ച് ഹദീഥ് വിശദീകരിക്കുമ്പോള്‍ ഇമാം ശാഫിഈ ഒരു ഹദീഥ് ഉദ്ധരിച്ച് അതിന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ചാണ് സംസാരിച്ചിരുന്നത്. മനോഹരവും ഭാഷാ ശുദ്ധിയുള്ളതുമായ സംസാരം ആകര്‍ഷകമായിരുന്നു. എന്നാല്‍ ഇബ്‌നു റാഹവൈഹി ഹദീഥ് അന്വേഷിച്ചു നടക്കുന്ന വ്യക്തി ആയിരുന്നതിനാല്‍ അദ്ദേഹത്തിന് ഇമാം ശാഫിഈയുടെ പ്രഭാഷണങ്ങള്‍ അത്രതന്നെ ഇഷ്ടപ്പെട്ടില്ല. സുഹ്‌രിയും ഇബ്‌നു ഉയയ്‌നയും പോലെയുള്ള പണ്ഡിതന്‍മാരില്‍നിന്നല്ലേ ഹദീഥ് പഠിക്കാന്‍ നല്ലത് എന്ന് ഇസ്ഹാഖ് ചോദിച്ചു. രണ്ടാമത്തെ കാര്യം ശാഫിഈ വേണ്ടത്ര പ്രായമെത്തിയ പണ്ഡിതന്‍ ആിരുന്നില്ല എന്നതാണ.് അമ്പത് വയസ്സിന് മുകളിലുള്ള പണ്ഡിതന്‍മാരില്‍നിന്നല്ലേ പഠിക്കേണ്ടത്, ശാഫിഈക്ക് 45 വയസ്സല്ലേ ആയുള്ളൂ എന്നൊക്ക ആയിരുന്നു ഇബ്‌നു റാഹവൈഹി പറഞ്ഞത്. പക്ഷേ, ഇബ്‌നു ഹന്‍ബല്‍ തന്റെ ഇഷ്ടം തുറന്നടിച്ച് വ്യക്തമാക്കി: ‘ഒരു ഹദീഥ് പണ്ഡിതന്‍ മരണപ്പെട്ടാലും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലൂടെ ആ ഹദീഥ് നമ്മിലെത്തും.എന്നാല്‍ ഇമാം ശാഫിഈയില്‍നിന്ന് ഈ അറിവ് നമുക്ക് ലഭിച്ചില്ലെങ്കില്‍ പിന്നെ അത് ആരില്‍നിന്നും നമുക്കത് ലഭിക്കുമെന്ന്് കരുതേണ്ട!.’ പ്രഗത്ഭ ഹദീഥ് പണ്ഡിതന്‍മാരില്‍ ഒരാളായ സുഫ്‌യാനുബ്‌നു ഉയയ്‌നയുടെ ക്ലാസില്‍ പങ്കെടുക്കുന്നതിനേക്കാള്‍ ഉത്സാഹം ശാഫിഈയുടെ ക്ലാസില്‍ പങ്കെടുക്കാനാണ് അഹ്മദ് ബ്‌നു ഹന്‍ബല്‍ കാണിച്ചത്. ആ സന്ദര്‍ഭത്തില്‍ ഇമാം ശാഫിഈ അറിയപ്പെടുന്ന പണ്ഡിതനായിരുന്നില്ല. പരമ്പരാഗത പണ്ഡിതരുടെ ശൈലികളല്ല അദ്ദേഹം ഉപയോഗിച്ചിരുന്നത്.

മൂന്നാം വയസ്സില്‍ പിതാവ് മരണപ്പെട്ട അനാഥനായിരുന്നു ഇബ്‌നു ഹന്‍ബല്‍ . പിതാവിന്റെ മരണശേഷം മാതാവാണ് അദ്ദേഹത്തെ വളര്‍ത്തിയത്. ഹി. 164-ലാണ് ഇമാം ഹന്‍ബല്‍ ജനിക്കുന്നത്. തന്റെ പതിന്നാലാം വയസ്സില്‍, ബഗ്ദാദിലെ ഖാദിയും ഇമാം അബൂഹനീഫയുടെ പ്രശസ്ത ശിഷ്യനുമായിരുന്ന ഖാദി അബൂ യൂസുഫിന്റെ ശിഷ്യനായി തീര്‍ന്നു ഇമാം അഹ്മദ്. അവിടെ നിന്നാണ് ഹദീഥ് സമാഹരണം എന്ന ഏറ്റവും വലിയ ലക്ഷ്യം അദ്ദേഹം മനസ്സില്‍ മൊട്ടിട്ടത്. പതിനാറാം വയസ്സില്‍ ഈ ഉദ്ദേശ്യാര്‍ഥം അദ്ദേഹം അബൂയൂസുഫിനെ വിട്ട് മറ്റു പണ്ഡിതന്‍മാരെ അന്വേഷിച്ചുപോയി. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ബഗ്ദാദിലും പുറത്തും അറിയപ്പെടുന്ന വലിയ ഹദീഥ് പണ്ഡിതനായിത്തീര്‍ന്ന്ു അദ്ദേഹം. പ്രഗത്ഭ പണ്ഡിതന്‍മാരും ഹദീഥ് നിവേദകരുമായ യഹ് യ ബ്‌നു മുഈനും ഇസ്ഹാഖുബ്‌നു റാഹവൈഹിയും ഇബ്‌നു ഹന്‍ബലിന്റെ കൂട്ടുകാരും സഹചാരികളുമായിരുന്നു.

