നോമ്പ്-ലേഖനങ്ങള്‍

രോഗികള്‍ക്ക് നോമ്പെടുക്കാം ?

ആത്മനിയന്ത്രണത്തിന്റെയും വൈരാഗത്തിന്റെയും മാസമാണ് റമദാന്‍. മനുഷ്യന്റെ ജഡികേച്ഛകളുടെ മേല്‍ എത്രമാത്രം നിയന്ത്രണം സാധ്യമാകുമെന്ന് അത് അവനെ ബോധ്യപ്പെടുത്തുന്നു. ഇന്ന് ഭൗതികപ്രമത്തതയില്‍ അഭിരമിക്കുന്ന ലോകര്‍ക്കിടയില്‍ സര്‍വസാധാരണമായി കാണുന്ന രോഗങ്ങളാണ് പ്രമേഹവും ഹൃദ്‌രോഗവും. അതിനാല്‍ ഇവയിലേതെങ്കിലും അസുഖങ്ങളുള്ളവര്‍ക്ക് പ്രതാനുഷ്ഠാനം സസാധ്യമാണോ എന്ന ചോദ്യം നിരന്തരം ഉയര്‍ന്നുവരാറുണ്ട്. നോമ്പ് ആരോഗ്യദായിയാണ് എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിന്റെ പിതാക്കന്‍മാരായ ഹിപ്പോക്രാറ്റിസ്, ഗാലന്‍, പാരസെല്‍സസ് തുടങ്ങിയവര്‍ അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ‘നോമ്പ് ഒരു ഡോക്ടറാണ് ‘എന്ന് പ്രസ്താവിക്കുകയുണ്ടായി.

രോഗിയായ വ്യക്തി നോമ്പനുഷ്ഠിക്കുന്നതിന് മുമ്പ് തന്റെ ആരോഗ്യാവസ്ഥ ഭിഷഗ്വരന്‍മാരെ കണ്ട് വിലയിരുത്തേണ്ടതാണ്. ശരീരത്തിന് അപകടമുണ്ടാവുകയില്ല എന്ന് ഉറപ്പുകിട്ടിയാല്‍ അവര്‍ക്ക് നോമ്പനുഷ്ഠിക്കുന്നതിന് വിലക്കില്ല.

രോഗികള്‍ക്ക് നോമ്പനുഷ്ഠിക്കാം ?

പ്രമേഹരോഗിയായ ഒരു വ്യക്തിക്ക് അയാള്‍ സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും അവയുടെ ഇടവേളകളും കൃത്യമായി പാലിക്കേണ്ടതുണ്ട്. അതിനാല്‍ മൊത്തം മരുന്നിന്റെ മൂന്നിലൊന്ന് സുബ്ഹിക്കു മുമ്പുള്ള അത്താഴവേളയിലും മൂന്നില്‍രണ്ട് ഭാഗം നോമ്പുതുറ ഭക്ഷണശേഷവും കഴിക്കാം. ഹൈപ്പോ ഗ്ലൈസീമിയ(രക്തത്തില്‍ പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ) ഒഴിവാക്കാനാണ് ഈ ഔഷധക്രമം കല്‍പിക്കപ്പെട്ടിരിക്കുന്നത്.
ഇന്‍സുലിന്‍കുത്തിവെപ്പ് : പുലര്‍ച്ചെ ഭക്ഷണത്തിനും നോമ്പുതുറഭക്ഷണത്തിനും മുമ്പായി രണ്ട് ഡോസ്. രാത്രി തറാവീഹിന് ശേഷം ഇന്റര്‍മീഡിയറ്റ് ഇന്‍സുലിന്‍ ഒരു ഡോസ്.

