നക്ഷത്രങ്ങളാണ് കുട്ടികള്‍ – 25
വീടിന്റെ ടെറസിന്റെ മുകളില്‍ മുതിര്‍ന്ന കുട്ടികള്‍ കളിക്കുന്നത് കണ്ടപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് കളിക്കാന്‍ ചെറിയ കുട്ടിക്ക് മോഹം. കോണി കയറാന്‍ ആവും വിധം അവന്‍ ശ്രമിച്ചു നോക്കി. വിജയിച്ചില്ല. ഒന്ന് രണ്ടു പ്രാവശ്യം ഉരുണ്ടു വീഴുകയും ചെയ്തു. കളിയില്‍ പങ്ക് ചേരാന്‍ കഴിയാത്തതിന്റെ ദുഃഖം ആ കുഞ്ഞു മുഖത്ത് ഘനീഭവിച്ചു കിടന്നു. ആ സമയത്ത് നമ്മളിലാരെങ്കിലും ആ രംഗം കാണുകയും കുട്ടിയുടെ ആഗ്രഹം ബോധ്യപ്പെടുകയും ചെയ്താല്‍ സാധാരണയായി എന്താവും ചെയ്യുക? കുട്ടിയുടെ കൈ പിടിച്ചു മെല്ലെ കോണി കയറാന്‍ സഹായിക്കും. ആവേശത്തോടെ, അത്യുന്‍മേഷത്തോടെ കോണി കയറി ടെറസിലെത്തും. പിന്നീട് അവിടെ കളിച്ചു കൊണ്ടിരിക്കുന്ന മുതിര്‍ന്ന കൂട്ടുകാരുടൊപ്പം കളിയില്‍ പങ്ക് ചേരും. അതല്ലെങ്കില്‍ കളി കണ്ടു നില്‍ക്കും. എന്തൊരു സന്തോഷമായിരിക്കും അപ്പോഴവന്. ആര്‍ക്കും വര്‍ണിക്കാന്‍ കഴിയാത്തത്ര ആഴമുണ്ടാവും ആ സന്തോഷത്തിന്.
അത്യാവശ്യ ഘട്ടങ്ങളില്‍ മുതിര്‍ന്നവരുടെ ഇടപെലുണ്ടാവുമ്പോള്‍ ഇങ്ങനെയാണ്.കുട്ടികള്‍ മുന്നോട്ടു പോകും. അവരുടെ വീര്‍പ്പുമുട്ടലുകള്‍ അകലും. ആത്മവിശ്വാസവും പ്രതീക്ഷയും അവര്‍ക്ക് വന്നു കിട്ടും. പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാഹസിക കൃത്യങ്ങള്‍ ഏറ്റെടുക്കാനും അവര്‍ തയ്യാറാവും. മറിച്ചാണെങ്കില്‍, അവര്‍ പിന്നോട്ട് വലിയും. ഒരു തരം നിഷ്‌ക്രിയത്വത്തിലേക്ക് പതിയും.
അപൂര്‍വ ഇനത്തില്‍പ്പെട്ട ഒരു ചെടി വളരെ കഷ്ടപ്പെട്ടു സംഘടിപ്പിച്ച് നാം നമ്മുടെ വീടിന്റെ മുറ്റത്ത് ഏറ്റവും പറ്റിയ ഒരിടത്ത് നട്ടു എന്ന് കരുതുക. താനേ അത് വളര്‍ന്നു വലുതായി പൂവിടുമെന്ന് നാം വിചാരിക്കുന്നുണ്ടോ? വിവേകമതികള്‍ അങ്ങനെ വിചാരിക്കാനിടയില്ല. ആവശ്യാനുസരണം വെള്ളവും വളവും ചെടിക്ക് നല്‍കണം. വേണ്ടത്ര ശ്രദ്ധയും പരിചരണവും പരിപാലനവുമുണ്ടാകണം . ചുറ്റുമുള്ള കളകള്‍ നീക്കം ചെയ്തും കീടങ്ങളകറ്റിയും സംരക്ഷിക്കണം. ഏതൊരു കൃഷിയും സമൃദ്ധമാകുന്നത് കര്‍ഷകന്റെ ജാഗ്രത കൊണ്ടാണ്. ഏതൊരുദ്യാനവും മനോഹരമാകുന്നത് ഉദ്യാന പാലകന്റെ സൂക്ഷ്മത കൊണ്ടാണ്. ഏതാണ്ടിതേ ജാഗ്രതയും കരുതലും കുട്ടികളുടെ കാര്യത്തിലും മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഉണ്ടാകണം.
വിത്തുകളും ചെടികളും എല്ലാ ഒരു പോലെയല്ല. വ്യത്യസ്തമാണ്. കുട്ടികളും വ്യത്യസ്തരാണ്. ഓരോ കുട്ടിയിലുമുണ്ടാകും സവിശേഷമായ സിദ്ധികള്‍. ക്ഷമതകള്‍ . കഴിവുകള്‍. ജന്മദത്തമായ സിദ്ധികളും ആര്‍ജിത സിദ്ധികളുമുണ്ട്. ഓരോ കുട്ടിയും പിറന്നു വീഴുന്നത് ദൈവം കൊടുത്ത ഒട്ടേറെ സിദ്ധികളോടെയാണ്. കുട്ടികളോടൊപ്പം അവരുടെ സിദ്ധികള്‍ വളരണമെന്നില്ല.കഴിവുകള്‍ വികസിക്കണമെന്നുമില്ല.
അവസരങ്ങളും സാധ്യതകളും സൗകര്യങ്ങളും പ്രോല്‍സാഹനങ്ങളുമൊക്കെ അതിന് വേണ്ടി വരും. കുട്ടികളിലുള്ള സിദ്ധികള്‍ എല്ലാവരും ശ്രദ്ധിച്ചു കൊള്ളണമെന്നില്ല.പ്രോല്‍സാഹിപ്പിച്ചു കൊള്ളണമെന്നുമില്ല.
കുട്ടികളിലുള്ള സിദ്ധികളും കഴിവുകളും പലപ്പോഴും അവരുടെ വ്യവഹാരങ്ങളിലൂടെയും ആവിഷ്‌ക്കാരങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും പുറത്തു വരാറുണ്ട്.സൂക്ഷ്മമായി നിരീക്ഷിച്ചാലേ അത് ബോധ്യപ്പെടൂ. ചില കുട്ടികള്‍ ബാഹ്യ ഇടപെടലുകള്‍ക്ക് കാത്തിരിക്കാതെ തന്നെ തങ്ങളുടെ അഭിരുചികളും സിദ്ധികളും സ്വയം പുറത്തെടുത്തു മുന്നോട്ടു വരും.തങ്ങളുടെ ഉദ്ദീപിത ചോദനകളെ അടിച്ചമര്‍ത്തുന്ന മുതിര്‍ന്നവരുടെ ശാഠ്യങ്ങളോടും വരട്ടുവാദങ്ങളോടും അവര്‍ കലഹിച്ചെന്നു വരും. പല പ്രതിഭാശാലികളും അങ്ങനെയാണ് ലോകത്തുണ്ടായത്.
