നോമ്പ്-ലേഖനങ്ങള്‍

റമദാനിലെ അനുഗ്രഹത്രയങ്ങള്‍

റമദാനിലെ അനുഗ്രഹം നേടിയെടുക്കാന്‍ ആഗ്രഹമില്ലാത്തവരാരെങ്കിലുമുണ്ടോ ? എന്നാല്‍ പ്രസ്തുത അനുഗ്രഹങ്ങള്‍ എന്താണെന്നും അവ എങ്ങനെ നേടിയെടുക്കാമെന്നും നാം തിരിച്ചറിയുമ്പോഴേ അത് സാധിക്കുകയുള്ളൂ.
ഖുര്‍ആന്‍ അവതരിക്കുകയും നോമ്പ് നിര്‍ബന്ധമാക്കുകയും ചെയ്ത അനുഗൃഹീതമാസമാണ് റമദാന്‍ എന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു.
‘ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം.'(അല്‍ ബഖറ 185)

ഖുര്‍ആന്‍ എന്താണെന്ന് മേല്‍ സൂക്തത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാനാകുന്നു. അതായത്, അത് മാനവരാശിക്ക് മാര്‍ഗദര്‍ശനവും സന്‍മാര്‍ഗദായകവും സത്യാസത്യവിവേചകവുമാണെന്ന്. റമദാനിലാണ് വ്രതം നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. പക്ഷേ ഈ വ്രതംകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്? ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍’ (അല്‍ബഖറ 183).

ഖുര്‍ആന്‍ അവതീര്‍ണമായി എന്നതാണ് റമദാന്റെ ഏറ്റവും വലിയ പ്രാധാന്യം. അതിന്റെ ആശയങ്ങളെ കര്‍മപഥത്തിലൂടെ നടപ്പാക്കി ദൈവഭക്തിയും തദനുസൃതമായ ജീവിതവിശുദ്ധിയും നേടിയെടുക്കാനാണ് അത് മനുഷ്യരെ പ്രാപ്തരാക്കുന്നത്.
‘അറബിഭാഷയിലുള്ള ഖുര്‍ആനാണിത്. ഇതിലൊട്ടും വളച്ചുകെട്ടില്ല, അവര്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയാണിത്.'(അസ്സുമര്‍ 28)
ഇവിടെ 3 അനുഗ്രഹങ്ങളാണ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്. റമദാന്‍ വ്രതം, ഖുര്‍ആന്‍ , തഖ്‌വ എന്നിവയാണവ. ഇവയിലെ ദൈവദത്തമായ ബന്ധം അതിന്റെ പരമകാഷ്ടയില്‍ എത്തിക്കാനാകുന്നത് റമദാനില്‍ മാത്രമാണ്. ഈ മൂന്നു അനുഗ്രഹങ്ങളെയും പരസ്പരബന്ധിതമായി കണ്ടില്ലെങ്കില്‍ അതിന്റെ ചൈതന്യം ആസ്വദിക്കാനാകില്ല. ഖുര്‍ആന്‍ ഇല്ലാതെ തഖ്‌വ നേടാനാകില്ലേയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. ഞാന്‍ ഇനിയുള്ള ജീവിതത്തില്‍ ഖുര്‍ആന്‍ സന്നിവേശിപ്പിച്ചാല്‍ പോരേ? അങ്ങനെയായാല്‍ നോമ്പുപിടിക്കാതെയും എനിക്ക് തഖ്‌വ ലഭിക്കില്ലേ എന്നാണ് ചോദ്യമെങ്കില്‍ സാധ്യമല്ല എന്നുതന്നെയാണ് മറുപടി. എന്നല്ല, ഖുര്‍ആനെ സ്വാംശീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വ്രതനാളുകളാണെന്നാണ് എന്നാണ് നമുക്ക് ബോധ്യമാകുന്നത്.
