ചരിത്രത്തിലെ ഇരുണ്ടയുഗങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അറേബ്യന്‍ ജാഹിലിയ്യത്തില്‍ പോലും പല മൂല്യങ്ങള്‍ നിലനിന്നിരുന്നുവെന്നത് സുസമ്മതമായ യാഥാര്‍ത്ഥ്യമാണ്. സത്യസന്ധതയുടെ പേരില്‍ അഭിമാനം കൊള്ളുകയും, പ്രസ്തുത മൂല്യം മുറുകെ പിടിക്കുന്നവരെ ആദരിക്കുകയും ചെയ്തിരുന്നു അവര്‍. കളവ് പറയുന്നവരെ വെറുത്തിയിരുന്ന അവര്‍ നുണയന്‍മാരെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇസ്ലാമാശ്ലേഷിക്കുന്നതിന് മുമ്പ് അബൂസുഫ്‌യാന്‍ ഖുറൈശികളില്‍ നിന്നുള്ള ഒരു കച്ചവട സംഘവുമായി ശാമിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ റോമന്‍ രാജാവ് ഹിറഖ്ല്‍ അറേബ്യന്‍ ഉപദ്വീപില്‍ രംഗത്ത് വന്ന പുതിയ പ്രവാചകനെക്കുറിച്ച് അറിയാന്‍ അബൂസുഫ്‌യാനെ ആളയച്ച് വരുത്തി. ഹിറഖ്ല്‍ പ്രവാചകനെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാലത്ത് ഇസ്ലാമിന്റെ ശത്രുവായിരുന്ന അദ്ദേഹം പറഞ്ഞു ‘അല്ലാഹുവാണ, ഞാന്‍ നുണയനാണെന്ന് കൂടെയുള്ളവര്‍ കരുതുമെന്ന ലജ്ജയില്ലായിരുന്നുവെങ്കില്‍ ഞാന്‍ കളവ് പറയുമായിരുന്നു’. ജാഹിലിയ്യ കാലത്ത് പോലും അവിടത്തെ അറബികള്‍ കളവില്‍ നിന്ന് അകന്ന് നില്‍ക്കുകയും അക്കാര്യത്തില്‍ ലജ്ജ കാണിക്കുകയും ചെയ്തിരുന്നുവെന്ന് കുറിക്കുന്ന സംഭവമാണിത്. കാരണം കളവ് മനസ്സിനെ മലിനമാക്കുകയും മനുഷ്യത്വത്തിന്റെ കഥ കഴിക്കുകയും ചെയ്യുമെന്നത് തന്നെയാണ്.
അല്ലാഹു തന്റെ ദൂതനെ ഭൂമിയിലേക്ക് നിയോഗിച്ചപ്പോള്‍ സല്‍സ്വഭാവിയും സത്യസന്ധനുമായ മുഹമ്മദ്(സ)യെയാണ് അതിന് തെരഞ്ഞെടുത്തത്. അദ്ദേഹം പ്രസ്തുത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ അനുയായികളെ വാര്‍ത്തെടുക്കുകയും നിര്‍മാണാത്മകമായ സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുചരന്‍മാരിലൊരാളുടെ പരാമര്‍ശം നമുക്ക് ഒരു പക്ഷെ അല്‍ഭുതമുളവാക്കിയേക്കാം ‘അല്ലാഹുവാണ, കള്ളമെന്നെ ഒരു കാര്യം പോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു’. കളവ് വ്യാപകമാകുന്ന സമൂഹത്തില്‍ എല്ലാ തിന്‍മകളും വ്യാപകമാകുമെന്നാണ് യാഥാര്‍ത്ഥ്യം. കളവിനും വഞ്ചനക്കും മേല്‍ കെട്ടിപ്പടുക്കപ്പെട്ട സമൂഹം തകര്‍ന്ന് പോയ സമൂഹമാണ്.
