നക്ഷത്രങ്ങളാണ് കുട്ടികള്‍-27
പഠനത്തില്‍ പിന്നിലായിരുന്ന മനോജ് പത്താം ക്ലാസിലായിരിക്കെ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചു കച്ചവടത്തിലേക്ക് തിരിഞ്ഞു. നിരവധി ചെറുകടകളില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്തതിനു ശേഷമാണ് സ്വന്തമായ കച്ചവടത്തിലേക്ക് വഴി മാറിയത്. ഇന്ന് മനോജ് നഗരത്തിലെ ഒന്നാം കിട ഫ്രൂട്ട്‌സ് ഹോള്‍സെയില്‍ വ്യാപാരിയാണ്. കോടീശ്വരനാണ്.പൗര പ്രമുഖനാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലും തന്റേതായ സംഭാവനകളര്‍പ്പിച്ചു വരുന്ന സഹൃദയനാണ്.
മനോജിന്റെ സമപ്രായക്കാരനും ഒരേ ക്ലാസ്സില്‍ പഠിച്ചിരുന്നയാളുമാണ് വിനോദ്. മുന്‍ നിര പഠിതാക്കളിലൊരാള്‍. പത്താം ക്ലാസ് പരീക്ഷയിലും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിലും ഡിഗ്രി പരീക്ഷയിലും ഉയര്‍ന്ന വിജയം നേടി ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗുമസ്തപ്പണി കിട്ടിയത്. സര്‍ക്കാര്‍ ശമ്പളത്തില്‍ ഭാര്യയും കുട്ടികളുമൊത്ത് വീട് -ഓഫീസ് , ഓഫീസ് -വീട് എന്ന ക്രമത്തില്‍ ഒരു തരം രേഖീയ ജീവിതം നയിച്ചു പോകുന്നു.
ബുദ്ധിമാനം( IQ ) വെച്ച് നോക്കിയാല്‍ വിനോദാണ് മനോജിനേക്കാള്‍ വളരെ മുന്നില്‍.പഠനം, പരീക്ഷ, തൊഴില്‍ സമ്പാദനം എന്നിവയിലെ നിര്‍വഹണ ശേഷി വിലയിരുത്തിയാല്‍ മനോജ് വിനോദിന്റെ പിറകിലേ വരു. അതേസമയം , വൈകാരിക മാനം (EQ) മുന്നില്‍ വച്ചു നോക്കിയാല്‍ മനോജാവും വിനോദിന്റെ മുന്നില്‍. ചിന്തനം, മനനം, യുക്തി പ്രയോഗം, അപഗ്രഥനം, നിര്‍ദ്ധാരണം,
വിശകലനം തുടങ്ങിയവയിലൊക്കെ മനോജിനേക്കാള്‍ എത്രയോ മുന്നിലായിരിക്കും വിനോദ്. എന്നാല്‍ സഹകരണം, സഹിഷ്ണുത, സഹൃദയത്വം, സഹവര്‍ത്തിത്വം, പ്രതിപക്ഷ ബഹുമാനം, പങ്കു വെക്കല്‍, അനുതാപം, സഹാനുഭൂതി, തീരുമാനമെടുക്കല്‍, പ്രശ്‌ന പരിഹാരം തുടങ്ങിയവയിലെല്ലാം വിനോദിനേക്കാളും മുന്നിട്ടു നില്‍ക്കുന്നത് മനോജാണ്.
വിദ്യാഭ്യാസ പ്രക്രിയയിലൂടെ നമ്മുടെ കുട്ടികളില്‍ ബഹുമുഖമായ ശേഷീ വികാസം ഇന്നത്തെ കാലത്ത് ഉറപ്പാക്കേണ്ടതുണ്ട്.ബുദ്ധി മാനവും വൈകാരിക മാനവും സര്‍ഗാത്മക മാനവും സാമൂഹിക മാനവുമൊക്കെ സന്തുലിതമായി പരിഗണിക്കപ്പെടേണ്ടതുമുണ്ട്. മുമ്പ് കാലത്ത് ബുദ്ധി മാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ടിരുന്നു. കാലം മാറുകയും ലോകം പ്രതിനിമിഷം പരിവര്‍ത്തനത്തിന് വിധേയമാവുകയും ചെയ്യുന്ന ഇന്നാളില്‍ കുട്ടികളില്‍ ബഹുമുഖ ശേഷീ വികാസം അനിവാര്യമാണ്. പഠന പ്രക്രിയയിലൂടെയും വിദ്യാലയാനുഭവങ്ങളിലൂടെയും വിദ്യാര്‍ത്ഥികളില്‍ ഈയൊരു വികാസം നടക്കുന്നതായി അധ്യാപകര്‍ക്ക് ബോധ്യപ്പെടുകയും വേണം. മല്‍സരാധിഷ്ഠിതമായ പുതിയ ലോക ക്രമത്തിനകത്ത് ബുദ്ധി മാനം ഉയര്‍ന്നു നിന്നതു കൊണ്ടു മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയണമെന്നില്ല.വൈകാരിക പക്വത ആര്‍ജിക്കാന്‍ കഴിയാതെ പോകുന്നവര്‍ കാലിടറി വീഴുന്ന കാലമാണിത്. ഡാനിയേല്‍ ഗോള്‍മാന്റെയും പീറ്റര്‍ സലേവയുടെയും ചിന്തകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.
വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പാരസ്പര്യം വീണ്ടെടുക്കാനും ആഹ്ലാദം നിലനിര്‍ത്താനും വൈകാരിക സമീകരണം ആവശ്യമാണ്. ബൗദ്ധിക മികവും യോഗ്യതകളുടെ ആധിക്യവും സ്ഥാന വലുപ്പവും കയ്യിലുണ്ട് എന്നതു കൊണ്ട് നിത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണമെന്നുമില്ല. ഒരു നിമിഷത്തെ വൈകാരിക വിക്ഷോഭം മതി ദീര്‍ഘ നേരത്തെ ജീവിത സമാധാനം നഷ്ടപ്പെടാന്‍.
ഒരു ദിവസം രാവിലെ വീട്ടിലെല്ലാവരും തീന്‍ മേശക്കു ചുറ്റും പ്രാതല്‍ കഴിക്കാനിരിക്കുന്നു. ജേക്കബും ഭാര്യയും മക്കളും പേരക്കുട്ടികളും എല്ലാമുണ്ട്. കളക്ട്രേറ്റില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായ ജേക്കബ് ഓഫീസിലേക്ക് പോകാനുള്ള ബദ്ധപ്പാടില്‍ ഉടുത്തൊരുങ്ങിയാണ് മറ്റുള്ളവരോടൊപ്പമിരിക്കുന്നത്.കളക്ടര്‍ വിളിച്ചിട്ടുള്ള യോഗത്തില്‍ നേരത്തെ എത്തിച്ചേരേണ്ടതുള്ളതിനാല്‍ ഇത്തിരി പെരുപെരുപ്പിലായിരുന്നു പൊതുവെ ക്ഷിപ്രകോപിയായ അയാള്‍. ചിരിച്ചും വര്‍ത്തമാനം പറഞ്ഞും എല്ലാവരും പ്രാതല്‍ കഴിച്ചു കഴിച്ചു കൊണ്ടിരുന്നതിനിടയിലാണ് പെട്ടെന്നത് സംഭവിച്ചത്.
മൂത്ത മകള്‍ അനഘയുടെ മടിയിലിരുന്ന ഒന്നര വയസ്സുള്ള കുട്ടി കൈ കാലുകളിളക്കി. അവന്റെ കാലില്‍ തട്ടി മേശപ്പുറത്തിരുന്ന കറിപ്പാത്രം മറിഞ്ഞ് ജേക്കബിന്റെ ഷര്‍ട്ടിലേക്ക് തെറിച്ചു. ……………
കൊടുങ്കാറ്റടിച്ചു വീശിയ പോലെയായി പിന്നെ.
ചിരിയും വര്‍ത്തമാനവും പെട്ടെന്ന് നിലച്ചു. ജേക്കബ് പ്രാതല്‍ അവസാനിപ്പിച്ചു, മകളെയും പേരക്കുട്ടിയെയും ശകാരിച്ചു എഴുന്നേറ്റു പോയി. മറ്റുള്ളവര്‍ മുഖത്തോട് മുഖം നോക്കി ഇരുന്നു. ആരും ഒന്നും മിണ്ടിയില്ല. മിണ്ടിയാല്‍ അടുത്ത കൊടുങ്കാറ്റടിച്ചു വീശുമെന്ന് അവര്‍ക്കറിയാം.
ജേക്കബ് , മറ്റൊരു ഷര്‍ട്ട് ധരിച്ച്, ഒരക്ഷരമുരിയാടാതെ ധിറുതിയില്‍ പുറത്തിറങ്ങി കാറെടുത്ത് ഓഫീസിലേക്ക് പോയി. അകത്തെ കലിയും റോഡിലെ ക്രമാതീതമായ വാഹനത്തിരക്കും ജേക്കബിനെ വല്ലാത്തൊരു മൂഡിലാക്കിയിട്ടുണ്ടായിരുന്നു. സമയം വൈകിയതിനാല്‍ പതിവിലും കൂടുതല്‍ വേഗതയിലായിരുന്നു ജേക്കബ് കാറോടിച്ചിരുന്നത് . ഒരു ട്രാഫിക്ക് സിഗ്‌നലില്‍ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന
ബൈക്കിന്റെ പിന്നില്‍ ജേക്കബിന്റെ കാറ് വന്നിടിച്ചു. കുറ്റം തന്റേതായിട്ടും ജേക്കബ് കാറില്‍ നിന്നിറങ്ങി ബൈക്കുകാരനുമായി കലഹിച്ചു. ഉന്തും തള്ളുമായി. വാഹനങ്ങള്‍ റോഡില്‍ കുമിഞ്ഞു കൂടി.
യാത്രക്കാര്‍ ബൈക്കുകാരനോടൊപ്പം ചേര്‍ന്ന് ജേക്കബിനെ ചീത്ത വിളിച്ചു. പോലീസെത്തി രംഗം ശാന്തമാക്കി.
ജേക്കബ് ജോലി സ്ഥലത്തെത്തുമ്പോള്‍ കളക്റ്റര്‍ വിളിച്ചു കൂട്ടിയ യോഗം പാതി പിന്നിട്ടിരുന്നു…വൈകിയെത്തിയതിന് പിന്നെ കാരണം കാണിക്കല്‍ നോട്ടീസ്..അപമാനം……….നിന്ദ….
പ്രാതലിനിടയില്‍ പേരക്കുട്ടിയുടെ ശരീരമിളകിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ അതിനു മാത്രം ഒരു പ്രശ്‌നമായിരുന്നോ അത്? മുതിര്‍ന്ന ആരെങ്കിലും ബോധപൂര്‍വ്വം കറിപ്പാത്രമെടുത്ത് ജേക്കബിന്റെ ഷര്‍ട്ടിലേക്ക് കമഴ്ത്തിയതാണോ?
സ്വന്തം പേരക്കുട്ടി, അതും ഒന്നര വയസ്സുള്ള പേരക്കുട്ടി ശിശു സഹജമായി ഒന്നിളകിയപ്പോള്‍ സംഭവിച്ചത്…ആ കുട്ടിത്തം മാനിച്ച്, അവിടെയിരുന്ന മറ്റുള്ളവരുടെയെല്ലാം മാനസികാവസ്ഥ പരിഗണിച്ച്….
ആ സന്ദര്‍ഭത്തെ വൈകാരിക പക്വതയോടെ നേരിടാന്‍ ജേക്കബിന് കഴിയാതെ പോയി. കറിപ്പാത്രം മറിഞ്ഞ് ഷര്‍ട്ടിലേക്ക് വീണപ്പോള്‍, ഭാവമാറ്റമില്ലാതെ, പുഞ്ചിരിതൂകി, ‘മിടുക്കന്‍, വല്യച്ഛന് പണി തന്നല്ലോ ‘ എന്നോ മറ്റോ ഒരു ഡയലോഗും കാച്ചി സമാധാനത്തോടെ പ്രാതല്‍ കഴിച്ചു പോയിരുന്നെങ്കില്‍ ജേക്കബിന് അന്തസ്സംഘര്‍ഷത്തില്‍ നിന്ന് ഒഴിവാകാമായിരുന്നു.
സമാധാനത്തോടെ വാഹനമോടിക്കാമായിരുന്നു. സമയത്തിന് ഓഫീസിലെത്താമായിരുന്നു. കളക്റ്ററുടെ യോഗത്തില്‍ പങ്കെടുക്കാനാവുമായിരുന്നു. വികാരം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പക്ഷേ, എല്ലാം പിടി വിട്ടു പോയി.
പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങളെല്ലാം ആ പിടി വിട്ടു പോകലിന്റെ തുടര്‍ച്ചയായിരുന്നു. വൈകാരിക മാന(IQ)ത്തിന്റെ പ്രാധാന്യമാണ് ഇവിടെ നമുക്ക് ബോധ്യമാകുന്നത്.
ഭിന്ന വികാരങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്ന് തിരിച്ചറിയുക, മറ്റുള്ളവരുടെ വികാരം മാനിക്കുക, സ്വന്തം വികാരം അവസരോചിതം നിയന്ത്രിക്കുക. ഇതാണ് വൈകാരിക പക്വത.ഈയൊരു പക്വതയില്ലായ്മയില്‍ നിന്ന് കലഹമുണ്ടാകുന്നു. ബന്ധങ്ങള്‍ വഷളാകുന്നു. നഷ്ടങ്ങളും പരാജയങ്ങളും സംഭവിക്കുന്നു.
നമ്മുടെ കുട്ടികളെ എങ്ങനെ വൈകാരിക പക്വതയിലെത്തിക്കാമെന്നത് വലിയൊരു വെല്ലുവിളിയാണ്. പാരസ്പര്യത്തിന് അവസരം കിട്ടുന്ന വ്യത്യസ്ത സാമുഹിക സന്ദര്‍ഭങ്ങളില്‍ കഴിയാന്‍ കുട്ടികള്‍ക്ക് സാധിക്കണം.ജീവിത സന്ദര്‍ഭങ്ങളോട് സര്‍ഗാത്മകമായി പ്രതികരിക്കാന്‍ പരിശീലിക്കുന്നത് വഴിയാണ് ഏതൊരാളും വൈകാരിക പക്വതയാര്‍ജിക്കുന്നത്( തുടരും ).
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
Add Comment