കുടുംബ ജീവിതം-Q&A

പ്രസവവേദന ശമിക്കാന്‍ പ്രാര്‍ഥന ?

ചോദ്യം: എന്റെ ഭാര്യ ഉമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. അവരുടെ പ്രസവം സുരക്ഷിതമാവാനും വേദനക്ക് ശമനം ലഭിക്കാനും എന്തെങ്കിലും ദുആയെക്കുറിച്ച് വിശദീകരിക്കാമോ ? നവജാതശിശുവിന്റെ നന്മക്ക് വേണ്ടി പ്രാര്‍ഥിക്കാവുന്ന ദുആയെക്കുറിച്ചും പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കുന്നു

—————–

ഉത്തരം: നിങ്ങള്‍ക്ക് പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കി സ്രഷ്ടാവ് അനുഗ്രഹിക്കട്ടെയെന്ന് ആദ്യമേ പ്രാര്‍ഥിക്കുന്നു.

ചോദ്യവുമായി ബന്ധപ്പെട്ട് സൂചിപ്പിക്കാനുള്ളത്, പ്രസവവേദന ശമിക്കുവാനായി പ്രത്യേകം ദുആകളൊന്നും ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ ഭാഷയില്‍ ഏത് വിധത്തിലും രക്ഷിതാവിനോട് നമുക്ക് തേടാവുന്നതാണ്.

എങ്കിലും പ്രവാചകന്‍ മുഹമ്മദ് (സ) തന്റെ പ്രിയ പുത്രി ഫാത്വിമ(റ)ക്കും അലി(റ)ക്കും പറഞ്ഞുകൊടുത്ത ഒരു മഹത്തായ പ്രാര്‍ഥന ഹദീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കാണാം. അതിങ്ങനെയാണ്: അരകല്ലില്‍ നിന്ന് കയ്യില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒരിക്കല്‍ ഫാതിമ (റ) പ്രവാചകന്റെയടുക്കല്‍ വന്നു. അദ്ദേഹത്തിന് കുറച്ച് സേവക സ്ത്രീകളെ ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞാണ് ഫാതിമ വന്നത്. എന്നാല്‍ പ്രവാചകനെ കാണാന്‍ കഴിയാതെ വന്നപ്പോള്‍ ആയിശ (റ)യോട് കാര്യം പറഞ്ഞു. അലി(റ) പറയുന്നു: ആയിശ(റ)യില്‍ നിന്ന് വിവരമറിഞ്ഞ നബി(സ) ഞങ്ങളുടെ അടുക്കല്‍ വന്നു. അദ്ദേഹം വരുന്നത് കണ്ട് ഞങ്ങള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. നബി(സ) പറഞ്ഞു: അവിടെയിരിക്ക്. അദ്ദേഹം ഞങ്ങളുടെ ഇടയില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ കാലിന്റെ തണുപ്പ് എനിക്കെന്റെ ഉദരത്തില്‍ അനുഭപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ടതിനേക്കാളും ഉത്തമമായ ഒരു സംഗതി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. കിടക്കുന്നതിന് മുമ്പ് സുബഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് മുപ്പത് പ്രാവശ്യം ചൊല്ലുക. ഒരു ഭൃതനുണ്ടാവുന്നതിനേക്കാളും ഉത്തമമതാണ്. (അല്‍ബുഖാരി).

കുഞ്ഞിന്റ നന്മക്ക് വേണ്ടി പ്രാര്‍ഥിക്കാവുന്ന പ്രത്യേകം പ്രാര്‍ഥനകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കാണുന്നില്ല. ഏത് വാക്കുയപയോഗിച്ചും ഇക്കാര്യത്തില്‍ അല്ലാഹുവിനോട് തേടാവുന്നതാണ്. ഉദാഹരണത്തിന് ഖുര്‍ആനില്‍ കാണുന്ന ഒരു പ്രാര്‍ഥന ഇങ്ങനെ : അവര്‍ (വിശ്വാസികള്‍) ഇങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: ”ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.” (അല്‍ഫുര്‍ഖാന്‍ : 74)

 

Topics