വിവാഹമോചനം

ത്വലാഖും വിധികളും – 1

വിട്ടയക്കുക, ഉപേക്ഷിക്കുക, സ്വതന്ത്രമാക്കുക എന്നൊക്കെ അര്‍ഥങ്ങളുള്ള ‘ഇത്‌ലാഖ്’ എന്ന അറബി പദത്തില്‍നിന്നാണ് ‘ത്വലാഖ്’ ന്റെ ഉല്‍പത്തി. വിവാഹകരാര്‍ റദ്ദാക്കുക, ദാമ്പത്യബന്ധം അവസാനിപ്പിക്കുക എന്നിങ്ങനെയാണ് സാങ്കേതികവിവക്ഷ. ദാമ്പത്യജീവിതം പരിപാവനമായ ഒരു കരാറായി ഇസ്‌ലാം കാണുന്നു. അത് ശാശ്വതമായി നിലനില്‍ക്കണം. ‘ അവന്‍ നിങ്ങളില്‍നിന്ന് സുദൃഢമായ ഉടമ്പടി എടുത്തിരിക്കുന്നു’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതു കാണാം. ദാമ്പത്യബന്ധത്തിന് ഹാനികരമായ ഏതുനീക്കവും ഏതുഭാഗത്തുനിന്നുണ്ടാകുന്നതും ഇസ്‌ലാം വിരോധിക്കുന്നു. നബി (സ)പറഞ്ഞു: ‘അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതും എന്നാല്‍ അനുവദിച്ചതുമായ കാര്യം വിവാഹമോചനമാകുന്നു. ‘താഴെപ്പറയുന്ന നബിവചനങ്ങളും വിവാഹമോചനത്തിന്റെ ഗര്‍ഹണീയതയെ സൂചിപ്പിക്കുന്നു. ‘ദാമ്പത്യബന്ധം തകര്‍ക്കാനായി ഇടപെടുന്നവന്‍ മതത്തില്‍നിന്ന് പുറത്തുപോകും. ‘ഒരുസ്ത്രീയെ അവളുടെ ഭര്‍ത്താവിന് മോശമാക്കിയവന്‍ നമ്മില്‍പെട്ടവനല്ല.’ ‘ ഒരു സ്ത്രീ അവളുടെ സഹോദരിയുടെ വിവാഹമോചനം ആവശ്യപ്പെടരുത്. തനിക്ക് ആ സ്ഥാനം ഒഴിഞ്ഞുകിട്ടാനായി. അവള്‍ മറ്റൊരു പുരുഷനെ വിവാഹംചെയ്യട്ടെ. വിധിച്ചതുമാത്രമേ അവള്‍ക്ക് ലഭിക്കൂ’. ‘ ഭര്‍ത്താവിനോട് അകാരണമായി വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീക്ക് സ്വര്‍ഗത്തിന്റെ ഗന്ധം പോലും നിഷിദ്ധമാണ്.

