സുന്നത്ത്-Q&A

സ്ത്രീ ഭരണമേറ്റാല്‍

ചോദ്യം: ”സ്ത്രീകളെ ഭരണമേല്‍പ്പിക്കുന്ന ജനത വിജയം പ്രാപിക്കുകയില്ല” എന്ന തിരുവചനം എത്രത്തോളം അംഗീകാരയോഗ്യമാണ്? സ്ത്രീകളുടെ ഭാഗം വാദിക്കുന്ന ചിലര്‍, ഈ ഹദീസ് ”നിങ്ങളുടെ ദീനിന്റെ പകുതിയും ഹുമൈറാഇ(ആഇശ)ല്‍ നിന്ന് സ്വീകരിക്കുക” എന്ന ഹദീസിന് വിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നുണ്ടല്ലോ.

ഉത്തരം: അജ്ഞത വന്‍ വിപത്താണ്. അതിനോട് ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ കൂടെ ചേര്‍ന്നാല്‍ അത് മഹാവിപത്തായി മാറുന്നു. ”അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിനു പകരം സ്വന്തം ദേഹേച്ഛകളെ പിന്തുടരുന്നവരേക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?” എന്ന് ഖുര്‍ആന്‍ ചോദിച്ചിട്ടുണ്ട്. അതിനാല്‍, അജ്ഞതയും ദേഹേച്ഛയും ചേര്‍ന്ന്, സ്വീകാര്യമായ ഒരു ഹദീസ് തള്ളുകയും അസ്വീകാര്യമായത് കൊള്ളുകയും ചെയ്യുന്നതില്‍ ഒട്ടും ആശ്ചര്യമില്ല.
ആദ്യം പറഞ്ഞ ഹദീസ് അബൂബക്ര്‍ സിദ്ദീഖില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന സ്വീകാര്യമായ ഒന്നത്രെ. അബൂബക്ര്‍ പറയുന്നു: ”പേര്‍ഷ്യക്കാര്‍ കിസ്‌റയുടെ പുത്രിയെ ചക്രവര്‍ത്തിനിയായി വാഴിച്ച വിവരം അറിഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു: ‘സ്ത്രീകളെ ഭരണം ഏല്‍പ്പിക്കുന്ന ഒരു ജനത വിജയം പ്രാപിക്കുകയില്ല.” ബുഖാരി, അഹ്മദ്, നസാഈ, തിര്‍മുദി എന്നിവര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. പില്‍ക്കാല മുസ്‌ലിം പണ്ഡിതന്‍മാര്‍ ഈ തിരുമൊഴിയുടെ സ്വീകാര്യത സ്ഥിരീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരുടെ മേല്‍ പൊതുവായ ഭാരണാധികാരമേറ്റുകൂടാ എന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു.
എന്നാല്‍, ”നിങ്ങളുടെ ദീനിന്റെ പകുതിയും ആഇശയില്‍ നിന്ന് സ്വീകരിക്കുക” എന്ന ഹദീസിനെക്കുറിച്ച് ഹാഫിളുബ്‌നുഹജര്‍ പറയുന്നതു നോക്കുക: അതിന് ഒരു നിവേദക പരമ്പരയുള്ളതായി എനിക്കറിയുകയില്ല. ഇബ്‌നുല്‍ അഥീറിന്റെ ‘നിഹായ’യിലൊഴിച്ച് മറ്റെവിടെയും ഞാന്‍ അതു കണ്ടിട്ടില്ല. അദ്ദേഹമാകട്ടെ ആരാണ് അത് ഉദ്ധരിച്ചത് എന്ന് പറയുന്നുമില്ല. അല്‍ഹാഫിള് ഇമാദുദ്ദീനുബ്‌നുകഥീര്‍ മുസ്‌നിയോടും ദഹബിയോടും അതേപ്പറ്റി ചോദിച്ചു. അവര്‍ക്കിരുവര്‍ക്കും അതേപ്പറ്റി അറിയുമായിരുന്നില്ല. ഈ ഹദീസിന്റെ നിവേദക പരമ്പരയുടെ അവസ്ഥ ഇതാണ്.
ഇനി, അതിലെ പതിപാദ്യം പരിശോധിച്ചാല്‍, അത് ബുദ്ധിക്ക് അസ്വീകാര്യവും യാഥാര്‍ഥ്യത്തിനു നിരക്കാത്തതുമാണ് എന്ന് കാണാം. ഒന്നാമത് ദീനിന്റെ പകുതിയും ആയിശയില്‍നിന്ന് സ്വീകരിക്കുവാന്‍ തിരുദൂതര്‍ നമ്മോട് കല്‍പ്പിക്കുന്നതെങ്ങനെ. എണ്ണമറ്റ മറ്റു സ്വഹാബികളില്‍ നിന്നു പിന്നെ നാമെന്താണ് സ്വീകരിക്കുക? ദീനിന്റെ ഏതു പകുതിയാണ് സ്വീകരിക്കേണ്ടത്. ഏതാണ് തള്ളേണ്ടത്?
