ചോ: ഞാന്‍ നവമുസ്‌ലിംയുവതിയാണ്. ഞാന്‍ പള്ളിയില്‍ പോകാറുള്ളത് എന്റെ കൂട്ടുകാരിയോടൊപ്പമാണ്. അങ്ങനെയിരിക്കെ അവരുടെ സഹോദരനെ പരിചയപ്പെടാനിടയായി. നമസ്‌കാരം കഴിഞ്ഞാല്‍ അവരുടെ കുടുംബം എന്നെ കാറില്‍ വീട്ടില്‍കൊണ്ടുവന്നുവിടും. എന്റെ ഏതാനുംവീടുകള്‍ക്ക് അപ്പുറത്താണ് അവരുടെയും വീട്. ഈയിടെയായി ആ സഹോദരനോട് ഉള്ളില്‍ സ്‌നേഹവും അടുപ്പവും എനിക്ക് തോന്നുന്നു.
നോമ്പുതുടങ്ങിയാല്‍ തറാവീഹിനും മറ്റുമായി പള്ളിയില്‍ ഞാന്‍ ആ കുടുംബത്തോടൊപ്പം ഒരുമിച്ചാണ് പോകുക. എന്റെ മനസ്സില്‍ മൊട്ടിട്ട സ്‌നേഹത്തെക്കുറിച്ച് അല്ലാഹുവിനല്ലാതെ അറിയില്ല. എന്നാല്‍ റമദാന്റെ ചൈതന്യത്തിന് നിരക്കാത്തതും മുസ്‌ലിമിന്റെ സ്വഭാവത്തിന് യോജിക്കാത്തതുമായ ഈ അടുപ്പത്തെച്ചൊല്ലി മനസ്സ് അസ്വസ്ഥമാണ്. അല്ലാഹുവിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമോയെന്നാണെന്റെ ഭയം. ഉയര്‍ന്ന ധാര്‍മികവിശുദ്ധ കൈവരിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
——————
ഉത്തരം: സ്‌നേഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇസ്‌ലാം സ്‌നേഹത്തിനും പ്രേമത്തിനും എതിരാണെന്ന് ആളുകള്‍ ധരിച്ചുവശായിരിക്കുന്നു.
രണ്ട് വ്യക്തികള്‍ പരസ്പരം സ്‌നേഹിക്കുമ്പോള്‍ അവിടെ ഇസ്‌ലാമിന്റെ പരിധികള്‍ ലംഘിക്കപ്പെടരുതെന്നുമാത്രം. അതിനാല്‍ മനസ്സിലെ വികാരങ്ങളെ കുറ്റപ്പെടുത്തുന്നതിനുപകരം പ്രവൃത്തികളെയാണ് കണക്കിലെടുക്കേണ്ടത്.
സ്ഥലകാല പരിമിതികള്‍ക്കപ്പുറത്താണ് ആത്മാവുമായി ഉള്‍ച്ചേര്‍ന്നിട്ടുള്ള സ്‌നേഹത്തിന്റെ പ്രകടനങ്ങള്‍. തീര്‍ച്ചയായും സ്‌നേഹം അടുപ്പത്തെയും പെരുമാറ്റങ്ങളെയും ആഗ്രഹിക്കുന്നു. അത് മാനുഷികമെന്നതോടൊപ്പം ഇസ്‌ലാമികവുമാണ്. അതിനാല്‍ സ്‌നേഹപ്രകടനത്തിന്റെ ഇടവും പെരുമാറ്റരീതിയും ചര്‍ച്ചചെയ്യേണ്ടതുണ്ട്.
ഇസ്‌ലാമില്‍ ദാമ്പത്യജീവിതമാരംഭിക്കുന്നതോടെയാണ് ഒരാണും പെണ്ണും പരസ്പരം സമര്‍പ്പിക്കുന്നത്. ആ സമര്‍പ്പണമാണ് സ്‌നേഹം. തന്റെ പങ്കാളിയില്‍ സംതൃപ്തിയും സമാധാനവും ആശ്രയവും കണ്ടെത്തുകയെന്നതാണ് മനുഷ്യജീവിതം. അതിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ജീവിതത്തിന്റെ വ്യത്യസ്തദശാസന്ധികളില്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദങ്ങളെയും പരീക്ഷണങ്ങളെയും ഭീഷണികളെയും അതിജയിക്കാന്‍ ആണുംപെണ്ണും ഒരുമിച്ച് ജീവിതമാരംഭിക്കണം. ഊഷരമായ ഈ ലോകത്ത് ഈ രീതിയില്‍ ആരംഭിക്കുന്ന ജീവിതത്തിന് അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകള്‍ അകമ്പടിസേവിക്കുമ്പോള്‍ അവിടം സ്വര്‍ഗമാകുമെന്നതില്‍ എന്താണ് സംശയം!
