നക്ഷത്രങ്ങളാണ് കുട്ടികള്‍ – 21
ഒരിക്കല്‍ ശ്രീബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ചെന്ന ഒരു കുട്ടിയുടെ കഥയുണ്ട്.ഗുരുവിന്റെ സ്‌നേഹാദരവും സന്തോഷവും സാധിച്ചുകിട്ടാന്‍ കയ്യില്‍ മൂന്ന് പൂവുകള്‍ കരുതിയിട്ടുണ്ടായിരുന്നു ആ കുട്ടി.
ശ്രീബുദ്ധന്‍ പക്ഷേ , കുട്ടിയെ കണ്ട മാത്രയില്‍ , ഉയര്‍ന്ന ശബ്ദത്തില്‍ കല്‍പിച്ചു:’ ദൂരെക്കളയുക ‘
കുട്ടി ആകെ അസ്വസ്ഥനായി.തന്റെ കയ്യില്‍ പൂവുകളിരിക്കുന്നത് കണ്ടിട്ട് ഗുരുവിന് ഇഷ്ടപ്പെട്ടു കാണില്ല. ഉടനെ, കയ്യിലിരുന്ന ഒരു പൂവ് അവന്‍ ദൂരേക്ക് വലിച്ചെറിഞ്ഞു. ‘ ദൂരേക്കളയുക ‘ഗുരു ശബ്ദമുയര്‍ത്തി വീണ്ടും കല്‍പിച്ചു.കുട്ടി അങ്കലാപ്പിലായി.ഗുരു പിണങ്ങുമോ, ലക്ഷ്യം നടക്കാതെ പോകുമോ. കയ്യിലിരുന്ന രണ്ടാമത്തെ പൂവും അവന്‍ മനസ്സില്ലാമനസ്സോടെ എറിഞ്ഞു കളഞ്ഞു.
‘ കേട്ടില്ലേ, ദൂരേക്ക് വലിച്ചെറിയുക ‘
കാലുകള്‍ മുന്നോട്ടു വെക്കാനാകാതെ കുട്ടി നിന്നിടത്ത് നിന്ന് വിയര്‍ത്തു. എത്ര പ്രതീക്ഷയോടെ ഗുരുവിന് കൊടുക്കാന്‍ കൊണ്ടു വന്ന പൂവുകളാണ്. പക്ഷേ, എല്ലാം ദൂരേക്ക് വലിച്ചെറിയാനാണ് ഗുരു ആവശ്യപ്പെടുന്നത്. പൂക്കള്‍ ഗുരുവിന് ഇഷ്ടമല്ലായിരിക്കും. അതല്ലെങ്കില്‍ ഗുരുദക്ഷിണയോട് വെറുപ്പായിരിക്കും. കഷ്ടമായിപ്പോയി.വെറുംകയ്യോടെ വന്നാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ ശിഷ്യത്വം കിട്ടാനുമിടയില്ല. മൂന്നാമത്തെ പൂവും കുട്ടി ദൂരേക്കെറിഞ്ഞു.
കുട്ടി അനിശ്ചിതത്വത്തിലായി. ഗുരുവിന്റെയടുത്തേക്ക് നടക്കണോ അതോ പിന്‍വാങ്ങണോ? ഗുരു കണ്ണെടുക്കാതെ തന്നെ നോക്കുകയാണ്. പക്ഷേ, ദേഷ്യഭാവമില്ല. മുഖത്ത് നീരസമില്ല. അതൃപ്തി പ്രകടിപ്പിക്കുന്നില്ല. ‘ വരു, ചേര്‍ന്നു നില്‍ക്കു ‘ കുട്ടിക്ക് സന്തോഷമായി. ഗുരു തന്നെ അടുത്തേക്ക് വിളിക്കുന്നു. ശാന്തനായി, സൗമ്യനായി. ‘ നീയെന്തിനാണ് മൂന്ന് പൂക്കളും ദൂരേക്ക് വലിച്ചെറിഞ്ഞത്. പൂക്കള്‍ വലിച്ചെറിയാന്‍ നിന്നോട് ഞാന്‍ പറഞ്ഞില്ലല്ലോ. ആദ്യം ദൂരെയെറിയാന്‍ ഞാന്‍ പറഞ്ഞത് നിന്റെ അജ്ഞതയെയാണ്. രണ്ടാമത് ഞാന്‍ ദൂരെയെറിയാന്‍ പറഞ്ഞത് നിന്റെ അഹന്തയെയാണ്. മൂന്നാമത്തേത് നിന്റെ അന്ധതയെയും. ജീവിതത്തില്‍ നിന്നും ഇതു മൂന്നും ഉപേക്ഷിക്കുന്നവര്‍ക്കേ എന്റെ ശിഷ്യത്വം ലഭിക്കു.
യഥാര്‍ത്ഥത്തില്‍, ഗുരു മുഖത്ത് നിന്നും കുട്ടിക്ക് കിട്ടിയ ആദ്യ പാഠങ്ങളായിരുന്നു അത്. ശിഷ്യത്വം തേടി വന്ന കുട്ടിക്ക് കിട്ടിയ പ്രഥമ ധാര്‍മിക ശിക്ഷണം. അവസരോചിതമായി ശ്രീബുദ്ധന്‍ കുട്ടിയുടെ മനോഭാവത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടികളുടെ ചിന്തയെയും മനോഭാവത്തെയും ഇതുപോലെ സ്വാധീനിക്കാന്‍ നമുക്ക് കഴിയണം. ബോധ്യപ്പെടുന്നതിലൂടെ മാത്രമെ അവരില്‍ ധാര്‍മിക വല്‍ക്കരണം നടക്കു. അനവസരത്തിലും അസ്ഥാനത്തും ആവര്‍ത്തിച്ചും ഗുണദോഷിച്ചതു കൊണ്ടോ ഉല്‍ബോധിപ്പിച്ചതു കൊണ്ടോ കുട്ടികള്‍ക്ക് വസ്തുതകള്‍ ബോധ്യപ്പെടണമെന്നില്ല. ചിലപ്പോളവര്‍ വെറുക്കാനുമിടയുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി.സ്‌കൂള്‍ അദ്ധ്യാപിക സുമിത നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി എടുത്ത ഓണ്‍ലൈന്‍ ക്‌ളാസില്‍ പ്രദര്‍ശിപ്പിച്ച ഒരു വീഡിയോ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. കുട്ടികളുടെ ചിന്തയെയും മനസ്സാക്ഷിയെയും അത്യഗാധമായി സ്വാധീനിക്കുകയും അവരുടെ കുഞ്ഞു മനസ്സുകളില്‍ ധാര്‍മിക ഉള്‍ക്കാഴ്ചയുടെ വെട്ടം ഉദ്ദീപിപ്പിക്കുകയും ചെയ്തു ആ ദൃശ്യവും ക്‌ളാസ് അവതരണവും എന്ന് വ്യക്തം. 2012 ഡിസംബര്‍ 2ന് സ്‌പെയിനിലെ ബെര്‍ലാഡ യില്‍ നടന്ന ക്രോസ് കണ്‍ട്രി മത്സരത്തില്‍ നിന്നുള്ള ഒരു അത്യപൂര്‍വ്വ ഭാഗത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായിരുന്നു സുമിത ടീച്ചര്‍ കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചത്.
ക്രോസ് കണ്‍ട്രി മത്സരത്തില്‍ കെനിയയുടെ ചാമ്പ്യന്‍ ആബേല്‍ കിപ് റോപ് മുറ്റെ ( Abel Kiprop Mutai ) ഏതാണ്ട് വിജയത്തോടടുക്കുകയായിരുന്നു.ലണ്ടന്‍ ഒളിമ്പിക്‌സില്‍ 3000 മീറ്റര്‍ ഓട്ട മത്സരത്തില്‍ മെഡല്‍ നേടിയ ആബേല്‍ ആരെയും അമ്പരപ്പിക്കുന്ന ഓട്ടക്കാരനായിരുന്നു. അതിശീഘ്ര വേഗതയുടെ ഉച്ചസ്ഥായിയില്‍ ആബേല്‍ എന്ന ആ അസാധാരണ ഓട്ടക്കാരന് പെട്ടെന്ന് പിഴവ് സംഭവിച്ചുപോയി. എല്ലാവരെയും പിന്നിലാക്കി ട്രാക്കിലെ വിരാമ ബിന്ദു കടന്നു എന്നുറപ്പിച്ച ആബേല്‍ പത്ത് മീറ്ററോളം പിന്നോട്ട് ചുവടുകള്‍ വെച്ചുകളഞ്ഞു.
