Dr. Alwaye Column

ഇസ്‌ലാമിന്റെ സാര്‍വജനീനത

സമസ്ത മനുഷ്യര്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ദര്‍ശനം എന്നതാണ് ഇസ്‌ലാം സാര്‍വജനീനമാണ് എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്. ഏതുകാലത്തേക്കും ഏതുപ്രദേശത്തേക്കും അവതരിപ്പിക്കപ്പെട്ട ദൈവികദര്‍ശനം. അതുകൊണ്ടുതന്നെ ഇസ്‌ലാമികദര്‍ശനം ദുര്‍ബലമാക്കപ്പെടാതെ, മാറ്റിമറിക്കപ്പെടാതെ, പരിണാമവിധേയമാകാതെ ശാശ്വതമായി ഭൂമുഖത്ത് അവശേഷിക്കും. ദൈവികമതത്തിന്റെ അനിവാര്യമായ ഈ അനന്യതയിലേക്ക് ഖുര്‍ആന്‍ വിരല്‍ ചൂണ്ടിയിട്ടുണ്ട്. ‘മുഴുവന്‍ ജനങ്ങളിലേക്കും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുനല്‍കുന്നവനുമായിട്ടാണ് നാം നിന്നെ അയച്ചിട്ടുള്ളത്'(സബഅ് 28). ‘ പറയുക, ജനങ്ങളേ, ഞാന്‍ നിങ്ങളില്‍ എല്ലാവരിലേക്കുമായി നിയുക്തനായ ദൈവദൂതനാകുന്നു'(അല്‍ അഅ്‌റാഫ് 158). ‘നിങ്ങളില്‍ ഒരാളുടെയും പിതാവല്ല മുഹമ്മദ്, മറിച്ച് അല്ലാഹുവിന്റെ ദൂതനും അവസാനത്തെ പ്രവാചകനുമാണ്’ (അല്‍ അഹ്‌സാബ്-40).

ഇസ്‌ലാമികദര്‍ശനത്തിന്റെ സാര്‍വജനീനതയും അനശ്വരതയും കാലദേശഭാഷകള്‍ക്കതീതമായ അതിന്റെ അനുയോജ്യതയും ബുദ്ധികൊണ്ടും യുക്തികൊണ്ടും ഏറെ അംഗീകരിക്കപ്പെട്ടതാണ്. ഇസ്‌ലാം കൊണ്ടുവന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും എക്കാലത്തുമുള്ള മനുഷ്യസമൂഹത്തിന്റെ സാക്ഷാത്കരിക്കാനുള്ളതാണ്. മനുഷ്യനെ എത്തേണ്ടിടത്ത് എത്തിക്കുക എന്നതാണ് അതിന്റെ നിയോഗം. ഇപ്പറഞ്ഞതില്‍ അസാധാരണമായി ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍ പ്രപഞ്ചസ്രഷ്ടാവും നിയന്താവും സര്‍വജ്ഞാനിയുമായ അല്ലാഹുവാണ് ഇസ് ലാമിനെ സാര്‍വജനീനമായി നിശ്ചയിച്ചിട്ടുള്ളത്.
‘ഇന്നേ ദിവസം നിങ്ങള്‍ക്ക് ഞാന്‍ നിങ്ങളുടെ ദീന്‍ പൂര്‍ത്തീകരിച്ചുതരികയും എന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ സമ്പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങളുടെ ദീനായി തൃപ്തിപ്പെടുകയുംചെയ്തിരിക്കുന്നു’-(അല്‍മാഇദ 3)

ഗതകാല ശരീഅത്തുകള്‍ക്കെല്ലാം പരിസമാപ്തികുറിക്കുകയും അവസാനപ്രവാചകനായ മുഹമ്മദ് നബിയെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനാല്‍ ഇനിയൊരു ശരീഅത്തിന്റെയോ പ്രവാചകന്റെയോ പ്രസക്തി ഉദിക്കുന്നില്ല. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ ഇഹ-പര നന്‍മകളെ സാക്ഷാത്കരിച്ചു കൊടുക്കാന്‍ ഇസ്‌ലാമിനേ കഴിയൂ. അതുപോലെ തന്നെ തിന്‍മകളില്‍നിന്നും വിനാശങ്ങളില്‍നിന്നും അവരെ രക്ഷപ്പെടുത്താനും സാധിക്കും. പ്രവാചകനിയോഗത്തിന്റെ നിമിത്തമായി ഇതൊക്കത്തന്നെയാണ് വിശുദ്ധഖുര്‍ആന്‍ കണ്ടത്. ‘അഖിലലോകര്‍ക്കും കാരുണ്യമായിട്ടാണ് നാം നിന്നെ നിയോഗിച്ചിരിക്കുന്നത്'(അല്‍അന്‍ബിയാഅ് 107).

