പണ്ട് ഒരു ഗുരുകുലത്തില്‍ ഗ്രാമീണരായ മൂന്ന് കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പഠനകാലത്തിന്റെ അവസാനദിവസമെത്തി. ഒടുവിലത്തെ പരീക്ഷയാകുന്നതും കാത്ത് അവര്‍ പ്രതീക്ഷയോടെ ഇരുന്നു. ഒടുവിലത്തെ പരീക്ഷ പിന്നീടൊരിക്കല്‍ നടക്കുമെന്നും കുട്ടികള്‍ക്ക് വീട്ടിലേക്ക് പോകാമെന്നും ഗുരു അറിയിച്ചു. പരീക്ഷകൂടി കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് കുട്ടികള്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഗുരു അതിനെ ഗൗനിച്ചില്ല. കുട്ടികള്‍ അവരുടെ പുസ്തകങ്ങളും വസ്ത്രങ്ങളും കിടക്കകളും പൊതിഞ്ഞുകെട്ടി ഗുരു സന്നിധിയിലെത്തി അവസാനത്തെ അനുഗ്രഹവും വാങ്ങി പടിയിറങ്ങി.
ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ കുട്ടികള്‍ തങ്ങളുടെ അവസാനപരീക്ഷയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. നേരം വൈകുന്നേരമായി. രാത്രിയാകുന്നതിനുമുമ്പേ, അവര്‍ക്ക് അടുത്ത ഗ്രാമത്തിലെത്തണം. കാട്ടിലൂടെ കടന്നുപോകുന്ന വഴി വളരെയേറെ ദുര്‍ഘടം നിറഞ്ഞതായിരുന്നു. നേരം ഇരുട്ടിത്തുടങ്ങി. വന്യമൃഗങ്ങളും ഹിംസ്ര ജന്തുക്കളും നിറഞ്ഞ കാടിന്റെ ഒരു ഭാഗത്ത് ഇടുങ്ങിയതും മുള്ളുനിറഞ്ഞതുമായ ഒരു വഴിയിലൂടെ അവര്‍ക്ക് കടന്നുപോകേണ്ടതുണ്ടായിരുന്നു.
കുട്ടികളില്‍ ഒരാള്‍ മുള്ളുനിറഞ്ഞ ഇടുങ്ങിയ വഴി എങ്ങനെയോ ചാടിക്കടന്നു. രണ്ടാമത്തെ കുട്ടി മറ്റൊരു വഴി തെരഞ്ഞെടുത്ത് അതിലൂടെ നടന്നു. മൂന്നാമനാവട്ടെ തന്റെ ഭാരങ്ങളെല്ലാം ഒരിടത്തിറക്കിവെച്ച് വഴിയിലെ മുള്ളുകള്‍ നീക്കംചെയ്യാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ മൂന്നാമനെ പരിഹസിച്ചു. ‘നിനക്ക് ഭ്രാന്ത് പിടിച്ചോ? ഇരുട്ട് കൂടിവരികയാണ്. മുള്ളു പെറുക്കിക്കൊണ്ടിരുന്നാല്‍ നമ്മള്‍ ഗ്രാമത്തിലെത്തില്ല. നീയെങ്ങനെയെങ്കിലും വഴി ചാടിക്കടന്ന് വേഗം വരൂ.’
പക്ഷേ, മൂന്നാമന്‍ കൂട്ടാക്കിയില്ല. പിന്നാലെ വരുന്നവര്‍ ഇരുട്ടില്‍ മുള്ളുകള്‍ കിടക്കുന്നതറിയാതെ വഴി നടക്കുകയും കാലില്‍ മുള്ളുതറച്ചു പ്രയാസപ്പെടുകയും ചെയ്യുമെന്ന് അവന്നറിയാമായിരുന്നു. അത്തരമൊരപകടം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട് അവരെ സഹായിക്കാതിരുന്നാല്‍ ഇതുവരെ നടത്തിയ വിദ്യാഭ്യാസത്തിന് യാതൊരര്‍ഥവുമുണ്ടാകില്ലെന്നും മൂന്നാമന്‍ മനസ്സിലാക്കിയിരുന്നു.