‘അഹ്മദിനേക്കാള്‍ ബുദ്ധികൂര്‍മതയുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല’ എന്ന് ഒരിക്കല്‍ ഇമാം ശാഫിഈ പറയുകയുണ്ടായെന്ന് സഅഫറാനി ഉദ്ധരിക്കുന്നു. ഇമാം തന്റെ ഹദീഥ് സമാഹാരമായ മുസ്‌നദ് അഹ്മദിലും മറ്റു ഗ്രന്ഥങ്ങളിലും ശാഫിഈയില്‍നിന്ന് ഉദ്ധരിക്കുന്നുണ്ടെന്നും ഖുറൈശികളുടെ കുടുംബ പാരമ്പര്യം, പ്രശസ്തമായ ഫിഖ് ഹീ വിഷയങ്ങള്‍ എന്നിവയിലാണ്, ഇമാം ശാഫിഈയില്‍ നിന്ന് തനിക്ക് ലഭിച്ച ഹദീഥുകള്‍ ഇമാം ഉദ്ധരിക്കുന്നതെന്നും ബൈഹഖി വെളിപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം സൂക്ഷിച്ചുവെച്ച വസ്തുക്കളുടെ ഇടയില്‍ ഇമാം ശാഫിഈയുടെ പഴയതും പുതിയതുമായ കത്തുകളും ഉണ്ടായിരുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ഒരിക്കല്‍ ഇമാം ശാഫിഈ പറഞ്ഞു: ‘അഹ്മദ് എട്ടു കാര്യങ്ങളില്‍ ഇമാമാണ്. ഹദീഥില്‍, ഫിഖ്ഹില്‍, ഖുര്‍ആനില്‍, ഭാഷയില്‍, നബിചര്യയില്‍, ഐഹികവിരക്തിയില്‍, ഭയഭക്തിയില്‍, ദാരിദ്ര്യത്തില്‍ ‘. പണത്തേക്കാള്‍ നല്ലത് ദാരിദ്ര്യമാണ് എന്ന് അഭിപ്രായമുള്ള ആളായിരുന്നു അഹ്മദ് ബ്‌നു ഹന്‍ബല്‍.

അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലായിരുന്നു ഇമാം അഹ്മദ് ബ്‌നു ഹന്‍ബല്‍ കഴിച്ചുകൂട്ടിയിരുന്നത്. ഇമാം ശാഫിഈ ഇത് നന്നായി അറിഞ്ഞിരുന്നു. ഉദ്യോഗസ്ഥനായി ഇമാം ശാഫിഈ ജോലി നോക്കിയിരുന്ന കാലത്ത് അഹ്മദിന്റെ പ്രയാസം ശാഫിഈ അബ്ബാസി ഖലീഫ ഹാറൂന്‍ റശീദിന്റെ ശ്രദ്ധയില്‍ പെടുത്തി. ‘യമനില്‍ ഒരു ഖാദിയെ ആവശ്യമുണ്ട്’ റശീദ് പറഞ്ഞു. ‘താങ്കള്‍ ഒരാളെ നിര്‍ദ്ദേശിക്കൂ, നമുക്ക് അദ്ദേഹത്തെ അവിടേക്ക് അയക്കാം. ‘പിന്നെ ശാഫിഈ അഹ്മദിനോട് പറഞ്ഞു: ‘താങ്കള്‍ക്ക് യമനിലെ ഖാദി സ്ഥാനം ഏറ്റെടുത്തുകൂടേ?’

അഹ് മദ് അല്‍പം നീരസത്തോടെ പ്രതികരിച്ചു: ‘ഞാന്‍ താങ്കളുടെ കൂടെ വരുന്നത് അറിവ് ആഗ്രഹിച്ചുകൊണ്ടും ഐഹിക വിരക്തി ലക്ഷ്യം വെച്ചുകൊണ്ടുമാണ്. അപ്പോള്‍ താങ്കള്‍ എന്നോട് ഖാദി സ്ഥാനം ഏറ്റെടുത്ത് ജോലി ചെയ്യാന്‍ കല്‍പിക്കുകയാണോ? താങ്കള്‍ അറിവിന്റെ നിറകുടമല്ലായിരുന്നുവെങ്കില്‍ ഇന്നേക്ക് ശേഷം ഞാന്‍ താങ്കളോട് സംസാരിക്കില്ലായിരുന്നു.’ ഇത് കേട്ടപ്പോള്‍ ഇമാം ശാഫിഈക്ക് ഇവ്വിഷയകമായി അധികംസംസാരിക്കുന്നതില്‍ ലജ്ജതോന്നി.

റഹ്മത്തുല്ലാ മഗ്‌രിബി

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured