ഫിഖ്ഹ്

ഇസ്ലാമിക ഫിഖ്ഹ്: അര്‍ഥം, വ്യാപ്തി, വിശകലനം

ഇസ്ലാമിലെ ഒരു സാങ്കേതിക ശബ്ദമാണ് ‘ഫിഖ്ഹ്‘. മലയാള ഭാഷയില്‍ ഈ സാങ്കേതിക ശബ്ദത്തിന് നല്‍കാറുള്ള വിവര്‍ത്തനം ‘കര്‍മശാസ്ത്ര’മെന്നാണ്. ഫിഖ്ഹ് ഉള്‍ക്കൊള്ളുന്ന ആശയലോകങ്ങള്‍ കര്‍മശാസ്ത്രമെന്ന മലയാളശബ്ദം പൂര്‍ണമായും പരാവര്‍ത്തനം ചെയ്യുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. മലയാള ഭാഷയുടെ പരിമിതിയാണിത്. വിശുദ്ധ ഖുര്‍ആനും പരിശുദ്ധ സുന്നത്തുമാണ് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. ഇസ്ലാമിന്റെ ആധികാരിക സ്രോതസ്സുകളും അവ തന്നെ. ഏതൊരു പ്രശ്നത്തെ സംബന്ധിച്ച ചര്‍ച്ചയും തുടങ്ങേണ്ടത് വിശുദ്ധ ഖുര്‍ആനില്‍ നിന്നും പരിശുദ്ധ സുന്നത്തില്‍ നിന്നുമായിരിക്കണം.

ഈയൊരു താത്വികാടിത്തറയനുസരിച്ച് ഫിഖ്ഹ് സംബന്ധമായ ചര്‍ച്ചയും ആരംഭിക്കേണ്ടത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തന്നെയാണ്. ഖുര്‍ആനിലും സുന്നത്തിലും അനേകം സ്ഥലങ്ങളില്‍ ഫിഖ്ഹും അതില്‍ നിന്ന് നിഷ്പന്നമായ മറ്റു പദങ്ങളും വന്നിട്ടുണ്ട്. ഈ പദങ്ങളെ പഠന വിധേയമാക്കുമ്പോള്‍ ഫിഖ്ഹിനെ സംബന്ധിച്ച ആഴത്തിലുള്ളതും വേരുറച്ചതുമായ പാഠങ്ങളാണ് പ്രത്യക്ഷപ്പെടുക. പരിമിതമായ അര്‍ത്ഥമുള്‍ക്കൊള്ളുന്ന കര്‍മശാസ്ത്രമല്ല, വിശാലമായ അര്‍ത്ഥം ഉള്‍ച്ചേര്‍ന്ന ഫിഖ്ഹാണ് ദര്‍ശിക്കാന്‍ കഴിയുക.

ഫിഖ്ഹിനെ സംബന്ധിച്ച ഏതൊരു അന്വേഷണവും ചര്‍ച്ചയും പ്രസക്തമാണ്. ചരിത്രത്തില്‍ അങ്ങനെയായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കാലഘട്ടം ഉദാഹരണം. സച്ചരിതരായ ഖലീഫമാരുടെയും പൂര്‍വ്വസൂരികളുടെയും കാലഘട്ടങ്ങള്‍ വേറെ ഉദാഹരണങ്ങളാണ്. ഫിഖ്ഹ് സംബന്ധിയായ ഒരന്വേഷണമാണിത്. അഥവാ ഫിഖ്ഹിന്റെ തുടക്കം, അതിന്റെ വ്യാപ്തി, സിദ്ധാന്തം, തത്വം തുടങ്ങിയവയെക്കുറിച്ചുള്ള ഒരന്വേഷണം.

ഭാഷാപരമായ ചര്‍ച്ച

ف  ق  ه

എന്നീ അറബി അക്ഷരങ്ങള്‍ ചേര്‍ന്ന ഒരു പദമാണ് ഫിഖ്ഹ്. അറബിഭാഷയില്‍ ഫിഖ്ഹിന് നല്‍കപ്പെട്ടിട്ടുള്ള അര്‍ത്ഥങ്ങള്‍ താഴെ കൊടുക്കുന്നു:

1. فَقِهَ  يفقَهُ   فِقْها

എന്നാല്‍ അറിഞ്ഞു, മനസിലാക്കി, ഗ്രഹിച്ചു(فهم، علم ) എന്നൊക്കെയാണ്.

فقه عنه الكلام

എന്ന പ്രയോഗത്തിന്റെ അര്‍ഥം ഒരു വ്യക്തിയുടെ സംസാരത്തെ ഗ്രഹിച്ചുവെന്നാണ്.

)فقه الشيئ (فهم الكلام

എന്നാല്‍ ഒരു സംഗതി അറിഞ്ഞുവെന്നര്‍ഥം.

ഭാഷയില്‍ ഫിഖ്ഹിന് നല്‍കപ്പെട്ട നിര്‍വചനങ്ങള്‍ പരിശോധിക്കാം.

1. ഒരു വസ്തുവിനെ സംബന്ധിച്ച അറിവും ഗ്രാഹ്യവും നിപുണതയുമാണ് ഫിഖ്ഹ്.

2. ദീര്‍ഘദൃഷ്ടിയും പ്രായോഗികചിന്തയും ആവശ്യമായ വളരെ സൂക്ഷ്മമായ ആശയഗ്രഹണമാണ് ഫിഖ്ഹ് (ഭാഷാപരമായ അപഗ്രഥനത്തിന് അവലംബം: ലിസാനുല്‍ അറബ്, അല്‍ മുഅ്ജമുല്‍ വസ്വീത്ത്, അല്‍ മുന്‍ജിദ്).

‘പിളര്‍ക്കുക, തുറക്കുക, ഉള്‍ക്കാമ്പിനെ ബോധ്യപ്പെടുത്തുക’ ഇവയൊക്കെയാണ് ഫിഖ്ഹിന്റെ ആന്തരികയാഥാര്‍ത്ഥ്യവും ആത്മസത്തയും. ഈ വസ്തുത ഇബ്നുല്‍ മന്‍സൂര്‍ ലിസാനുല്‍ അറബിലും ഇമാം സമഖ്ശരി ഫിത്യാനുല്‍ അഅ്യാനിലും വ്യക്തമാക്കിയിട്ടുണ്ട്.