‘നിങ്ങള്‍ രണ്ടുപേരും പൊയ്‌ക്കൊള്ളൂ. ഞാനീ മുള്ളുകളെല്ലാം എടുത്തുകളഞ്ഞിട്ടേ വരുന്നുള്ളൂ’. മൂന്നാമന്‍ അതുംപറഞ്ഞു മുള്ളു നീക്കുന്ന പ്രവൃത്തി തുടര്‍ന്നു. അപ്പോഴാണ് കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഗുരു പുറത്തേക്ക് ചാടി വീണത്. ഇടുങ്ങിയ വഴിയില്‍ നിറയെ മുള്ളു നിറച്ചത് യഥാര്‍ഥത്തില്‍ ഗുരുവായിരുന്നു. അതുതന്നെയായിരുന്നു ഗുരു നടത്താനിരുന്ന ഒടുവിലത്തെ പരീക്ഷയും.വഴി ചാടിക്കടന്നുപോയ രണ്ടു കുട്ടികളെ നോക്കി ഗുരു പറഞ്ഞു: ‘ഒടുവിലത്തെ പരീക്ഷയില്‍ നിങ്ങള്‍ തോറ്റിരിക്കുന്നു. ഗുരുകുലത്തിലേക്ക് നിങ്ങള്‍ തിരിച്ചുപോവുക’.
മൂന്നാമത്തവനെ നോക്കി ഗുരു പ്രഖ്യാപിച്ചു:’ഒടുവിലത്തെ പരീക്ഷയില്‍ നീ വിജയിച്ചിരിക്കുന്നു. നിനക്ക് വീട്ടിലേക്ക് പോകാം.’
പരീക്ഷകളുടെ ഉഷ്ണകാലം ആരംഭിക്കാനിരിക്കുന്ന ഈ പശ്ചാത്തലത്തില്‍ ബോധപൂര്‍വം അനുസ്മരിച്ചതാണ് മുകളിലത്തെ കഥ. വര്‍ത്തമാനകാല വിദ്യാഭ്യാസത്തിന്റെ കുതിപ്പും കിതപ്പും വിലയിരുത്തുന്ന ഏതൊരാള്‍ക്കും ഇപ്പറഞ്ഞ കഥയില്‍ ഗൗരവതരമായ ഒരുപാട് കാര്യങ്ങള്‍ കണ്ടെത്താനാകും. നിത്യജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനല്ല ഇവയെ സമര്‍ഥമായി നേരിടാനുള്ള പ്രായോഗിക ബുദ്ധിയും ഇച്ഛാശക്തിയുമാണ് വിദ്യാഭ്യാസത്തിലൂടെ പഠിതാക്കള്‍ ആര്‍ജിക്കേണ്ടത് എന്ന് തിരിച്ചറിഞ്ഞ പഴയകാല ഗുരുക്കന്‍മാരുടെ ദീര്‍ഘദൃഷ്ടി ആധുനികഗുരുക്കന്‍മാര്‍ക്ക് നഷ്ടപ്പെടുന്ന ഇക്കാലത്ത് നടേ പറഞ്ഞ കഥയ്ക്ക് പ്രസക്തിയേറുന്നുണ്ട്.
നമ്മുടെ നാട്ടില്‍ പ്രീപ്രൈമറി മുതല്‍ യൂണിവേഴ്‌സിറ്റി തലംവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ജനുവരി മാസം പിറക്കുന്നതോടെ പരീക്ഷക്കുവേണ്ടിയുള്ള ഒരുക്കം ആരംഭിക്കുകയായി. പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പരീക്ഷയെത്തുന്നത് ഒരു മഹായുദ്ധത്തെ നേരിടുന്നതുപോലെയാണ്. പാഠ്യപദ്ധതികളും പഠനബോധനരീതികളും മുല്യനിര്‍ണയ സമ്പ്രദായങ്ങളുമൊക്കെ കാലോചിതമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് നാം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പഠനവും പരീക്ഷയും കുട്ടികള്‍ക്ക് പരീക്ഷണവും പീഡനവുമാവുകയാണോ എന്ന് പലവട്ടം ചിന്തിച്ചുപോകുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ നാട്ടില്‍ വിശേഷിച്ച് കേരളത്തിലുള്ളത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരീക്ഷാവിജയവും പഠനത്തിന്റെ ലക്ഷ്യം ഉയര്‍ന്ന സ്‌കോറിങും ഗ്രേഡിങും എന്നിടത്തേക്ക് കാര്യങ്ങള്‍ വഴിവിട്ടുപോയിരിക്കുന്നു.
സംസ്ഥാനം ഇതുവരെ കാണാത്ത ദൃശ്യങ്ങളാണ് സ്‌കൂള്‍ കലോത്സവങ്ങളില്‍ നാം കാണുന്നത്. ജില്ലകളില്‍നിന്ന് ആയിരത്തിലധികം അപ്പീലുകളുമായി വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ അവിടെയെത്തുന്നു. പതിനാല് ജില്ലകളില്‍നിന്നായി പതിനാല് കുട്ടികള്‍ പങ്കെടുക്കേണ്ട സ്ഥാനത്ത് അന്‍പത്തൊന്ന് കുട്ടികള്‍ വരെ പങ്കെടുക്കുന്ന മത്സരങ്ങളുമുണ്ട്. മേക്കപ്പ് ചെയ്ത വേഷത്തോടെയും ഉറക്കമിളച്ചതിന്റെ ക്ഷീണത്തോടെയും ദീര്‍ഘനേരം കാത്തിരിക്കേണ്ടിവന്നതിനാല്‍ മത്സരം നടന്നുകൊണ്ടിരിക്കെ കുട്ടികള്‍ കുഴഞ്ഞുവീഴുന്നതും ഒന്നാം സ്ഥാനം നേടാനുള്ള മത്സരവീറില്‍ കളിച്ചുകൊണ്ടിരിക്കെ ശരീരത്തില്‍ മുറിവുകളേറ്റ് ചോരയൊലിക്കുന്നതുമൊക്കെ നാം കാണുന്നു. കലോത്സവങ്ങള്‍ ചിലപ്പോഴെങ്കിലും കണ്ണീരുത്സവങ്ങളായി മാറ്റുന്നുണ്ടോ എന്ന ഭീതിയിലും ഉത്കണ്ഠയിലുമാണ് നാമിപ്പോഴുള്ളത്. പകയും അസൂയയും പൊങ്ങച്ചവും കോഴയും വാതുവെപ്പും ആരോപണവുമെല്ലാം കലോത്സവത്തിന്റെ നിറംകെടുത്തുന്ന അവസ്ഥവരെ എത്തിയിട്ടുണ്ട്. ക്ലാസ് മുറിയില്‍നിന്ന് കലോത്സവ വേദിയിലെത്തുമ്പോഴും എന്തിനിത്രവീറും വാശിയും എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ഒന്നേയുള്ളൂ. പരീക്ഷയിലേക്കൊരു നിക്ഷേപം ; ഗ്രേസ് മാര്‍ക്ക്.
ചുരുക്കത്തില്‍ വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും കേന്ദ്രബിന്ദു ‘പരീക്ഷ’യായി മാറിയിരിക്കുന്നു. അല്ലെങ്കില്‍ ‘പരീക്ഷ’യാക്കി നാമെല്ലാവരും വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ കുട്ടികള്‍ പരീക്ഷക്കുവേണ്ടി പഠിക്കുന്നവരും അധ്യാപകര്‍ പരീക്ഷക്കുവേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നവരും രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം മത്സരിക്കുന്നവരുമായിത്തീര്‍ന്നിരിക്കുന്നു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും ഗ്രേഡും റാങ്കും ലക്ഷ്യമായതോടെ പഠനമെന്നത് വിദ്യാര്‍ഥികള്‍ക്ക് മാനസിക പിരിമുറുക്കവും ഭയപ്പാടും സൃഷ്ടിക്കുന്ന സങ്കീര്‍ണമായൊരു പ്രക്രിയയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പഠനത്തില്‍ ശരാശരിക്ക് മുകളിലുള്ളവര്‍ മാര്‍ക്ക് കുറഞ്ഞുപോകുമോ എന്ന ഭീതിയിലാണുള്ളത് . പരീക്ഷയുടെ പൂര്‍വോത്തരനാളുകളില്‍ കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത മുതല്‍ അപ്രത്യക്ഷമാകല്‍ നാടകം വരെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
ഇവിടെയാണ് വിദ്യാഭ്യാസവും പഠനവും പരീക്ഷകള്‍ക്കും വിജയപരാജയങ്ങള്‍ക്കും വേണ്ടിയാണോ എന്ന ചോദ്യമുയരുന്നത്. മനോരോഗികള്‍ക്കും ആത്മഹത്യക്കാര്‍ക്കും ജന്‍മം നല്‍കാനാണോ നാമിങ്ങനെ കഷ്ടപ്പെട്ട് കുട്ടികളെ വിദ്യാലയങ്ങളിലേക്കയക്കുന്നത്. എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.
