Dr. Alwaye Column

സന്തുലിതത്വവും സമഗ്രതയും നിറഞ്ഞ ദര്‍ശനം

ജീവിതത്തിന്റെ സമസ്തവ്യവഹാരങ്ങളിലും മനുഷ്യനെ അവനര്‍ഹിക്കുന്ന ആനുപാതികമായ പൂര്‍ണതയിലെത്തിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. മനുഷ്യന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അതല്ലെങ്കില്‍ ഒന്നിലധികം ഭാഗങ്ങളില്‍ അതിയായ വളര്‍ച്ചയുണ്ടാക്കുക മറ്റു ചിലതിനെ അവഗണിക്കുക എന്നതിനോട് ഇസ്‌ലാമിന് യോജിപ്പില്ല. അങ്ങനെ വരുമ്പോള്‍ ശരീരത്തില്‍ കൈകള്‍ക്ക് കരുത്തുനല്‍കി മറ്റവയവങ്ങളെ ദുര്‍ബലമാക്കി അവഗണിക്കുന്നത് പോലെയാവും അത്. പ്രവാചകതിരുമേനി കാണിച്ചുതന്ന സരണി പിന്തുടരുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാകൂ. അല്ലാഹു ഉണര്‍ത്തിയിട്ടുണ്ടല്ലോ: ‘ദൈവദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമമാതൃകയിലുണ്ട്’ (അല്‍ അഹ്‌സാബ് 21) എന്ന്. പ്രവാചകന്റെ ജീവിതസരണിയില്‍ നിന്നാണ് അനുചരന്‍മാര്‍ ഇസ്‌ലാമിന്റെ സമ്പൂര്‍ണതയും സന്തുലിതത്വവും തിരിച്ചറിഞ്ഞത്. ഒരൊറ്റ ആരാധനപോലും അവരെ തടവറയിലാക്കിയില്ല. ഒരു അനുഷ്ഠാനം പോലും അവരുടെ ജീവിതത്തെ സങ്കീര്‍ണമാക്കിയില്ല. മനസ്സുകൊണ്ട് സമസ്തആരാധനകളെയും സാഹചര്യങ്ങളെയും അവര്‍ സ്വാംശീകരിച്ചു. എത്താവുന്നിടത്തോളം പൂര്‍ണതയില്‍ അവര്‍ എത്തി. ഒരിടത്തും അവര്‍ ബന്ധനസ്ഥരായില്ല. ഒരു ആരാധനയും അവരെ ചങ്ങലയില്‍ തളച്ചില്ല. ഒരു പ്രവൃത്തിയും അവരുടെ വളര്‍ച്ചയെ തടഞ്ഞില്ല. എല്ലാത്തിനോടും അവര്‍ താദാത്മ്യപ്പെട്ടു. സമയമായാല്‍ പള്ളിയിലെത്തി അവര്‍ നമസ്‌കരിക്കുമായിരുന്നു. വിജ്ഞാനത്തിന്റെ സദസ്സുകളില്‍ അവര്‍ അധ്യാപകരായോ വിദ്യാര്‍ഥികളായോ വന്ന് പങ്കെടുക്കുമായിരുന്നു. ആപത്ഘട്ടങ്ങളിലും ദുരിതവേളകളിലും സഹായികളും സഹകാരികളുമായി അവര്‍ പ്രവര്‍ത്തിക്കുമായിരുന്നു.