അതിനാല്‍ സ്‌നേഹം ഹൃദയത്തിന്റെ അനുഭവമാണെന്നറിയുക. എന്നാല്‍ അതിന്റെ ബാഹ്യപ്രകടനങ്ങള്‍ക്ക് ഇസ്‌ലാം ധാര്‍മികപരിധികള്‍ നിശ്ചയിച്ചിരിക്കുന്നു. സ്‌നേഹം നിരാകരിച്ചുകൊണ്ടുള്ള ശാരീരികാടുപ്പവും സെക്‌സും ഇസ്‌ലാം വിലക്കുന്നു. ലൈംഗികതയെ പ്രേമത്തില്‍നിന്ന് വേര്‍പെടുത്തുന്ന വ്യഭിചാരത്തെയും വേശ്യാവൃത്തിയെയും അത് നിരാകരിക്കുന്നു. ഈ അര്‍ഥത്തില്‍ രണ്ട് വ്യത്യസ്തആളുകളുടെ സ്‌നേഹം രണ്ട് ആത്മാക്കളുടെ ദാമ്പത്യമാണ്. അതിനാല്‍ രണ്ടുവ്യക്തികള്‍ സാമൂഹിക-നിയമ വ്യവസ്ഥയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുവേണം ഒന്നാകേണ്ടതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അതാണ് വിവാഹജീവിതത്തിലൂടെ ഉദ്ദേശിക്കുന്നത്. അവിടെ ഒന്നിക്കുന്ന വ്യക്തികളുടെ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സമുദായവും ഇണകള്‍ക്ക് നിര്‍ലോഭം പിന്തുണനല്‍കുന്നു. അതിനാലാണ് സ്‌നേഹവും ദാമ്പത്യവും സാമൂഹികതയുടെ അവിഭാജ്യഘടകമാകുന്നത്. ഇതിലൂടെ ഇസ്‌ലാം സ്ഥലകാലാതീതമായി തലമുറകളുടെ പ്രയാണത്തോടൊപ്പം സ്‌നേഹത്തില്‍ കെട്ടിപ്പടുത്ത ദാമ്പത്യത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്നു.
സ്‌നേഹവും സഹാനുഭൂതിയും കാരുണ്യവും മോശം സ്വഭാവമല്ല. എന്നാല്‍ ആത്മീയമായും ശാരീരികമായും സമനിലതെറ്റിയ ആളുകള്‍ സ്‌നേഹപ്രകടനത്തെ മൃഗീയമാക്കുന്നു. നിയന്ത്രണംവിടുന്നതോടെ സ്വാഭാവികസ്‌നേഹം ഇല്ലാതാകുന്നു.
ധാര്‍മികപരിധികള്‍ക്കുള്ളില്‍നിന്ന് എത്രമാത്രം സ്‌നേഹമാകാം എന്നതാണ് നമുക്ക് പരിശോധിക്കാനുള്ളത്. മനുഷ്യനിലെ വികാരങ്ങളെ അപരനെ മുറിവേല്‍പ്പിക്കാത്തവിധം തടുത്തുനിറുത്തുന്നതിന് ധാര്‍മിക-സദാചാരവിശുദ്ധി സഹായിക്കുന്നു. ആ അര്‍ഥത്തില്‍ താങ്കളുടെ സ്‌നേഹം സ്വന്തത്തെയും അപരനെയും മുറിവേല്‍പിക്കാത്ത വിധം പരിധി പാലിക്കേണ്ടതുണ്ട്. അതായത് സ്‌നേഹം നമ്മെ നിരാശയില്‍ കൊണ്ടെത്തിക്കുന്ന അളവിലും രീതിയിലും ആകരുത്. അല്ലാഹുനിശ്ചയിച്ച പരിധിക്കുള്ളിലാകുകയെന്നതാണ് അതിന്റെ നേര്‍ക്കുനേരെയുള്ള മറുപടി. അത് വ്യഭിചാരത്തിലേക്ക് വഴിതുറക്കുന്ന യാതൊരു നടപടികള്‍ക്കും തുടക്കമിട്ടുകൂടാ.
ധാര്‍മിക-സദാചാര ചിന്തകള്‍ മതമൂല്യങ്ങളില്‍നിന്നാണ് ഉടലെടുക്കുന്നത്. മതം മനുഷ്യന് വിശാലമായ സ്വാതന്ത്ര്യം നല്‍കുന്നു. എന്നിട്ട് അതിന് പരിധികള്‍ നിശ്ചയിക്കുകയുംചെയ്തു. അതുവഴി നാം അജ്ഞതയുടെയും നിയമലംഘനത്തിന്റെയും ഗര്‍ത്തത്തിലേക്ക് ആപതിക്കാതിരിക്കാന്‍.