തൊട്ടു പിന്നിലായിരുന്ന സ്പാനിഷ് ഓട്ടക്കാരന്‍ ഇവാന്‍ ഫെര്‍ണാണ്ടസ് അനയ ( Ivan Fernandez Anaya) കിട്ടിയ അവസരം പക്ഷേ മുതലാക്കിയില്ല. ആബേലിന് പിഴവ് പറ്റിക്കാണും എന്ന് ഇവാന്‍ തിരിച്ചറിഞ്ഞിരുന്നു. ഫിനിഷിങ് പോയിന്റ് പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനം നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിട്ടും ഇവാന്‍ ജീവിതത്തില്‍ കാത്തു സൂക്ഷിച്ച ധാര്‍മികത അണയാതെ ചേര്‍ത്തു പിടിച്ചു. അബദ്ധം പിണഞ്ഞ , തന്നെ പിന്നിലാക്കി ബഹുദൂരം മുന്നിലായ ആബേലിന്റെ അടുത്തെത്തി , അയാളുടെ കൈക്ക് പിടിച്ച് ഇവാന്‍ മുന്നോട്ടു നയിച്ചു. ഫിനിഷിങ് പോയിന്റിലേക്ക്. ആബേല്‍ തന്നെ വിജയിയായി.
കാണികള്‍ അല്‍ഭുത സ്തബ്ധരായി. അവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മല്‍സരക്കളത്തില്‍ മനുഷ്യത്വമോ.? വാതുവെപ്പും ചൂതു വെപ്പും നടക്കുന്ന ട്രാക്കില്‍ സത്യസന്ധതയോ?
‘ വ്യാജമായി നേടേണ്ടതല്ല സത്യസന്ധമായി നേടേണ്ടതാണ് വിജയം ‘ ഇവാന്‍ വിളിച്ചു പറഞ്ഞു.ജനക്കൂട്ടത്തിന്റെ കരഘോഷങ്ങള്‍ക്കിടയില്‍ ആ വാക്കുകളില്‍ നിന്ന് പ്രസരിച്ച നന്മയുടെ പ്രകാശം
അന്തരീക്ഷത്തെ ദീപ്തമാക്കി.
സുമിത ടീച്ചര്‍ ഈ ദൃശ്യം അവതരിപ്പിച്ചു കൊണ്ട് മഹത്തായൊരു ധാര്‍മിക സന്ദേശം കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുകയായിരുന്നു. സത്യസന്ധതയാണ് മാനവീയ മൂല്യങ്ങളുടെ അമ്മ എന്ന മഹത്തായ ആശയം.ദൃശ്യം കണ്ട കുട്ടികള്‍ ഹൃദയത്തില്‍ കുറിച്ചു വെച്ചു. മല്‍സരത്തിലെ യഥാര്‍ത്ഥ വിജയി ഇവാന്‍ തന്നെ. ബോധ്യപ്പെടലാണ് പ്രധാനം എന്ന് പറഞ്ഞത് അതുകൊണ്ടാണ്. സമ്മര്‍ദ്ദവും പ്രലോഭനവും
നമ്മുടെ കുട്ടികളെ വല്ലാതെ അധാര്‍മിക വല്‍ക്കരിക്കുന്നുണ്ട്. നാമവരെ സംരക്ഷിക്കണം. നല്ലത് നമ്മുടെ കുട്ടികള്‍ എപ്പോള്‍ ചെയ്താലും അഭിനന്ദിക്കണം. നന്മകളെക്കുറിച്ച് കുട്ടികളോട് സംസാരിക്കണം. ജീവിതത്തില്‍ നാമനുഷ്ഠിച്ച സുകൃതങ്ങള്‍ അവരോട് പങ്ക് വെക്കണം. ആരോ പറഞ്ഞിട്ടുണ്ടല്ലോ: പണം നഷ്ടപ്പെട്ടാല്‍ ഒന്നും നഷ്ടപ്പെടാനില്ല.ആരോഗ്യം നഷ്ടപ്പെട്ടാല്‍ എന്തൊക്കെയോ നഷ്ടപ്പെടും.
സ്വഭാവം നഷ്ടമായാലോ സര്‍വ്വവും പിടിവിട്ടു പോകും (തുടരും).
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്.
Add Comment