നക്ഷത്രങ്ങളാണ് കുട്ടികള്‍ -13
മുതിര്‍ന്ന പ്രായത്തിലേക്കുള്ള താക്കോലാണ് കുട്ടിക്കാലമെന്നത് സര്‍വാംഗീകൃതമായ ഒരാശയമാണ്.കുട്ടിക്കാലത്ത് ആഴത്തില്‍ പതിയുന്ന അനുഭവ മുദ്രകള്‍ ജീവിതാന്ത്യം വരെ അവശേഷിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിഖ്യാത അമേരിക്കന്‍ കനേഡിയന്‍ ന്യൂറോ സര്‍ജനായ ഡോ. വില്‍ഡര്‍ ഗ്രേവ്‌സ് പെന്‍ഫീല്‍ഡ് (Wilder Graves Penfield 1891-1976 )തലച്ചോര്‍ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്ന ഏതാനും രോഗികളില്‍ പഠനം നടത്തിയിരുന്നു. കുട്ടിക്കാലത്ത് കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും തലച്ചോറില്‍ മുദ്രിതമാകുന്നു എന്നും പ്രസ്തുത മുദ്രകള്‍ പില്‍ക്കാല ജീവിതത്തിലുടനീളം നിര്‍ണായക സ്വാധീനം ചെലുത്തുന്നു എന്നും ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡോ.പെന്‍ഫീല്‍ഡ് അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍,വിവേചിക്കാനോ, പ്രതിരോധിക്കാനോ കഴിയാത്തതു കൊണ്ട് നിസ്സാരമായ തിരിച്ചടികള്‍ പോലും അവരെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം തെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ഥിച്ചു. അതു കൊണ്ട് ധനാത്മകമായ ഒരു ജീവിത പരിസരം ഒരോ കുട്ടിക്കും കിട്ടേണ്ടതുണ്ട്.ശിശു സ്വഭാവത്തെക്കുറിച്ച ധാരണ യുള്ളവര്‍ക്ക് ഇക്കാര്യം കൂടുതല്‍ ഗൗരവത്തില്‍ ബോധ്യപ്പെടും.ഒരു കുട്ടി ഭാവിയില്‍ ആരാകും, എന്താകും എന്ന് തീരുമാനിക്കുന്നത് അവന്റെ/ അവളുടെ കുട്ടിക്കാലമാണ് എന്നതിന് അടിവരയിടുന്ന എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്ന് ഉദ്ധരിക്കാന്‍ കഴിയും.
അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജീവചരിത്രം വായിച്ചവര്‍ക്കും പഠിച്ചവര്‍ക്കും ഒരു കാര്യം മനസിലാകും, ഹിറ്റ്‌ലറെ ഭീകരനും ക്രൂരനുമാക്കിയത് അദ്ദേഹത്തിന്റെ കുട്ടിക്കാലമായിരുന്നു എന്ന്. അച്ഛന് പരിചാരികയില്‍ ജനിച്ച കുട്ടിയാണ് ഹിറ്റ്‌ലര്‍. അഞ്ച് വയസ്സുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ചു പോയി. കൂനിയും മനോരോഗിയുമായ അമ്മൂമ്മയാണ് കൂട്ടിന് പലപ്പോഴുമുണ്ടായിരുന്നത്. പട്ടാളക്കാരനായ അച്ഛന്‍ അങ്ങേയറ്റം പ്രാകൃതമായിട്ടാണ് കുട്ടിക്കാലത്ത് ഹിറ്റ്‌ലറോട് പെരുമാറിയത്.സ്‌നേഹമോ വാല്‍സല്യമോ അനുഭവിക്കാനുള്ള ഭാഗ്യം കുട്ടിയായിരുന്നപ്പോള്‍ ഹിറ്റ്‌ലറിന് കിട്ടിയില്ല. കൈവിരലുകള്‍ വായില്‍ തിരുകി വിസിലടിച്ച് പട്ടിയെ വിളിക്കുമ്പോലെയായിരുന്നു അച്ഛന്‍ വിളിച്ചിരുന്നത്.
ഒരിക്കല്‍ ക്‌ളാസില്‍ കയറാതിരുന്നതിന് മരത്തോട് ചേര്‍ത്ത് വരിഞ്ഞു കെട്ടി ബോധം കെടുന്നത് വരെ പൊതിരെ തല്ലി. കാലില്‍ വീണ് കേഴുകയും തറയില്‍ കിടന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നതുവരെ മര്‍ദ്ദനം തുടര്‍ന്നു. അമ്മൂമ്മയുടെ ഭയപ്പെടുത്തുന്ന കൂനും അസ്വാഭാവികമായ പെരുമാറ്റങ്ങളും ആ കൊച്ചു മനസ്സിനെ വേറൊരു രീതിയിലും പീഡിപ്പിക്കുന്നുണ്ടായിരുന്നു.
അങ്ങനെ ചെറുപ്പത്തിലേ, അച്ഛനോടുള്ള ഒടുങ്ങാത്ത പകയും വെറുപ്പും ഹിറ്റ്‌ലറില്‍ ഒരു തരം ക്രൗര്യ ഭാവത്തോടെ വളര്‍ന്നുവന്നു. പഠനത്തില്‍ ഉഴപ്പി. ചിത്ര രചനയോടുണ്ടായിരുന്ന കമ്പം പോലും അകാലത്തില്‍ പൊലിഞ്ഞു. ഒടുവില്‍ സംഭവിക്കേണ്ടത് സംഭവിച്ചു. ഹിറ്റ്‌ലര്‍, കുപ്രസിദ്ധനായ ഹിറ്റ്‌ലറായി. വംശവെറിയനായി. ജൂതരുടെ അന്തകനായി.ഏകാധിപതിയായി. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാഫി നെ പ്രസിദ്ധ അമേരിക്കന്‍ നിരൂപകന്‍ നോര്‍മന്‍ കസിന്‍സ് വിശേഷിപ്പിക്കുന്നത് നോക്കു. ‘.. ഓരോ വാക്കിലും നഷ്ടമായത് 12 ജീവിതങ്ങള്‍. ഓരോ പേജും ബാക്കി വെച്ചത് 47,000 മരണങ്ങള്‍.ഓരോ അധ്യായവും ഹോമിച്ചത് 1,200,000 മനുഷ്യാത്മാക്കള്‍…’
അഭിശപ്തമായ കുട്ടിക്കാലം അഭിശപ്തരായ വ്യക്തികള്‍ക്ക് ജന്‍മം നല്‍കുന്നുവെങ്കില്‍ അനുഗൃഹീത കുട്ടിക്കാലം സൗഭാഗ്യവാന്‍മാര്‍ക്ക് പിറവി നല്‍കുന്നു എന്നും നാം തിരിച്ചറിയണം. പണ്ടുകാലത്ത് അവിവേകം കൊണ്ടോ, അജ്ഞത മൂലമോ രക്ഷിതാക്കള്‍ കുട്ടികളോട് അഹിതകരമായി പെരുമാറിയിട്ടുണ്ടാകാം. പക്ഷേ, ഇന്ന് കാലം മാറി. സ്ഥിതിഗതികള്‍ അപ്പാടെ മാറിമറിഞ്ഞു. ഫലപ്രദ രക്ഷാ കര്‍തൃത്വത്തിന്റെ നുതന തന്ത്രങ്ങളെല്ലാം നമ്മുടെ മുന്നിലുണ്ട്. കുട്ടികളെ നന്നായി എങ്ങനെ വളര്‍ത്താം, സല്‍സ്വഭാവികളാക്കാം, അവരുടെ ഉയര്‍ച്ചയുടെ വഴികള്‍ എങ്ങനെ ആസൂത്രണം ചെയ്യാം
ഇതൊന്നും ആര്‍ക്കും അജ്ഞാതമായ കാര്യങ്ങളല്ല. ശാസ്ത്രീയമായി കുട്ടികളോട് പെരുമാറുക എന്നതാണ് പ്രധാനം.തരളിത ഹൃദയരാണ് കുട്ടികള്‍. പെട്ടെന്നാവും വികാരങ്ങള്‍ അവരെ കീഴ്‌പ്പെടുത്തുന്നത്.
അതുകൊണ്ട്, രക്ഷാകര്‍തൃത്വത്തിന്റ ശരിതെറ്റുകള്‍ ശ്രദ്ധിക്കണം. ശരികളില്‍ നിന്ന് കൂടുതല്‍ ശരികളിലേക്കായിരിക്കണം നമ്മുടെ യാത്ര.
കൊച്ചുന്നാളിലെ അച്ചടക്കരാഹിത്യം കുട്ടികളെ ഒരു തരം വിസ്മൃതാവസ്ഥയിലേക്ക് (absenteeism) തള്ളിവിടാറുണ്ട്. മോശമായ കുട്ടുകെട്ട്, ദുരനുഭവങ്ങള്‍, അതിരുവിട്ട ഫിലിംത്വര, മടുപ്പിക്കുന്ന വിദ്യാലയ ജീവിതം തുടങ്ങിയവ അച്ചടക്ക രാഹിത്യത്തിനും അതുവഴിയുള്ള വിസ്മൃതാവസ്ഥക്കും കാരണമാകാറുണ്ട്.വിദ്യാലയാനുഭവങ്ങള്‍ സാധ്യമായത്ര ശിശു സൗഹൃദ പൂര്‍ണമാകുന്നതോടെ പഠന പ്രക്രിയയില്‍ കുട്ടികളെ സജീവമാക്കി നിര്‍ത്താനും തദ്വാരാ, അച്ചടക്ക രാഹിത്യത്തെ പ്രതിരോധിക്കാനും കഴിയും. അദ്ധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്ത് നീങ്ങേണ്ട മേഖലയാണിത്(തുടരും).
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
Add Comment