ഒഴിച്ചുകൂടാനാകാത്തവിധം നിര്‍ബന്ധസാഹചര്യത്തിലൊഴികെ വിവാഹമോചനം അരുതെന്നാണ് പണ്ഡിതമതം. ‘ത്വലാഖ് ചൈാല്ലുന്ന എല്ലാവരെയും ദൈവം ശപിച്ചു’ എന്ന നബിവചനമാണ് ഇതിന് പ്രമാണം. ഭാര്യയുടെ നടപടിയില്‍ സംശയംതോന്നുക, എന്നെന്നേക്കുമായി അവളോടുള്ള താല്‍പര്യം നശിക്കുക തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കുമ്പോഴല്ലാതെ വിവാഹമോചനം അനുവദനീയമല്ല. ഓരോ വിവാഹമോചനവും അതത് സന്ദര്‍ഭങ്ങളും കാരണങ്ങളും അനുസരിച്ച് നിഷിദ്ധം, നിര്‍ബന്ധം, അനുവദനീയം, അഭികാമ്യം എന്നിങ്ങനെ നാലായി വിലയിരുത്തപ്പെടും.
പിണങ്ങിയ ദമ്പതിമാരെ സംബന്ധിച്ച് വിവാഹമോചനം മാത്രമേ നിവൃത്തിയുള്ളൂ എന്ന് മധ്യസ്ഥന്‍മാര്‍ അഭിപ്രായപ്പെട്ടാല്‍ ആ ത്വലാഖ് നിര്‍ബന്ധമാകും. ‘ഈലാഅ്’ (ഭാര്യയുമായി സംസര്‍ഗം ചെയ്യുന്നതല്ലെന്ന പ്രതിജ്ഞ)ചെയ്ത പുരുഷന്‍ നാലുമാസംകഴിഞ്ഞിട്ടും ഭാര്യയുമായി സഹവസിച്ചു ജീവിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിടെയും വിവാഹമോചനം നിര്‍ബന്ധമാണ്. ഖുര്‍ആന്‍ പറയുന്നു. ‘തങ്ങളുടെ സ്ത്രീകളുമായി സംസര്‍ഗംചെയ്യുന്നതല്ലെന്ന് പ്രതിജ്ഞയെടുത്തവര്‍ക്ക് നാലുമാസം അവധിയുണ്ട്. അവര്‍ മടങ്ങുന്നുവെങ്കില്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നവനും കരുണാവാരിധിയുമാകുന്നു. ഇനി അവര്‍ വിവാഹമോചനം തന്നെയാണ് തീരുമാനിക്കുന്നതെങ്കിലോ , അവര്‍ മനസ്സിലാക്കട്ടെ, അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(അല്‍ബഖറ 226,227)
അനാവശ്യവും അകാരണവുമായ വിവാഹമോചനം നിഷിദ്ധമാണ്. സ്ത്രീയുടെ സ്വഭാവദൂഷ്യം , പെരുമാറ്റദൂഷ്യം, അവള്‍ കാരണമായുണ്ടാകുന്ന ദ്രോഹങ്ങള്‍, ദാമ്പത്യലക്ഷ്യങ്ങള്‍ അവളിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെവരിക തുടങ്ങിയ കാരണങ്ങളാല്‍ സംഭവിക്കുന്ന ത്വലാഖ് അനുവദനീയമാണ്. ഭാര്യ പതിവ്രതയല്ലാതാകുക, നമസ്‌കാരം തുടങ്ങിയ നിര്‍ബന്ധകാര്യങ്ങളില്‍ വീഴ്ച വരുത്തുക എന്നിവയാലും അത് അഭിലക്ഷണീയമാകും.

ഇമാം അഹ്മദ് പറഞ്ഞു: ‘അവന്‍ അവളെ പിടിച്ചുനിര്‍ത്തേണ്ടതില്ല. പിടിച്ചുവെക്കുന്നത് അവന്റെ ദീനിന്ന് ന്യൂനതയുണ്ടാക്കും. അവള്‍ അവന്റെ ശയ്യ മലിനമാക്കുകയില്ലെന്നും അവന്റേതല്ലാത്ത കുഞ്ഞിനെ അവനിലേക്ക് ചേര്‍ക്കുകയില്ല എന്നും വിശ്വസിച്ചുകൂടാ. ഈ അവസ്ഥയില്‍ അവള്‍ അവന്ന് നഷ്ടപരിഹാരം (ഫിദ്‌യ) നല്‍കുന്നതിനായി അവളെ വിഷമിപ്പിക്കുന്നതില്‍ തെറ്റില്ല.’ അല്ലാഹു പറയുന്നു:’നിങ്ങളവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തിന്റെ ഒരു ഭാഗം തട്ടിയെടുക്കാനായി അവരെ ഞെരുക്കുന്നതും ഹിതമല്ല. എന്നാല്‍ അവര്‍ പ്രത്യക്ഷമായ വല്ല ദുര്‍വൃത്തിയും ചെയ്താല്‍ നിങ്ങള്‍ക്കവരെ തടഞ്ഞുവെക്കാം.’
ഈ രണ്ട് അവസ്ഥയിലും വിവാഹമോചനം നിര്‍ബന്ധമാകാന്‍ സാധ്യതയുണ്ട്. ഇബ്‌നു ഖുദാമ പറഞ്ഞു:’കലഹാവസ്ഥയിലും, സ്ത്രീ തന്നില്‍നിന്ന് ദുരിതമകറ്റാന്‍ ഖുല്‍ഇന്ന് ധൃഷ്ടയാകുന്ന അവസ്ഥയിലും വിവാഹമോചനം അഭിലക്ഷണീയമാകുന്നു.’
‘ശമനം’ (അശ്ശിഫാഅ്) എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു സീന പറയുന്നു:’വേര്‍പിരിയാന്‍ ഒരു മാര്‍ഗം അനിവാര്യമാണ് എല്ലാ നിലക്കും അത് ബന്ധിക്കപ്പെട്ടുകൂടാ. കാരണം ബന്ധത്തിന്റെ ഉപാധികളെല്ലാം ബന്ധവിഛേദത്തിന്റെ ഉപാധികളായി മാറിയാല്‍ പലവിധ വൈഷമ്യങ്ങളും വൈകൃതങ്ങളും സംഭവിക്കും. ചില സ്വഭാവങ്ങള്‍ മറ്റുചില സ്വഭാവങ്ങളുമായി ഇണങ്ങാതെ വരും. അവയെ തമ്മില്‍ യോജിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഭിന്നിപ്പും തിന്‍മയും വര്‍ധിക്കുകയായിരിക്കും ഫലം. അത് ജീവിതത്തെ കലുഷമാക്കും.’

