Dr. Alwaye Column

ആഗ്രഹമുണ്ടാക്കലും ജാഗ്രതപ്പെടുത്തലും

അഭിസംബോധിതരില്‍ ആഗ്രഹമുണ്ടാക്കാനും ഭീതിജനിപ്പിക്കാനും സഹായകമായ രീതിശാസ്ത്രം പ്രബോധകന്‍മാര്‍ പിന്തുടരേണ്ടതുണ്ട്. അത്തരമൊരു രീതിശാസ്ത്രത്തെ കയ്യൊഴിയുന്ന സമീപനം സ്വീകരിക്കാനേ പാടില്ല. ഖുര്‍ആനികസൂക്തങ്ങളും പ്രവാചകവചനങ്ങളും ഈ രീതിശാസ്ത്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. എന്നും എവിടെയും ദൈവദൂതന്‍മാര്‍ അവലംബിച്ചുപോന്ന രീതിശാസ്ത്രവും ഇതാണ്. പ്രബോധകനോട് പ്രതികരിക്കാന്‍ പ്രബോധിതനില്‍ സന്നദ്ധതയുണ്ടാക്കുക, സത്യം ഉള്‍ക്കൊള്ളാനും അതിലുറച്ചുനില്‍ക്കാനുമുള്ള വാഞ്ച ജനിപ്പിക്കുക എന്നതാണ് ആഗ്രഹമുണ്ടാക്കുക (തര്‍ഗീബ്) എന്നതുകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ പ്രബോധകനോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതിന്റെ ഭവിഷ്യത്ത് ബോധ്യപ്പെടുത്തലും സത്യത്തെ തിരസ്‌കരിക്കുന്നതിന്റെ അപകടം കരുതിയിരിക്കാന്‍ ജാഗ്രതപ്പെടുത്തലുമാണ് ഭീതിജനിപ്പിക്കല്‍ (തര്‍ഹീബ്) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇവ രണ്ടിനെ സംബന്ധിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ധാരാളമുണ്ട്. അല്ലാഹുവിന്റെ പ്രീതിയും കാരുണ്യവും നേടിയെടുക്കുന്നതിലും അന്ത്യനാളില്‍ അര്‍ഹമായ പ്രതിഫലം സമ്പാദിക്കുന്നതിലും താല്‍പര്യമുണ്ടാക്കലാണ് തര്‍ഹീബിന്റെ അടിസ്ഥാനമെങ്കില്‍ ദൈവികകോപത്തെയും പാരത്രികശിക്ഷയെയും ഭയപ്പെടാനുള്ള മനസ്സുണ്ടാക്കുകയാണ് തര്‍ഹീബിന്റെ അടിസ്ഥാനം. നൂഹ് (അ) ചരിത്രവുമായി ബന്ധപ്പെടുത്തി ഖുര്‍ആനില്‍ വന്നൊരു നിരീക്ഷണം ഇവിടെ അനുസ്മരിക്കാം. ‘നൂഹിനെ നാം അവന്റെ നാട്ടുകാരുടെയടുത്തേക്ക് ദൈവദൂതനായി അയച്ചു. വേദനിപ്പിക്കുന്ന ശിക്ഷ വന്നെത്തുന്നതിന് മുമ്പ് നീ നിന്റെ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുക. നൂഹ് പറഞ്ഞു:’എന്റെ നാട്ടുകാരേ, നിങ്ങളിലേക്ക് ദൈവം അയച്ചിട്ടുള്ള വ്യക്തമായ മുന്നറിയിപ്പുകാരനാണ് ഞാന്‍. അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക. അവന്റെ നിയമങ്ങളനുസരിച്ച് സൂക്ഷ്മത പാലിച്ച് ജീവിക്കുക. എന്നെ അനുസരിക്കുകയുംചെയ്യുക. നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും .ഒരു നിശ്ചിതകാലം വരെ നിങ്ങള്‍ക്കവന്‍ ആയുസ്സ് പിന്തിപ്പിച്ചുതരികയും ചെയ്യും. അല്ലാഹു നിശ്ചയിച്ചിട്ടുള്ള ആയുസ്സ് എത്തിക്കഴിഞ്ഞാല്‍ പിന്നെയത് പിന്തിക്കപ്പെടുകയില്ല. വിവരമുള്ളവരാണെങ്കില്‍ നിങ്ങളിക്കാര്യം മനസ്സിലാക്കുക’ (നൂഹ് 1-4).

ഖുര്‍ആനില്‍ ഇപ്രകാരം കാണാം:’വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ അല്ലാഹു താഴെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കും. നിഷേധികളാകട്ടെ വിനോദങ്ങളിലഭിരമിക്കുകയും കാലികള്‍ തിന്നുനടക്കുന്നതുപോലെ തിന്നുനടക്കുകയുമാണ്. നരകമാണ് അവരുടെ സങ്കേതം'(മുഹമ്മദ് 12). താനുമായി ഉടമ്പടിയിലേര്‍പ്പെട്ട വിശ്വാസികള്‍ക്കും പ്രവാചകതിരുമേനി വാഗ്ദത്തം ചെയ്തത് സ്വര്‍ഗമായിരുന്നു. ഒന്നാം അഖബാ ഉടമ്പടിയിലേര്‍പ്പെട്ടപ്പോള്‍ ദൈവദൂതന്‍ അനുചരന്‍മാരോട് ഇങ്ങനെ പറഞ്ഞു: ‘ഉടമ്പടി നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കും’. ഇസ്‌ലാം ആശ്ലേഷിച്ചതിനെ തുടര്‍ന്ന് ഭീകരമായ മര്‍ദ്ദനത്തിനിരയാകേണ്ടി വന്ന യാസിര്‍ കുടുംബത്തിനരികിലൂടെ കടന്നുപോയപ്പോള്‍ പ്രവാചകതിരുമേനി അവരെ ആശ്വസിപ്പിച്ചു:’യാസിറിന്റെ കുടുംബമേ , ക്ഷമിക്കുക. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് സ്വര്‍ഗമാണ്’.
തര്‍ഗീബിന്റെയും തര്‍ഹീബിന്റെയും മറ്റുചില ശൈലികള്‍ കൂടിയുണ്ട്. അല്ലാഹുവിന്റെ കല്‍പനകള്‍ യഥാവിധി അനുസരിച്ച് ജീവിച്ചാല്‍ ഐഹികജീവിതത്തില്‍ ലഭിക്കാനിരിക്കുന്ന നന്‍മ, സമാധാനം, നിര്‍ഭയത്വം എന്നിവയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക അല്ലാഹുവിനെ ധിക്കരിച്ചാണ് ജീവിക്കുന്നതെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരിതം, വിനാശം, കഷ്ടപ്പാട് എന്നിവയെക്കുറിച്ചും അതുപോലെ ബോധവത്കരിക്കേണ്ടതുണ്ട്. ജീവിതത്തില്‍ കാത്തിരിക്കുന്ന ദൈവികാനുഗ്രഹങ്ങളെ ക്കുറിച്ച് അനുസ്മരിപ്പിക്കുക വഴി പ്രബോധിതര്‍ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കാന്‍ മുന്നോട്ടുവന്നേക്കും. നിഷേധികളായി ജീവിച്ചാല്‍ ദൈവികാനുഗ്രഹങ്ങള്‍ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും കൊടുക്കണം. അനുഗ്രഹങ്ങള്‍ നഷ്ടപ്പെടുന്നത് ഒരുതരം ദൈവികപ്രതികാരമാണ്.

വിഷയങ്ങളെ വലിപ്പച്ചെറുപ്പം നോക്കി ശ്രേണീകരിക്കുന്നതും കാര്യങ്ങളെ താരതമ്യം ചെയ്ത് അവതരിപ്പിക്കുന്നതും തര്‍ഗീബിന്റെയും തര്‍ഹീബിന്റെയും ശൈലികളില്‍ പ്രധാനപ്പെട്ടതാണ്. ഐഹികജീവിതത്തിന്റെ യാഥാര്‍ഥ്യം , മൂല്യം , പ്രാധാന്യം എന്നിവ വിശദീകരിക്കുമ്പോള്‍ അക്കാര്യങ്ങള്‍ പാര്ര്രതികജീവിതത്തിന്റെ അനശ്വരസൗഭാഗ്യങ്ങളുമായി ബന്ധിപ്പിച്ചവതരിപ്പിക്കുന്നതാവും ഉചിതം. ഒരിക്കലും ഐഹികജീവിതം ഉപേക്ഷിക്കാനോ അതില്‍നിന്ന് ഒളിച്ചോടാനോ പൊതുസമൂഹത്തോട് സത്യപ്രബോധകന്‍ പറയരുത്. കാരണം , മനുഷ്യന്‍ ജീവിക്കുന്നത് ദുനിയാവിലാണ്. അതിനെയവന്‍ പാരത്രികജീവിതത്തിന്‍െര കൃഷിയിടമാക്കുകയാണ് വേണ്ടത്. ദുനിയാവിന്‍െര സൗഭാഗ്യങ്ങളനുഭവിക്കാനും അതിനെ നല്ല വിഭവങ്ങള്‍ ആസ്വദിക്കാനുമുള്ള അവകാശം അവനുണ്ട്. പ്രലോഭനങ്ങളില്‍ കുടുങ്ങി വഞ്ചിതരാവാതിരിക്കാനും പരലോകത്തെ മറക്കാതിരിക്കാനുമുള്ള ജാഗ്രതയാണ് മനുഷ്യന് വേണ്ടത്.

ഇത് സംബന്ധിയായ കൃത്യമായ പരാമര്‍ശം ഖുര്‍ആനിലുണ്ട്:’ നിങ്ങള്‍ മനസ്സിലാക്കുക. ഐഹികജീവിതം കളിയും തമാശയും അലങ്കാരവും നിങ്ങള്‍ക്കിടയിലെ പ്രശംസനടിക്കലും സമ്പത്തിലും സന്താനങ്ങളിലുമുള്ള പൊങ്ങച്ചം പറയലുമൊക്കെയാണ്. ഒരുമഴപോലെ. മഴയില്‍ കുതിര്‍ന്ന് മുളച്ചുവന്ന സസ്യങ്ങള്‍ കര്‍ഷകനെ വിസ്മയിപ്പിച്ചു. പിന്നീടത് രൂപാന്തരപ്പെട്ട് മഞ്ഞനിറമുള്ളതായി. തുടര്‍ന്നത് വൈക്കോലായി മാറി. നിഷേധകള്‍ക്ക് പരലോകത്ത് കിട്ടാനിരിക്കുന്നത് കഠിനശിക്ഷയാകുന്നു. വിശ്വാസികള്‍ക്കാവട്ടെ അല്ലാഹുവില്‍നിന്നുള്ള പാപമോചനവും സംതൃപ്തിയും ലഭിക്കും. ഐഹികജീവിതം വഞ്ചനാത്മകമായ ചരക്കുകള്‍ മാത്രമാണ്'(അല്‍ഹദീദ്-20)
തര്‍ഗീബിനും തര്‍ഹീബിനും സന്ദര്‍ഭോചിതമായ ശൈലികളവലംബിക്കാന്‍ സത്യപ്രബോധകന് സാധിക്കണം. അതിനായി തന്റെ കൂര്‍മബുദ്ധിയും നയചാതുരിയും പ്രയോജനപ്പെടുത്തണം. ഓരോന്നിനുമുണ്ടല്ലോ ഒരു ശൈലി.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics