പ്രവാചകന്മാര്‍-Q&A

യൂസുഫ് നബിയെക്കാള്‍ സുന്ദരന്‍ മുഹമ്മദ് നബി ?

ചോ: ഈയിടെ ഒരാളില്‍നിന്ന് ആഇശയില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതെന്ന രീതിയില്‍ ഒരു ഹദീസ് കേള്‍ക്കുകയുണ്ടായി. അതായത്, യൂസുഫ് നബിയുടെ യജമാനത്തിയായ സുലൈഖയും അവരുടെ കൂട്ടുകാരികളും മുഹമ്മദ് നബിയെ കണ്ടിട്ടുണ്ടായിരുന്നതെങ്കില്‍ തങ്ങളുടെ ഹൃദയം മുറിച്ചെടുക്കുമായിരുന്നുവെന്ന്. ഇൗ ഹദീസ് വിശ്വസനീയമാണോ?

ഉത്തരം: മേല്‍ രീതിയില്‍ പറയുന്ന ഒരു ഹദീസ് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ആധികാരികമായ ഏതെങ്കിലും ഹദീസ് സമാഹാരങ്ങളില്‍ അവ ഉദ്ധരിക്കപ്പെട്ടതായി കേട്ടിട്ടുമില്ല. പ്രബലരായ നിവേദകരിലൂടെ ഉദ്ധരിക്കപ്പെടുന്ന ഒരൊറ്റ ഹദീസും സ്വീകരിക്കപ്പെടാതിരിക്കുകയോ ഒട്ടേറെ നിവേദനങ്ങളിലൂടെ പ്രസ്താവിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെടാതിരിക്കുകയോ എന്നത് സംഭവ്യമല്ല. അതല്ലാത്തതെല്ലാം കെട്ടിച്ചമച്ചതോ, സംശയാസ്പദമോ, ദുര്‍ബലമോ ആയിരിക്കാനാണിട. അത്തരത്തിലുള്ള ഉദ്ധരണികളെ നാം മറ്റുള്ളവര്‍ക്ക് ഹദീസെന്ന രീതിയില്‍ പരിചയപ്പെടുത്തുന്നതും പഠിപ്പിക്കുന്നതും ശരിയല്ല. ദീനില്‍ ഇല്ലാത്ത സംഗതിയെ ഇൗ രീതിയില്‍ ചേര്‍ത്തുപറയുന്നത് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ശിര്‍ക്കോളം കടുത്ത പാപമായിരിക്കും.
എങ്കിലും നിഷേധിക്കാനാകാത്ത ചില കാര്യങ്ങള്‍ ഇവ്വിഷയകമായി ഇവിടെപ്പറയട്ടെ.
1. ഖുര്‍ആനും പ്രവാചകഹദീസുകളും യൂസുഫ് നബിയുടെ അനുപമമായ സൗന്ദര്യത്തെ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
2. മുഹമ്മദ് നബി(സ)യുടെ ശാരീരികവും സ്വഭാവപരവുമായ സൗന്ദര്യത്തെക്കുറിച്ച് അനുയായികളുടെ സാക്ഷ്യവും നമ്മുടെ മുമ്പിലുണ്ട്.
മുസ്‌ലിംകളായ നമ്മെ സംബന്ധിച്ചിടത്തോളം രണ്ടുസംഗതികളും തീവ്രനിലപാടിലേക്ക് കടന്നുകയറാത്തവിധം സ്വീകരിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. അതായത്, മറ്റുപ്രവാചകന്‍മാരേക്കാള്‍ എന്നെ മഹത്ത്വവത്കരിക്കാന്‍ നിങ്ങള്‍ ശ്രമിക്കരുതെന്ന കല്‍പനയുള്ളപ്പോള്‍ അത് അനുസരിക്കുകയെന്നതായിരിക്കണം നമ്മുടെ നിലപാട്. ദീനിന്റെ കാര്യത്തില്‍ അതിരുകവിയരുതെന്ന് ഖുര്‍ആനിലൂടെ അല്ലാഹു താക്കീത് ചെയ്തിട്ടുള്ള കാര്യം നാം മറക്കാതിരിക്കുക.

മുഫ്തി: ശൈഖ് അഹ്മദ് കുട്ടി

Topics