സ്മാര്‍ട്ട് ക്ലാസ്സ്‌

പ്രതിബദ്ധതയുള്ള അധ്യാപകരുണ്ടായാല്‍

നക്ഷത്രങ്ങളാണ് കുട്ടികള്‍ -29

‘എന്റെ മാതാപിതാക്കളോട് എനിക്കേറെ കടപ്പാടുണ്ട്. അവരിരുവരും കാരണമാണ് ഞാനുണ്ടായത്.എന്നാല്‍ എനിക്ക് വളരെയേറെ കടപ്പാടുള്ളത് എന്റെ അധ്യാപകരോടാണ്. കാരണം എന്നെ ഞാനാക്കിയത് അവരാണ് ‘

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടേതായി ഉദ്ധരിക്കപ്പെട്ടു കാണുന്ന ഒരു പ്രസ്താവനയാണിത്. ലോക പ്രശസ്തരായ പലരുടെയും വിജയക്കുതിപ്പിനു പിന്നില്‍ അവരുടെ അദ്ധ്യാപകര്‍ വഹിച്ച പങ്ക് വിശകലനം ചെയ്യുമ്പോള്‍ മേല്‍ പ്രസ്താവന അതിശയോക്തിപരമായി നമുക്ക് തോന്നില്ല.അന്ധയും ബധിരയും ഊമയുമായിരുന്ന ഹെലന്‍ കെല്ലറെ , ആന്‍ സള്ളിവന്‍ എന്ന അധ്യാപികയോടൊപ്പമല്ലാതെ നമുക്ക് ഓര്‍ക്കാന്‍ കഴിയില്ല. ‘മിസൈല്‍ മാന്‍’ എന്ന ആശയ ലോകത്തേക്ക് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെ പ്രചോദിപ്പിച്ചതും പില്‍ക്കാലത്ത് ആ ഉജ്ജ്വല പദവിയില്‍ എത്തിപ്പെടാന്‍ അദ്ദേഹത്തെ തുണച്ചതും രാമേശ്വരം സ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകന്‍ സുബ്രഹ്മണ്യ അയ്യരായിരുന്നു. എറണാകുളം ജില്ലാ കളക്ടറായിരുന്ന എം.ജെ.രാജമാണിക്യം ഒരിക്കല്‍ എസ് എസ് എല്‍ സി , പ്‌ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് നേടിയ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെ , സ്വന്തം ജീവിതത്തില്‍ നിന്നുദ്ധരിച്ച ഹൃദയ സ്പര്‍ശിയായ ഒരനുഭവം ഈ കുറിപ്പുകാരന്റെ മനസ്സില്‍ ഇന്നും നിറം പിടിച്ച് നില്‍ക്കുന്നുണ്ട്.

തമിഴ്‌നാട്ടുകാരനായ രാജമാണിക്യം ജന്‍മനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കാലം. പഠനത്തില്‍ പൊതുവെ പിന്നിലല്ലാതിരുന്ന രാജമാണിക്യം ഗണിതത്തില്‍ വളരെ പിന്നിലായിരുന്നു.പത്താം ക്‌ളാസ് പൊതു പരീക്ഷയില്‍ നൂറു മേനി വിജയം നേടാറുള്ള സ്‌കൂള്‍ ആ വര്‍ഷം രാജമാണിക്യം പരീക്ഷ എഴുതിയാല്‍ ആ പാരമ്പര്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലായി. പൊതു പരീക്ഷ തുടങ്ങുന്നതിനു കുറച്ചു ദിവസം മുമ്പ് അധ്യാപക യോഗം കൂടി രാജമാണിക്യത്തെ പൊതു പരീക്ഷ എഴുതിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. യോഗ തീരുമാനം നേരിട്ടറിയിക്കുന്നതിന് ആ പത്താം ക്ലാസുകാരനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി. പൊതു പരീക്ഷയുടെ ഗൗരവത്തെയും പ്രാധാന്യത്തെയും കുറിച്ച് ലഘു വിവരണം നടത്തിയ ശേഷം പ്രധാനാദ്ധ്യാപകന്‍ യോഗ തീരുമാനം പരസ്യപ്പെടുത്തി. ഗണിതത്തില്‍ പിന്നിലാണെങ്കില്‍ പോലും കൂട്ടുകാരൊടോപ്പം പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്ന മാണിക്യം എന്ന കൗമാരക്കാരന്റെ ചങ്ക് പിളര്‍ക്കുന്നതായിരുന്നു ആ വിളംബരം. അപ്രതീക്ഷിതമായി കേള്‍ക്കേണ്ടി വന്ന വേദനാജന്യമായ ആ അറിയിപ്പ് കേട്ട് മാണിക്യം വാവിട്ടു കരഞ്ഞു. മെലിഞ്ഞൊട്ടിയ ആ കവിളുകളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി.