പരീക്ഷ എന്നത് കുട്ടികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാനേജ്‌മെന്റുകള്‍ക്കുമൊക്കെ അന്തസ്സിന്റെ പ്രശ്‌നമായിത്തീര്‍ന്നിട്ടുണ്ട്. അങ്ങനെയാണ് നൂറുമേനി ജ്വരം ചിലരുടെ തലക്കുപിടിച്ചിട്ടുള്ളത്. നൂറുമേനിയുടെ പേരില്‍ നിരവധികുട്ടികളെ പൊതുപരീക്ഷ എഴുതിക്കാതെ മാറ്റി നിര്‍ത്തുന്നതും പരീക്ഷ എഴുതുന്ന കുട്ടികളെ പരീക്ഷ തീരുന്നതുവരെ പഠിപ്പിച്ച് പഠിപ്പിച്ച് പതംവരുത്തുന്നതുമായ കൗതുകവിശേഷങ്ങളുമുണ്ട്. പരീക്ഷ കഴിയുന്ന ദിവസങ്ങളില്‍ കുട്ടികള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നതും പായസം കുടിച്ച് നൃത്തംചെയ്യുന്നതും കാണുമ്പോള്‍ നമുക്ക് ബോധ്യമാകും പരീക്ഷകളില്‍നിന്ന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കുട്ടികളനുഭവിക്കുന്ന സുഖാനന്ദത്തിന്റെ ആഴം.
ഇത്രയും പറഞ്ഞത് പരീക്ഷകളെ വിലകുറച്ച് കാണാനോ അതിന്റെ ഗൗരവം നിരാകരിക്കാനോ അല്ല. പഠനമുണ്ടെങ്കില്‍ പരീക്ഷയുമുണ്ടാവും, ഉണ്ടാകണം. പഠനം എന്ന ബൗദ്ധിക പ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്താനും ശാസ്ത്രീയമാക്കാനും ലക്ഷ്യബോധത്തോടെ അതിനെ സമീപിക്കാനും പഠിതാവിന്റെ മുന്നില്‍ ‘പരീക്ഷ’ എന്ന പ്രക്രിയ ആവശ്യമാണ്. അറിവുകളെ സ്വയം പരിശോധിക്കാനും കഴിവുകളെ സ്വന്തമായി മൂല്യനിര്‍ണയം നടത്താനും പഠനനേട്ടങ്ങളെ കൃത്യമായി നിര്‍ണയിക്കാനും പരീക്ഷ എന്ന സങ്കേതം ഏറെ സഹായകരമാണ്. മുന്നോട്ടുള്ള പഠനസഞ്ചാരത്തിലും ജ്ഞാനനിര്‍മിതിയിലും ‘ഓര്‍മശക്തി’ എന്ന യാഥാര്‍ഥ്യത്തിന്റെ ഉപയോഗത്തെ അടയാളപ്പെടുത്തുന്നതും പരീക്ഷയാണ്. ദൗര്‍ഭാഗ്യവശാല്‍ ഇപ്പറഞ്ഞതിനെയൊക്കെ അപ്രധാനമാക്കി പരീക്ഷ എന്നത് മാര്‍ക്കിന് വേണ്ടിയുള്ള യോദ്ധാക്കളായ പഠിതാക്കളുടെ ഒരു തരം പോരാട്ടമായി (War for score) വ്യാഖ്യാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
യഥാര്‍ഥത്തില്‍ വിദ്യാഭ്യാസത്തിന് പഠനത്തിനും പരീക്ഷകള്‍ക്കുമപ്പുറം ഉദാത്ത ലക്ഷ്യങ്ങളുണ്ട്. പഠിതാവിനെ ഭാവിജീവിതത്തിനുവേണ്ടി സജ്ജമാക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന വില്യം ജെയിംസിന്റെ നിരീക്ഷണത്തെ മുന്നില്‍വെച്ചുവേണം നമുക്കീ ലക്ഷ്യങ്ങളെ വിശകലനം ചെയ്യാന്‍ പുതിയ പുതിയ അറിവുകളും ആശയങ്ങളും നിര്‍മിച്ചെടുക്കാനും ആര്‍ജ്ജിച്ചെടുത്ത അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍മങ്ങളാവിഷ്‌കരിക്കാനും ജീവിച്ചിരിക്കുന്ന സാമൂഹികഘടനക്കകത്ത് ഒരു വ്യക്തി എന്ന നിലയില്‍ ഉത്തരവാദിത്വ ബോധത്തോടും പ്രതിബദ്ധതയോടും അന്തസ്സോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കാനുള്ള കഴിവ് നേടിയെടുക്കാനും മറ്റുള്ളവരില്‍നിന്ന് തന്റേതായ വ്യക്തിസവിശേഷതകളെയും വ്യതിരിക്തകളെയും തിരിച്ചറിഞ്ഞ് സ്വത്വ സാക്ഷാത്കാരം നേടാനും പഠിതാവിനെ പ്രാപ്തമാക്കാനായിരിക്കണം വിദ്യാഭ്യാസം എന്ന യുനെസ്‌കോയുടെ പ്രഖ്യാപനം വിദ്യാഭ്യാസത്തിന്റെ യാഥാര്‍ഥ്യങ്ങളെ കൃത്യമായി ആവിഷ്‌കരിക്കുന്നുണ്ട്.