പക്ഷേ, ഇന്ന് പൊതുജീവിതത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യവഹാരങ്ങള്‍ക്ക് കടുത്ത വിലക്കുകളും വിവേചനങ്ങളും ഏര്‍പ്പെടുത്തിയത് സാമൂഹികാചാരങ്ങളാണ്. ഇസ്‌ലാമിന് അതില്‍ പങ്കില്ല. മുഹമ്മദ് നബി(സ)യുടെ ജീവിതകാലഘട്ടം അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. അവിടെ സ്ത്രീകള്‍ പൊതുരംഗത്ത് വളരെ സജീവമായിരുന്നു. ആ സ്വാതന്ത്ര്യത്തിലും സ്‌നേഹത്തിന്റെയും ദാമ്പത്യത്തിന്റെയും എന്തിന് വിവാഹമോചനത്തിന്റെയും പ്രക്രിയകളില്‍ കൃത്യമായ മര്യാദകള്‍ ഇസ്‌ലാം നിര്‍ണയിച്ചുതന്നിട്ടുണ്ട്.
നന്‍മയെ എങ്ങനെ നിര്‍വചിക്കുന്നുവെന്നതാണ് അടിസ്ഥാനചോദ്യം. ഭൂമിയിലെ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഇസ് ലാം അതിനെ നിര്‍വചിച്ചിട്ടുള്ളത്. അതിലൂടെ നമുക്ക് ഒട്ടേറെ കാര്യങ്ങളെ വ്യവഹരിക്കാനാകും.
ഭൂമിയില്‍ ജീവിതം സക്രിയവും സമാധാനപൂര്‍ണവുമാക്കുകയെന്നതാണ് ‘ഇഅ്മാറു'(ജനവാസമുള്ളതാക്കല്‍)കൊണ്ടുദ്ദേശിക്കുന്നത്. അത് സമാധാനവും സഹാനുഭൂതിയും പുലരുന്ന അന്തരീക്ഷത്തിലാണുണ്ടാകേണ്ടത്. മറ്റുള്ളവരുടെ അന്തസ്സും അവകാശവും സ്വകാര്യതയും അനുവദിച്ചുകൊടുത്തുകൊണ്ടേ നേടിയെടുക്കാനാകൂ. അതിനാണ് അല്ലാഹു നമുക്ക് നിയമങ്ങള്‍ അറിയിച്ചുതന്നത്.
ഏകദൈവവിശ്വാസവും തന്റെ ജീവിതപങ്കാളിയിലൂടെ ഒന്നാകാനുള്ള മനുഷ്യന്റെ ചോദനയും വേറിട്ട കളങ്ങളില്‍ കാണാന്‍ എനിക്ക് സാധ്യമല്ല. കാരണം തന്റെ പങ്കാളിയെ സ്‌നേഹിച്ച് അവരോടൊപ്പം സഹവസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവാണ്. അതിനാല്‍ ഏകാകിയായ സ്ത്രീയെയും പുരുഷനെയും ഒരുമിപ്പിക്കാന്‍ അല്ലാഹു ഭൂമിയില്‍ നിക്ഷേപിച്ച വികാരമാണ് സ്‌നേഹം. അതിലൂടെ പരസ്പരം സ്‌നേഹിക്കുന്ന ഉയര്‍ന്ന ധാര്‍മികനിലവാരം പുലര്‍ത്തുന്ന ജനസമൂഹങ്ങളെക്കൊണ്ട് ഈ ഭൂമിയെ നിറക്കുന്നു.
മനുഷ്യന്റെ വിവേകം അത് ആത്മസത്താപരമാണ്. പുറത്തുള്ള ഒരാള്‍ക്ക് അതിന് മേല്‍ നിയന്ത്രണമില്ല. അത് തഖ്‌വയിലൂടെ ആര്‍ജിതമാകുന്ന ഒന്നാണ്. അല്ലാഹുവിനെക്കുറിച്ച സ്‌നേഹവും ഭയവും സമജ്ഞസമായി സമ്മേളിപ്പിച്ച് ആത്മാവിനെ ഊട്ടുകയാണ് അതിലൂടെ ചെയ്യുന്നത്. അതിനാല്‍ ആത്മീയമായി നാം എത്രഉയരാന്‍ ശ്രമിക്കുന്നുവോ അത്രത്തോളം സ്‌നേഹമെന്ന വികാരത്തെ നമുക്ക് കൈകാര്യംചെയ്യാന്‍ സാധിക്കും.
പ്രേമംമൊട്ടിടുന്ന ഹൃദയത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ റമദാനിനെ താങ്കള്‍ ഉപയോഗപ്പെടുത്തുക. താങ്കളിഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹംകഴിക്കാന്‍ സൗഭാഗ്യത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുക. നന്‍മയാഗ്രഹിച്ചുകൊണ്ട് ആത്മാര്‍ഥമായി അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥന സ്വീകരിക്കപ്പെടാതിരിക്കില്ല. അല്ലാഹു നിശ്ചയിച്ച പരിധികള്‍ കാത്തുസൂക്ഷിക്കുക.
Add Comment