തഖ്‌വ എങ്ങനെ കരഗതമാക്കാം എന്ന് അല്ലാഹു നമ്മെ പഠിപ്പിച്ചിട്ടുണ്ട്.’അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍(അല്‍ബഖറ 187)’
തഖ്‌വ ഇത്രമേല്‍ പ്രാധാന്യമുള്ളതാകാന്‍ എന്താണ് കാരണം? ചില സംഭവങ്ങളിലൂടെ അക്കാര്യം വ്യക്തമാക്കാം.
ജോര്‍ജ് ഒരു സിനിമാനടനാണ്. അത്യധികം സ്‌നേഹവും ദയാനുകമ്പയും നല്ല പെരുമാറ്റമര്യാദയുമുള്ള യുവാവ്. ആരെയും ഉപദ്രവിക്കാന്‍ മെനക്കെടാത്ത ആളാണ്. എന്നല്ല, തന്നാലാവുംവിധം എല്ലാവരെയും സഹായിക്കാന്‍ അതീവതല്‍പരനുമാണ്. എന്നാല്‍ അയാള്‍ക്ക് പ്രത്യേകിച്ച് ഒരു മതത്തിലും വിശ്വാസമൊന്നുമില്ല. ആളുകള്‍ക്കൊക്കെ അയാള്‍ സുപരിചിതനാണ്. അവര്‍ അയാളെ ആരാധനയോടെ കാണുകയും ആദരിക്കുകയും ചെയ്യുന്നു.
ജോര്‍ജിന്റെ സുഹൃദ് വലയത്തില്‍ ചില യുവതികളുണ്ട്. അയാളുടെ പെരുമാറ്റത്തിലും സൗന്ദര്യത്തിലും ആകൃഷ്ടരായ അവര്‍ സന്തോഷത്തിനും നേരമ്പോക്കിനും അയാളോടൊപ്പം കിടക്ക പങ്കിടാറുമുണ്ട്. അങ്ങനെ ജീവിതം വിജയകരമായി അവര്‍ മുന്നോട്ടുകൊണ്ടുപോകുന്നു.പക്ഷേ, സത്യത്തില്‍ അവര്‍ വിജയിച്ചിട്ടുണ്ടോ?
അതുപോലെ മറ്റൊരാളായ അഹ്മദിനെ നമുക്ക് പരിചയപ്പെടാം. ജോര്‍ജിനെപ്പോലെ സുന്ദരനും സദ്‌സ്വഭാവിയും ദയാവായ്പുള്ളവനുമാണ് അഹ്മദും. ചെറിയൊരു വ്യത്യാസം മാത്രം. അയാള്‍ ഭയഭക്തിയും മൂല്യവുമുള്ളവനാണ്. അധാര്‍മികപ്രവര്‍ത്തനങ്ങള്‍ക്ക് അയാള്‍ കീഴൊതുങ്ങാറില്ല. ചുരുക്കത്തില്‍ , അയാള്‍ ജീവിതത്തില്‍ തഖ്‌വ പുലര്‍ത്തുന്നയാളാണ്.
ചോദ്യമിതാണ്: ഇവിടെ ജോര്‍ജ് ചെയ്യുന്ന സദ്കൃത്യങ്ങള്‍ക്ക് ദൈവം പ്രതിഫലം നല്‍കുമോ? ഈ ലോകത്ത് സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇവിടെയും പരലോകത്തും അല്ലാഹു പ്രതിഫലം നല്‍കുമെന്ന് നമുക്കറിയാം. ‘
”ഭക്തന്മാരുടെ പക്കലുള്ളതേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.'(അല്‍ മാഇദ 27)
തഖ്‌വയുള്ള മനുഷ്യന്‍ ഇഹലോകജീവിതത്തെ ചെറുയാത്രയായി മനസ്സിലാക്കുന്നു. അതിനാല്‍ ഇതിനപ്പുറത്തുള്ള പരലോകജീവിതത്തിലേക്കുള്ള വിഭവങ്ങള്‍(പാഥേയം) ഒരുക്കുന്നതിലായിരിക്കും അയാളുടെ ശ്രദ്ധ.