വിവാഹമോചനാവകാശം പുരുഷനില്‍ നിക്ഷിപ്തമാണ്. അവനാണ് വിവാഹവുമായി ബന്ധപ്പെട്ട സകല സാമ്പത്തികബാധ്യതകളും വരുന്നത് എന്നതാണ് കാരണം. പ്രായപൂര്‍ത്തിയായ, വിവേചനശക്തിയുള്ള, സ്വതന്ത്രനായ പുരുഷന്‍ നടത്തുന്ന വിവാഹമോചനം സാധുവാണ്. ഭ്രാന്തന്‍മാരും കുട്ടികളും നിര്‍ബന്ധിക്കപ്പെട്ടവരും ചെയ്യുന്ന ത്വലാഖ് നടപ്പാകുകയില്ല. ലഹരി ബാധിച്ചവന്റെയും കോപാന്ധന്റെയും ത്വലാഖ് സ്വീകരിക്കപ്പെടുകയില്ല. നബി(സ)പറഞ്ഞു:’ കോപത്തില്‍ ത്വലാഖുമില്ല, മോചനവുമില്ല’. എന്നാല്‍ തമാശയായ ത്വലാഖ് അംഗീകരിക്കപ്പെടും. ‘മൂന്നുകാര്യങ്ങള്‍ അതില്‍ തമാശയും കാര്യമാണ്. അതില്‍ കാര്യവും കാര്യമാണ്. വിവാഹം , വിവാഹമോചനം, വിവാഹമോചിതയെ തിരിച്ചെടുക്കല്‍’ എന്ന ഹദീസാണ് പ്രമാണം. അശ്രദ്ധയിലും വിസ്മൃതിയിലും അകപ്പെട്ടവന്റെയും പരിഭ്രാന്തന്റെയും വിവാഹമോചനം സാധുവല്ല.

ഒരുസ്ത്രീക്ക് ത്വലാഖ് ബാധകമാകാന്‍ നാലുഉപാധികള്‍ ഒത്തുവരേണ്ടതുണ്ട്.
1. അവളും ഭര്‍ത്താവും തമ്മില്‍ ദാമ്പത്യബന്ധമുണ്ടാകുക
2. തിരിച്ചെടുക്കാവുന്നതോ അല്ലാത്തതോ ആയ ത്വലാഖിനെത്തുടര്‍ന്ന് സ്ത്രീ ഇദ്ദയിലായിരിക്കുക. (ഈ രണ്ടവസ്ഥയിലും ഇദ്ദ അവസാനിക്കുന്നതുവരെ വിവാഹബന്ധം നിലനില്‍ക്കുന്നതായി പരിഗണിക്കും) .
3. വിവാഹമോചനമായി പരിഗണിക്കുന്ന ഒരു പിരിഞ്ഞുനില്‍പിനെത്തുടര്‍ന്ന് സ്ത്രീ ഇദ്ദയിലായിരിക്കുക.
4. ഫസ്ഖ് ആയി പരിഗണിക്കുന്നതും(വിവാഹബന്ധം വേര്‍പെടുത്തല്‍ )അടിസ്ഥാനപരമായി അസാധുവാകാത്തതുമായ ഒരു പിരിഞ്ഞുനില്‍പില്‍നിന്ന് സ്ത്രീ ഇദ്ദയിലായിരിക്കുക. ഉദാഹരണം, സ്ത്രീ മതം വിട്ടവള്‍(മുര്‍തദ്ദ്) ആയിരിക്കുക. ഈ നാലവസ്ഥകളിലും സ്ത്രീ വിവാഹമോചനത്തിന് വിധേയയാണ്.

ദമ്പതികള്‍ തമ്മില്‍ യോജിപ്പില്ലാതിരിക്കുക, വിവാഹമൂല്യം നടപ്പുവിവാഹമൂല്യത്തില്‍ കുറയുക, പ്രായപൂര്‍ത്തിയെത്തിയതിനെത്തുടര്‍ന്ന് വിവാഹംസ്ഥിരീകരിക്കാനോ തിരസ്‌കരിക്കാനോ ലഭിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിക്കുക(ഖിയാറുല്‍ ബുലൂഗ്), വിവാഹഉടമ്പടി പൂര്‍ത്തീകരിക്കാനാവശ്യമായ ഘടകങ്ങളില്‍ ഒന്നിന്റെ അഭാവം കാരണം വിവാഹംദുര്‍ബലപ്പെടുക മുതലായ കാരണങ്ങളാല്‍ ഇദ്ദയിലായിരിക്കുന്ന സ്ത്രീക്ക് ത്വലാഖ് ബാധകമാവുകയില്ല. ഇവിടെ വിവാഹബന്ധം അടിസ്ഥാനപരമായിത്തന്നെ തകര്‍ന്നിരിക്കുന്നു എന്നതാണ് കാരണം.താന്‍ വിവാഹം ചെയ്തിട്ടില്ലാത്ത ഒരുസ്ത്രീയോട് ‘ഞാന്‍ നിന്നെ മൊഴിചൊല്ലുന്നു’ എന്ന് പറയുന്നത് അസംബന്ധമാണ്. മൂന്നുമൊഴിയുംചൊല്ലിക്കഴിഞ്ഞ് ഇദ്ദയിലിരിക്കുന്ന സ്ത്രീക്കും ത്വലാഖ് ബാധകമാവുകയില്ല. സഹശയനത്തിനും അറയില്‍ കൂടുന്നതിനുംമുമ്പായി വിവാഹമോചനംചെയ്യപ്പെട്ട സ്ത്രീക്കും ത്വലാഖ് ബാധകമാവുകയില്ല.
വിവാഹത്തിനുമുമ്പ് ത്വലാഖ് ചൊല്ലിയാല്‍ അത് സാധുവാകുകയില്ല. ഉദാഹരണത്തിന് ‘ഇന്നവളെ ഞാന്‍ വിവാഹംചെയ്താല്‍ അവള്‍ വിവാഹമോചിതയാകുന്നു’ എന്ന് പറയുക. തനിക്കധികാരമില്ലാത്തവളെ ത്വലാഖ് ചൊല്ലലില്ല എന്ന നബി വചനമാണ് തെളിവ്.

‘ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നു’ എന്ന് സൂചിപ്പിക്കുന്ന ഏത് വാക്കുമുഖേനയും വിവാഹമോചനം സാധുവാകും. സ്പഷ്ടമായോ വ്യംഗ്യമായോ ത്വലാഖ് ചൊല്ലാം. ത്വലാഖ് എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ വന്ന മൂന്ന് പദങ്ങള്‍ ത്വലാഖ് / അല്‍ ഫിറാഖ്(വേര്‍പിരിയുക)/അസ്സറാഹ്(വിട്ടയക്കുക) ഉപയോഗിച്ച് മൊഴി ചൊല്ലുന്നതാണ് സുന്നത്ത്. വ്യംഗ്യമായ പദങ്ങള്‍ ഉപയോഗിച്ച് ത്വലാഖ് ചൊല്ലുകയും എന്നിട്ട് കോടതിയില്‍ അത് നിഷേധിക്കുകയുമാണെങ്കില്‍ ആ നിഷേധം പരിഗണിക്കും. എന്നാല്‍ സ്പഷ്ടമായ വാക്ക് ഉപയോഗിച്ച് ത്വലാഖ് ചൊല്ലിയാല്‍ ഭര്‍ത്താവ് അത് നിഷേധിച്ചാലും സ്ഥിരീകരിക്കപ്പെടും.
ലിഖിതരൂപേണയും ത്വലാഖ് ചെയ്യാം. എഴുത്ത് സ്പഷ്ടവും ആധികാരികവുമായിരിക്കണം. വായിച്ചാല്‍ ഉള്ളടക്കം മനസ്സിലാവണം. ഭാര്യയുടെ മേല്‍വിലാസത്തിലാവണം അഥവാ വിവാഹമോചനംചെയ്യുന്ന സ്ത്രീയുടെ പേര് വ്യക്തമായി പറഞ്ഞുകൊണ്ടാവണം എഴുത്ത് എന്നിവ നിര്‍ബന്ധമാണ്. ഊമയുടെ സൂചന പരിഗണിക്കും. അയാള്‍ക്ക് എഴുത്തറിയില്ലെങ്കില്‍ മാത്രം. സോഷ്യല്‍ മീഡിയ(സ്‌കൈപ്, വാട്ട്‌സ്അപ്… തുടങ്ങിയവ)യയിലൂടെയും ത്വലാഖ് അറിയിക്കാവുന്നതാണ്. എന്നാല്‍ ത്വലാഖിന് മുമ്പായി നടക്കേണ്ട നടപടിക്രമങ്ങള്‍ അവയില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കണം.