മതവിധികളുടെ സ്ഥായിയായ പ്രഭവകേന്ദ്രങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയുമാണ്. അവ രണ്ടിനെയും ആസ്പദിച്ച് പണ്ഡിതന്‍മാര്‍ എത്തിച്ചേരുന്ന അഭിപ്രായസമന്വയവും വിവിധ വിഷയമേഖലകളെ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഗവേഷണങ്ങളും പ്രമാണങ്ങളെ മുന്നില്‍വെച്ചുകൊണ്ടുള്ള അനുമാനങ്ങളുമൊക്കെയാണ് തുടര്‍ന്ന് വരുന്ന സ്രോതസ്സുകള്‍. കൃത്യമായ ആശയങ്ങളുടെയും സവിശേഷതകളുടെയും സ്ഥായിയായ നിമിത്തങ്ങളുടെയും അസ്തിവാരത്തിലാണ് എല്ലാ പ്രഭവകേന്ദ്രങ്ങളും നിലനില്‍ക്കുന്നത്. മാതൃകാപരമായി നിലകൊള്ളണമെന്നാഗ്രഹിക്കുന്ന ഏതൊരു വിശിഷ്ടസമൂഹത്തിനും ഏതുനിലയ്ക്കും ഗുണകരമായ ഉള്ളടക്കമാണ് ഇസ്‌ലാമികശരീഅത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ക്കുമുള്ളത്. സമൂഹത്തില്‍ രൂപപ്പെടുന്ന ഏതൊരു നൂതനപ്രശ്‌നത്തിനും ഇസ്‌ലാമികശരീഅത്തിനകത്ത് ഒരു മതവിധിയുണ്ടായിരിക്കും. വ്യക്തമായ മൂലവാക്യത്തിലൂടെയോ അതല്ലെങ്കില്‍ ശരിയായ അനുമാനത്തിലൂടെയോ ആയിരിക്കുമത്. ഈ മാനദണ്ഡങ്ങളാണ് ഇസ്‌ലാമിനെ സമഗ്രവും സമ്പൂര്‍ണവും സാര്‍വജനീനവുമായ മതമാക്കിത്തീര്‍ക്കുന്നത്. ഏതുകാലത്തേക്കും ഏതു പ്രദേശത്തേക്കും യുക്തമായ ദൈവികദര്‍ശനമാക്കി മാറ്റുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിനായി, വംശത്തിനായി, ഏതെങ്കിലുമൊരു കാലയളവിലേക്കായി അവതീര്‍ണമായതല്ല ഇസ്‌ലാമികദര്‍ശനം.

പ്രബോധകരുടെ സവിശേഷതകള്‍

വ്യവസ്ഥാപിതമായും ഫലപ്രദമായും പ്രബോധനം നിര്‍വഹിക്കാന്‍ കഴിയണമെങ്കില്‍ പ്രബോധകന്‍മാര്‍ അനിവാര്യമായ ചില സവിശേഷതകള്‍ ആര്‍ജിക്കേണ്ടതുണ്ട്. ഈ സവിശേഷതകളാണ് പ്രബോധനത്തിന്റെ കാര്യക്ഷമതയെ തീരുമാനിക്കുന്ന ശ്രദ്ധേയമായ മാനദണ്ഡങ്ങള്‍ . കാല-ദേശ-പരിസ്ഥിതികള്‍ക്കതീതമായി ഏതൊരു പ്രബോധകനും ഉയര്‍ത്തിപ്പിടിക്കേണ്ട സവിശേഷതകളില്‍ ചിലത് ചുവടെ പരാമര്‍ശിക്കാം.

ഒന്ന്: പ്രബോധനത്തിന്റെ സമസ്തഘട്ടങ്ങളിലും പ്രവാചകതിരുമേനിയുടെ സരണി പിന്‍പറ്റുക. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന ഓരോരുത്തരും ഓരോ ചുവടുവെപ്പിലും പ്രവാചകനെയാണ് മാതൃകയാക്കേണ്ടത്. ‘അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് മികച്ച മാതൃകയുണ്ട്'(അല്‍അഹ്‌സാബ് 21). പ്രവാചകത്വലബ്ധിയുടെ ഒന്നാംതിയതി മുതല്‍ ദൈവസന്നിധിയിലേക്ക് യാത്രപറയുന്നതുവരെയുള്ള കാലയളവില്‍ നബി തിരുമേനി സ്വീകരിച്ച പ്രബോധനരീതിയെ കുറിച്ച് വിശ്വാസികള്‍ ഗഹനമായി പഠിക്കേണ്ടതുണ്ട്. സത്യപ്രബോധനത്തിന്റെ ദൈവികരീതിശാസ്ത്രമെങ്ങനെയെന്നതിനെക്കുറിച്ച പ്രായോഗികരൂപമാണ് ദൈവദൂതന്‍ കാണിച്ചുതന്നത്.

സത്യപ്രബോധകന്‍ കടന്നുപോകുന്ന ഏതൊരു സാഹചര്യത്തിനും തത്തുല്യമോ സമാനമോ ആയ സാഹചര്യം പ്രവാചകന്റെ പ്രബോധനജീവിതത്തിലും കണ്ടെത്താനാവും. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രബോധകരുടെ നേതാവായ തിരുമേനി അതിനെയെല്ലാം എങ്ങനെയാണ് നേരിട്ടത്? വിശുദ്ധഖുര്‍ആനെ സംബന്ധിച്ച് ഗഹനമായി ഗ്രഹിക്കേണ്ടതുപോലെ പ്രധാനമാണ് പ്രവാചകന്‍മാരെക്കുറിച്ച് ഗഹനമായി ഗ്രഹിക്കേണ്ടതും. അങ്ങനെ ഗ്രഹിക്കുമ്പോഴാണ് ദൈവികപ്രകാശത്തിലൂടെ ചരിക്കാനും ദൈവികഗ്രന്ഥം പ്രസരിക്കുന്ന സന്‍മാര്‍ഗപ്രഭയിലൂടെ മുന്നോട്ടുപോകാനും അതിസൂക്ഷ്മവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങളില്‍ കൃത്യത അവലംബിക്കാനും പ്രബോധകന്ന് കഴിയുകയുള്ളൂ. ‘ഏതൊരു സന്ദര്‍ഭത്തിലും സാഹചര്യത്തിലും തന്റെ കഴിവും പ്രാപ്തിയുമനുസരിച്ചും പ്രബോധനം നടത്താന്‍ അതിനാല്‍തന്നെ പ്രബോധകന്ന് സാധിക്കണം.

നമസ്‌കാരം പോലെയും നോമ്പുപോലെയും നിശ്ചയിക്കപ്പെട്ട സമയത്ത് നിര്‍വഹിക്കാനുള്ളതല്ല സത്യപ്രബോധനം. തന്റെ കഴിവും പ്രാപ്തിയുമനുസരിച്ച് ഓരോ വിശ്വാസിയും സമസ്തസാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും നിര്‍വഹിക്കേണ്ടതാണത്. നബിതിരുമേനി (സ) അങ്ങനെയാണത് നിര്‍വഹിച്ചിരുന്നത്. ഏറെ ദുര്‍വഹവും ദുസ്സഹവുമായ സന്ദര്‍ഭങ്ങളില്‍ പോലും ദൈവദൂതന്‍ പ്രബോധനനിര്‍വഹണത്തില്‍നിന്ന് മാറിനിന്നിട്ടില്ല. അബൂബക്ര്‍(റ)നോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോകുന്ന വേളയില്‍ മക്കയുടെയും മദീനയുടെയും ഇടയില്‍ ദൈവദൂതന്‍ ബുറൈദ്ബ്‌നു ഹുസൈബുല്‍ അസ്‌ലമിയെ കൂടെക്കൂട്ടുകയുണ്ടായി. ബുറൈദ തന്റെ നാട്ടുകാരോടൊപ്പം വാഹനത്തിലേറി വരികയായിരുന്നു. തിരുമേനി(സ) ബുറൈദയെയും നാട്ടുകാരെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അവരൊന്നടങ്കം സ്വീകരിക്കുകയും ചെയ്തു. മദീനയിലേക്ക് പലായനം ചെയ്യുന്ന സന്ദര്‍ഭമായിട്ടുപോലും ദൈവദൂതന്‍ സത്യപ്രബോധനനിര്‍വഹണത്തില്‍ നിന്ന് ഒരിക്കല്‍പോലും പിന്‍വാങ്ങിയിരുന്നില്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. തത്സമയം സകലദിക്കുകളിലും സാധ്യമായ സന്നാഹങ്ങളുപയോഗിച്ച് ശത്രുക്കള്‍ നബി തിരുമേനിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയുമായിരുന്നു.

അന്യായമായി യൂസുഫ്(അ) ജയിലിലടക്കപ്പെട്ട സന്ദര്‍ഭം. തടവറയുടെ ഞെരുക്കമോ പ്രയാസമോ സത്യപ്രബോധനം നിര്‍വഹിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. സഹതടവുകാരായ രണ്ടുപേര്‍ തങ്ങള്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് വ്യാഖ്യാനം ആവശ്യപ്പെട്ടപ്പോള്‍ ആ സന്ദര്‍ഭം യൂസുഫ്(അ) പ്രബോധനത്തിനായി പ്രയോജനപ്പെടുത്തി. സ്വപ്‌നവ്യാഖ്യാനം നടത്തുന്നതിന് മുമ്പായി അദ്ദേഹം സഹതടവുകാരോട് ചോദിച്ചു:’ജയിലില്‍ കഴിയുന്ന എന്റെ സുഹൃത്തുക്കളേ, ഏകനും സര്‍വാധിപതിയുമായ അല്ലാഹുവാണോ അതല്ല, ഛിന്നഭിന്നമായ കല്‍പിത ദൈവങ്ങളാണോ ഉത്തമം? നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില ദൈവങ്ങളെയാണ് അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ ആരാധിക്കുന്നത്. അങ്ങനെയാരാധിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് അധികാരമൊന്നും ഇറക്കിത്തന്നിട്ടില്ല.നിയമാധികാരം അല്ലാഹുവിന് മാത്രമാണുള്ളത്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് അവന്‍ നിങ്ങളോട് കല്‍പിച്ചിട്ടുണ്ട്. നേരായ മതം ഇതാണ്. പക്ഷേ, അധികജനങ്ങളും കാര്യങ്ങളറിയുന്നില്ല'(യൂസുഫ് 39-40).

നൂഹ്(അ) നെ പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറുന്നു:’നൂഹ് (അ) പ്രാര്‍ഥിച്ചു:’എന്റെ നാഥാ രാവും പകലുമെന്നില്ലാതെ ഞാന്‍ എന്റെ നാട്ടുകാരെ സത്യസരണിയിലേക്ക് ക്ഷണിച്ചു. എന്റെ സത്യപ്രബോധനം എന്നില്‍നിന്നും ഓടിരക്ഷപ്പെടാനുള്ള പ്രവണതയാണ് അവരില്‍ വര്‍ധിപ്പിച്ചത്”(നൂഹ് 5).
പ്രബോധകന്റെ ബാധ്യത ദൈവികസത്തയിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നതാണ്. ജനങ്ങള്‍ പ്രതികരിക്കുന്നുണ്ടോ ഇല്ലേ എന്ന് അയാള്‍ നോക്കേണ്ടതില്ല. പ്രബോധകന്റെ ഉത്തരവാദിത്തം വ്യക്തമായ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ്. പ്രബോധനഉത്തരവാദിത്തം ദൈവദൂതന്നും ഇല്ലായിരുന്നെങ്കില്‍ ഇസ്‌ലാമികസമൂഹത്തിലെ ഏതുവ്യക്തിക്കാണ് പ്രസ്തുത ഉത്തരവാദിത്തം പിന്നെ നിര്‍വഹിക്കാന്‍ കഴിയുക. ജനങ്ങള്‍ സന്‍മാര്‍ഗത്തിലേക്ക് വരുന്നുണ്ടോ ഇല്ലേ എന്നത് മറ്റൊരു പ്രശ്‌നം. ‘തീര്‍ച്ചയായും നീ ജനങ്ങളെ നേരായ മാര്‍ഗത്തിലേക്ക് ക്ഷണിക്കേണ്ടതാണ്’ അപ്പോള്‍ സത്യക്ഷണമാണ് വേണ്ടത്. പ്രതികരിക്കുന്നുണ്ടോ ഇല്ലേ എന്നത് മറ്റൊരു പ്രശ്‌നം. ഒരാള്‍ സന്‍മാര്‍ഗം പ്രാപിക്കുക എന്നത് അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലും അധികാരപരിധിയിലും വരുന്ന കാര്യമാണ്. ‘താനുദ്ദേശിക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ അവന്‍ വഴിതെറ്റിക്കുന്നു’.’നീ ഇഷ്ടപ്പെടുന്നവരെ തീര്‍ച്ചയായും നിനക്ക് സന്‍മാര്‍ഗത്തിലാക്കാന്‍ കഴിയില്ല. എന്നാല്‍ അല്ലാഹു അവനുദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുന്നു. ചുരുക്കത്തില്‍ അടിമകളുടെയ മേല്‍ ആത്യന്തികമായ അധികാരം പ്രയോഗിക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. അവനിഛിച്ചാല്‍ മുഴുവനാളുകളെയും അവന്‍ നേര്‍വഴിയിലാക്കും. അല്ലാഹുവിന്റെ ചെയ്തികളെക്കുറിച്ച് ഒരാള്‍ക്കും ചോദ്യം ചെയ്യാനാവില്ല. പക്ഷേ, ജനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.’

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics