നക്ഷത്രങ്ങളാണ് കുട്ടികള്‍ – 22
ഇപ്പോള്‍ , കാസര്‍കോട് ജില്ലയിലെ കുട്ടമത്ത് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്ന നേഹയെയും ഈ വര്‍ഷം പഌ്-ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ജയസൂര്യയെയും ഈ പംക്തിയില്‍ ഓര്‍ക്കാതെ പോകുന്നതും പരാമര്‍ശിക്കാതെ പോകുന്നതും ശരിയല്ലെന്ന് തോന്നുന്നു.. അവര്‍ രണ്ടു പേരും നമ്മള്‍ മുതിര്‍ന്നവരുടെയും അതുപോലെ തന്നെ പുതുതലമുറയുടെയും ചില ധാരണകളെ തിരുത്തുന്നു എന്ന് തോന്നിയതുകൊണ്ടാണിങ്ങനെ പറഞ്ഞത്. പഠന മികവ്, ബൗദ്ധിക ശേഷി, ജീവിത നൈപുണി, പ്രശ്‌ന പരിഹാര ശേഷി എന്നിവയെ സംബന്ധിച്ച് നാം രൂപപ്പെടുത്തി വെച്ചിട്ടുള്ള ചില ധാരണകള്‍ തിരുത്താന്‍ നേഹയും ജയസൂര്യയും നമ്മെ സഹായിക്കും.. കൈമാറ്റം ചെയ്യപ്പെട്ടു വന്ന ധാരണകള്‍ പലതും യുക്തിപരമായി വിശകലനം ചെയ്ത് നോക്കാതെ അന്ധമായി സ്വീകരിക്കുന്ന ഒരു കീഴ്‌വഴക്കം സമൂഹത്തിലുണ്ടല്ലൊ. ‘പരീക്ഷകളില്‍ ഉന്നതവിജയം നേടണമെങ്കില്‍ എപ്പോഴും പഠനം, പഠനം…. പരീക്ഷ, പരീക്ഷ .. എന്ന ചിന്തയും
കഠിനാധ്വാനവും വേണം. മറ്റൊരു കാര്യത്തിലും തലയിടരുത്. മല്‍സരപ്പരീക്ഷകളെ അതിജീവിക്കാന്‍ സാധിക്കണമെങ്കില്‍ അസാധാരണമായ ബുദ്ധി വൈഭവവും പഠനമിടുക്കും ഉണ്ടായിരിക്കണം’എന്നിത്യാദി കാര്യങ്ങള്‍ പരീക്ഷക്ക് മുമ്പ് സ്‌കൂളൂകള്‍ക്കകത്തും പുറത്തും നടക്കാറുള്ള പ്രചോദനാത്മക ശില്‍പശാലകളില്‍ കരിയര്‍ വിദഗ്ദന്മാര്‍അടിവരയിട്ടു കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
ജയസൂര്യ കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടൂ കൊമേഴ്‌സ് വിദ്യാര്‍ഥിയായിരുന്നു. തമിഴ്‌നാട്ടുകാരായ അച്ഛനുമമ്മയും പഴയ ഇരുമ്പ് പെറുക്കി ജീവിക്കുന്നവര്‍.താമസം വാടകവീട്ടില്‍. വാഹനാപകടത്തില്‍ സാരമായ പരിക്കേറ്റു അച്ഛന്‍ വര്‍ഷങ്ങളായി കിടപ്പിലാണ്. കുടുംബം പോറ്റാന്‍ അമ്മ മാത്രം കഷ്ടപ്പെട്ടതു കൊണ്ട് കാര്യമില്ലെന്ന് ജയസൂര്യക്ക് മനസ്സിലായി. അങ്ങനെയാണ് സ്‌കൂള്‍ പഠനത്തോടൊപ്പം അവന്‍ കെട്ടിട നിര്‍മാണ തൊഴിലിന് പോകാന്‍ തുടങ്ങിയത്. 1930 കളില്‍ മഹാത്മാഗാന്ധി , തന്റെ വിദ്യാഭ്യാസ ആശയങ്ങള്‍ പ്രചരിപ്പിച്ച കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ടല്ലോ: Earn while you learn( പഠനത്തോടൊപ്പം നീ സമ്പാദിക്കുക )ജയസൂര്യ സമ്പാദിക്കാനായിരുന്നില്ല പക്ഷേ, ജിവിക്കാനായിരുന്നു പണിയെടുക്കാന്‍ പോയത്.