‘ ഇങ്ങനെ കരഞ്ഞിട്ടെന്ത് കാര്യം? ഈ വര്‍ഷം നടന്ന മുഴുവന്‍ കണക്ക് പരീക്ഷകള്‍ക്കും കിട്ടിയ മാര്‍ക്കുകള്‍ ചേര്‍ത്ത് വെച്ചാല്‍ പോലും നിനക്ക് മുപ്പത്തഞ്ച് മാര്‍ക്ക് തികയില്ല.’ മാണിക്യത്തിന്റെ മുഖത്ത് നോക്കി പ്രധാനാദ്ധ്യാപകന്‍ തുറന്നടിച്ചു.
‘ എനിക്ക് പരീക്ഷ എഴുതണം . ഞാന്‍ ജയിക്കും’ അതും പറഞ്ഞു മാണിക്യം വിതുമ്പി കരഞ്ഞു.

ഗണിതത്തില്‍ പിന്നിലാണെങ്കിലും സ്വഭാവദൂഷ്യമോ അച്ചടക്കരാഹിത്യമോ നാളിതുവരെ കാണിക്കാത്ത രാജമാണിക്യത്തിന്റെ കരച്ചില്‍ കണ്ടു ഗണിതാദ്ധ്യാപകന്റെ ഹൃദയം പിടച്ചു. ശരീരം വിറച്ചു. നൂറു മേനിയുടെ പേരില്‍ ഒരു പാവം വിദ്യാര്‍ഥിയുടെ പൊതു പരീക്ഷ എഴുതാനുള്ള അവകാശം നിഷേധിക്കാന്‍ തങ്ങള്‍ക്കെന്ത് അവകാശമെന്നോര്‍ത്ത് അദ്ദേഹം അസ്വസ്ഥനായി. ആ അവകാശ നിഷേധം ഗണിതത്തിന്റെ പേരിലാകുമ്പോള്‍ തനിക്ക് കൂടി ആ പാപം ഏറ്റെടുക്കേണ്ടി വരുമെന്ന് അദ്ദേഹം ഭയന്നു.

‘ തീരുമാനം നമുക്ക് പുനഃപരിശോധിക്കാം .മാണിക്യവും പരീക്ഷ എഴുതട്ടെ. ഗണിതത്തില്‍ ഞാന്‍ അവനെ സഹായിക്കാം’ അദ്ധ്യാപകര്‍ മുഴുവന്‍ കണക്ക് മാഷെ പിന്തുണച്ചു. അന്ന് മുതല്‍ രാജമാണിക്യത്തെ കണക്ക് മാഷ് എല്ലാ വൈകുന്നേരങ്ങളിലും വീട്ടില്‍ കൊണ്ടു പോയി ഗണിതത്തില്‍ പ്രത്യേക പരിശീലനം കൊടുത്തു.

ദിവസങ്ങള്‍ കടന്നു പോയി. പൊതു പരീക്ഷ കഴിഞ്ഞു. റിസള്‍ട്ട് വരുന്നതും കാത്ത് നെഞ്ചിടിപ്പോടെ എല്ലാവരും അക്ഷമരായി നിന്നു. മാണിക്യവും പരീക്ഷ എഴുതിയിരിക്കുകയാണല്ലോ.നൂറു മേനി നഷ്ടപ്പെടുമോ?
ഒടുവില്‍ റിസള്‍ട്ട് വന്നു, എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട്. രാജമാണിക്യത്തിന് ഗണിതത്തില്‍ നൂറില്‍ നൂറ് മാര്‍ക്ക്. ഗണിതത്തിന്റെ പേരില്‍ അദ്ധ്യാപകരാല്‍ അപമാനിതനായ,പൊതു പരീക്ഷ എഴുതുന്നതില്‍ നിന്നും ഒഴിച്ചു നിര്‍ത്തപ്പെട്ടതറിഞ്ഞു സ്റ്റാഫ് റൂമിനകത്ത് വാവിട്ടു കരഞ്ഞ രാജമാണിക്യം അങ്ങനെ സര്‍വരെയും അമ്പരപ്പിച്ചു പഠന വഴിയില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. തുടര്‍ വിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടി. ആ ജൈത്രയാത്രക്കിടയിലാണ് എറണാകുളം ജില്ലയുടെ കളക്റ്ററായി എത്തിയത്.
ജനപ്രിയനായ കളക്റ്റര്‍.

വിനീതനായ ഈ കുറിപ്പുകാരന് ഗണിതാധ്യാപകരോടുന്നയിക്കാനുള്ള ലളിതമായൊരു ചോദ്യമിതാണ്.

രാജമാണിക്യം എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ഗണിത ശേഷി എവിടെപ്പോയിരുന്നു? ഗണിതത്തില്‍ പിന്നിലായി പ്പോയതിന്റെ കാരണമെന്താകും? ഗണിതാദ്ധ്യാപകന്റെ പ്രത്യേക പിന്തുണയും സഹായവും കിട്ടിയപ്പോള്‍ നൂറില്‍ നൂറ് മാര്‍ക്കും നേടാന്‍ കഴിഞ്ഞെങ്കില്‍ അത്തരമൊരു പരിഗണനയുടെ അഭാവമായിരുന്നില്ലേ പിന്നാക്കാവസ്ഥയുടെ യഥാര്‍ത്ഥ കാരണം? പ്രത്യേക ശ്രദ്ധയും പിന്തുണയും കിട്ടിയാല്‍ ഗണിതത്തിന്റെ കാര്യത്തില്‍ നിരവധി കുട്ടികള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുമെന്നല്ലേ ഈ സംഭവം തെളിയിക്കുന്നത്? രാജമാണിക്യം IAS ന്റെ ജീവിതാനുഭവം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ പ്രചോദനാത്മകമാണ്.

ആത്മവിശ്വാസം, പഠന പ്രക്രിയയില്‍ ഒരു നിര്‍ണ്ണായക ഘടകമാണ്. തനിക്കും കഴിയും, തനിക്കും നേടാനാകും എന്ന തോന്നല്‍ ഓരോ വിദ്യാര്‍ത്ഥിയിലും സൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് ഏതൊരധ്യാപകനും വിജയിക്കാനാരംഭിക്കുന്നത്.ആത്മ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് കുട്ടികള്‍ കാലിടറി വീഴുന്നത്. അവരിലെ പഠനാവേശം നഷ്ടമാകുന്നത്. പിന്‍ബഞ്ചുകാരായി സ്വയം ഉള്‍വലിഞ്ഞു പോകുന്നത്. അധ്യാപകന്റെ ഒരിടപെടല്‍, ഒരു കൈത്താങ്ങ്, ഒരു പ്രോല്‍സാഹനമാകും ചിലപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴിത്തിരിവാകുന്നത്.

മറ്റേതൊരു തൊഴിലിനേക്കാളും സംതൃപ്തി നല്‍കുന്നൊരു തൊഴിലാണ് അധ്യാപനം. ഉണര്‍ന്നിരിക്കുന്ന ഒരു തലമുറയോടൊത്തുള്ള ധൈഷണിക വ്യവഹാരമാണല്ലൊ അധ്യാപനം.ഓരോ കുട്ടിയുടെയും വളര്‍ച്ചയും ഉയര്‍ച്ചയും സാധ്യമാക്കാനുള്ള ലക്ഷ്യത്തോടെ പഠന- ബോധന പ്രക്രിയയില്‍ ആ കുട്ടിയോടൊപ്പം നില്‍ക്കാന്‍ കാട്ടുന്ന ജാഗ്രതയാണ് അധ്യാപകന്റെ പ്രതിബദ്ധത. ജീവിതത്തിലെ തൊഴില്‍ സംതൃപ്തിക്ക് ഈ പ്രതിബദ്ധതയുമായി ബന്ധമുണ്ട്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു കവിത ഓര്‍മ്മ വരുന്നു:

‘ചില കവികള്‍ പണ്ടത്തെ രാജാക്കന്മാരെപ്പോലെയാണ്….
ചില കവികള്‍ ഇന്നത്തെ മന്ത്രിമാരെപ്പോലെയാണ്…..
ചില കവികള്‍ LIC ഏജന്റുമാരെപ്പോലെയാണ്……..
ചില കവികള്‍ സിനിമാ താരങ്ങളെപ്പോലെയാണ്……
ചില കവികള്‍ കുഷ്ഠ രോഗികളെപ്പോലെയാണ്….
അപൂര്‍വം ചില കവികള്‍ സ്‌കൂള്‍ അദ്ധ്യാപകരെപ്പോലെയാണ്.
ഗ്രാമത്തിന് വെളിയില്‍ അവര്‍ അറിയപ്പെടില്ല.
എങ്കിലും നിത്യവും മുന്നില്‍ വന്നിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ
ദീപ്തമായ കണ്ണുകള്‍ അവരെ ശുദ്ധീകരിച്ചു കൊണ്ടിരിക്കും.
വിശ്വ പ്രസിദ്ധിയുടേയോ അനശ്വരതയുടേയോ വ്യാമോഹങ്ങളും ഉല്‍ക്കണ്ഠകളുമില്ലാതെ
ഒരു ദിവസം
അവര്‍ സംതൃപ്തിയോടെ ദൈവത്തിലേക്ക് പെന്‍ഷന്‍ പറ്റും.'( തുടരും ).

ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്

Topics