പ്രശസ്ത ജര്‍മ്മന്‍ ഊര്‍ജ്ജ ശാസ്ത്രജ്ഞന്‍ മാക്‌സ് പഌങ്ക് ( Max Karl Ernst Ludwig Planck 1858-1947 ) കുട്ടിക്കാലം മുതലേ ശാസ്ത്ര കുതുകിയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പ്‌ളാങ്കിന്റെ അധ്യാപകര്‍ ഒരു തരം യാഥാസ്ഥിതിക വാദികളായിരുന്നു. ഊര്‍ജ്ജ തന്ത്രത്തിന്റെ വളര്‍ച്ചയും വികാസവും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനിയൊന്നും കാര്യമായി കണ്ടെത്താനില്ലെന്നുമായിരുന്നു അധ്യാപകരുടെ വാദം. പ്‌ളാങ്കിന് ഒട്ടുമത് ഉള്‍ക്കൊള്ളാനായില്ല. ഫിസിക്‌സിന്റെ സങ്കീര്‍ണതകള്‍ക്കപ്പുറത്ത് കിടക്കുന്ന അതിസൂക്ഷ്മമായ അറിവുകളന്വേഷിച്ച് ആ ശാസ്ത്രദാഹി പുതിയ ഗവേഷണങ്ങളുമായി മുന്നോട്ടു പോയി. ഇരുപത്തൊന്നാം വയസ്സില്‍ പ്‌ളാങ്ക് ഊര്‍ജ്ജ തന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1900 ഡിസംബര്‍ 14 ന് ബെര്‍ലിനില്‍ നടന്ന ശാസ്ത്ര സമ്മേളനത്തില്‍ ലോകത്താദ്യമായി ക്വാണ്ടം എന്ന വാക്ക് പരിചയപ്പെടുത്തി ശ്രദ്ധേയനായി. 42-ാമത്തെ വയസ്സിലായിരുന്നു ഇത്.
പില്‍ക്കാലത്ത്, ഊര്‍ജ്ജ തന്ത്രത്തില്‍ ഒരു മുന്നേറ്റം സൃഷ്ടിക്കാന്‍ പാകത്തില്‍ ക്വാണ്ടം സിദ്ധാന്തം ജനകീയമായി.1918 ല്‍ പ്‌ളാങ്ക് ഫിസിക്‌സില്‍ നൊബേല്‍ സമ്മാന ജേതാവായി. ഇത് , മാക്‌സ് പ്‌ളാങ്കിന്റെ ചരിത്രം. അദ്ധ്യാപകര്‍ക്കുമപ്പുറത്തേക്ക് ജിജ്ഞാസുവായി കടന്നു ചെല്ലാന്‍ ഇതുപോലെ എല്ലാ കുട്ടികള്‍ക്കും സാധിച്ചെന്നു വരില്ല.
കുട്ടികളിലെ ജന്മദത്തമായ സിദ്ധികള്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കൃത്യമായി മനസ്സിലാക്കാന്‍ കഴിയണമെന്നില്ലെന്ന് നേരത്തെ സൂചിപ്പിച്ചു. ഒട്ടനേകം പ്രതിഭകള്‍ അങ്ങനെ മുരടിച്ചു പോകാറുണ്ട്. ഒരു മഹാഭാഗ്യമെന്നോണം ചിലര്‍ ഉയര്‍ത്തെഴുന്നേല്‍ക്കാറുമുണ്ട്.അതും വൈകി സംഭവിക്കുന്ന ഇടപെടല്‍ മൂലം.
സ്‌പെയിനിലെ കൊറൂണ എന്ന പ്രദേശത്തെ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ കലാധ്യാപകനായിരുന്ന ഡോണ്‍ റൂയീസ് വൈ ബ്‌ളാസ്‌കോ ഒരു ദിവസം വീട്ടില്‍ , കാന്‍വാസില്‍ ഒരു മാടപ്പിറാവിന്റെ ചിത്രം വരച്ചു കൊണ്ടിരിക്കുകയായിരുന്നു. കാലുകള്‍ കൂടി വരക്കാന്‍ ബാക്കി നില്‍ക്കെ റൂയിസിന് ഒരത്യാവശ്യ കാര്യത്തിന് പുറത്തു പോവേണ്ടി വന്നു.അച്ഛന്‍ ചിത്രം വരയ്ക്കുന്നത് കൗതുകപൂര്‍വം നോക്കിയിരിക്കുന്നുണ്ടായിരുന്നു അപ്പോള്‍ റൂയിസിന്റെ മകന്‍. ചിത്രങ്ങളോട് ചെറുപ്പം മുതലേ താല്‍പര്യമുള്ളതിനാല്‍ അച്ഛന്‍ ചിത്രരചനയിലേര്‍പ്പെടുമ്പോഴെല്ലാം കാന്‍വാസിലേക്ക് നോക്കി അവനിരിക്കാറുണ്ട്.