പ്‌ളസ്ടു പരീക്ഷാഫലം വന്നപ്പോള്‍ സ്‌കൂളിനാഘോഷമായിരുന്നു. ജയസൂര്യക്ക് എല്ലാ വിഷയങ്ങള്‍ക്കും A+. ജീവിത വഴിയില്‍ വന്നുപെട്ട ഒരു പ്രതിസന്ധിയെ , ആര്‍ജവത്തോടെ, ഇച്ഛാശക്തിയോടെ ജയസൂര്യ നേരിട്ടു.പഠനവും പണിയും ഒരു പോലെ നെഞ്ചിലേറ്റി ആ കൗമാരക്കാരന്‍ അദ്ധ്യാപകരുടെ മുന്നിലും സമപ്രായക്കാര്‍ക്കിടയിലും മാതൃകയായി. ജീവിത പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച് സര്‍ഗാത്മകമായി ചിന്തിക്കുകയും ( Creative Thinking ) അവ പരിഹരിക്കുന്നതിന് യുക്തി പൂര്‍വ്വം ആലോചിച്ച് ( Logical Thinking) വ്യത്യസ്ത വഴികള്‍ തേടുകയുമായിരുന്നു ജയസൂര്യ. ആരെങ്കിലും പഠിപ്പിച്ചു കൊടുത്തതായിരുന്നില്ല, ജീവിതത്തില്‍ നിന്നും സ്വയം പഠിക്കുകയായിരുന്നു ആ വിദ്യാര്‍ഥി. തീര്‍ച്ചയായും ജയസൂര്യയുടെ A+ കള്‍ക്ക് മാറ്റ് കൂടുതലുണ്ട്.
കാസര്‍കോട് ചെറുവത്തൂരിലെ വിമുക്ത ഭടന്‍ പ്രകാശന്റെയും അദ്ധ്യാപികയായ ദീപയുടെയും മകളാണ് നേഹ. രണ്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് Osteoporosis എന്ന രോഗം പിടിപെട്ടു കിടപ്പിലായത്. പിന്നെ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. സമഗ്ര ശിക്ഷ കേരളയുടെ റിസോഴ്‌സ് അദ്ധ്യാപകര്‍ നേഹയെ വീട്ടില്‍ വന്ന് പഠനത്തിന് സഹായിച്ചു. ഇതിനിടയില്‍ നേഹക്ക് കാഴ്ച വൈകല്യവും നേരിട്ടു. ഇപ്പോള്‍ വെറും മൂന്നു ശതമാനം കാഴ്ച ശക്തിയേ അവള്‍ക്കുള്ളു. രോഗപീഢയും കാഴ്ച വൈകല്യവും പക്ഷേ, നേഹയുടെ പഠനാവേശത്തെ ഒട്ടും തളര്‍ത്തിയില്ല. ഇത്തവണത്തെ USS പരീക്ഷയില്‍ നേഹ വിജയമുത്തമിട്ടു. കവിത എഴുതുന്ന ശീലവും നേഹക്കുണ്ട്. കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.
നമുക്കും നമ്മുടെ കുട്ടികള്‍ക്കും നേഹയും ജയസൂര്യയും നല്ല ജീവിത പാഠങ്ങള്‍ പഠിപ്പിച്ചു തരുന്നു എന്ന് സൂചിപ്പിക്കാനാണ് അവരെ രണ്ടു പേരെയും ഇവിടെ പരാമര്‍ശിച്ചത്.
