അനുഷ്ഠാനം-ലേഖനങ്ങള്‍

നോമ്പനുഷ്ഠിച്ചും കഠിനാധ്വാനം

കെനിയയിലെ മുംബാസാ തുറമുഖത്ത് കയറ്റിറക്ക് തൊഴിലാളിയാണ് ഹാമിസി ബിന്‍ ഉമര്‍. അമ്പതുകിലോ തൂക്കമുള്ള ചുരുങ്ങിയത് 500 ചാക്കുകളെങ്കിലും അദ്ദേഹം ദിനേന ചുമലിലേറ്റാറുണ്ട്. ഈ റമദാനിലും അദ്ദേഹം നോമ്പനുഷ്ഠിച്ചുകൊണ്ടുതന്നെ കഠിനാധ്വാനംചെയ്യുന്നു. അഞ്ചുപേരുടെ ദൈനംദിനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് ഹാമിസിയുടെ അധ്വാനഫലമായാണ്.

പണിയേറുന്ന സമയത്ത് ചിലപ്പോള്‍ ഹാമിസി നോമ്പ് മുറിക്കും. നിര്‍ജലീകരണത്തെത്തുടര്‍ന്ന് തലവേദനയും തലകറക്കവും ഉണ്ടാകുമ്പോഴാണ് അത് അനിവാര്യമാകുക എന്ന് മാത്രം. ഹാമിസിക്ക് അഞ്ചംഗങ്ങളടങ്ങിയ കുടുംബവുമുണ്ട്. അതിനാല്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാനാവില്ല. എന്നാല്‍ ജോലിയുടെ പേരുപറഞ്ഞ് നോമ്പുപേക്ഷിക്കാനുമാകില്ല.

കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന ഘട്ടങ്ങളില്‍ ശരീരം സ്വീകരിക്കുന്ന ആന്തരികപ്രവര്‍ത്തനങ്ങളാണ് പട്ടിണിവേളയിലും ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന ഉപവാസത്തെത്തുടര്‍ന്നുണ്ടാകുന്ന ദാഹവും വിശപ്പും അതിജീവിക്കാന്‍ ശരീരത്തിലെ ജൈവപ്രക്രിയകള്‍ സഹായിക്കുന്നു. ശരീരത്തിലെ ഗ്ലൂക്കഗോണ്‍ എന്ന ഹോര്‍മോണ്‍ ഗ്ലൈക്കോജനെ തിരിച്ച് ഗ്ലൂക്കോസാക്കി മാറ്റുന്നതാണ് പ്രസ്തുത പ്രക്രിയ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോള്‍ കരളില്‍ സംഭരിച്ചുവെച്ചിട്ടുള്ള ഗ്ലൈക്കോജനെ ആവശ്യാനുസരണം തിരികെ ഗ്ലൂക്കോസാക്കി മാറ്റുകയാണ് പാന്‍ക്രിയാസ് ഗ്രന്ഥിയില്‍നിന്ന് സ്രവിക്കുന്ന ഗ്ലൂക്കഗോണ്‍ ചെയ്യുന്നത്.

ഐക്യരാഷ്ട്രസഭയുടെ കീഴിലെ ഫുഡ് & അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം ശരാശരി മനുഷ്യന് ദിനേന 1800 കിലോകലോറി ഊര്‍ജം ആവശ്യമാണ്. ഭാരംചുമക്കല്‍, വാര്‍ക്കപ്പണി തുടങ്ങി കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് 6000 കിലോകലോറി ഊര്‍ജം വേണ്ടിവരും. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂട്ടുക എന്നതിനുപകരം കലോറിമൂല്യം കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് പരിഹാരം.

ശാരീരികവും മാനസികവുമായി ആരോഗ്യവാനായിരിക്കുകയാണ് റമദാനിലും കഠിനാധ്വാനത്തിനുള്ള രക്ഷാമാര്‍ഗം. നബി(സ)തിരുമേനിയും അനുയായികളും അങ്ങേയറ്റം പ്രയാസപ്പെട്ട ബദ്ര്‍ യുദ്ധവും മക്കാവിജയവും ഉണ്ടായത് റമദാനിലാണല്ലോ. 1973 ലുണ്ടായ ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ നോമ്പനുഷ്ഠിച്ചിരുന്ന ഈജിപ്ഷ്യന്‍ സൈനികര്‍ വിജയം വരിക്കുകയുണ്ടായി. ഇതെല്ലാം തെളിയിക്കുന്നത് എത്ര ക്ലേശകരമായ പ്രവൃത്തിയില്‍ പോലും മതിയായ ഊര്‍ജം പ്രദാനംചെയ്യുമാറ് ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ കഠിനാധ്വാനം വേണ്ടിവരുന്ന കായികജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നോമ്പുപേക്ഷിക്കേണ്ട നിര്‍ബന്ധിത സാഹചര്യം എപ്പോഴും ഉണ്ടാകുന്നില്ല.

Topics