ആത്മവിശ്വാസമില്ലാത്ത, തോന്നിവാസങ്ങള്‍ നിറഞ്ഞ മനസ്സില്‍ നിന്നാണ് കളവ് ബഹിര്‍ഗമിക്കുക. അതിനാലാണ് തിരുമേനി(സ) തന്റെ ഉമ്മത്തിനോട് ഇപ്രകാരം അരുള്‍ ചെയ്തത് ‘നിങ്ങള്‍ കളവിനെ സൂക്ഷിക്കുക. കളവ് തെമ്മാടിത്തത്തിലേക്ക് നയിക്കുന്നതാണ്. തെമ്മാടിത്തമാവട്ടെ നരകത്തിലേക്കാണ് വഴിനടത്തുക’.
ഇമാം മാവര്‍ദി പറയുന്നു ‘എല്ലാ തിന്‍മകളും ഒന്നിച്ചതാണ് കളവ്. അതിന് ഏറ്റവും മോശമായ പ്രത്യാഘാതവും, വൃത്തികെട്ട ഫലവുമാണ്’. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) തന്റെ ചില ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശം ഇപ്രകാരമായിരുന്നു ‘നിങ്ങള്‍ നുണയന്‍മാരുടെ സഹായം പറ്റുന്നത് സൂക്ഷിക്കുക. കളവ് പറയുന്നവനെ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ നശിച്ച് പോയത് തന്നെ’.
വൃത്തികെട്ട്, അഴുക്ക് പുരണ്ട്, നാറിയ ചരക്കാണ് കളവ്. തിരുദൂതര്‍(സ)യില്‍ നിന്ന് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു ‘ഒരു മനുഷ്യന്‍ കളവ് പറയുമ്പോള്‍ അതിന്റെ ദുര്‍ഗന്ധം കാരണം ദൈവത്തിന്റെ മാലാഖ അയാളില്‍ നിന്ന് ഒരു മൈല്‍ അകന്നു പോകുന്നു’.
വിശ്വാസിക്കും അവന്റെ വിശ്വാസ പൂര്‍ണതക്കും ഇടയില്‍ വിലങ്ങാണ് കളവ്. വിശ്വാസി ഒരിക്കലും കളവ് പറയുകയില്ലെന്നാണ് തിരുദൂതര്‍(സ) അരുള്‍ ചെയ്തിട്ടുള്ളത്. കളവ് അടിസ്ഥാനസ്വഭാവമായി സ്വീകരിച്ചവന് സത്യം നിഷേധിക്കാനും അതിന് വിപരീതമായി വാദിക്കാനും യാതൊരു മടിയുമുണ്ടാവുകയില്ല. അസത്യം ഉറക്കെ വിളിച്ച് പറഞ്ഞ് അത് തന്നെയാണ് ശരിയെന്ന് സ്ഥാപിക്കാന്‍ അവന് യാതൊരു മനപ്രയാസവും അനുഭവപ്പെടുകയുമില്ല. താല്‍പര്യത്തിനും, ഇഛക്കും മുന്‍ഗണന നല്‍കി ജീവിക്കുന്നവന് വ്യാജവാര്‍ത്തകള്‍ ചമക്കുന്നതും, പെരുംനുണകള്‍ പ്രചരിപ്പിക്കുന്നതുമായിരിക്കും ഇഷ്ടമുള്ള പ്രവര്‍ത്തനം. (നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവ് കൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ട് പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നിസ്സാരമാണെന്ന് കരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്). അന്നൂര്‍ 15
മതബോധം ദുര്‍ബലപ്പെടുകയും, മനസാക്ഷി മരവിക്കുകയും ചെയ്ത മനുഷ്യന് മൂല്യവിചാരമുണ്ടാവുകയില്ല. നിഷിദ്ധങ്ങള്‍ പിച്ചിച്ചീന്തുന്നതില്‍ ലജ്ജയോ, കള്ളസാക്ഷ്യം വഹിക്കുന്നതില്‍ നാണമോ അവനുണ്ടാവുകയില്ല. ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ഒരു അപവാദത്തിലും സന്തോഷവും സായൂജ്യവും കണ്ടെത്തുകയാണ് അവന്‍ ചെയ്യുക.
സ്വാലിഹ് ഹലീസ്
Add Comment