തെറ്റില്ലാതെ എഴുതാനും കൂട്ടിവായിക്കാനും ഗണിതക്രിയകള്‍ ചെയ്യാനും കഴിഞ്ഞതുകൊണ്ടുമാത്രം മാന്യമായി ജീവിക്കാന്‍ ഈ സൈബര്‍ യുഗത്തില്‍ ഒരാള്‍ക്കും കഴിയില്ല എന്ന് സാമാന്യബോധമുള്ളവര്‍ക്കറിയാം. കാലത്തോടൊപ്പം സഞ്ചരിക്കാനും ലോകസാഹചര്യങ്ങളോട് സംവദിക്കാനും കഴിയാത്തവരുടെ നിലനില്‍പ് പോലും ഇന്ന് അപകടാവസ്ഥയിലാണ്. കാര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താനും ക്രിയാത്മകമായി ചിന്തിക്കാനും യുക്തിഭദ്രമായ തീരുമാനങ്ങളെടുക്കാനും നിത്യജീവിതത്തിലെ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും സമര്‍ഥമായി പരിഹരിക്കാനും കഴിയുംവിധം വൈജ്ഞാനികപിന്‍ബലവും അനുഭവസമ്പത്തും കര്‍മശേഷിയും പഠിതാക്കള്‍ക്ക് പ്രദാനംചെയ്യുന്ന പഠനപ്രക്രിയയാണ് വിദ്യാഭ്യാസ ചട്ടക്കൂടിനകത്ത് ഉറപ്പാക്കേണ്ടത്. പരീക്ഷകളെ മുന്നില്‍കണ്ട് പാഠപുസ്തകങ്ങളും ഗൈഡുകളും ആവര്‍ത്തിച്ച് വായിക്കുന്ന നമ്മുടെ കുട്ടികളില്‍ എത്രപേര്‍ക്കാണ് സര്‍ഗാത്മക വായനയും സാഹിത്യവായനയുമുള്ളതെന്ന് അന്വേഷിച്ചാല്‍ നിരാശപ്പെടേണ്ടിവരും. ശാസ്ത്രമേളകളില്‍ പങ്കെടുത്ത് ഗ്രേസ് മാര്‍ക്കൊപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ഇളം തലമുറയില്‍ എത്ര പേര്‍ക്കാണ് ജീവിതത്തില്‍ ശാസ്ത്രബോധവും ശാസ്ത്രാഭിമുഖ്യവും ശാസ്ത്രീയ മനോഭാവവും ഉള്ളത് എന്ന് അന്വേഷിക്കുമ്പോഴും പ്രോത്സാഹജനകമായിരിക്കില്ല നമുക്ക് കിട്ടുന്ന മറുപടി. പരസ്പരം പഴിപറഞ്ഞും ചളിവാരിയെറിഞ്ഞും വിമര്‍ശനമുന്നയിച്ചും പരിഹരിക്കാവുന്നതല്ല ഇപ്പറഞ്ഞതൊന്നും. വിദ്യാഭ്യാസത്തെ പുനര്‍നിര്‍ണയിച്ച് മാത്രമേ ഇത്യാദി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ.