ഹൃദയസംബന്ധിയായ അസുഖമുള്ള രോഗികള്‍ ആന്റിഹൈപര്‍ടെന്‍സീവുകള്‍, ലിപിഡ് മരുന്നുകള്‍ ആന്റി ആന്‍ജിനലുകള്‍ എന്നിങ്ങനെ വിവിധ മരുന്നുകള്‍ കഴിക്കേണ്ടവരാണ്.
മിതമായ ബിപി(രക്തസമ്മര്‍ദ്ദം) ഉള്ളവര്‍ മരുന്ന് പുലര്‍ച്ചെ ഭക്ഷണത്തോടൊപ്പം സേവിച്ചാല്‍ മതി. എന്നാല്‍ വളരെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ നോമ്പെടുക്കുന്നത് ഹൃദ്രോഗസാധ്യത കൂട്ടാനിടയുണ്ട്.
മൂത്രം കൂടുതലായി ഒഴിക്കുന്ന രോഗികള്‍ ഉപവാസമെടുക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കാനിടയുണ്ട്. മൂത്രത്തിലൂടെ ഒട്ടേറെ ലവണങ്ങള്‍ നഷ്ടപ്പെടുന്നതാണ് അതിന് കാരണം. കൊഴുപ്പുകള്‍ കുറക്കാനും രക്തം അലിയിക്കാനുമായി നല്‍കുന്ന മരുന്നുകള്‍ നോമ്പുതുറ ഭക്ഷണത്തിനുശേഷം അവര്‍ കഴിച്ചാല്‍ മതി.

ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുള്ള വ്യക്തികള്‍ അവരുടെ ഭക്ഷണക്രമത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുകതന്നെ വേണം. അധികം കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍, ഉപ്പും മധുരവും കൂടുതലടങ്ങിയ പലഹാരങ്ങള്‍ എന്നിവ നിയന്ത്രിക്കണം. ദിനേന 6-10 ഗ്രാം കാര്‍ബോഹൈഡ്രേറ്റും ഒരുകിലോ ശരീരഭാരത്തിന് 1.2 ഗ്രാം എന്ന തോതില്‍ പ്രോട്ടീനും അടങ്ങിയ ഭക്ഷണം ആണ് അവര്‍ കഴിക്കേണ്ടത്. നോമ്പുതുറക്കുശേഷം കഫീനും പഞ്ചസാരയും ചേരാത്ത പാനീയങ്ങള്‍ കുടിച്ചുകൊണ്ട് ശരീരത്തിലെ ജലാംശം നിലനിറുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം ഭക്ഷണമെനുവില്‍ ഇലക്കറികള്‍, പച്ചക്കറി സലാഡുകള്‍(സവാള, ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ് , കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാന്‍ സാധ്യതയുള്ളതിനാല്‍ അവ ഒഴിവാക്കണം)ഉള്‍പ്പെടുത്തണം. പപ്പായ, ആപ്പിള്‍, മുസംബി, ഓറഞ്ച് എന്നിവ കഴിക്കുന്നതില്‍ കുഴപ്പമില്ല. ഗ്ലൂക്കോസിന്റെ അളവ് കുറവുള്ള ഓട്‌സ്, തവിട് കളയാത്ത ഗോതമ്പ്, ബാര്‍ലി, ചോളം, പയറുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. തീയില്‍ ചുട്ട ഭക്ഷ്യവിഭവങ്ങളാണ്(എണ്ണയില്‍ വറുത്തവയല്ല) ഏറെയുത്തമം.

വ്യായാമം നല്ലതോ ?

ടൈപ്പ് വണ്‍ പ്രമേഹമുള്ള രോഗികള്‍ നോമ്പനുഷ്ഠിച്ചുകൊണ്ട് വ്യായാമം ചെയ്യാന്‍ പാടുള്ളതല്ല. അതിനാല്‍ അവര്‍ ഇരുന്ന് നമസ്‌കരിച്ചാല്‍ മതിയാകും. എന്നാല്‍ ടൈപ് ടു പ്രമേഹരോഗികളും കൂടിയ രക്തസമ്മര്‍ദ്ദമുള്ളവരും വ്യായാമംചെയ്യുന്നതിന് വിരോധമില്ല.

