ചോദ്യം: വിമര്‍ശന ഉദ്ദേശ്യത്തോടെ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് അനുവദനീയമാണോ ?
ഉത്തരം: മറ്റുള്ളവരെ പരിഹസിക്കുന്നതിന് വേണ്ടി ചിത്രങ്ങള്‍ വരയ്ക്കരുതെന്നാണ് ഇസ് ലാമിന്റെ ധാര്‍മിക അധ്യപനങ്ങളിലൊന്ന്. കാരണം അവ മറ്റുള്ളവരില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കും. അതേസമയം മറ്റുള്ളവരെ കളിയാക്കുന്നതിന് വേണ്ടിയല്ലാതെ അവരുടെ നിലപാടുകളെ വിമര്‍ശിക്കുന്നതിന് കാരിക്കേച്ചറുകള്‍ വരയ്ക്കുന്നതിന് കുഴപ്പമില്ല.
ഇവ്വിഷയകമായി കെയ്‌റോ അല്‍അസ്ഹര്‍ യുനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. അബ്ദുല്‍ ഫത്താഹ് ആശൂര്‍ പറയുന്നതിങ്ങനെ : ഹാസ്യം അവതരിപ്പിക്കുന്നത് ഇസ് ലാം ചില ഉപാധികള്‍ വെക്കുന്നു. അവതരിപ്പിക്കപ്പെടുന്ന വ്യക്തികളുടെ പേരോ സ്ഥലമോ അവരെ തിരിച്ചറിയുന്ന കാര്യങ്ങളോ അതില്‍ ഉണ്ടാവാന്‍ പാടില്ല. അത് അവരില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാന്‍ പാടില്ല.
യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത് വ ആന്റ് റിസര്‍ച്ച് മുന്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന മര്‍ഹും ശൈഖ് ഫൈസല്‍ മൗലവി ഇക്കാര്യത്തില്‍ അഭിപ്രായപ്പെടുന്നതിങ്ങനെ : കാരിക്കേച്ചറുകള്‍ ഇന്ന് മീഡിയ ലോകത്ത് വളരെ വ്യാപകമാണ്. പരിഹസിക്കാന്‍ വേണ്ടി അവ തയാറാക്കുന്നത് ഇസ് ലാം വിലക്കുന്നു. നിരൂപണാത്മകമായ കാരിക്കേച്ചറുകള്‍ കുഴപ്പമില്ല.
മുസ് ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍, അബ്ദുല്ലാഹ്ബിനു സര്‍ജസ് കഅ്ബയെ ചുംബിക്കുന്ന കഷണ്ടിയുള്ള ഒരു മനുഷ്യനെ (ഉമര്‍ (റ)) ഞാന്‍ കണ്ടുവെന്ന് പറയുന്നുണ്ട്. ഉമറി(റ)നെ അങ്ങനെ വിളിക്കുന്നതില്‍ അന്ന് ജനങ്ങളാരും കുറ്റം കണ്ടിരുന്നില്ല. കാരണം പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഉദ്ദേശ്യത്തിനനുസരിച്ചാണ് സാധൂകരിക്കപ്പെടുന്നത് എന്ന പ്രവാചക വചനം അവര്‍ മനസ്സിലാക്കിയിരുന്നു.
അഴിമതി, ഭരണകാര്യങ്ങളിലെ കെടുകാര്യസ്ഥത എന്നിവയില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ഇത്തരം കാരിക്കേച്ചറുകള്‍ ഉപയോഗിക്കുന്നതിലും കുഴപ്പമില്ല. അവയില്‍ വ്യക്തിപരമായ വിമര്‍ശനങ്ങളോ സൂചനകളോ ഉണ്ടാവാന്‍ പാടില്ല.
Add Comment