വിശുദ്ധഖുര്‍ആനിലും പരിശുദ്ധ സുന്നത്തിലും ഫിഖ്ഹും അനുബന്ധപദങ്ങളും വന്നിട്ടുണ്ട്. ഈ പദങ്ങള്‍ക്ക് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഭാഷാപരമായ വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം.

ഇമാം ഇബ്നുകസീര്‍(റ) സൂറത്ത് അല്‍ അന്‍ആമിലെ 65-ാം സൂക്തത്തിലെ يفقهون لعلهم എന്ന പദത്തിന് വ്യാഖ്യാനം നല്‍കുന്നത് ഇപ്രകാരമാണ്: ‘അല്ലാഹുവിനെയും അവന്റെ ദൃഷ്ടാന്തങ്ങളെയും, തെളിവുകളെയും, പ്രമാണങ്ങളെയും അവര്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്തേക്കാം (തഫ്സീറുല്‍ ഖുര്‍ആനുല്‍ അളീം: 2\1048). തഫ്സീറുല്‍ മുനീറില്‍ അല്‍ അന്‍ആം അധ്യായത്തിലെ 98-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇപ്രകാരം കാണാനാവും: ‘ചിന്തയില്‍ ഊളിയിട്ടിറങ്ങിക്കൊണ്ട് ഒരു സംഗതിയെ ഗ്രഹിക്കുകയെന്നതാണ് ഫിഖ്ഹ്‘ (തഫ്സീറുല്‍ മുനീര്‍: 7\304). അല്‍മുനാഫിഖൂന്‍ അധ്യായത്തിലെ 3-ാം സൂക്തത്തിന് ഇമാം ത്വബരി നല്‍കിയ അര്‍ഥം നോക്കൂ: ‘അവര്‍ (കപടവിശ്വാസികള്‍) അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യപ്പെടുത്തി. പിന്നീട് അവരിലുള്ള സംശയം കാരണത്താലും അവരെ കളവാക്കികൊണ്ടും നിഷേധിച്ചു. അതിനാല്‍ അവരുടെ ഹൃദയങ്ങളെ അല്ലാഹു മുദ്രണം ചെയ്തു. നിഷേധവും അവര്‍ക്ക് ബാധകമാക്കി. ഇനി അവരുടെ ഹൃദയങ്ങളില്‍ വിശ്വാസത്തിന്റെ പ്രകാശം പ്രവേശിക്കുകയില്ല. അപ്പോള്‍ തെറ്റില്‍നിന്നും ശരിയെ മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മിഥ്യയില്‍ നിന്ന് സത്യത്തെ ഗ്രഹിച്ചെടുക്കാനും അവര്‍ക്ക് സാധിക്കില്ല’ (തഫ്സീറു ത്വബരി: 7\318).

ഫത്ഹുല്‍ ബാരിയില്‍ ഫിഖ്ഹിന് നല്‍കപ്പെട്ട അര്‍ഥം അന്വേഷിക്കാം. يفقهه  എന്ന പദത്തിന് ‘മനസിലാക്കികൊടുക്കുക, ഗ്രഹിപ്പിച്ചുകൊടുക്കുക’ എന്നീ അര്‍ഥങ്ങളാണ് കൊടുത്തിരിക്കുന്നത്.

പൌരാണിക പണ്ഡിതന്മാര്‍ ഫിഖ്ഹിനെ നിര്‍വചിച്ചിട്ടുണ്ട്. ഫിഖ്ഹിന്റെ അര്‍ഥങ്ങളും വ്യാപ്തികളും തത്വങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു അവരുടെ നിര്‍വചനം. അബൂഹാമിദുല്‍ ഗസ്സാലി(റ) പറയുന്നു: ‘ആദ്യകാലത്ത് ഫിഖ്ഹിന്റെ വിവക്ഷ ആദര്‍ശവുമായി ബന്ധമുള്ള അടിസ്ഥാനങ്ങള്‍ ആയിരുന്നു. ആദര്‍ശത്തില്‍പ്പെട്ട ഒരടിസ്ഥാനവിശ്വാസമാണ് പരലോകവിശ്വാസം. പരലോകവിശ്വാസത്തിലേക്ക് നയിക്കുന്ന മാര്‍ഗത്തെ അറിഞ്ഞിരിക്കല്‍ ഫിഖ്ഹാണ്’. ഇമാം അബൂഹനീഫ(റ) ഫിഖ്ഹിനെ നിര്‍വ്വചിച്ചത് ഇപ്രകാരമാണ്: ‘അവകാശ-ബാധ്യതകളെക്കുറിച്ചുള്ള ആത്മാവിന്റെ തിരിച്ചറിവാണ് ഫിഖ്ഹ്‘.

ഫിഖ്ഹിനെപ്പറ്റിയുള്ള മറ്റൊരു പ്രസ്താവന കാണുക: ‘തൌഹീദ് സംബന്ധമായ ജ്ഞാനമാണ് ഏറ്റവും വലിയ ഫിഖ്ഹ്‘. (അല്‍മദ്ഹല്‍ ഫീ തഅ്രീഫില്‍ ഫിഖ്ഹില്‍ഇസ്ലാമി: ഡോ. മുഹമ്മദ് മുസ്തഫ ശിബ്ലി)

എന്നാല്‍ ഇതോടൊപ്പംതന്നെ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. ഫിഖ്ഹിന് പ്രത്യേകമായി നല്‍കപ്പെട്ട നിര്‍വചനങ്ങളുണ്ട് എന്നതാണത്. അഥവാ, സാമാന്യവും സമഗ്രവുമായ ഫിഖ്ഹിന്റെ രംഗത്തു നിന്ന് തെന്നിമാറിയിട്ടുള്ള നിര്‍വചനങ്ങള്‍. ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ താത്വികവും പ്രായോഗികവുമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സമഗ്രവും സാമാന്യവുമായ നിര്‍വചനങ്ങള്‍. പ്രത്യേകമായി നല്‍കപ്പെട്ട ഫിഖ്ഹ് നിര്‍വചനത്തിന്റെ കാര്യം അങ്ങനെയല്ല. വിശ്വാസിയുടെ കര്‍മതലവുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത നിര്‍വചനങ്ങള്‍. ഭൌതികമായ കര്‍മങ്ങള്‍ ശരിയാവണമെങ്കില്‍ ചില നിയമങ്ങള്‍ പാലിച്ചേ തീരൂ. ഈ വിധികളുടെ ജ്ഞാനമാണ് ഇവിടെ ഫിഖ്ഹ് എന്നതിന്റെ വിവക്ഷ. ഉദാഹരണമായി ചില നിര്‍വചനങ്ങള്‍ കാണാം.

1. ‘വിശദീകൃതമായ തെളിവുകളില്‍ നിന്നും സ്വീകരിച്ച കര്‍മപരമായ വിധികളുടെ ജ്ഞാനമാണ് ഫിഖ്ഹ്‘ (അല്‍ബഹറുല്‍ മുഹീത്വ്:1\21)

2. ‘തെളിവുകളോടുകൂടിയ ശരീഅത്തിന്റെ കര്‍മപരമായ വിധികളെക്കുറിച്ചുള്ള അറിവ്’ (അല്‍ മദ്ഖലുല്‍ ഫിഖ്ഹി)

3. ഇമാം ഗസ്സാലി പറയുന്നു: ‘അടിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആവിഷ്കരിക്കപ്പെട്ട സ്ഥാപിത ശറഈ വിധികളുടെ ജ്ഞാനമാണ് ഫിഖ്ഹ്. (ബുഹൂസുന്‍ ഫീ ഫിഖ്ഹില്‍ മുഖാറന്‍)

4. ‘ശറഇയായ പ്രവര്‍ത്തനങ്ങളുടെ വിധികളെ സംബന്ധിച്ച ജ്ഞാനമാണ് കര്‍മശാസ്ത്രപണ്ഡിതന്മാരുടെ നിര്‍വചനപ്രകാരം ഫിഖ്ഹ്. അതായത്, അനുവദനീയവും നിഷിദ്ധവുമായവയെയും കുറിച്ചുള്ള ജ്ഞാനം. നല്ലതും ചീത്തയുമായവയെക്കുറിച്ച ജ്ഞാനം. ഈ നിര്‍വചനപ്രകാരം വചനശാസ്ത്രജ്ഞര്‍, ഹദീസ് പണ്ഡിതര്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, വ്യാകരണ പണ്ഡിതര്‍ തുടങ്ങിയവര്‍ക്ക് ഫഖീഹ് എന്ന നാമം നല്‍കപ്പെടുകയില്ല’ (റൌളത്തുന്നാളിര്‍ വ ജന്നത്തുല്‍ മനാളിര്‍:1\30).

ഒരു പ്രത്യേക കാലത്തെ ഫിഖ്ഹുമായാണ് ഈ നിര്‍വചനങ്ങളുടെ ബന്ധം. പ്രസ്തുത നിര്‍വചന പ്രകാരം വിശ്വാസപരവും സദാചാരപരവുമായ അറിവുകള്‍ ഫിഖ്ഹിന്റെ പരിധിക്കു പുറത്താണ്.

മരുഭൂമി പോലെ വരണ്ടതും പാറ പോലെ ഉറച്ചതുമായ തത്വശാസ്ത്രങ്ങളുടെ ഒരു ഏടാകൂടമല്ല ഇസ്ലാമിക ദര്‍ശനം. കാലാതിവര്‍ത്തിയും കാലബന്ധിതവുമായ ഇരുതലമൂര്‍ച്ചകള്‍ ഉള്‍ച്ചേര്‍ന്ന ദൈവികദര്‍ശനമാണ് സ്ലാം. ചരിത്രത്തിലെവിടെയും ഇസ്ലാം കാലഘട്ടത്തിന്റെ പ്രശ്നങ്ങളില്‍ തട്ടി കണ്ണാടിച്ചില്ലുകള്‍പോലെ വീണുടഞ്ഞു പോയിട്ടില്ല. മറിച്ചാണ് ഇസ്ലാമിന്റെ ചരിത്രമുദ്രകള്‍. കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ താത്വികവും രചനാത്മകവുമായി ഇസ്ലാം പരിഹരിക്കുന്നു. അതോടൊപ്പം ജാഹിലിയ്യത്തിന്റെ മസ്തകങ്ങളെ തച്ചുടക്കുകയും ചെയ്യുന്നു. ചരിത്രം ഇതിനു സാക്ഷി. ഇപ്പറഞ്ഞതൊന്നുമല്ല ഇസ്ലാമിന്റെ യാഥാര്‍ത്ഥ്യമെങ്കില്‍ ഇസ്ലാമിക നവോത്ഥാനം (തജ്ദീദ്) ചരിത്രത്തില്‍ സംഭവിക്കുമായിരുന്നില്ല. നവോത്ഥാനസംരംഭങ്ങള്‍ പിറവിയെടുക്കുമായിരുന്നില്ല. നവോത്ഥാന നായകര്‍ ഉദയം കൊള്ളുമായിരുന്നില്ല.