എന്തിനാണ് കുട്ടിയെ പഠിക്കാനയക്കുന്നത് എന്ന ചോദ്യത്തിന് ഇക്കാലത്ത് ശരാശരി രക്ഷിതാവിന്റെ മറുപടിയെന്തായിരിക്കും? നല്ലൊരു ജോലി. സമൂഹത്തില്‍ മാന്യമായൊരു സ്ഥാനം. ഈയുത്തരത്തിനകത്ത് ഓരോ രക്ഷിതാവും തന്റെ കുട്ടിയുടെ ഭാവിയെക്കുറിച്ച് കാത്തുവെച്ചിട്ടുള്ള നിറമുള്ളൊരു സ്വപ്‌നത്തിന്റെ സാന്നിധ്യമുണ്ട്. പ്രത്യാശയുടെ സ്പര്‍ശമുണ്ട്. പ്രതീക്ഷയുടെ ഗന്ധമുണ്ട്. കുട്ടി നേടാനിരിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ ഭൗതികമാനദണ്ഡങ്ങളുപയോഗിച്ച് ദീര്‍ഘദര്‍ശനം നടത്തുകയാണ് ഓരോ രക്ഷിതാവും ചെയ്യുന്നത് . നിലവിലുള്ള ഒരു പൊതുബോധത്തെയും സാമൂഹികമനോഘടനയെയുമാണ് യഥാര്‍ഥത്തിലിവിടെ ഓരോ രക്ഷിതാവും പ്രതിനിധാനം ചെയ്യുന്നത്. അത്തരമൊരു രക്ഷാകര്‍തൃസമൂഹത്തെ തൃപ്തിപ്പെടുത്താന്‍ നിര്‍ബന്ധിതമാവുകയാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനവും എന്തിനധികം സര്‍ക്കാരുപോലും.
കുട്ടികളുടെ നൈസര്‍ഗിക ചോദനകളല്ല മുതിര്‍ന്നവരുടെ വരണ്ട ശാഠ്യങ്ങളാണ് പലപ്പോഴും വിദ്യാഭ്യാസ ലക്ഷ്യങ്ങളെ പിറകോട്ട് വലിക്കുന്നത്. അങ്ങനെ വരുമ്പോള്‍ പഠനവും പരീക്ഷയും കുട്ടികള്‍ക്ക് പീഡനമായിത്തീര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. മഹാനായ അലിയ്യുബ്‌നു അബീത്വാലിബിന്റെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമണ്: ‘നിങ്ങളുടെ അതേ സ്വഭാവവും ശൈലിയും നിങ്ങളുടെ കുട്ടികളില്‍ നിങ്ങള്‍ അടിച്ചേല്‍പിക്കരുത്. കാരണം , നിങ്ങളുടേതല്ലാത്ത ഒരു കാലത്ത് ജീവിക്കേണ്ടവരാണ് നിങ്ങളുടെ കുട്ടികള്‍’.
ലഭ്യമാണല്ലോ മാര്‍ഗം നിര്‍ണയിക്കുന്നത്. ലക്ഷ്യം പിഴച്ചാല്‍ മാര്‍ഗവും പിഴക്കുക സ്വാഭാവികം. പഠിക്കുന്നത് പരീക്ഷയ്ക്ക് എന്ന് വരുമ്പോള്‍ എങ്ങനെയെങ്കിലും പഠിക്കുക എങ്ങനെയെങ്കിലും മാര്‍ക്ക് നേടുക എന്നിടത്തേക്ക് പഠിതാവിന്റെ ചിന്ത മാറും. ഏത് വിധേനയും വിദ്യാര്‍ഥികളെ പരീക്ഷക്കൊരുക്കുക എന്നതാവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആലോചന. എന്തൊക്കെ സംഭവിച്ചാലും ദുരിതം വിദ്യാര്‍ഥികള്‍ക്ക് തന്നെ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്ലാറ്റോ പറഞ്ഞ ഒരു കാര്യമുണ്ട്: ‘കുട്ടികളെ പഠിക്കാന്‍ പരിശീലിപ്പിക്കുന്നത് ശക്തിയുടെയും കാര്‍ക്കശ്യത്തിന്റെയും ശൈലി സ്വീകരിച്ചുകൊണ്ടാകരുത്; മറിച്ച്, കൗതുകവും ആഹ്ലാദവും അവരുടെ മനസ്സുകളില്‍ സൃഷ്ടിച്ചുകൊണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പഠിതാക്കളില്‍ ഓരോരുത്തരിലുമുള്ള സവിശേഷമായ പ്രതിഭയെ കൃത്യമായി കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയൂ.’
പഠനം ഇന്നത്തേതുപോലെ ഒട്ടും സങ്കീര്‍ണമല്ലാതിരുന്ന കാലത്ത് പ്ലേറ്റോയെപ്പോലെയുള്ള ദാര്‍ശനികന്‍മാര്‍ എത്രമാത്രം വിദ്യാര്‍ഥി പക്ഷത്തുനിന്ന് ചിന്തിച്ചുവെന്ന് ഗൗരവത്തോടെ നാമാലോചിക്കണം.
Add Comment