ചോദ്യം: ഇന്‍ഷൂറന്‍സിനെക്കുറിച്ച് ഞാന്‍ സംശയത്തിലാണ്. ഇന്‍ഷൂര്‍ ചെയ്യുന്നത് ഇസ് ലാമികദൃഷ്ട്യാ ശരിയോ തെറ്റോ എന്നെനിക്ക് ശരിക്കും മനസിലാവുന്നില്ല. നിലവിലുള്ള ഇന്‍ഷുറന്‍സ് സിസ്റ്റം അനുവദനീയമല്ലെങ്കില്‍ അതിനെ അനുവദനീയമാക്കിത്തീര്‍ക്കുവാന്‍ വല്ല മാര്‍ഗവുമുമണ്ടോ? ഇന്നത്തെ പരിതഃസ്ഥിതിയില്‍ നാമത് വേണ്ടെന്നുവെക്കുകയാണെങ്കില്‍ സമൂഹത്തിലെ അംഗങ്ങളെ വമ്പിച്ച ചില നേട്ടങ്ങളില്‍നിന്ന് തടയുകയായിരിക്കും ചെയ്യുക. ലോകത്തുടനീളം ഇന്നീ സമ്പ്രദായം നടപ്പിലുണ്ട്. എല്ലാ സമുദായങ്ങളും വമ്പിച്ച തോതില്‍ അതില്‍ പങ്കെടുക്കുകയും ഫലം അനുഭവിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ പക്ഷേ ഇപ്പോഴും അതിനെ സംബന്ധിച്ച് സംശയവും ആശങ്കയുമാണ്. താങ്കള്‍ ഇക്കാര്യത്തില്‍ ശരിയായ നിര്‍ദേശം നല്‍കുകയാണെങ്കില്‍ ഉപകാരമായിരുന്നു.
————————————-
ഉത്തരം: ഇസ് ലാമിക ശരീഅത്തിന്റെ വെളിച്ചത്തില്‍ ,അടിസ്ഥാനപരമായ മൂന്ന് കാരണങ്ങളാല്‍ ഇന്‍ഷൂറന്‍സ് അനുവദനീയമാക്കുക സാധ്യമല്ല. ഒന്നാമതായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം മുഖേന ശേഖരിക്കുന്ന തുകയുടെ നല്ലൊരുഭാഗം പലിശ സംബന്ധമായ ഇടപാടുകളില്‍ വിനിയോഗിച്ച് പ്രയോജനം കരസ്ഥമാക്കുകയും തന്മൂലം ഏതെങ്കിലും രൂപത്തില്‍ തങ്ങളെയോ തങ്ങളുടെ വല്ല സാധനങ്ങളെയോ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ളവര്‍ അനുവദനീയമല്ലാത്ത ആ പ്രവൃത്തിയില്‍ പങ്കാളികളായിത്തീരുകയും ചെയ്യുന്നു.
രണ്ടാമതായി, മരണം ,അത്യാഹിതം, ചേതം എന്നിവ സംഭവിക്കുമ്പോള്‍ പണം നല്കാമെന്ന കമ്പനികളുടെ ബാധ്യതയില്‍ ചൂതാട്ടത്തിന്റെ (ഖിമാറിന്റെ)അടിസ്ഥാനങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
മൂന്നാമതായി, ഒരാള്‍ മരണപ്പെടുമ്പോള്‍ നല്കപ്പെടുന്ന സംഖ്യ ശരീഅത്തിന്റെ ദൃഷ്ടിയില്‍ മരണപ്പെടുന്ന ആളുടെ അനന്തരസ്വത്താണ്-ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള അനന്തരാവകാശികള്‍ക്കിടയയില്‍ അതു ഭാഗിക്കേണ്ടതുമാണ്. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്കുന്ന സംഖ്യ അനന്തരാവകാശത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയല്ല, പോളിസി എടുത്ത ആള്‍ ഒസ്യത്ത് ചെയ്തുവെച്ച വ്യക്തികള്‍ക്കോ വ്യക്തിക്കോ സിദ്ധിക്കുകയാണ് ചെയ്യുക- ശരീഅത്തിന്റെ അടിസ്ഥാനത്തിലാകട്ടെ അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്ത് തന്നെ പാടില്ല.
ഇന്‍ഷൂറന്‍സ് സിസ്റ്റത്തെ ഇസ് ലാമികാടിസ്ഥാനത്തില്‍ എങ്ങനെ ചലിപ്പിക്കാം എന്ന ചോദ്യം അവശേഷിക്കുന്നു. ഈ സംശയത്തിന്റെ മറുപടി ചോദ്യത്തെപ്പോലെ എളുപ്പമല്ല. ഇസ് ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ച പരിജ്ഞാനവും ഇന്‍ഷൂറന്‍സിന്റെ വശങ്ങളെക്കുറിച്ച് വിവരവുമുള്ള വിദഗ്ധന്‍മാരുടെ സമ്മേളനമാണ് അതിനാവശ്യം. പ്രശ്‌നങ്ങളുടെ നാനാവശങ്ങളെയും വിശകലനം ചെയ്ത് ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമാവാതെയും അതോടൊപ്പം ഇന്‍ഷൂറന്‍സ് വ്യവസ്ഥക്ക് മുന്നോട്ട് നീങ്ങാന്‍ സാധിക്കുകയും ചെയ്യുന്ന പരിഷ്‌കരണങ്ങള്‍ ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ അവര്‍ നിര്‍ദേശിക്കേണ്ടതാണ്. ഇങ്ങനെ സംഭവിക്കാത്തിടത്തോളം തെറ്റായൊരു കാര്യമാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത് എന്നെങ്കിലും ചുരുങ്ങിയത് നമുക്ക് സമ്മതിക്കേണ്ടതുണ്ട്. തെറ്റിനെ സംബന്ധിച്ച ബോധം പോലും നമ്മില്‍ അവശേഷിക്കുന്നില്ലെങ്കില്‍ പിന്നെ പരിഷ്‌കരണത്തിന്റെ പ്രശ്‌നം തന്നെ ഉദ്ഭവിക്കുന്നില്ല.
നിസ്സംശയം, ആധുനികചുറ്റുപാടില്‍ ഇന്‍ഷൂറന്‍സിന് വമ്പിച്ച പ്രാധാന്യമുണ്ട്;ലോകത്തുടനീളംഅത് പ്രചരിച്ചിട്ടുമുണ്ട്. എന്നാല്‍ അക്കാരണംകൊണ്ട്, ഹറാമായൊരു കാര്യവും ഹലാലായിത്തീരുന്നില്ല. ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ഹലാലാണെന്നോ അല്ലെങ്കില്‍ പ്രചാരം സിദ്ധിച്ചതെല്ലാം ഹലാലാണെന്നോ തദടിസ്ഥാനത്തില്‍ ആര്‍ക്കും അനുവദിക്കാവതുമല്ല. അനുവദനീയമായതിന്റെയും അല്ലാത്തതിന്റെയും ഇടക്ക് വ്യത്യാസം കല്പിച്ച് തങ്ങളുടെ പ്രശ്‌നങ്ങളെ അനുവദനീയമാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തുവാന്‍ പരിശ്രമിക്കുകയാണ് മുസ് ലിംകള്‍ എന്ന നിലക്ക് നമ്മുടെ ചുമതല.
Add Comment