ഇസ്ലാമിന്റെ അടിത്തറകളില്‍ താത്വികമായി അവഗാഹം നേടല്‍ ഫിഖ്ഹാണ്. ഇതിനെ സര്‍ഗാത്മകമായി കാലഘട്ടത്തിന്റെ ഭാഷയില്‍ പ്രകാശിപ്പിക്കലും ഫിഖ്ഹ് തന്നെയാണ്. മുകളില്‍ കൊടുത്ത സാമാന്യവും പ്രത്യേകവുമായ ഫിഖ്ഹ് നിര്‍വചനങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. ഇരട്ടപെറ്റ സന്താനങ്ങളാണ് ഫിഖ്ഹിന്റെ ഈ രണ്ട് വശങ്ങള്‍. ഒന്ന് ഒന്നിനെ മറികടക്കുകയോ അതിജയിക്കുകയോ അസംഭവ്യം. ഇതാണ് നാം പറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ഫിഖ്ഹ്. ഒന്നുകൂടി വ്യക്തമാക്കി പറയാം. അപൂര്‍വങ്ങളില്‍ അപൂര്‍വവും, നൂതനങ്ങളില്‍ നൂതനവുമായ ഒരു ആധുനിക പ്രശ്നം ഉത്ഭവിച്ചെന്നിരിക്കട്ടെ. ഇസ്ലാമികമായി ഇതിനെ പരിഹരിക്കണം. അപ്പോള്‍ സര്‍വപ്രധാനമാണ് സമാനമായ ഈ പ്രശ്നത്തിന്റെ ഇസ്ലാമിക അടിത്തറകള്‍. അതേ പ്രകാരം തന്നെയാണ് നിലവിലെ സാഹചര്യം. അതിലെ സാധ്യതകള്‍, അതിലെ പരിമിതികള്‍. ഇതെല്ലാം മുന്നില്‍വെച്ച് പ്രശ്നത്തിന് താത്വികവും പ്രായോഗികവുമായ ഒരു പോംവഴി ഇസ്ലാം സമര്‍പ്പിക്കുന്നു. ഇങ്ങനെയുള്ള പോംവഴികളുടെ സമര്‍പ്പണമാണ് പ്രസ്തുത കാലഘട്ടത്തിലെ ഫിഖ്ഹ്. അതുതന്നെയാണ് ഇസ്ലാമിക നവോത്ഥാനം.

ഫിഖ്ഹ് പഠനത്തിന്റെ സ്ഥാനം

ആദര്‍ശ പാണ്ഡിത്യത്തിന് വിശിഷ്ടവും മഹോന്നതവുമായ പദവിയാണ് നല്‍കപ്പെട്ടിട്ടുള്ളത്. വിശുദ്ധഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും ജീവസ്സുറ്റ അധ്യാപനങ്ങള്‍ ഇതിന്റെ ഉത്തമ നിദര്‍ശനങ്ങളത്രെ. തൂലികത്തുമ്പിലൂടെ അവ പ്രതിഫലിപ്പിക്കുക അസാധ്യം. അത്രത്തോളമുണ്ട് ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍ ഫിഖ്ഹിന്റെ സ്ഥാനം. യുദ്ധം കൊടുമ്പിരികൊള്ളുന്ന അത്യന്തം നിര്‍ണായക നിമിഷത്തില്‍പ്പോലും ആദര്‍ശത്തില്‍ അവഗാഹം നേടുന്നതിന് ഒരു വിഭാഗം യുദ്ധത്തില്‍നിന്ന് മാറിനില്‍ക്കട്ടെയെന്നാണ് ഖുര്‍ആനിക പാഠം: ‘സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം ആദര്‍ശത്തില്‍ അറിവുനേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരിലേക്ക് മടങ്ങിവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കാനാണത്. അതുവഴി അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം’ (അത്തൌബ:122).

വൈവിധ്യമാര്‍ന്ന വ്യാഖ്യാനങ്ങള്‍ക്കു വിധേയമായതാണ് സൂറത്തുതൌബഃയിലെ ഈ സൂക്തം. സൂക്തവുമായി ബന്ധപ്പെട്ട വ്യാഖ്യാനഭേദങ്ങളെ ഒരിക്കലും നിഷേധിക്കാനാവില്ല. എന്തൊക്കെയായാലും ആദര്‍ശത്തില്‍ അവഗാഹം നേടുന്നതിന്റെ ശ്രേഷ്ഠതയാണ് ഈ സൂക്തത്തിന്റെ അന്തര്‍ധാരയെന്ന കാര്യത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായമില്ല. ഇതിന് ഉപോല്‍ബലകമായ ധാരാളം നബിവചനങ്ങള്‍ വന്നിട്ടുണ്ട്. പ്രവാചകന്‍(സ) പറഞ്ഞതായി മുആവിയയില്‍ നിന്നും ഉദ്ധരണം: ‘അല്ലാഹു ഒരുവന് നന്മ ഉദ്ദേശിച്ചെന്നിരിക്കട്ടെ; എങ്കിലവന് ആദര്‍ശത്തില്‍ പാണ്ഡിത്യം നല്‍കും’ (ബുഖാരി, മുസ്ലിം). മൂന്ന് യാഥാര്‍ഥ്യങ്ങളാണ് നീല സാന്ദ്രമായ ജലകണിക സമാനം ഈ ഹദീസ് വചനത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ഒന്ന്, അല്ലാഹു. മറ്റൊന്ന്, അല്ലാഹുവിന്റെ നന്മ. ആ നന്മയാകട്ടെ ആദര്‍ശത്തിലെ പാണ്ഡിത്യവും. ആദര്‍ശത്തിലെ പാണ്ഡിത്യം കരഗതമാക്കുക അയത്നലളിതമായ ഏര്‍പ്പാടല്ല. ആദര്‍ശവിശുദ്ധി അനിവാര്യമായ ഒരു ഭാഗം കൂടിയാണ്. ഈ ഹദീസിന്റെ ഉള്ളടക്കത്തെ ഇപ്രകാരം വിശദീകരിക്കാം: ‘ഒരാള്‍ ആദര്‍ശത്തില്‍ അവഗാഹം നേടിയില്ലെങ്കില്‍, അഥവാ ഇസ്ലാമിന്റെ അടിസ്ഥാനങ്ങളും അതിന്റെ ഉപവിഭാഗങ്ങളും പഠിച്ചില്ലെങ്കില്‍, അവന് അല്ലാഹുവിന്റെ നന്മ തടയപ്പെട്ടിരിക്കുന്നു’ (ഫതഹുല്‍ബാരി: 1ന218).

‘ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠം ഫിഖ്ഹത്രേ’ (ത്വബ്റാനി) ഇപ്രകാരമാണ്, ഫിഖ്ഹുമായി ബന്ധപ്പെട്ട് പ്രവാചകന്‍ തിരുമേനിയുടെ മറ്റൊരു സംസാരം. ഇനിയും മറ്റൊരു മൊഴിമുത്ത് നോക്കൂ: ‘പിശാചിന് ആയിരം അടിമകളെക്കാള്‍ കഠിനാല്‍ കഠിനമായ പ്രയാസം ഒരു പണ്ഡിതനാണ് ‘ (തിര്‍മിദി).

വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ഉജ്വല പാഠങ്ങള്‍ അനുധാവനംചെയ്ത് ജീവിതത്തില്‍ ആവിഷ്കരിച്ചവരാണ് പൂര്‍വ്വസൂരികള്‍. ഫിഖ്ഹിന്റെ സാഗരത്തിലും അവര്‍ അങ്ങനെ തന്നെ. ഫിഖ്ഹിനെ പ്രഭാപൂരിതമാക്കി അവര്‍. അതിന്റെ പദവിയെ ഉന്നത ശൃംഘങ്ങളില്‍ പ്രതിഷ്ഠിച്ചു. ഹൃദയ മസ്തിഷ്കങ്ങളില്‍ ആദര്‍ശജ്ഞാനത്തിന്റെ സീമകള്‍ വിപുലമാക്കുന്നതില്‍ ലജ്ജ ഒട്ടും തന്നെ അവരെ തീണ്ടിയില്ല. പ്രവാചകജീവിതം ശിരസാവഹിച്ച മഹിളകള്‍ വരെ ഇക്കാര്യത്തില്‍ ഉന്നത മാതൃകകളാണ്. പ്രവാചക പത്നി അത്തരം മഹിളകളെ വാക്കുകളില്‍ ആവിഷ്കരിക്കുന്നത് എത്ര സുന്ദരമല്ല! ‘എത്ര അനുഗ്രഹീതരാണ് അവര്‍, അന്‍സാരിസ്ത്രീകള്‍ക്ക് ആദര്‍ശപാണ്ഡിത്യം ആര്‍ജിക്കുന്നതിന് ലജ്ജ ഒട്ടും വിനയായില്ല’ (ബുഖാരി, മുസ്ലിം). ‘നിങ്ങള്‍ നേതാക്കള്‍ ആകുന്നതിനു മുമ്പ് വിജ്ഞാനത്തില്‍ അവഗാഹം നേടുക’. ഇസ്ലാമിന്റെ രണ്ടാമത്തെ ഖലീഫ ഉമര്‍(റ) വിന്റേതാണ് ഈ വാക്യം. ആദര്‍ശവിജ്ഞാനത്തിന്റെ ശ്രേഷ്ഠതയെയാണ് ഇതും കുറിച്ചിടുന്നത്. ഇമാം ശൌകാനി പറഞ്ഞു: ‘എല്ലാറ്റിനും ഒരു അത്താണിയുണ്ട്. ഫിഖ്ഹാണ് ഇസ്ലാമെന്ന ആദര്‍ശത്തിന്റെ അത്താണി’. ചുരുക്കത്തില്‍ ഇസ്ലാം ഫിഖ്ഹിന് നല്‍കുന്ന അത്യുന്നത പദവികളാണ് ഇതൊക്കെ. ഇനിയും ഇതുപോലുള്ള ആശയകുറിമാനങ്ങള്‍ നിരവധിയുണ്ട്. ദൈര്‍ഘ്യം ഭയന്ന് അവ വിട്ടുകളയുകയാണ്.

ഇസ്ലാമിക ഫിഖ്ഹിന്റെ പ്രത്യേകതകള്‍

എല്ലാറ്റിനും സ്വഭാവസവിശേഷതകളും പ്രത്യേകതകളും ഉണ്ടായിരിക്കുക സ്വാഭാവികമാണ്. ഇസ്ലാമിക ഫിഖ്ഹിന്റെ കാര്യവും തഥൈവ. ഫിഖ്ഹിന്റെ സ്വഭാവസവിശേഷതകളാണ് ഇസ്ലാമിക ദര്‍ശനത്തെ നവീനവും കാലബന്ധിതവുമാക്കുന്നത്. ഇസ്ലാമിക ഫിഖ്ഹിന്റെ ചില പ്രത്യേകതകള്‍ താഴെ.

1. ആദര്‍ശബന്ധിതമാണ് ഇസ്ലാമിക ഫിഖ്ഹ്. അത് ദൈവബന്ധിതമാണ്. ഇസ്ലാമിക ശരീഅത്താണ് അതിന്റെ ഉറവിടം. ഇസ്ലാമിക ശരീഅത്താകട്ടെ ദൈവനിര്‍മിതിയും. കുറ്റിയില്‍ ബന്ധിക്കപ്പെട്ട ഒരു കുതിരയെ മനസ്സില്‍ കരുതുക. കുറ്റിയെന്നാല്‍ ദൈവത്താല്‍ ആവിഷ്കൃതമായ ഇസ്ലാമിക ശരീഅത്ത്. അതിനു ചുറ്റും കറങ്ങുന്ന കുതിരയാണ് ഇസ്ലാമിക ഫിഖ്ഹ്. ഒരു ഉറവിടത്തില്‍ നിന്നും ഒഴുകിവരുന്ന പ്രവാഹമാണ് ഇസ്ലാമിക ഫിഖ്ഹ്. ഉറവിടത്തോട് ബന്ധമുള്ളിടത്തോളം പ്രവാഹത്തിന് നല്ല തെളിമയുണ്ടാവും. ഉറവിടത്തോടുള്ള ബന്ധം വിമുക്തമാകുമ്പോള്‍ പ്രവാഹം നിലക്കും. തെളിമക്കു പകരം വരള്‍ച്ചയാണ് വരിക.

ഒരു പ്രത്യേക സാഹചര്യത്തിലെ ഫിഖ്ഹ് തെറ്റാകട്ടെ, ശരിയാകട്ടെ, അതിന്റെ ഉറവിടവുമായി ബന്ധമുള്ളിടത്തോളം അതിന് പ്രതിഫലം ഉറപ്പ്. കാരണം, ഇസ്ലാമിക ദര്‍ശനത്തെ അതിന്റെ ചൈതന്യത്തോടെ നിലനിര്‍ത്താന്‍ പ്രയത്നിച്ചതിന് അല്ലാഹു നല്‍കുന്ന വിശിഷ്ട സമ്മാനമാണത്. അതിനാലാണ്, ഇജ്തിഹാദ് ചെയ്തത് തെറ്റായാലും ശരിയായാലും അതിന് പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞത്. ഇജ്തിഹാദ് തെറ്റിയാല്‍ ഒരു പ്രതിഫലം. ആ പ്രതിഫലമാകട്ടെ ഇജ്തിഹാദ് ചെയ്തതിനാണ്. ഇജ്തിഹാദ് ശരിയായാല്‍ രണ്ട് പ്രതിഫലം. ആ രണ്ട് പ്രതിഫലങ്ങളില്‍ ഒന്ന് ഇജ്തിഹാദ് ചെയ്തതിനും മറ്റേത് ഇജ്തിഹാദ് ശരിയായതിനുമാണ്. ഏതായാലും നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചുള്ള ഇജ്തിഹാദിന്റെ ഫലം ദൈവിക ചൈതന്യവുമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത്.

2. ഇസ്ലാമിക ഫിഖ്ഹ് ഇസ്ലാമിക ശരീഅത്തിനെ പുഷ്ടിപ്പെടുത്തുന്നു. ഇസ്ലാമിക ജ്ഞാനത്തിന്റെ സാകല്യമാണ് ഇസ്ലാമിക ശരീഅത്ത്. ഇസ്ലാമിക ഫിഖ്ഹ് ഇതിനെ പടിപടിയായി മനുഷ്യന്റെ മനസില്‍ വേരുറപ്പിക്കുന്നു. ഇതിനെ ഘട്ടംഘട്ടമായി ഭൂമിയുടെ ഹൃദയത്തില്‍ നട്ടുപിടിപ്പിക്കുന്നു. ഇസ്ലാമിക ശരീഅത്തിന്റെ ഇപ്രകാരമുള്ള കാലിക വായനയില്‍ നിലവിലെ സാഹചര്യം പ്രധാനമാണ്. അതുപോലെ നിലവിലെ സാധ്യതകളും പരിമിതികളും, ജനങ്ങളുടെ മനസ്സും അവസ്ഥയും പ്രധാനമാണ്. ഇസ്ലാമിക ഫിഖ്ഹ് ഇതിനെയെല്ലാം ഉള്‍ക്കാഴ്ചയോടെ വിചിന്തനം ചെയ്ത് ഇസ്ലാമിക ശരീഅത്തിനെ പുഷ്ടിപ്പെടുത്തുന്നു. ആരാധനകള്‍, വിശ്വാസങ്ങള്‍, നിയമങ്ങള്‍, ധര്‍മ്മ തത്വശാസ്ത്രങ്ങള്‍…….. അങ്ങനെയങ്ങനെ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട് എന്തൊക്കെയുണ്ടോ അതിനെയൊക്കെ ഇസ്ലാമിക ഫിഖ്ഹ് യുക്തിപൂര്‍വ്വം, ഘട്ടംഘട്ടമായി ഭൂമിയില്‍ നടപ്പാക്കുന്നു. പരിപൂര്‍ണവും മൂര്‍ത്തവുമാണ് ഇസ്ലാമിക ശരീഅത്ത്. ഫിഖ്ഹാകട്ടെ അതിലേക്കുള്ള ചവിട്ടുപടികളും. വ്യക്തിന•യും സമൂഹനന്മയും ഇവിടെ പരിഗണനീയമാണ്.

3. ഇസ്ലാമിക ശരീഅത്തിന്റെ സന്തുലിതത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു ഇസ്ലാമിക ഫിഖ്ഹ്. ഇസ്ലാമിക ശരീഅത്ത് സ്വതവേ സന്തുലിതത്വത്തില്‍ അധിഷ്ഠിതമാണ്. അതിന് ഒന്നുകൂടി ഊന്നല്‍ കൊടുക്കുകയാണ് ഇസ്ലാമിക ഫിഖ്ഹ് ചെയ്യുന്നത്. അല്ലാഹുവും മനുഷ്യരും തമ്മിലുള്ള ബന്ധം, മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധം,  മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം, പ്രകൃതിയും അല്ലാഹുവും തമ്മിലുള്ള ബന്ധം ഇതില്‍ എല്ലാറ്റിലും ഇസ്ലാം സന്തുലിതത്വം ഉറപ്പുവരുത്തുന്നു. ഒന്ന് ഒന്നിനേക്കാള്‍ അധികമാവാനോ കുറയാനോ പാടില്ല. അപ്പോള്‍ അസന്തുലിതത്വമായിരിക്കും ഫലം. അസന്തുലിതത്വം മുകളില്‍ പറഞ്ഞവ തമ്മിലുള്ള ബന്ധത്തെ ഉലക്കുന്നു. അപ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നഷ്ടമാവുന്നു. ഈ അസന്തുലിതത്വത്തിനെതിരെയാണ് ഇസ്ലാമിക ഫിഖ്ഹിന്റെ മുന്നേറ്റം. അസന്തുലിതത്വം അതിന്റെ പാരമ്യതയിലെത്തുമ്പോഴാണ് ഇസ്ലാമിക നവോത്ഥാനത്തിന്റെ ഉദയവും. നവോത്ഥാനശില്‍പികളുടെ പിറവിയും. ആധുനികയുഗം തന്നെ ഉദാഹരണമാണ്. ദൈവത്തിന്റെ വിധികര്‍തൃത്വാവകാശത്തെ വേര്‍പ്പെടുത്തി ആധുനികയുഗം അത് മനുഷ്യനില്‍ ചാര്‍ത്തി. അപ്പോള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടു. ആധുനികമായ ഒരു അസന്തുലിതത്വം നിര്‍മിക്കപ്പെടുകയായിരുന്നു ഇവിടെ. ഇത്തരമൊരു നിര്‍ണായക സാഹചര്യത്തിലാണ് ആധുനിക ഇസ്ലാമിക നവോത്ഥാനത്തിന്റെ ഉദയം. അഥവാ, ഒരു ആധുനിക ഇസ്ലാമിക ഫിഖ്ഹിന്റെ പിറവി.

4. ഇസ്ലാമിക ഫിഖ്ഹ് സ്വതന്ത്രമാണ്. സ്വതന്ത്രം എന്നതിന്റെ വിവക്ഷ, ഇതര ദര്‍ശനങ്ങളില്‍ നിന്നും ജീവിത പദ്ധതികളില്‍ നിന്നും ഇസ്ലാമിക ഫിഖ്ഹ് സ്വതന്ത്രമാണ് എന്നതാണ്. അതായത്, ഇതര ദര്‍ശനങ്ങളെ ആശ്രയിക്കേണ്ടതില്ല. മറ്റുള്ള ദര്‍ശനങ്ങളാല്‍ സ്വാധീനിക്കപ്പെടാന്‍ മാത്രം സാധുവല്ല ഇസ്ലാമിക ഫിഖ്ഹ്. ഇസ്ലാമികാദര്‍ശവുമായാണതിന്റെ ബന്ധം. അതിനാല്‍ ഇസ്ലാമിക ഫിഖ്ഹിന് ഇസ്ലാമികാദര്‍ശത്തില്‍ നിന്നും രൂപപ്പെടുന്ന സ്വതന്ത്രമായ ചില അടിത്തറകളുണ്ട്. സ്വതന്ത്രമായ ചില രീതിശാസ്ത്രങ്ങളുണ്ട്. സ്വതന്ത്രമായ ചില നിയമങ്ങളുണ്ട്. അത് ഇതര മത ദര്‍ശനങ്ങളില്‍ നിന്നോ ഭൌതിക ഫിലോസഫികളില്‍ നിന്നോ കടം കൊണ്ടതല്ല. മറിച്ച്, അല്ലാഹു ഇസ്ലാമിക ദര്‍ശനത്തിന്റെ സോഫ്റ്റ്വെയറായി ഇസ്ലാമിക ശരീഅത്തില്‍ നേരത്തെ തന്നെ ഫിറ്റ് ചെയ്തതാണ്.

ഫിഖ്ഹ് വ്യക്തിബാധ്യതയോ സാമൂഹ്യ ബാധ്യതയോ?

ഫിഖ്ഹിനെക്കുറിച്ച് ഇത്രയും വിശദീകരിച്ചതില്‍നിന്ന് സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്. ഇസ്ലാമിക ഫിഖ്ഹ് വ്യക്തിബാധ്യതയാണോ അതല്ല സാമൂഹ്യബാധ്യതയാണോ? ലളിതമാണ് ഇതിന്റെ മറുപടി. ഫിഖ്ഹ് അഥവാ ആദര്‍ശത്തില്‍ അവഗാഹം നേടല്‍ ഒരു സാമൂഹ്യബാധ്യതയാണ്. സമൂഹത്തിലെ ഏതാനും പേര്‍ നിര്‍വഹിക്കേണ്ട ബാധ്യതയാണിത്. നിര്‍വഹിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് രക്ഷ. ഫിഖ്ഹ് എല്ലാവരുടെയും കഴിവിന്റെ പരിധിയില്‍ പെട്ടതല്ല. എല്ലാവര്‍ക്കും അതൊട്ട് സാധ്യവുമല്ല. കാരണം ഫിഖ്ഹിന്റെ തട്ടകം അങ്ങനെയാണ്. ഒരുപ്രശ്നം, അതിന്റെ ഇസ്ലാമിക അടിസ്ഥാനങ്ങള്‍, നിലവിലെ സാഹചര്യം, പ്രായോഗികത… തുടങ്ങി ഫിഖ്ഹുമായി ബന്ധപ്പെട്ട സംഗതികള്‍ നിരവധിയാണ്. ഇതൊക്കെ മുസ്ലിം സമൂഹത്തിലെ മുഴുവന്‍ വ്യക്തികളും സ്വായത്തമാക്കുകയെന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. എന്നാല്‍ മറ്റൊരു സംഗതി ഇവിടെ അറിയണം. ഇസ്ലാമിനെക്കുറിച്ച് സാമാന്യ അറിവ് മുസ്ലിം സൊസൈറ്റിയിലെ മുഴുവന്‍ വ്യക്തികളും അറിഞ്ഞിരിക്കണം.  ഇസ്ലാമിക വിശ്വാസങ്ങള്‍, ആരാധനകള്‍, നിയമങ്ങള്‍, സാംസ്കാരിക വ്യവഹാരങ്ങളെ സംബന്ധിച്ച അറിവുകള്‍… ഇവയെപറ്റിയെല്ലാമുള്ള അറിവ് മുസ്ലിം വ്യക്തിബാധ്യതയത്രെ. അറിവു സമ്പാദനം മുസ്ലിംകള്‍ക്ക് നിര്‍ബന്ധബാധ്യതയാണ്.

ഇസ്ലാമിക ഫിഖ്ഹിന്റെ അവലംബങ്ങള്‍:

1. വിശുദ്ധ ഖുര്‍ആന്‍: ഫിഖ്ഹിന്റെ ഒന്നാമത്തെ അവലംബമാണിത്. ഏതൊരു പ്രശ്നത്തിന്റെയും പരിഹാരം പ്രഥമമായി അന്വേഷിക്കേണ്ടത് വിശുദ്ധ ഖുര്‍ആനിലാണ്. വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തമാണ് ഇതിന് തെളിവ്. ‘വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഒടുക്കമുണ്ടാവുന്നതും ഇതിനുതന്നെ’ (വി.ഖു.4:59). ഈ സൂക്തത്തില്‍ പ്രഥമമായി അനുസരിക്കാന്‍ കല്‍പിക്കപ്പെട്ടത് അല്ലാഹുവിനെയാണ്. അല്ലാഹുവിനെ അനുസരിക്കുകയെന്നാല്‍ ഖുര്‍ആനിനെ അനുസരിക്കുകയെന്നാണ് അര്‍ഥം.

2. പരിശുദ്ധ സുന്നത്ത്: ഇസ്ലാമിക ഫിഖ്ഹ് അവലംബമാക്കേണ്ട ദ്വിതീയ ആശയസ്രോതസ്സാണിത്. മുകളില്‍ കൊടുത്ത അതേ സൂക്തം തന്നെയാണ് ഇതിനും തെളിവ്. അല്ലാഹുവിനു ശേഷം റസൂലിനെ അനുസരിക്കാനാണ് പ്രസ്തുത സൂക്തത്തിലെ കല്‍പന. തിരുസുന്നത്തിനെ അനുധാവനം ചെയ്യലാണ് റസൂലിനോടുള്ള അനുസരണം.

3. ഇജ്മാഅ്: ഇസ്ലാമിക ഫിഖ്ഹിന്റെ മൂന്നാമത്തെ അവലംബം. റസൂലിന്റെ മരണശേഷം ഏതെങ്കിലുമൊരു കാലഘട്ടത്തില്‍, ഏതെങ്കിലുമൊരു പ്രശ്നത്തിന്റെ ശറഇയായ വിധിയില്‍ മുസ്ലിം പണ്ഡിതന്മാരുടെ ഏകാഭിപ്രായമാണ് ഇജ്മാഅ്. മുകളില്‍ പ്രസ്താവിച്ച സൂക്തം തന്നെയാണ് ഇതിനും തെളിവ്. നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെ അനുസരിക്കാനാണ് പ്രസ്തുത സൂക്തത്തിലെ മൂന്നാമത്തെ കല്‍പന. ഭരണാധികാരികള്‍, നേതൃത്വവിഭാഗം, മുജ്തഹിദുകള്‍, ഫത്വ നല്‍കുന്നവര്‍ തുടങ്ങിയവരെല്ലാം കൈകാര്യകര്‍ത്താക്കളുടെ വ്യാഖ്യാനത്തില്‍ ഉള്‍പ്പെടും. ഇബ്നു അബ്ബാസി(റ)നെപ്പോലെയുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായം അവര്‍(കൈകാര്യകര്‍ത്താക്കള്‍) പണ്ഡിതന്മാരെന്നത്രെ. വേറെ ചിലരുടെ അഭിപ്രായമാകട്ടെ ഭരണാധികാരികള്‍ എന്നും.

4. ഖിയാസ്: ഇസ്ലാമിക ഫിഖ്ഹിന്റെ അടുത്ത അവലംബം. ഒരു നൂതനമായ പ്രശ്നം ഉത്ഭവിച്ചെന്നു കരുതുക. ഈ പ്രശ്ത്തിനാകട്ടെ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ ഇജ്മാഇല്‍ നിന്നോ ഒരു വിധി ഇല്ലതാനും. അതേസമയം, സമാനമായൊരു പ്രശ്നത്തിന് ഇവയില്‍ വിധിയുണ്ട്. എങ്കില്‍ സമാനമായ പ്രശ്നത്തിന്റെ വിധിയെ നൂതനമായ പ്രശ്നത്തിനും ബാധകമാക്കുക. ഇതാണ് ഖിയാസ് അഥവാ ‘ന്യായാധീകരണം’. നേരത്തേ സൂചിപ്പിച്ച സൂക്തം തന്നെയാണ് ഖിയാസിനുള്ള തെളിവ്. ഏതെങ്കിലുമൊരു വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ മടക്കേണ്ടത് അല്ലാഹുവിലേക്കും റസൂലിലേക്കുമാണെന്ന് ആ സൂക്തത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. ഖിയാസാണ് അതിന്റെ ഉദ്ദേശ്യം. പ്രവാചകമൊഴികളിലും ഖിയാസിനുള്ള തെളിവുകള്‍ ഒട്ടനവധിയുണ്ട്. ഒന്നുമാത്രം പറയാം: ‘യമനിലേക്ക് നിയോഗിതനായിരിക്കേ തിരുമേനി മുആദുബ്നു ജബലിനോട് ഇപ്രകാരം ചോദിച്ചു: ‘ഏതെങ്കിലും ഒരു പ്രശ്നം വന്നാല്‍ നീ എങ്ങനെ വിധിനല്‍കും?’ മുആദ്: ‘അല്ലാഹുവിന്റെ വേദമനുസരിച്ച് വിധിനല്‍കും’. തിരുമേനി(സ): ‘അതിലില്ലെങ്കില്‍?’ ‘ദൈവദൂതന്റെ ചര്യയനുസരിച്ച് വിധിനല്‍കും’. ‘അതിലുമില്ലെങ്കില്‍?’, ‘ഞാന്‍ എന്റെ യുക്തിയനുസരിച്ച് ഇജ്തിഹാദ് ചെയ്യും . അതില്‍ വീഴ്ചവരുത്തില്ല’. റസൂല്‍ തിരുമേനി (സ) മുആദിന്റെ ഹൃദയത്തില്‍ തട്ടി പ്രശംസിച്ചു: ‘അല്ലാഹുവിന്റെ ദൂതനു തൃപ്തിപ്പെടുംവിധം അല്ലാഹുവിന്റെ ദൂതന്റെ ദൂതനെ അനുഗ്രഹിച്ച അല്ലാഹുവിന് സ്തുതി’.

ഇസ്ലാമിക ഫിഖ്ഹിന്റെ ഈ നാല് അടിസ്ഥാന അവലംബങ്ങള്‍ അല്ലാതെ മറ്റുചില അവലംബങ്ങള്‍ കൂടിയുണ്ട്. ഈ നാല് അവലംബങ്ങളുടെ പ്രത്യേകത, ഇവയുപയോഗിച്ച് തെളിവ് നിര്‍ദ്ധാരണം ചെയ്യുന്നതില്‍ മുസ്ലിംഭൂരിപക്ഷം ഏകാഭിപ്രായക്കാരാണ് എന്നതാണ്. എന്നാല്‍ മറ്റുള്ളവകൊണ്ട് തെളിവ് നിര്‍ദ്ധാരണം ചെയ്യുന്നതില്‍ അങ്ങനെയല്ല. ചിലരതിനെ സ്വീകരിക്കുന്നു. മറ്റുചിലര്‍ അവയെ തിരസ്കരിക്കുന്നു. ഫിഖ്ഹിന്റെ തലമുതിര്‍ന്ന പ്രതിഭകളായ മദ്ഹബുകളുടെ ഇമാമുമാരാണ് അവരുടെ ശില്‍പികള്‍. മസ്വാലിഹു മുര്‍സലഃ, മുന്‍കാലത്തെ ശറഅ്, ഉര്‍ഫ്, ഇസ്തിസ്ഹാബ് തുടങ്ങിയവയൊക്കെയാണത്.

Topics