‘അച്ഛനിപ്പോള്‍ വരാം, ഈ ബ്രഷ് നിന്റെ കയ്യിലിരിക്കട്ടെ’ അതും പറഞ്ഞ് റൂയിസ് പുറത്തു പോയി. ആവശ്യം കഴിഞ്ഞ് തിരിച്ചെത്തിയ റൂയിസ് കാന്‍വാസിലേക്ക് നോക്കി അന്ധാളിച്ചു നിന്നു. മകന്‍ പ്രാവിന് കാലുകള്‍ വരച്ചിരിക്കുന്നു. ആ കാലുകള്‍ അനങ്ങുന്നതു പോലെ. ആ കാലുകളില്‍ നിന്ന് പ്രാവ് ചലിക്കുന്നതു പോലെ. ഇക്കാലം വരെ ഒട്ടനേകം പക്ഷികളെ വരച്ച തനിക്ക് ഇങ്ങനെയൊരു ചലനാത്മകത സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മകന് അത് സാധിച്ചിരിക്കുന്നു.
‘ഈ ബ്രഷ് ഇനി നിന്റെ കയ്യിലിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ ഞാനല്ല നീയാണ് ചിത്രം വയ്‌ക്കേണ്ടത്’ അതും പറഞ്ഞു റൂയിസ് ബ്രഷും പെയിന്റും കാന്‍വാസും മകന് കൈമാറി.
ഈ മകനാണ് പിന്നീട് ലോക പ്രശസ്ത കലാകാരനായി മാറിയ പാബ്ലോ പിക്കാസോ (1881-1973). സ്‌കൂള്‍ പഠനത്തോട് വിരക്തി കാണിച്ച്, ചിത്ര രചനയില്‍ ജീവിതം സമര്‍പ്പിച്ച് ലക്ഷക്കണക്കിന് കലാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രതിഭാധനനാണ് പിക്കാസോ. 13500 ചിത്രങ്ങളും 1,00000 പ്രിന്റുകളും1800 പെയിന്റിങ്ങുകളും 1200 ശില്‍പ്പങ്ങളും പിക്കാസോ വികസിപ്പിച്ചു.
കുഞ്ഞുന്നാളില്‍ ആദ്യമാദ്യം പിക്കാസോ ഉച്ചരിച്ച വാക്കുകള്‍ പിസ് പിസ് എന്നായിരുന്നുവത്രെ. സ്പാനിഷ് ഭാഷയിലെ ലാപിസ് എന്ന വാക്കിന്റെ ലോപിത രൂപമമാണ് പിസ്. ‘ലാപിസ്’ എന്ന വാക്കിന്റെ അര്‍ത്ഥം പെന്‍സില്‍ എന്നാണ്. ചെറുപ്പം മുതലേ പിക്കാസോയുടെ ജീവിതത്തോട് കെട്ടു പിണഞ്ഞു കിടക്കുകയായിരുന്നു പെന്‍സിലും ബ്രഷും പെയിന്റും കാന്‍വാസുമെന്ന് ചുരുക്കം.
പിക്കാസോയുടെ ഏറെ പ്രശസ്തമായ ചിത്രമാണ് ഗ്വേര്‍ണിക്ക. പ്രാവ് എന്ന് തോന്നിക്കുന്ന ഒരു പക്ഷിയുടെ ചിത്രം. 3.5 മീറ്റര്‍ ഉയരവും 7.8 മീറ്റര്‍ വീതിയുമുള്ള ചിത്രം.