ദൂത് മുഖേനയും വിവാഹമോചനം ചെയ്യാം ഇവിടെ ദൂതന്‍ ഭര്‍ത്താവിന്റെ പ്രതിനിധിയുടെ സ്ഥാനം വഹിക്കും. ത്വലാഖിന് സാക്ഷിവേണമെന്നില്ല എന്നാണ് സുന്നീ വീക്ഷണം. പുരുഷന്റെ അവകാശമായ ത്വലാഖ് കൈകാര്യംചെയ്യുന്നതിന് അയാള്‍ക്ക് തെളിവ് ആവശ്യമില്ല എന്നതാണ് ന്യായം. എന്നാല്‍ ഇമാമിയ്യ ശീഈകള്‍ ത്വലാഖ് സാധുവാകാന്‍ സാക്ഷ്യം അനിവാര്യമാണെന്ന പക്ഷക്കാരാണ്. ‘നിങ്ങളില്‍ നീതിമാന്‍മാരായ രണ്ടുപേരെ അതിനു സാക്ഷികളാക്കുക. ”സാക്ഷികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നേരാംവിധം സാക്ഷ്യം വഹിക്കുക.”(ത്വലാഖ് 2) എന്ന ഖുര്‍ആന്‍സൂക്തമാണ് അവരുടെ പ്രമാണം. പോലീസിന് സാക്ഷിയുണ്ടായിരിക്കുക നിര്‍ബന്ധമാണെന്നും സാക്ഷിയില്ലാത്ത ത്വലാഖ് ത്വലാഖാവുകയില്ലെന്നും അഭിപ്രായപ്പെട്ട അനേകം സ്വഹാബികളുണ്ട്. അലി, ഇംറാന്‍ ഇബ്‌നു ഹുസൈന്‍ എന്നിവര്‍ ഇവരില്‍ പെടും. ഇമാം മുഹമ്മദുല്‍ ബാഖിര്‍, ജഅ്ഫറുബ്‌നു സ്സാദിഖ്, നബികുടുംബത്തിലെ മറ്റുഇമാമുമാര്‍, അത്വാഅ് ഇബ്‌നു ബുറൈജ്, ഇബ്‌നു സീരീന്‍ മുതലായവരും ഇതേ അഭിപ്രായക്കാരാണ്.

ഒരു സംഗതി പ്രവര്‍ത്തിക്കാനോ ഉപേക്ഷിക്കാനോ ഉള്ള പ്രേരണ ഉദ്ദേശിച്ചുകൊണ്ടുള്ള സോപാധിക ത്വലാഖ് സാധുവാകുകയില്ല.
ത്വലാഖ് രണ്ടുവിധമുണ്ട്: സുന്നത്തായതും ബിദ്അത്തായതും. ശരീഅത്ത് നിശ്ചയിച്ച വിവാഹമോചനക്രമമാണ് സുന്നത്തായ ത്വലാഖ്. ആര്‍ത്തവം , പ്രസവം എന്നിവയില്‍നിന്ന് ശുദ്ധിയായശേഷം ഭര്‍ത്താവുമായി ഇണചേര്‍ന്നിട്ടില്ലാത്ത അവസരമാണ് ത്വലാഖിന് പറ്റിയ സന്ദര്‍ഭം. ഇത്തരം ത്വലാഖ് സുന്നത്തായ ത്വലാഖാണ്. ശരീഅത്ത് അനുവദിച്ച വിവാഹമോചനത്തിന് വിരുദ്ധമായത് ‘ബിദ്അത്ത്’ ആയ ത്വലാഖാണ്. ഒറ്റവാക്കില്‍ മൂന്നുത്വലാഖുംചൊല്ലുക, ഒരേഇരിപ്പില്‍ മൂന്നുത്വലാഖും വെവ്വേറെ ചൊല്ലുക, ആര്‍ത്തവകാലം, പ്രസവകാലം , ഇണചേരല്‍ നടന്ന ശുദ്ധിവേള എന്നിവയില്‍ ത്വലാഖ് ചൊല്ലുക മുതലായവ ഉദാഹണം. ഇത്തരം ത്വലാഖുകള്‍ ഹറാമാണ്. അവയിലൂടെ വിവാഹബന്ധം വേര്‍പെടുകയില്ല.