ആരാധനകളില്‍ പോലും മുസ്‌ലിം കൃത്യമായ സന്തുലിതത്വം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആത്മപീഡയോ ശാരീരികപീഡയോ ആരാധനയുടെ പേരില്‍ വരിക്കാന്‍ മുസ്‌ലിമിനെ ഇസ്‌ലാം അനുവദിച്ചിട്ടില്ല. അനസ്ബ്‌നുമാലികില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുള്ള ഒരു സംഭവം ഇപ്പറഞ്ഞതിന് സാക്ഷ്യമാണ്. ദൈവദൂതന്റെ ആരാധനാവിശേഷങ്ങള്‍ അന്വേഷിച്ചറിയാന്‍ ഒരിക്കല്‍ മൂന്ന് ചെറുപ്പക്കാര്‍ തിരുമേനിയുടെ വീട്ടിലെത്തി. വിവരങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവര്‍ മൂവരും ഇങ്ങനെ അഭിപ്രായപ്പട്ടു:’നമ്മളും അല്ലാഹുവിന്റെ പ്രവാചകനും എവിടെ നില്‍ക്കുന്നു? തിരുമേനിയുടെ മുന്‍കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ തെറ്റുകുറ്റങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിരിക്കുന്നു. അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു. ഇനി മുതല്‍ ഞാന്‍ രാത്രിമുഴുവന്‍ ഉറങ്ങാതെ നമസ്‌കരിക്കും. ഇത് കേട്ടപ്പോള്‍ രണ്ടാമത്തെയാള്‍ പറഞ്ഞു. ‘ ഇനിമുതല്‍ പകല്‍ മുഴുവന്‍ ഞാന്‍ നോമ്പനുഷ്ഠിക്കും’. ഉടനെ മൂന്നാമന്‍ പറഞ്ഞു:’സ്ത്രീകളെ പരിത്യജിച്ച് ഞാന്‍ അവിവാഹിതജീവിതം നയിക്കും.’ അപ്പോഴേക്കും ദൈവദൂതന്‍ അവിടേക്ക് വന്നു. ‘നിങ്ങള്‍ ഇങ്ങനെയൊക്കെ തീരുമാനമെടുത്തിരിക്കുകയാണല്ലേ? എങ്കില്‍ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളുടെ കൂട്ടത്തില്‍ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതും സൂക്ഷിക്കുന്നതും ഞാനാണ്. ഞാന്‍ നോമ്പനുഷ്ഠിക്കുന്നു. നോമ്പുപേക്ഷിക്കുന്നു. രാത്രി നമസ്‌കരിക്കുന്നു. ഉറങ്ങുന്നു. വൈവാഹികജീവിതം നയിക്കുന്നു. ഇതാണ് എന്റെ ജീവിതരീതി. ഇതിനെ ആരാണോ ഇഷ്ടപ്പെടാത്തത് അയാള്‍ എന്റെ മാര്‍ഗത്തിലല്ല.’
ശാരീരികപീഡയേല്‍പിക്കുന്നതും പൂര്‍ണതയിലേക്കെത്തിച്ചേരുന്നതിന് വിഘാതംസൃഷ്ടിക്കുന്നതുമായ യാതൊന്നും ഇസ്‌ലാമിന്റെ രീതിശാസ്ത്രമല്ല. അത്തരമൊരു രീതിശാസ്ത്രം നല്ലതാണ് എന്ന് ആരെങ്കിലും കരുതിയാല്‍ ആ ധാരണ അബദ്ധമാണ്. നല്ല വിഭവങ്ങള്‍ തടയുന്നതും അനുവദനീയമായത് അനുഭവിക്കുന്നതില്‍നിന്ന് വിലക്കുന്നതുമെല്ലാം ഇസ്‌ലാമിന് അന്യമാണ്. സമതുലിതവും സന്തുലിതനിബദ്ധവുമാണ് ഇസ്‌ലാമികസരണി. പൂര്‍ണതപ്രാപിക്കാന്‍ വേണ്ടത് നല്ല വിഭവങ്ങള്‍ വിലക്കലും ശരീരത്തെ പീഡിപ്പിക്കലുമല്ല; അല്ലാഹുവിനെ സൂക്ഷിക്കുകയാണ്.’വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്നിട്ടുള്ള നല്ല വിഭവങ്ങള്‍ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ അതിരുകവിയരുത്. തീര്‍ച്ചയായും അല്ലാഹു അതിരുകവിയുന്നവരെ ഇഷ്ടപ്പെടുകയില്ല. ‘അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അനുവദനീയവും നല്ലതുമായ വിഭവങ്ങള്‍ നിങ്ങള്‍ ആഹരിക്കുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. അവനിലാണല്ലോ നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നത്’ (അല്‍മാഇദ: 87, 88)
മനുഷ്യപ്രകൃതത്തില്‍ പ്രയാസം സൃഷ്ടിക്കുന്ന നിയമനിര്‍മാണം നടത്തുക എന്നത് ഇസ്‌ലാമിന്റെ പ്രായോഗികദര്‍ശനത്തിന് വിരുദ്ധമാണ്. മതത്തിന്റെ നിയമസംഹിതയില്‍ നിങ്ങള്‍ക്ക് യാതൊരുവിധ പ്രയാസവും അല്ലാഹു നിശ്ചയിച്ചിട്ടില്ല'(അല്‍ഹജ്ജ് 78).
ഒരാളെയും അയാള്‍ക്ക് ചെയ്യാനാവാത്തത് ചെയ്യാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നില്ല'(അല്‍ബഖറ 286).
സമതുലിതമായ ഈ രീതിശാസ്ത്രമുപയോഗിച്ചാണ് ഇസ്‌ലാം അതിന്റെ അനുയായികളില്‍ നിന്ന് ഒരു മധ്യമസമുദായത്തെ രൂപപ്പെടുത്തിയെടുത്തത്. ‘ജനങ്ങള്‍ക്ക് വേണ്ടി നിയുക്തരായ ഒരുത്തമ സമുദായം(ആലുഇംറാന്‍ -110).’
്‌സന്തുലിതസരണിയില്‍ നിന്നുള്ള വ്യതിചലനവും തീവ്രതയിലേക്കും ജീര്‍ണതയിലേക്കുമുള്ള ഒഴുക്കും ‘മധ്യമവൃത്ത’ത്തില്‍നിന്നുള്ള പുറത്തുപോക്കാണ്. ഇസ്‌ലാമികസമൂഹത്തിന്റെ അനിവാര്യസവിശേഷതകളില്‍ ഒന്ന് ഈ മധ്യമനിലയാണ്.

ഇസ്‌ലാമിന്റെ സമഗ്രത

ഇസ്‌ലാമിന്റെ സുസ്ഥാപിതവും വസ്തുതാപരവുമായ ഒരു സവിശേഷത അത് മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന ഒരു സമഗ്രദര്‍ശനമാണ് എന്നതാണ്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഓരോ വിഷയത്തിനും ഓരോ പ്രശ്‌നത്തിനും ഇസ്‌ലാമില്‍ തീരുമാനമുണ്ട്. കൃത്യവും സവിശേഷവുമായ നിലപാടുണ്ട്. മനുഷ്യനിര്‍മിതദര്‍ശനങ്ങള്‍ക്കൊന്നും ഇതില്ല. ചിലകാര്യങ്ങളില്‍ കൃത്യമായ വിധികള്‍ മറ്റുചിലതില്‍ വിധികളില്ലായ്മ എന്നൊരവസ്ഥ ഇസ്‌ലാമിക ദര്‍ശനത്തിനകത്ത് കാണാന്‍ കഴിയില്ല. ‘ഈയൊരു മേഖലയാണ് എന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിട്ടുള്ളത്. അവിടെ ഞാന്‍ ഇസ്‌ലാമിന്റെതില്‍നിന്ന് വ്യത്യസ്തമായ നിലപാടെടുക്കും’ എന്ന് പറയാന്‍ ഒരു മുസ്‌ലിമിനും പാടില്ല.
ജീവിതവ്യവഹാരമേഖലകളില്‍ എവിടെയെങ്കിലും ഇസ്‌ലാമിന്റെ നയനിലപാടുകള്‍ പരിത്യജിച്ച് ഇസ്‌ലാമേതരനിലപാടുകള്‍ സ്വീകരിക്കുന്നത് അഭിലക്ഷണീയമല്ല.
‘വേദഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില്‍ ചിലത് നിങ്ങള്‍ വിശ്വസിക്കുകയും മറ്റുചിലത് നിങ്ങള്‍ അവിശ്വസിക്കുകയുമാണോ? നിങ്ങളുടെ കൂട്ടത്തില്‍ അങ്ങനെ ചെയ്യുന്നവര്‍ക്ക് ഇഹലോകത്ത് കിട്ടാന്‍ പോകുന്ന പ്രതിഫലം അപമാനമാണ്. അന്ത്യനാളിലാകട്ടെ കഠിനശിക്ഷയിലേക്ക് നിങ്ങള്‍ മടക്കപ്പെടുകയുംചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അശ്രദ്ധനല്ല അല്ലാഹു'(അല്‍ബഖറ 85).
മനുഷ്യജീവിതത്തിന്റെ സമസ്തവ്യവഹാരമേഖലകളിലേക്കും ഇസ്‌ലാമികദര്‍ശനത്തിന് കൃത്യമായ മാര്‍ഗരേഖയുണ്ട്. വിശ്വാസം, സ്വഭാവം, ആരാധന, വ്യക്തിബന്ധം, കുടുംബബന്ധം, ഇടപാടുകള്‍, ക്രയവിക്രയങ്ങള്‍, ശിക്ഷാവിധികള്‍, ഇസ്‌ലാമികരാജ്യത്തെ അവിശ്വാസികളോടുള്ള സമീപനം, ഇസ്‌ലാമികരാഷ്ട്രത്തിന്റെ ഇതരരാഷ്ട്രങ്ങളോടുള്ള സമീപനം, രാഷ്ട്രവിഭവശേഷി, അവയുടെ ഉപയോഗം ഇത്യാദി കാര്യങ്ങളിലെല്ലാം ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നയനിലപാടുകളുണ്ട്. അങ്ങനെ മനുഷ്യന്റെ സകല അനക്കങ്ങളിലും അടക്കങ്ങളിലും ചുറ്റുപാടുകളിലും സാഹചര്യങ്ങളിലും ഇടപെടലുകളിലും ഇടപാടുകളിലും ഇസ്‌ലാമിന്റെ നിയമസംഹിത വഴിനടത്തുന്നു. അനശ്വരമായ പാരത്രികജീവിതത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള നിയമനിര്‍മാണമാണ് ഇസ്‌ലാം മനുഷ്യനുവേണ്ടി നടത്തിയിട്ടുള്ളത്.

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics