പ്രവാചകന്മാര്‍-Q&A

മറ്റു പ്രവാചകന്‍മാര്‍ ഹിജ്‌റ ചെയ്തിട്ടുണ്ടോ ?

ചോ: ഹിജ്‌റ മുഹമ്മദ് നബി(സ)ക്കുമാത്രമുള്ള പ്രത്യേകതയാണോ ? അതല്ല, മറ്റുപ്രവാചകന്‍മാരും ഹിജ്‌റ ചെയ്തിട്ടുള്ളവരാണോ?

ഉത്തരം: അല്ലാഹുവിന്റെ ദൂതന്‍മാരില്‍ എല്ലാവരുമല്ലെങ്കിലും അധികപേരും ഹിജ്‌റ ചെയ്തിട്ടുള്ളവരാണ്. എന്നിരുന്നാലും അവരുടെ ഹിജ്‌റ മുഹമ്മദ് നബിയുടെ ഹിജ്‌റയില്‍നിന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഇബ്‌റാഹീം നബിയുടെ ഹിജ്‌റ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:’അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു.

ഇബ്‌റാഹീം പറഞ്ഞു: ”ഞാന്‍ നാടുവിടുകയാണ്. എന്റെ നാഥന്റെ സന്നിധിയിലേക്കു പോവുകയാണ്. സംശയമില്ല; അവന്‍ തന്നെയാണ് പ്രതാപിയും യുക്തിമാനും.”(അല്‍അന്‍കബൂത് : 26) മറ്റൊരിടത്ത് ഇപ്രകാരം കാണാം:’ഇബ്‌റാഹീം പറഞ്ഞു: ”ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും.’ (അസ്സ്വാഫാത്ത് 99)

അതിനാല്‍ , ഇബ്‌റാഹീം ഓരോരോ സ്ഥലങ്ങളില്‍ മാറിമാറിത്താമസിച്ചു. അങ്ങനെ അവസാനം അദ്ദേഹം ഫലസ്തീനില്‍ എത്തിപ്പെടുകയായിരുന്നു. അവിടെവെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. അവിടെത്തന്നെ ഖബറടക്കപ്പെടുകയുംചെയ്തു. അദ്ദേഹത്തിന്റെ പേരിലാണ് ആ പട്ടണം ഇന്നും ‘അല്‍ഖലീല്‍ ഇബ്‌റാഹീം’ എന്നറിയപ്പെടുന്നത്.

മൂസാ (അ) പ്രവാചകനായി ദൗത്യമേല്‍പിക്കപ്പെടുംമുമ്പ്  നാടുവിട്ടയാളാണ്. ഒരു ഖിബ്ത്വിയെ അബദ്ധവശാല്‍ കൊന്നതിന്റെ പേരില്‍ ഈജിപ്തില്‍നിന്ന് പലായനംചെയ്യേണ്ടിവന്നു. അല്ലാഹുവിങ്കല്‍ പശ്ചാത്തപിച്ച് മടങ്ങിയ അദ്ദേഹത്തെ ഗുണകാംക്ഷിയായ നാട്ടുകാരന്‍ ജീവരക്ഷയ്ക്കായി സ്ഥലംവിടുന്നതാണ് നല്ലതെന്ന് ഉപദേശിച്ചപ്പോഴാണ് അദ്ദേഹം അന്യദേശത്തേക്ക് കടന്നത്.

അല്ലാഹുപറയുന്നത് കാണുക: ‘അപ്പോള്‍ പട്ടണത്തിന്റെ അറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ”ഓ, മൂസാ, താങ്കളെ കൊല്ലാന്‍ നാട്ടിലെ പ്രധാനികള്‍ ആലോചിക്കുന്നുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ താങ്കളിവിടെനിന്ന് പുറത്തുപോയി രക്ഷപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളിലൊരാളാണ്.അങ്ങനെ മൂസ പേടിയോടും കരുതലോടും കൂടി അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: ”എന്റെ നാഥാ, അക്രമികളായ ഈ ജനതയില്‍ നിന്ന് നീയെന്നെ രക്ഷപ്പെടുത്തേണമേ.”(അല്‍ഖസ്വസ്  20,21)

മൂസാ (അ) മദ്‌യന്‍ ദേശത്തേക്കാണ് പോയത്. അവിടെ അദ്ദേഹം ശുഐബ് നബിയുടെ മകളെ വിവാഹംചെയ്യുകയും പത്തുവര്‍ഷം അവിടെതാമസിക്കുകയും ചെയ്തു. ഈ കാലയളവിലൊന്നും അദ്ദേഹത്തിന്  ദൈവികവെളിപാടൊന്നും ലഭിച്ചിരുന്നില്ല.  അദ്ദേഹം സത്യസന്ധനായ മനുഷ്യനും നല്ലഭര്‍ത്താവും ഉദാരനായ മരുമകനും  ആയാണ് ജീവിതം നയിച്ചത്.  ഒരുപക്ഷേ, അദ്ദേഹം പ്രതികാരനടപടി ഭയന്നാണ് സ്വദേശത്തുനിന്ന് രക്ഷപ്പെട്ടതെന്ന് പറയാം. ഖുര്‍ആന്‍ അക്കാര്യം പറയുന്നതുകാണുക:’അങ്ങനെ നിങ്ങളെപ്പറ്റി പേടി തോന്നിയപ്പോള്‍ ഞാനിവിടെ നിന്ന് ഒളിച്ചോടി. പിന്നീട് എന്റെ നാഥന്‍ എനിക്ക് യുക്തിജ്ഞാനം നല്‍കി. അവനെന്നെ തന്റെ ദൂതന്മാരിലൊരുവനാക്കി'(അശ്ശുഅറാഅ് 21).

അതേസമയം മുഹമ്മദ് നബി(സ)യുടെ  പലായനത്തിനുള്ള പ്രചോദനം ആളുകളുടെ മര്‍ദ്ദനത്തില്‍നിന്നുള്ള രക്ഷ എന്നതുമാത്രമായിരുന്നില്ല. മറിച്ച്, ഇസ്‌ലാമിനെ അടിസ്ഥാനമായി സ്വീകരിച്ച ഒരു സമുദായത്തിന്റെ സൃഷ്ടിപ്പും സംസ്ഥാപനവുമായിരുന്നു. അത് ലോകത്തിന് മാതൃകയാകണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ആ ദൗത്യത്തില്‍ അദ്ദേഹം പരിപൂര്‍ണവിജയം നേടി. അതാണ് ലോകംകണ്ട മാതൃകാസമൂഹത്തിന്റെ പിറവിക്ക് വഴിയൊരുക്കിയത്.

Topics