‘നീതിയറ്റ നഗരത്തില്‍ നിറമഴ പെയ്യുമോ’ എന്നത് മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ്. ഇല്ല എന്ന് തന്നെയാണ് ഉത്തരം. നീതിയില്ലാത്ത നാട്ടില്‍ ദൈവത്തിന്റെ അനുഗ്രഹം പെയ്തിറങ്ങില്ല. ഭരണാധികാരിയെന്നോ ഭരണീയനെന്നോ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ നിഷ്‌കൃഷ്ടമായ വിധത്തില്‍ നീതി നടപ്പാക്കുന്ന രാജ്യത്തിനേ അതിജീവനത്തിന് അര്‍ഹതയുള്ളൂ. ഏത്യോപ്യയില്‍നിന്ന് ആദ്യത്തെ സംഘം തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ സംഭവം ജാബിര്‍ (റ) റിപോര്‍ട്ട് ചെയ്യുന്നു: ‘ഹബ്ശയില്‍നിന്നുള്ള മുഹാജിറുകള്‍ തിരിച്ചെത്തിയപ്പോള്‍ നബി(സ)അവരോട് ഹബ്ശ എന്ന രാജ്യത്ത് നിങ്ങളെ ഏറെ അതിശയിപ്പിച്ച കാര്യം എന്തെന്ന് പറയൂ, കൂട്ടരേ’ എന്നാവശ്യപ്പെട്ടു. യുവാക്കള്‍ തങ്ങള്‍ നേരില്‍ കണ്ട ഒരു സംഭവം നബി(സ)ക്ക് വിശദീകരിച്ചുകൊടുത്തു. ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ കവലയില്‍ ഒരിടത്തിരിക്കുമ്പോള്‍ തലയില്‍ ഒരു വെള്ളപ്പാത്രവും ചുമന്ന് ഒരു വൃദ്ധ നടന്നുപോകുന്നു. എതിരെ വന്ന യുവാവ് അവരെ കയ്യേറ്റം ചെയ്ത് വെള്ളപ്പാത്രം തലയില്‍ നിന്ന്മറിച്ചിട്ടു. വീണിടത്ത് നിന്ന് തട്ടിപ്പിടിച്ചെഴുന്നേറ്റ വൃദ്ധ യുവാവിനോട് , ദുഷ്ടാ ഒരു നാള്‍ വരാനിരിക്കുന്നു. അല്ലാഹു തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ജനകോടികളെ ഒരുമിച്ചുകൂട്ടി വിചാരണ ചെയ്യുന്ന വേളയില്‍ , കരചരണങ്ങളും മറ്റവയവങ്ങളും മൊഴി കൊടുക്കുന്ന സന്ദര്‍ഭത്തില്‍ നിനക്ക് മനസ്സിലാകും, എന്റെയും നിന്റെയും വിഷയത്തില്‍ തീരുമാനം എന്താകുമെന്ന്’. ഇതുകേട്ട നബി(സ) പ്രതിവചിച്ചു: ‘സത്യമാണ് ആ സ്ത്രീ പറഞ്ഞത്. തീര്‍ത്തും സത്യം. ശക്തരില്‍ നിന്ന് ദുര്‍ബലര്‍ക്ക് നീതി നേടിക്കൊടുക്കാത്ത ഒരു സമൂഹത്തെ അല്ലാഹു എങ്ങനെയാണ് വിശുദ്ധരാക്കുക.'(ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ത്വബറാനി, ബൈഹഖി).
നീതിയാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. നീതി സംസ്ഥാപിക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിയായിരുന്നു പ്രവാചകന്റെ ജീവിതദൗത്യം. നീതിനിര്‍വഹണത്തില്‍ നബി(സ) നിസ്തുല മാതൃതക സൃഷ്ടിച്ചു. വരതെറ്റാത്ത നീതിയുടെ നേര്‍രേഖയിലൂടെ മാത്രം ചരിക്കാന്‍ അനുചരന്‍മാരെ അഭ്യസിപ്പിച്ചു. ഖൈബറിലെ കരംപിരിവിന്റെ ഭാഗമായി അബ്ദുല്ലാഹിബ്‌നു റവാഹ(റ)യെ ഈത്തപ്പന കൃഷിയുടെ കണക്കെടുക്കാന്‍ നബി(സ) നിയോഗിച്ചു. ഖൈബറിലെത്തിയ അബ്ദുല്ലാഹിബ്‌നു റവാഹ(റ)യെ വരുമാനം കുറച്ചുകാട്ടാന്‍ കൈക്കൂലി കൊടുത്തു സ്വാധീനിക്കണമെന്ന് ഖൈബറിലെ ജൂതന്‍മാര്‍ പദ്ധതിയിട്ടു. തങ്ങളുടെ വീടകങ്ങളിലെ സ്വര്‍ണാഭരണങ്ങള്‍ കാണിക്കയായി സമര്‍പിച്ച ജൂതന്‍മാരോട് രോഷത്തോടെ അബ്ദുല്ലാഹിബ്‌നു റവാഹ: ‘സൃഷ്ടികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയുടെ അടുത്ത് നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങളോടെനിക്ക് അശേഷം അടുപ്പം തോന്നുന്നില്ല. എന്നുവെച്ച് ഞാന്‍ നിങ്ങളോടൊരിക്കലും അനീതി പ്രവര്‍ത്തിക്കില്ല.’ അസന്ദിഗ്ധമായ ഈ പ്രഖ്യാപനത്തില്‍ തരിച്ചിരുന്നുപോയ അവര്‍ ഒരേ സ്വരത്തില്‍: ‘ഇതാണ് , ഈ നീതിയാണ് ആകാശഭൂമികളുടെ നിലനില്‍പിനാധാരം. നിങ്ങള്‍ ഞങ്ങളെ തോല്‍പിക്കുന്നതും ഇവിടെയാണ് , ഇതിനാലാണ്.’
ഇസ്‌ലാം പഠിപ്പിച്ച കണിശമായ നീതിയുടെ പാഠങ്ങളാണ് നബി(സ)യും അനുചരന്‍മാരും പ്രാവര്‍ത്തികമാക്കിയത്.
അബൂസാജിദ്
Add Comment