ജര്‍മനിയും ഇറ്റലിയും ചേര്‍ന്ന് സ്‌പെയിനിലെ ഗ്വേര്‍ണിക്ക പട്ടണത്തില്‍ നടത്തിയ കിരാതമായ ബോംബാക്രമണം ലോകശ്രദ്ധയില്‍ കൊണ്ടു വരാനാണ് പിക്കാസോ ഈ ചിത്രം വരച്ചത്.1937 ലാണ് ഈ ചിത്രം പൂര്‍ത്തിയായത്.
ചിത്രകാരനും ചിത്ര കലാധ്യാപകനുമെല്ലാമായിട്ടും ഡോണ്‍ റൂയീസിന് പക്ഷേ, സ്വന്തം മകനിലെ അസാധാരണ കലാ പ്രതിഭയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് നാം മനസ്സിലാക്കണം. അതാണ് കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളും അദ്ധ്യാപകരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ പ്രതിസന്ധി ലോകത്തിന് നിരവധി പ്രതിഭാശാലികളെ നഷ്ടപ്പെടുത്തുന്നുണ്ട്.
കുട്ടികള്‍ തെറ്റ് ചെയ്യുന്നതും നിയമം ലംഘിക്കുന്നതും കണ്ടു പിടിക്കാന്‍ സുക്ഷ്മ നിരീക്ഷണം നടത്തുന്ന ചിലരുണ്ട്. സദുദ്ദേശത്തോടെ, കുട്ടികളുടെ ചിന്തകളെയും സിദ്ധികളെയും കഴിവുകളെയും ചിട്ടയോടെ നിരീക്ഷിക്കാനോ ആവശ്യാനുസൃതമായ ഇടപെടല്‍ നടത്താനോ പക്ഷേ അവര്‍ക്ക് സാധിക്കാറില്ല. ഇതാണ് തിരുത്തപ്പെടേണ്ടത്.
ഒരിക്കല്‍ ഒരു സ്‌കൂളില്‍ രക്ഷാകര്‍തൃ സമ്മേളനം നടക്കുകയാണ്. നിറഞ്ഞു കവിഞ്ഞ സദസ്സ്. അതേ സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടേതാണ് മുഖ്യ പ്രഭാഷണം. പ്രഭാഷണ കലയുടെ തേരില്‍ കയറി കുട്ടി കത്തിക്കയറുകയാണ്. സദസ്സ് കാതു കൂര്‍പ്പിച്ചിരുന്ന് കേള്‍ക്കുകയാണ്. അപ്പോഴാണ് പിന്നില്‍ നിന്ന് ഒരു പൊട്ടിക്കരച്ചിലുയര്‍ന്നത്. സദസ്സ് മുഴുവന്‍ ഞെട്ടിത്തരിച്ചു പിന്നിലേക്ക്
നോക്കി. ചിലര്‍ എഴുന്നേറ്റോടി. പെണ്‍കുട്ടിയുടെ പ്രഭാഷണം നിലച്ചു.
ഒരു സ്ത്രീ നെഞ്ചത്തടിച്ചു കരയുന്നു. വേറെയാരുമായിരുന്നില്ല, പ്രഭാഷണം നടത്തുന്ന പെണ്‍കുട്ടിയുടെ അമ്മയായിരുന്നു അത്. ‘എന്റെ മോളാണ് ഇത്ര മനോഹരമായി പ്രസംഗിക്കുന്നത്. എന്റെ പൊന്നു മോള്‍’ നിഷ്‌കളങ്കയായ, ആ ഗ്രാമീണ സ്ത്രീ തന്റെ മകളുടെയുള്ളില്‍ ഒരു പ്രഭാഷക ഒളിച്ചിരിപ്പുണ്ട് എന്നറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോളുണ്ടായ സന്തോഷമായിരുന്നു ആ പൊട്ടിക്കരച്ചില്‍. ഇങ്ങനെ എത്രയെത്ര മാതാപിതാക്കള്‍. അധ്യാപകര്‍. നമുക്ക് മാറി ചിന്തിക്കാന്‍ സമയമായി, തീര്‍ച്ചയായും( തുടരും ).
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
Add Comment