ഉപവാസകാലത്ത് മേല്‍പറഞ്ഞ രോഗികള്‍ക്ക് ഹൈപോഗ്ലൈസീമിയ, ഹൈപര്‍ ഗ്ലൈസീമിയ, കീറ്റോ അസിഡോസിസ്, ഡീഹൈഡ്രേഷന്‍, വൃക്കസംബന്ധിയായ അസുഖങ്ങള്‍, ഉണ്ടാകാനിടയുണ്ട്. അതിനാല്‍ രോഗാവസ്ഥയിലുള്ളവര്‍ അവര്‍ക്ക് ശക്തിയായ ദാഹം , അമിതമായ മൂത്രമൊഴിക്കല്‍, തലകറക്കം ,അമിതവിയര്‍പ്പ്, കടുത്തക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവ പരിശോധിക്കേണ്ടതാണ്. അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 70 ല്‍ താഴെപോകുകയോ 300 ല്‍ കവിയുകയോ ചെയ്താല്‍ അവര്‍ ഉടനടി നോമ്പുമുറിക്കേണ്ടതാണ്. അതേപോലെത്തന്നെ രക്തസമ്മര്‍ദ്ദം 100/60 ല്‍ കുറയുകയും നെഞ്ചില്‍ അസ്വസ്ഥത തോന്നുകയുമാണെങ്കിലും അത്തരം ആളുകള്‍ നോമ്പ് മുറിക്കേണ്ടതാണ്.

ഇളവുനല്‍കപ്പെട്ട രോഗികള്‍

ടൈപ് 1 പ്രമേഹരോഗികളുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഉണ്ടാകുന്നില്ലെന്നതിനാല്‍ അത് ഗുരുതരമായ അവസ്ഥാവിശേഷം സംജാതമാക്കും. അതിനാല്‍ അത്തരക്കാര്‍ നോമ്പ് അനുഷ്ഠിക്കരുത്.
സ്ഥിരമായി മരുന്നുകഴിക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ റമദാനിലേക്കായി അതിന്റെ ഡോസേജും സമയക്രമവും പരിഷ്‌കരിച്ച് സ്ഥിരത ഉറപ്പുവരുത്തിയശേഷം മാത്രമേ നോമ്പനുഷ്ഠിക്കാവൂ. അല്ലാത്തപക്ഷം അത് ഗുരുതരമായ ശാരീരികപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

രക്തത്തില്‍ കൊഴുപ്പ് കൂടുകയും ഹൃദയത്തില്‍ ബ്ലോക്കുണ്ടാവുകയും ചെയ്തിട്ടുള്ള ആളുകള്‍ നോമ്പനുഷ്ഠിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കാരണം, ഹാര്‍ട്ട് അറ്റാക്കിന്റെ തുടക്കത്തെ അത്തരക്കാര്‍ നെഞ്ചെരിച്ചിലോ ഗ്യാസ്ട്രബ്‌ളോ ആയി തെറ്റുധരിക്കാന്‍ സാധ്യതയുണ്ട്.

ഇനി ഏതെങ്കിലും രോഗികള്‍ തങ്ങളുടെ രോഗാവസ്ഥയെ കാര്യഗൗരവത്തില്‍ എടുക്കാതെ അതിന്റെ മുഴുവന്‍ അപകടാവസ്ഥയും തരണംചെയ്യാമെന്ന ധാരണയില്‍ നോമ്പനുഷ്ഠിക്കുകയാണെങ്കില്‍ അത് പ്രോത്സാഹജനകമായ കാര്യമാണെന്ന് പറയാനാവില്ല. കാരണം കരുണാവാരിധിയായ അല്ലാഹുവിന്റെ ഇളവിനെ വിലമതിക്കാത്ത വ്യക്തിയാണയാള്‍. അതിനെക്കാളുപരി, അത്തരം പ്രവൃത്തികൊണ്ട് അയാള്‍ സ്വന്തത്തെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്.
‘അറിയുക, ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്'(അര്‍റഅ്ദ് 28).

‘നിങ്ങള്‍ നിങ്ങളെത്തന്നെ ഹത്യ നടത്തരുത്. അല്ലാഹുനിങ്ങളോട് ഏറെ കരുണയുള്ളവനാണ്. തീര്‍ച്ച'(അന്നിസാഅ് 28).
അല്ലാഹുവും അവന്റെ ദൂതരും ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും വിശ്വാസികളെ ധരിപ്പിച്ചത് രോഗികള്‍ക്ക് നോമ്പനുഷ്ഠിക്കുന്നതില്‍ ഇളവുണ്ടെന്നാണ്. അതിനാല്‍ രോഗികള്‍ ആ ഇളവുകള്‍ ഉപയോഗപ്പെടുത്തുകയും ബദലായി നിര്‍ദേശിച്ച പ്രായശ്ചിത്തനടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.

Topics