‘നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക'(അല്‍ബഖറ 197).
ഒരിക്കല്‍ ആരോ അലി (റ)യോട് ഭക്തി(തഖ്‌വ)യെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു:’അത്യുന്നതനായ ദൈവത്തക്കുറിച്ച ഭയമാണ് തഖ്‌വ. അവന്‍ നല്‍കിയ സന്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക. ഉള്ളതില്‍ സംതൃപ്തിയടയുക, ജീവിതത്തോട് ഏതുനിമിഷവും വിടപറയാന്‍ തയ്യാറായി നില്‍ക്കുക.’

സ്രഷ്ടാവിനെ എല്ലാ കാര്യങ്ങളിലും ഓര്‍ക്കുന്ന ഉദാത്തമായ അവസ്ഥയാണ് തഖ്‌വ . അവനെ ഭയപ്പെടുന്നതും സ്‌നേഹിക്കുന്നതും ഇതരസൃഷ്ടിജാലങ്ങളെ വെടിഞ്ഞ് അവനില്‍ പ്രതീക്ഷവെച്ചുപുലര്‍ത്തുന്നതും തഖ്‌വയുടെ പ്രതീകമാണ്. ഒരു വ്യക്തി ആ അവസ്ഥ എത്തിക്കഴിഞ്ഞാല്‍ ‘അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്'(അല്‍ഹുജുറാത് 13).
തഖ്‌വയുള്ളവനാവാന്‍ ഒരു റമദാനെന്ന ക്രാഷ്‌കോഴ്‌സ് മാത്രം മതിയാകുകയില്ല. അതിന് നീണ്ട ജീവിതയാത്രതന്നെ വേണ്ടിവരും. അങ്ങനെയാണെങ്കില്‍തന്നെയും റമദാന്‍ ഭക്തിസാന്ദ്രമായ മനസ്സിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഹൃദയവും ആത്മാവും അല്ലാഹുവിന്റെ വചനങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന വേളയാണത്. ശരിയായ രീതിയില്‍ നോമ്പനുഷ്ഠിക്കുന്നപക്ഷം എല്ലാ വിധത്തിലുമുള്ള ദുഷ്ചിന്തകളെയും ദുര്‍വിചാരങ്ങളെയും അകറ്റിനിര്‍ത്തി മനസ്സ് സദ്വിചാരങ്ങളില്‍ മുഴുകുന്നതാക്കിത്തീര്‍ക്കാന്‍ കഴിയും.
എന്നാല്‍ ഇത് എങ്ങനെയാണ് സാധ്യമാകുക? അല്ലാഹുവുമായി കൂടുതല്‍ അടുക്കാനും അത്തരം ചിന്തകള്‍ തീവ്രതരമാക്കാനും ശക്തമായ ആഗ്രഹം വെച്ചുപുലര്‍ത്തുകയെന്നതാണ് ഒന്നാമത്തെ സംഗതി. ഖുര്‍ആനല്ലാതെ മറ്റൊന്നും ഇതിനുള്ള പ്രേരണ നല്‍കാന്‍ സഹായിക്കുകയില്ല. പരിഭാഷയോ വ്യാഖ്യാനഗ്രന്ഥങ്ങളോ ഖുര്‍ആന്റെ ആശയത്തെ മനസ്സിലാക്കാന്‍ സഹായിക്കുമായിരിക്കും. എന്നാല്‍ ഖുര്‍ആന്‍ നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹു നമ്മോട് സംസാരിക്കുന്നുവെന്ന അനുഭൂതിയോടെ ശക്തമായി സ്വാധീനിക്കുമെന്ന് നാം തിരിച്ചറിയണം.
ഇന്ന് സമുദായത്തില്‍ എല്ലാവരും റമദാനില്‍ ഒരുവട്ടമെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്ത് തീര്‍ക്കാന്‍ കൊതിക്കുന്നവരാണ്. അത് പലപ്പോഴും ഖുര്‍ആന്റെ ആശയം മനസ്സിലാക്കാനുള്ള ശ്രമം പോലും നടത്താതെയുള്ള അധരവ്യായാമമായിപ്പോകാറുണ്ടോയെന്ന സംശയം ജനിപ്പിക്കുന്നു. ചിലരാകട്ടെ, എന്താണുച്ചരിക്കുന്നതെന്ന വ്യക്തതപോലും നല്‍കാതെ വളരെ തിടുക്കത്തില്‍ ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്നു. എന്നാല്‍ നമ്മില്‍ യാതൊരുമാറ്റവും ഉണ്ടാക്കാത്ത ഖുര്‍ആന്‍ പാരായണത്തേക്കാള്‍ ഉത്തമം എന്താണ് അല്ലാഹു തന്നോട് പറയുന്നതെന്ന് അറിഞ്ഞ് അതിനെ സമീപിക്കുന്നതാണ്. അതോടൊപ്പം ആശയമറിഞ്ഞ ഖുര്‍ആന്‍ സൂക്തങ്ങളെ മനഃപാഠമാക്കുകയും നമസ്‌കാരങ്ങളില്‍ അത് ഓതാന്‍ ശ്രമിക്കുകയുംചെയ്താല്‍ മഹത്തായ കാര്യമായിരിക്കുമത്. നമസ്‌കാരങ്ങളിലൂടെ നിരന്തരം പാരായണംചെയ്യുന്നത് അല്ലാഹുവെക്കുറിച്ച സ്മരണയെ ശക്തിപ്പെടുത്താനും അതുവഴി അടുത്തബന്ധം സ്ഥാപിക്കാനും സഹായിക്കും.
ചുരുക്കത്തില്‍ അന്ന -പാനീയ- ഭോഗങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവയില്‍ പരിമിതമല്ല നോമ്പ്. മറിച്ച്, തഖ്‌വയാണ് അതിന്റെ മുഖ്യലക്ഷ്യം. ആ തഖ്‌വ, പക്ഷേ, അല്ലാഹുവെക്കുറിച്ച ഹൃദയസാന്നിധ്യമാണ്, അവനെക്കുറിച്ച സൂക്ഷ്മതയാണ്. തെറ്റായ കാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനുള്ള കരുതല്‍ ബോധമാണ്. സദാ അവനെ തൃപ്തിപ്പെടുത്താനും അവന്റെ പ്രീതി പിടിച്ചുപറ്റാനുമുള്ള ശ്രമമാണ്.

Topics