ഓരോ ത്വലാഖിനുശേഷവും കാത്തിരിപ്പുകാലമുണ്ട്. ഭര്‍ത്താവിന്റെ മരണാനന്തരം അല്ലെങ്കില്‍ അദ്ദേഹവുമായി പിരിഞ്ഞതിനുശേഷം സ്ത്രീ പുനര്‍വിവാഹംചെയ്യാതെ കാത്തിരിക്കേണ്ട കാലം. ‘വിവാഹമോചിതകള്‍ സ്വന്തം കാര്യത്തില്‍ മൂന്ന് ആര്‍ത്തവകാലം വരെ കാത്തിരിക്കേണ്ടതാണ്'(അല്‍ബഖറ 228).
ഇദ്ദ നാലുതരമുണ്ട്:
1. ഋതുമതിയുടെ ഇദ്ദ. മൂന്ന് ആര്‍ത്തവകാലം.
2. ആര്‍ത്തവം നിലച്ചവളുടെ ഇദ്ദ: മൂന്നുമാസം.
3. ഭര്‍ത്താവ് മരിച്ചവളുടെ ഇദ്ദ: നാലുമാസവും പത്തുദിവസവും.
4. ഗര്‍ഭിണിയുടെ ഇദ്ദ: അവള്‍ പ്രസവിക്കുന്നതുവരെ.
ശാരീരികബന്ധം നടക്കുന്നതിനുമുമ്പ് സ്ത്രീ വിവാഹമോചിതയാവുകയാണെങ്കില്‍ ഇദ്ദ വേണ്ടതില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക:’വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, പിന്നീട് അവരെ സ്പര്‍ശിക്കും മുമ്പായി വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിങ്ങള്‍ക്കായി ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്കില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് എന്തെങ്കിലും ജീവിതവിഭവം നല്‍കണം. നല്ല നിലയില്‍ അവരെ പിരിച്ചയക്കുകയും വേണം’ (അല്‍ അഹ്‌സാബ് 49).
ശാരീരികബന്ധം നടക്കാതെയാണ് ഭര്‍ത്താവ് മരിച്ചതെങ്കില്‍ ഭാര്യ ഇദ്ദ ആചരിക്കണം.’നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തു ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്‍ത്തേണ്ടതാണ്'(അല്‍ ബഖറ 234).
വിവാഹമോചനം നടക്കുകയും ഭാര്യഇദ്ദയിലാവുകയും ചെയ്യുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഒരേവീട്ടില്‍ താമസം തുടരണം. ഭര്‍ത്താവ് അവര്‍ക്ക് ചെലവിന് കൊടുക്കുകയും വേണം. നടപടി ദൂഷ്യമുണ്ടായലല്ലാതെ ഭാര്യയെ ഭര്‍തൃഗൃഹത്തില്‍നിന്ന് പുറത്താക്കാന്‍ പാടില്ല. ‘പ്രവാചകരേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുന്നതായാല്‍ അവരുടെ ഇദ്ദയില്‍ മോചനംചെയ്യണം. ഇദ്ദ നിങ്ങള്‍ എണ്ണിക്കണക്കാക്കണം. നിങ്ങളുടെ നാഥനായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കണം. അവരെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കരുത്. അവര്‍ വ്യക്തമായ നീചവൃത്തി ചെയ്യുമ്പോഴല്ലാതെ(അത്ത്വലാഖ് 1).
ഇദ്ദയില്‍ പുലര്‍ത്തേണ്ട ചില മര്യാദകളുണ്ട്. പ്രസ്തുത കാലത്ത് സ്ത്രീയെ വിവാഹാന്വേഷണം നടത്താന്‍ യാതൊരുകാരണവശാലും പാടില്ല. തികഞ്ഞ നിര്‍ബന്ധിതസാഹചര്യത്തില്‍ മാത്രമേ അവള്‍ പുറത്തിറങ്ങാവൂ. വിവാഹമോചനത്തിനുള്ള ഇദ്ദയാണെങ്കില്‍ അലങ്കാരവും ചമയങ്ങളും അവള്‍ക്ക് വിലക്കപ്പെട്ടതല്ല. ഇത് ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാന്‍ പ്രേരണനല്‍കും. എന്നാല്‍ മരണത്തിന്റെ ഇദ്ദയാണെങ്കില്‍ പുറത്തിറങ്ങുന്നത് വളരെ അത്യാവശ്യസാഹചര്യത്തില്‍ മാത്രമേ അനുവദനീയമാകുന്നുള്ളൂ.
ഇദ്ദയുടെ തത്ത്വങ്ങള്‍ പലതാണ്. വൈവാഹികബന്ധം നിര്‍വിഘ്‌നം തുടര്‍ന്നുപോകണമെന്ന ഇസ്‌ലാമിന്റെ നയമാണ് ഇതിലൊന്ന്.വിവാഹമോചനം നടന്നാല്‍ ഭര്‍ത്താവിന് ഭാര്യയെ തിരിച്ചെടുക്കാന്‍ കഴിയത്തക്കവിധം ഇദ്ദകാലത്ത് അവരുടെ ബന്ധം ബാക്കിനില്‍ക്കുന്നു. ബന്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് അവധാനതയോടെ ചിന്തിക്കാനുള്ള അവസരം നല്‍കുകയാണ് ഇദ്ദ. സ്ത്രീ ഗര്‍ഭിണിയാണോ എന്നറിയുകയാണ് ഇദ്ദ ആചരിക്കുന്നതിന്റെ മറ്റൊരു യുക്തി. കുട്ടിയുടെ പിതാവ് ആരാണെന്ന തര്‍ക്കം ഇതിനാല്‍തന്നെ ഉത്ഭവിക്കുന്നില്ല.
മരിച്ചയാളെ പ്രതിയുള്ള ദുഃഖാചരണം അതിലൊന്നാണ്. കുടുംബത്തിന്റെ താങ്ങും തണലുമായ ഭര്‍ത്താവിന്റെ വിയോഗം ഭാര്യക്ക് കനത്ത നഷ്ടമായിരിക്കുമല്ലോ. ഒരു നിശ്ചിതകാലം അവള്‍ പുനര്‍വിവാഹം ചെയ്യാതിരിക്കുന്നത് അയാളോടുള്ള സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും ഭാഗമാണ്.
Add Comment