ഗര്‍ഭിണിയെ ത്വലാഖ് ചെയ്യാം. മൂന്നുത്വലാഖും ഒന്നിച്ചുചൊല്ലിയാല്‍ അവ ഒറ്റ ത്വലാഖായി പരിഗണിക്കും. നിശ്ശേഷവിവാഹമോചനവും (ത്വലാഖ് അല്‍ ബത്ത) ഒരു ത്വലാഖായാണ് പരിഗണിക്കുക. ത്വലാഖ് ഒന്നുകില്‍ ‘റജ്ഇ’യോ അല്ലെങ്കില്‍ ബാഇനോ ആയിരിക്കും. തിരിച്ചെടുക്കാന്‍ പാടില്ലാത്തത് ‘ബാഇന്‍’ . ഒരു പ്രാവശ്യംപോലും വിവാഹമോചനംചെയ്യപ്പെടാത്തവളോ ഒരു പ്രാവശ്യം മാത്രം വിവാഹമോചനംചെയ്യപ്പെട്ടവളോ ആയ സ്ത്രീയെ വീണ്ടും ത്വലാഖ് ചൊല്ലിയാല്‍ അത് ‘റജ്ഇ’യായ ത്വലാഖായി പരിഗണിക്കും. മൂന്നാമതും ത്വലാഖ് ചെയ്യപ്പെട്ടാല്‍ അത് ‘ബാഇനാ’യ ത്വലാഖാണ്. പിന്നെ തിരിച്ചെടുക്കാന്‍ സാധ്യമല്ല. ഖുര്‍ആന്‍ പറയുന്നു;’ ത്വലാഖ് രണ്ടുപ്രാവശ്യം. പിന്നെ മാന്യമായ നിലയില്‍ കൂടെനിര്‍ത്തുകയോ നല്ല നിലയില്‍ പിരിച്ചയക്കുകയോ ചെയ്യുക'(അല്‍ബഖറ 229).
മൂന്നാമതും ത്വലാഖ് ചെയ്താല്‍ മറ്റൊരു പുരുഷന്‍ അവളെ വിവാഹംചെയ്ത് ത്വലാഖ് ചൊല്ലുന്നതുവരെ അവള്‍ ആദ്യപുരുഷന് അപ്രാപ്യയായിരിക്കും. ഖുര്‍ആന്‍ പറയുന്നു:’അയാള്‍ അവളെ ത്വലാഖ് ചെയ്താല്‍ അനന്തരം അവള്‍ മറ്റൊരാളെ വിവാഹംചെയ്യുന്നതുവരെ അയാള്‍ക്ക് അവള്‍ അനുവദനീയമാവുകയില്ല.അങ്ങനെ അയാള്‍ അവളെ വിവാഹമോചനംനടത്തുകയാണെങ്കില്‍ മുന്‍ഭര്‍ത്താവിനും അവള്‍ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില്‍ വിരോധമില്ല (അല്‍ബഖറ 230).’

ഇണചേരുന്നതിനുമുമ്പ് ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ ഇദ്ദ ആചരിക്കേണ്ടതില്ല. ‘വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, പിന്നീട് അവരെ സ്പര്‍ശിക്കും മുമ്പായി വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിങ്ങള്‍ക്കായി ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്കില്ല'(അല്‍അഹ്‌സാബ് 49)എന്ന് ഖുര്‍ആന്‍ പറയുന്നു.

ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കി നടത്തിക്കുന്ന ത്വലാഖും ബാഇനായ ത്വലാഖാണ്. ഖുര്‍ആന്‍ പറയുന്നു:’അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ പേടിക്കുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും നല്‍കി വിവാഹമോചനം നേടുന്ന 79 തില്‍ ഇരുവര്‍ക്കും കുറ്റമില്ല'(അല്‍ബഖറ 229).

റജ്ഇയായ ത്വലാഖ് ചൊല്ലിയ ഭാര്യയുമായി ഇദ്ദകാലം കഴിയുന്നതുവരെ ഭര്‍ത്താവിന് ലൈംഗികബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഈ ഘട്ടത്തില്‍ ദമ്പതികളിലൊരാള്‍ മരണപ്പെട്ടാല്‍ മറ്റെയാള്‍ക്ക് അനന്തരാവകാശം ലഭിക്കും. ഇദ്ദകാലത്ത് ഭാര്യക്ക് ജീവനാംശം നല്‍കുകയുംവേണം. ഇദ്ദ കഴിയുന്നതിനുമുമ്പ് ഭര്‍ത്താവ് അവളെ തിരിച്ചെടുത്തില്ലെങ്കില്‍ ആ വിവാഹബന്ധം വേര്‍പെടും. ഇദ്ദയില്‍ ഭാര്യയെ ഭര്‍ത്താവിന് മടക്കിയെടുക്കാം. മടക്കിയെടുക്കുന്നതിന് സാക്ഷി വേണമെന്നില്ല.

മടക്കിയെടുക്കുന്നത് വാമൊഴിയായി സാധുവാകും. ഉദാഹരണത്തിന് ഭര്‍ത്താവ് പറയുന്നു:’നിന്നെ ഞാന്‍ മടക്കിയെടുത്തിരിക്കുന്നു.’ ശാരീരികബന്ധം , ശൃംഗാരം, ചുംബനം മുതലായ കര്‍മരൂപേണയും മടക്കിയെടുക്കല്‍ നടത്താം. ഇമാം ശാഫിഈയുടെ വീക്ഷണത്തില്‍ കഴിവുള്ളവന്‍ സ്പഷ്ടമായ വാക്കുമുഖേന മടക്കിയെടുക്കണം. ‘ത്വലാഖ് നികാഹിനെ നീക്കിക്കളയുന്നു’ എന്നാണ് ശാഫിഈയുടെ ന്യായം.
ഇബ്‌നുഹസം പറഞ്ഞു:’അവളെ സംഭോഗംചെയ്താല്‍ അതുകൊണ്ട് മാത്രം അവന്‍ അവളെ മടക്കിയെടുത്തവനാകുന്നില്ല. മടക്കിയെടുക്കുന്നു എന്ന് മൊഴിയുകയും സാക്ഷ്യപ്പെടുത്തുകയും ഇദ്ദ കഴിയുംമുമ്പ് അവളെ അതറിയിക്കുകയും ചെയ്താലല്ലാതെ. മടക്കിയെടുക്കുകയും അത് സാക്ഷ്യപ്പെടുത്താതിരിക്കുകയും ചെയ്താല്‍ അതും മടക്കിയെടുക്കലാവില്ല. എന്തുകൊണ്ടെന്നാല്‍ ഖുര്‍ആന്‍ പറയുന്നു.’വരുടെ ഇദ്ദാ കാലാവധി എത്തിയാല്‍ നല്ല നിലയില്‍ അവരെ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുക. നിങ്ങളില്‍ നീതിമാന്‍മാരായ രണ്ടുപേരെ അതിനു സാക്ഷികളാക്കുക'(അത്ത്വലാഖ് 2).
റജ്ഇയായ ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കേണ്ടത്. അവളുടെ ചെലവ് ഭര്‍ത്താവ് വഹിക്കണം. അവളുമായി സംസാരിക്കുന്നതിനോ അവള്‍ ഭര്‍ത്താവിന് ആകര്‍ഷകമാംവിധം ഒരുങ്ങുന്നതിനോ വിലക്കില്ല. സമ്മതംചോദിച്ച ശേഷമേ ഭര്‍ത്താവ് അവളുടെ മുറിയില്‍ പ്രവേശിക്കാവൂ.

About the author

padasalaadmin

Add Comment

Click here to post a comment

Topics