നമ്മുടെയെല്ലാം കണക്കുകൂട്ടലുകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറത്താണ് കുട്ടികള്‍. നമ്മെത്തന്നെ അദ്ഭുതപ്പെടുത്തി ചില കുട്ടികള്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. വിജയം, മികവ്, മെരിറ്റ് തുടങ്ങിയ സംജ്ഞകള്‍ക്ക് സമൂഹം സ്ഥാപിച്ചു വെച്ചിട്ടുള്ള പല സാമ്പ്രദായിക അളവുകോലുകളെയും കുട്ടികള്‍ തന്നെ പൊളിച്ചടുക്കുന്നു.
കുട്ടികളെക്കുറിച്ച് ഖലീല്‍ ജിബ്രാന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്: ‘നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല. നിങ്ങളുടെ കൂടെയവരുണ്ടെങ്കിലും ഇനിയും നിങ്ങളിലേക്കവര്‍ ലയിച്ചിട്ടില്ല. അവര്‍ക്കു നിങ്ങള്‍ സ്‌നേഹം കൊടുക്കുക.ചിന്ത കൊടുക്കരുത് അവര്‍ക്ക് വേണ്ടത് അവരുടെ സ്വന്തം ചിന്തകളാണ്.അവരുടെ ശരീരത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുക.ആത്മാക്കളെ പിടിച്ചു വെക്കരുത്.അവരെ നിങ്ങളെപ്പോലെയാക്കാതെ നിങ്ങള്‍ അവരെപ്പോലെ യാവുക’.
ദാര്‍ശനിക സ്വഭാവത്തില്‍ ഈ നിരീക്ഷണങ്ങളെ നാം കണ്ടാല്‍ മതിയാകും. കുട്ടികളുടെ നൈസര്‍ഗിക ചോദനകളെയും ജന്മദത്തമായ ക്ഷമതകളെയും സ്വതന്ത്രാസ്തിത്വത്തെയും മുതിര്‍ന്നവര്‍ തിരിച്ചറിയണമെന്ന സന്ദേശമാണ് ഖലീല്‍ ജിബ്രാന്‍ നല്‍കുന്നത്.
കഴിവുകളിലും അഭിരുചികളിലുമെല്ലാം കുട്ടികള്‍ വ്യത്യസ്തരാണ്.ആ വ്യത്യസ്തതകളും അവരുടെ ഓരോരുത്തരുടെയും ഭാഗധേയങ്ങളും തമ്മില്‍ അനിഷേധ്യമായ ബന്ധമുണ്ട്.കുട്ടികളെ വേണ്ടും വിധം തിരിച്ചറിയാതെ അവരുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ തീരുമാനമെടുത്താല്‍ സംഭവിക്കുക വളര്‍ച്ചാ മുരടിപ്പാണ് . ചിലപ്പോള്‍ വിരുദ്ധ ഫലവുമുണ്ടാകും.
മുഹമ്മദ് നബി ഒരിക്കല്‍ പതിനൊന്നുകാരനായ സൈദ് ബിനു സാബിത്തിനെ യഹൂദരുടെ ഭാഷ പഠിക്കാന്‍ പ്രോത്സാഹിപ്പിച്ച ഒരു ചരിത്രമുണ്ട്. ഭാഷയോട് പ്രതിപത്തിയും ഭാഷയാര്‍ജിക്കാനുള്ള ശേഷിയും സൈദിനുണ്ട് എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് നബി തിരുമേനി ആ കൗമാരക്കാരനെ ആ രീതിയില്‍ പ്രോത്സാഹിപ്പിച്ചത്. ചുരുങ്ങിയ നാളു കൊണ്ട് സൈദ് യഹൂദരുടെ ഭാഷ പഠിക്കുകയും ചെയ്തു. താല്‍പര്യമുള്ളതേ കുട്ടികള്‍ ഏറ്റെടുക്കു. സാധ്യമായതേ അവര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കാനാവു.
ഒരിക്കല്‍, ഒരു ഭ്രാന്താലയം സന്ദര്‍ശിക്കാനെത്തിയ ദാര്‍ശനികന്റെ കഥയുണ്ട്. ഭ്രാന്താലയത്തിനകത്തെ വലിയ ആല്‍മരത്തിന്റെ ചുവട്ടില്‍ ഒരു ചെറുപ്പക്കാരന്‍ ഒറ്റക്കിരുന്നു സംസാരിക്കുന്നത് ദാര്‍ശനികന്‍ ശ്രദ്ധിച്ചു. വെട്ടിയൊതുക്കാത്ത മുടിയും നീണ്ടു വളര്‍ന്ന താടിയും ഒട്ടി മെലിഞ്ഞ ശരീരവും എല്ലാം കൂടി ആ ചെറുപ്പക്കാരനെ വല്ലാത്തൊരവസ്ഥയിലെത്തിച്ചിരുന്നു. ദാര്‍ശനികന്‍ അവന്റെയടുത്തേക്ക് ചെന്നു.
നീയെങ്ങനെ ഇവിടെയെത്തി? ഭ്രാന്താലയത്തിലാണെങ്കിലും ശാന്ത ഭാവവും സൗമ്യ പ്രകൃതവും ചെറുപ്പക്കാരനില്‍ കണ്ടതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. ചോദ്യം കേട്ടതോടെ, ആ മുഖം പെട്ടെന്ന് മ്‌ളാനമായി. കണ്ണുകളില്‍ നനവ് പടര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ദാര്‍ശനികനെ ആലിംഗനം ചെയ്തു. ‘സര്‍, പഠിക്കാന്‍ മിടുക്കനായിരുന്നു ഞാന്‍. ഹയര്‍ സെക്കന്‍ഡറി വരെ ഞാനായിരുന്നു സ്‌കൂള്‍ ടോപ്പര്‍. ചെറുപ്പം മുതലേയുള്ള എന്റെ ആഗ്രഹമായിരുന്നു ഒരു ബിസിനസുകാരനാകാന്‍. അമ്മാവന്മാരെപ്പോലെ. പക്ഷേ, അച്ഛന് ഞാനൊരു
ഡോക്ടറാകണം.അമ്മക്ക് എഞ്ചിനീയറാകണം. വല്യച്ഛനാണെങ്കില്‍ അദ്ധ്യാപകനാകണമെന്ന വാശി. ഞാന്‍ വക്കീലായാല്‍ മതിയെന്നായിരുന്നു ചേട്ടന്റെ വാദം.പെങ്ങളും അളിയനും ഓരോന്നു പറഞ്ഞു. പൊന്നു സാറേ, ഒടുവില്‍ ഞാന്‍ ഇവിടെയെത്തി. ഈ ഭ്രാന്താലയത്തില്‍.ഇപ്പൊ എല്ലാവര്‍ക്കും സമാധാനമായി’. ദാര്‍ശനികന് മറുപടിയൊന്നും പറയാനുണ്ടായില്ല. ചെറുപ്പക്കാരന്റെ മുഖത്ത് ഘനീഭവിച്ചു കിടന്ന നൈരാശ്യത്തിന്റെ മുറിപ്പാടുകളുണക്കാന്‍ തന്റെ മറുപടിക്കാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
കുട്ടികളെക്കുറിച്ച് തീര്‍ച്ചയായും നമുക്ക് നല്ല സ്വപ്നങ്ങളുണ്ടാകണം. ആ സ്വപ്നങ്ങള്‍ പക്ഷേ , കുട്ടികളുടെ അഭിരുചി കളും ക്ഷമതകളും അഭിലാഷങ്ങളുമായി സംഘര്‍ഷപ്പെടുന്നതാകാതിരിക്കാന്‍ ശ്രദ്ധിക്കണം ( തുടരും ).
ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment