വിശിഷ്ടനാമങ്ങള്‍

അല്ലത്വീഫ് (കൃപാനിധി, സൂക്ഷ്മജ്ഞന്‍)

നന്‍മകളുടെ അതിസൂക്ഷ്മവും പരമരഹസ്യവുമായ വശങ്ങള്‍ തിരിച്ചറിയുകയും അവ അവയുടെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ കനിവിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നവനാണ് അല്ലത്വീഫ്. അറിവിലും പ്രവൃത്തിയിലും ഉണ്ടാവേണ്ട ഈ ഗുണം പൂര്‍ണരൂപത്തിലുള്ളത് അല്ലാഹുവിനു മാത്രമാണ്. ഗര്‍ഭസ്ഥശിശുവിന്റെ 9 മാസക്കാലത്തെ ഗര്‍ഭത്തിലെ ജീവിതം അല്ലാഹുവിന്റെ കൃപയെ വിളിച്ചറിയിക്കുന്നതാണ്. മൂന്ന് ഇരുട്ടറകളില്‍ പൊക്കിള്‍ക്കൊടിയിലൂടെ ലഭിക്കുന്ന ആഹാരം മാത്രം കഴിച്ചാണ് അവിടെ കുഞ്ഞ് വളരുന്നത്. അതുപോലെ തള്ളയില്‍ വേര്‍പ്പെട്ടാലും ആ കൂഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളിലെല്ലാം അല്ലാഹുവിന്റെ മഹത്തായ കൃപയാണ് പ്രകടമാവുന്നത്. അതുപോലെ മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ സൂക്ഷ്മദൃഷ്ടിയുണ്ട്.
”അല്ലാഹു തന്റെ ദാസന്‍മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും”. (അശ്ശൂറാ: 19)
”നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് മഴ വീഴ്ത്തുന്നത്? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും തിരിച്ചറിവുള്ളവനുമാണ്”. (അല്‍ഹജ്ജ്: 63)
”കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും”. (അല്‍ അന്‍ആം: 103)

Topics