രണ്ടാമത്, ആഇശയെ വ്യവഹരിക്കാന്‍ ഉപയോഗിച്ച ‘ഹുമൈറാഅ്’ എന്ന പദം ഒരു ഓമനപ്പേരാണ്. പത്‌നിമാരോടുള്ള സ്വകാര്യ സംബോധനകളില്‍ മാത്രമേ തിരുമേനി ഈ പദം ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ളൂ. സമുദായത്തിന്റെ പൊതുവായ മാര്‍ഗദര്‍ശനത്തിന്റെയും ദീനീ ശിക്ഷണങ്ങളുടെയും കാര്യങ്ങള്‍ പറയുന്നിടത്ത് ഈ പദം ഉപയോഗിക്കുക എന്നത് അസംഭവ്യമത്രേ.
ഇസ്‌ലാമിക പണ്ഡിതര്‍ തങ്ങളുടെ മതവിജ്ഞാനത്തിന്റെ പകുതിയോ നാലിലൊന്നോ പത്തിലൊന്നോ ആഇശയില്‍നിന്നു സ്വീകരിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നിവേദനങ്ങളുടെ എണ്ണം (രിവായത്ത്) സംബന്ധിച്ചും ആശയം (ദിറായത്ത്) സംബന്ധിച്ചും ഇതു ശരിയാണ്.
നിവേദനങ്ങളുടെ എണ്ണം പരിശോധിക്കുമ്പോള്‍ സ്ത്രീകളും പുരുഷന്‍മാരുമായ ആയിരക്കണക്കിന് സ്വഹാബികള്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വിധികളിലൂടെയും നിര്‍ദേശങ്ങളിലൂടെയും പ്രവാചകന്റെ മാര്‍ഗദര്‍ശനം പ്രബോധനം ചെയ്യുന്നതില്‍ വമ്പിച്ച പങ്കുവഹിച്ചിട്ടുണ്ട്. ആഇശ ഈ ആയിരങ്ങളിലൊരാള്‍ മാത്രമാണ്. അവരുടെ നിവേദനങ്ങള്‍ എത്ര കൂടുതലുണ്ടെങ്കിലും അവ അബൂഹുറൈറ നിവേദനം ചെയ്ത എണ്ണം വരില്ല.
ഇനി ആഇശ നിവേദനം ചെയ്ത ഹദീസുകളുടെ ആശയവും അവയിലെ കര്‍മശാസ്ത്രപരമായ വിധികളും പരിശോധിച്ചാല്‍, ദീനിന്റെ പകുതിയും ആഇശക്ക് നല്‍കുക എന്നത് ബുദ്ധിക്ക് സ്വീകരിക്കാവുന്നതോ ചരിത്രയാഥാര്‍ഥ്യങ്ങളോട് യോജിക്കുന്നതോ അല്ലെന്ന് കാണാം. ദീനിന്റെ പകുതിയും ആയിശയുടെതായിക്കഴിഞ്ഞാല്‍ അബൂബകര്‍, ഉമര്‍, അലി തുടങ്ങിയ പ്രമുഖ സ്വഹാബിവര്യന്‍മാര്‍ക്കും അവര്‍ക്കു തൊട്ടടുത്ത പടിയില്‍ നില്‍ക്കുന്ന ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ് തുടങ്ങിയ അനുചരര്‍ക്കും ഉള്ള സ്ഥാനം എവിടെ.
വ്യക്തികളുടെ ശ്രേഷ്ഠതയും മഹത്ത്വവും പ്രതിപാദിക്കുന്ന ഹദീസുകള്‍ വളരെ സൂക്ഷിച്ചുവേണം സ്വീകരിക്കാന്‍. വ്യക്തികളുടെ ശ്രേഷ്ഠത പ്രതിപാദിക്കുന്ന വിഷയത്തിലാണ് വ്യാജം ഏറെയുള്ളത്. എന്ന് ഹദീസ് പണ്ഡിതന്‍മാര്‍ സ്ഥരീകരിച്ചിട്ടുണ്ട്. തീവ്രവാദികളായ ധാരാളം അനുകൂലികളും കടുത്ത പ്രതിയോഗികളും ഉള്ള വ്യക്തികളുടെ കാര്യത്തില്‍ വിശേഷിച്ചും. ആഇശ അത്തരം വ്യക്തികളില്‍പെടുന്നു.
വിശുദ്ധ ഖുര്‍ആനിലെ ‘അന്നൂര്‍’ അധ്യായത്തിലും സ്ഥിരീകൃതമായ തിരുമൊഴികളിലും ആഇശയുടെ ശ്രേഷ്ഠഗുണങ്ങള്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. അവ അതിഭാവുകത്വവും അമിതപ്രശംസയും അടങ്ങിയ, ബുദ്ധിക്കും യാഥാര്‍ഥ്യത്തിനും നിരക്കാത്ത ഇത്തരം ഹദീസുകളെ അവലംബിക്കേണ്ട ആവശ്യം ഇല്ലാതാകുന്നു. ‘അല്‍മൗദൂആത്’ എന്ന തന്റെ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ഇബ്‌നുല്‍ ജൗസി പറയുന്നു: ബുദ്ധിക്ക് അസ്വീകാര്യവും മൗലികതത്വങ്ങള്‍ക്ക് വിരുദ്ധവും സര്‍വസമ്മതമായ കാര്യങ്ങള്‍ക്ക് വിപരീതവുമായിക്കണ്ട ഹദീസുകളെല്ലാം വ്യാജമാണെന്ന് എനിക്കറിയാം എന്ന പ്രസ്താവന എന്തുമാത്രം സ്വീകാര്യമാണ്!

Topics